For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Awake: സൈ-ഫൈയുമില്ല ത്രില്ലുമില്ല.. ചുമ്മാ വെയിസ്റ്റ്. - ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  1.5/5
  Star Cast: Gina Rodriguez, Ariana Greenblatt, Lucius Hoyos
  Director: Mark Raso

  സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ എന്ന ലേബലിൽ ആണ് നെറ്റ്ഫ്ളിക്സ് ഒറിജിനൽ ഹോളിവുഡ്മൂവി ആയ എവെയ്ക്ക് റിലീസ് ചെയ്തിരിക്കുന്നത്. കണ്ടു തീർന്നപ്പോൾ എവെയ്ക്ക് എന്നല്ല എ വേസ്റ്റ് എന്ന ടൈറ്റിൽ ആയിരുന്നു പടത്തിന് കൂടുതൽ ഉചിതം എന്ന് തോന്നി.

  നഗരത്തിൽ വിചിത്രമായൊരു പ്രതിഭാസത്തിന് ആരംഭമാവുന്നു.. അതിന്റെ ഫലമായി ഇലക്ട്രിക്, ഇലക്ട്രോണിക്, മോട്ടോർ വെഹിക്കിൾ ഉപകരണങ്ങളെല്ലാം പ്രവർത്തനരഹിതമാവുന്നു. സൈഡ് ഇഫക്റ്റ് എന്ന നിലയിൽ മനുഷ്യർക്ക് പൂർണമായും ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നുമുണ്ട്. ഉറക്കം നഷ്ടപ്പെട്ട മനുഷ്യർ അതിന്റെ ഹാലൂസിനേഷനിൽ നിയന്ത്രണം വിട്ട് അക്രമാസക്തരാകുകയും പരസ്പരം ആക്രമിക്കുകയും വെടിവെച്ചു കൊല്ലുകയും ചെയ്യുന്നു. സമ്പൂർണ നാശത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്..

  സ്റ്റോറിലൈൻ കേൾക്കുമ്പോൾ ആവേശകരമാണ് . പടത്തിന്റെ ട്രെയിലറും കിടു ആയിരുന്നു. പക്ഷെ കഥാതന്തുവിന്റെ ആകാംക്ഷാമൂല്യത്തെ മുതലെടുക്കാൻ സ്ക്രിപ്റ്റിന് ഒരുഘട്ടത്തിലും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ എന്തിനോ തിളയ്ക്കുന്ന സാമ്പാർ ആയിട്ടാണ് സിനിമയുടെ പോക്ക്. മേക്കിംഗ് സ്‌കില്ലും ഒരുഘട്ടത്തിൽ പോലും കണ്ടെത്താൻ കഴിയില്ല.

  ഭർത്താവ് മരിച്ച ജിൽ ആഡംസ് എന്നൊരു യുവതി, അവരുടെ മക്കളായ മറ്റിൽഡ, നോവ എന്നിവരെയും കൊണ്ടു അതിജീവനത്തിനായി നടത്തുന്ന ഓട്ടമായിട്ടാണ് എവെയ്ക്ക് മുന്നോട്ടുപോവുന്നത്. സിനിമ തുടങ്ങുമ്പോൾ ഹോസ്പിറ്റലിൽ നിന്ന് ഷിഫ്റ്റ് കഴിഞ്ഞ് വരുന്ന ജില്ലിനെ ആണ് കാണുന്നത്. അടിച്ചുമാറ്റികൊണ്ടുവന്ന എന്തോ ഡ്രഗ് വഴിയിൽ വച്ച് ഏതോ യുവാവിന് വിൽക്കുന്നുമുണ്ട്. തുടർന്ന്, കെയർടെയ്ക്കറുടെ അടുത്ത് നിന്ന് പത്തുവയസുകാരിയായ മറ്റിൽഡയെയും ആസന്നകൗമാരക്കാരനായ നോവയെയും കൂട്ടി വീട്ടിലേക്ക് പോവുമ്പോൾ വഴിയിൽ വച്ച് കാർ നിയന്ത്രണം നഷ്ടപ്പെട്ടു തടാകത്തിൽ വീഴുന്നു. പണി പാളിയ വിവരം, അപ്പോഴാണ് ജില്ലും മക്കളും ഒപ്പം നമ്മളും അറിയുന്നത്..

  വെള്ളത്തിൽ മുങ്ങി പോയയിടത്തുനിന്നും മൂവരും രക്ഷപ്പെട്ടു എങ്കിലും ലോകത്തിന് മുഴുവൻ നിദ്രാനഷ്ടം സംഭവിച്ച ആ ദിവസം പത്തുവയസുകാരിയായ മറ്റിൽഡയ്ക്ക് മാത്രം ഉറങ്ങാൻ കഴിയുന്നു എന്നതാണ് പടത്തിന്റെ വഴിത്തിരിവ്. ഇത് മനസിലാക്കിയ ഒരു വിഭാഗം വിശ്വാസികൾ അവളെ രക്ഷക ആയി കാണുന്നുണ്ട്. വേറൊരു കൂട്ടം പ്രാന്തന്മാർക്ക് അവളെ ബലി നൽകണം. തന്റെ കൊച്ചിന്റെ കാര്യം കട്ടപ്പൊക ആണെന്ന് മനസിലാക്കിയ ജിൽ അവളെയും മകനെയും കൊണ്ട് നടത്തുന്ന ഓട്ടമാണ് പിന്നീട് കാണുന്നത്. വഴിയിൽ നേരിടേണ്ടിവരുന്നത് ഒരുപാട് പ്രശ്നങ്ങൾ ആണ്.

  ഗംഭീരമായ ഒരു കേന്ദ്രപ്രമേയത്തെ ഇങ്ങനെ ഒരു ചെറുചാലിലൂടെ തിരിച്ച് വിട്ടതാണ് സിനിമയുടെ മെയിൻ പരാജയം. ജില്ലിന്റെ പ്രശ്നം പ്രേക്ഷകർക്ക് കൂടി അനുഭവപ്പെടുത്താൻ തിരക്കഥയ്ക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ അവർ നേരിടുന്ന പ്രതിസന്ധികൾ ഒന്നും തന്നെ നമ്മളുടെ പ്രതിസന്ധികളായി മാറുന്നില്ല. അതിജീവനം നമ്മളെ ബാധിക്കുന്ന വിഷയവുമാവുന്നില്ല.

  മറ്റിൽഡ ആയി വരുന്ന കുട്ടിയുടെ ക്യൂട്ട് ആയ പെർഫോമൻസ് ആണ് പടത്തിൽ പൊസിറ്റിവ് ആയി പറയാനുള്ളത്. അരിയാന ഗ്രീൻബ്ലാറ്റ് എന്നാണ് അവളുടെ പേര് എന്ന് മനസിലാക്കുന്നു. അമ്മ ജിൽ ആഡംസ് ആവുന്ന ഗിനാ റോഡ്രിങ്‌സും നന്നായിട്ടുണ്ട്. ഇവർ രണ്ടുപേരുമാണ് സിനിമയെ വഴിയിൽ ഉപേക്ഷിച്ച് വേറെ പണിക്ക് പോവാതിരിക്കാനുള്ള പ്രേരകശക്തിയായി വർത്തിക്കുന്നത്. അല്ലെങ്കിലും പ്രശ്നം അഭിനേതാക്കളുടേത് അല്ലല്ലോ. ഓഞ്ഞ സ്‌ക്രിപ്റ്റ് വച്ച് അവർ എന്ത് ചെയ്യാൻ.. പടത്തിന്റെ അന്ത്യമൊക്കെ കട്ടശോകമാണ്. തീർന്നുകിട്ടിയല്ലോ എന്നൊരു ആശ്വാസം മാത്രമേ ഫീൽ ചെയ്യുന്നുള്ളൂ..

  കാനഡക്കാരനായ മാർക്ക് റാസോ ആണ് സംവിധായകൻ. സ്ക്രിപ്റ്റിന്റെ ക്രെഡിറ്റിൽ പുള്ളിയ്ക്കൊപ്പം ജോസഫ് റാസോ എന്നൊരാളുടെ പേര് കൂടിയുണ്ട്.. പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. ഒന്നര മണിക്കൂർ, ഒരു പ്രയോജനവും ഇല്ലാതങ്ങാട്ട് പോയി എന്നല്ലാതെ..

  Read more about: review റിവ്യൂ ott
  English summary
  Awake Movie Review In Malayalam: Netflix Release Is Falls Under One Time Watch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X