twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉള്ളുനിറയ്ക്കുന്നു ക്യാപ്റ്റൻ.. നെഞ്ചുപൊള്ളിക്കുന്നു.. (ബയോപിക്ക് ഇങ്ങനെയും എടുക്കാം) ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    4.0/5
    Star Cast: Jayasurya, Anu Sithara, Renji Panicker
    Director: Prajesh Sen

    മലയാളത്തിലും ലക്ഷണമൊത്ത ഒരു സ്പോർഡ്സ് ഡ്രാമ ചിത്രം പിറന്നിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകനായ പ്രജീഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കന്നി ചിത്രമാണ് ക്യാപ്റ്റന്‍. പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോയിയാണ് നിര്‍മ്മിച്ചത്.

    ജയസൂര്യയുടെ മറ്റൊരു ഹിറ്റ് സിനിമ കൂടി പിറന്നു, ക്യാപ്റ്റന്‍ കിടുക്കിയെന്ന് പ്രേക്ഷകരുടെ പ്രതികരണം..ജയസൂര്യയുടെ മറ്റൊരു ഹിറ്റ് സിനിമ കൂടി പിറന്നു, ക്യാപ്റ്റന്‍ കിടുക്കിയെന്ന് പ്രേക്ഷകരുടെ പ്രതികരണം..

    ജയസൂര്യ വിപി സത്യനാവുമ്പോള്‍ സത്യന്റെ ഭാര്യ അനിതയെ അവതരിപ്പിക്കുന്നത് അനു സിത്താരയാണ്. ഒപ്പം സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ, ജനാര്‍ദ്ധനന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ മറ്റൊരു പൊന്‍തൂവല്‍ എന്ന് വിശേഷിപ്പിക്കാന്‍ ക്യാപ്റ്റന് കഴിഞ്ഞിട്ടുണ്ടോ? സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം. മലയാളി ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിത കഥ ജനങ്ങളുടെ ഹൃദയത്തിലെത്തിക്കാന്‍ സംവിധായകന്‍ പ്രജേഷ് സെന്നിനു കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

    സ്റ്റോറി ഓഫ് ഏൻ അൺസങ്ങ് ഹീറോ..

    സ്റ്റോറി ഓഫ് ഏൻ അൺസങ്ങ് ഹീറോ..

    വളരെക്കാലം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഡിഫൻസ് മിഡ്ഫീൽഡറായിരുന്നു വിപി സത്യൻ. ഇന്ത്യൻ ടീം ചരിത്രത്തിൽ ആദ്യമായി നൂറിൽ താഴെയുള്ള റാങ്കിൽ എത്തിച്ചേർന്നത് സത്യന്റെ നായകത്വത്തിൽ ആയിരുന്നു. 19 കൊല്ലത്തിന്റെ ഇടവേളയ്ക്ക് ശേഷം 1992 ൽ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റനും സത്യനായിരുന്നു. '90കളിലെ ഇന്ത്യയിലെ ക്ലബ്ബ് ഫുട്ബോളിൽ കേരളാ പോലീസ് എന്ന ടീം ഉയർത്തിയ തുടർച്ചയായ വിജയാരവങ്ങളിലും വിപി സത്യന്റെ പങ്ക് നിർണായകമായിരുന്നു. കാൽപ്പന്ത് കളിയെ ഒരു വികാരമായിക്കൊണ്ട് നടക്കുന്ന മലബാറിലെ നാട്ടിൻപുറത്തുകാരുടെ ഒരുകാലത്തെ രോമാഞ്ചമായിരുന്ന വിപി സത്യൻ എന്ന ക്യാപ്റ്റന്റെ കളിക്കളത്തിനകത്തും പുറത്തുമുള്ള സങ്കീർണമായ ജീവിതകഥയാണ് പ്രജേഷ് സെൻ സംവിധാനം ചെയ്തിരിക്കുന്ന ക്യാപ്റ്റൻ.

    മനസു നിറയ്ക്കുന്ന രണ്ടര മണിക്കൂർ..

    മനസു നിറയ്ക്കുന്ന രണ്ടര മണിക്കൂർ..

    ചിതറിയ ആഖ്യാനശൈലിയിലൂടെ ഖണ്ഡം ഖണ്ഡമായിട്ടാണ് പ്രജേഷ് ക്യാപ്റ്റന്റെ കഥ നമ്മൾക്ക് മുന്നിൽ വിടർത്തിയിടുന്നത്. സാഫ്ഗെയിംസിൽ സത്യൻ പുറത്തേക്കടിച്ച് കളയുന്ന ഒരു പെനാൽട്ടി കിക്കിന്റെ ദൃശ്യത്തോടെ ആണ് സിനിമ തുടങ്ങുന്നത്. പിന്നീട് 2006 ൽ പല്ലാവരം റെയിൽവേ സ്റ്റേഷനടുത്തുള്ള പാളത്തിൽ സത്യനെ മരിച്ച നിലയിൽ കണ്ടെത്തിയതായുള്ള വാർത്തയും ദൃശ്യങ്ങളും. പതിവുമട്ടിൽ ഒരു ബയോപിക്ക് അല്ലെന്ന് സൂചന നൽകിക്കൊണ്ട് സിനിമ അപ്പൊഴേ നെഞ്ചിൽ ഒരു തീക്കുണ്ഠം കേറ്റിവെക്കുന്നു. തുടർന്ന് അയാളുടെ കൗമാരം, യൗവനം, കളിക്കളം, കുടുംബജീവിതം എന്നിവയെല്ലാം നോൺലീനിയർ ആയി വന്നുകൊണ്ടിരിക്കുമ്പോഴും ഉള്ളിലെത്തിയ സത്യൻ എന്ന ആ ഫയർ ഒരിക്കലും പ്രേക്ഷകനിൽ നിന്ന് വിടാതെ സൂക്ഷിക്കാൻ പ്രജേഷിന്റെ സ്ക്രിപ്റ്റിനും മെയ്ക്കിംഗിനും കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപിക് എന്ന് പറയാവുന്ന ക്യാപ്റ്റൻ ഒരു അവിസ്മരണീയമായ അനുഭവമാകുന്നത് അതുകൊണ്ടുതന്നെ ആണ്.

     കയ്യടക്കമുള്ള ആഖ്യാനം

    കയ്യടക്കമുള്ള ആഖ്യാനം

    വിചിത്രമായ മനോഘടനയുള്ള സത്യൻ കടുത്ത വിഷാദരോഗി കൂടി ആയിരുന്നു. പരിക്കുകളും അതെ തുടർന്ന് കാലിനുള്ളിലിട്ട അയൺ റോഡുകളും അയാളുടെ ജീവിതത്തെ ദുരിതപൂർണമാക്കിയപ്പോഴും അയാൾക്ക് കളി ഒരു ഒഴിവാക്കാനാവാത്ത ഒബ്സഷനായിരുന്നു. മറ്റാരെയുമറിയിക്കാതെ വേദന കടിച്ചമർത്തി അയാൾ കളിക്കളത്തിലിറങ്ങി ടീമിനെ നയിച്ചു വിജയയങ്ങൾ സമ്മാനിച്ചു. ഫിറ്റല്ലെന്ന് പറഞ്ഞ് അപ്രതീക്ഷിതമായി ക്യാപ്റ്റൻസിയിൽ നിന്നും ടീമിൽ നിന്നും പുറന്തള്ളപ്പെട്ടതിന് ശേഷം അയാൾ സമനില തെറ്റിയവനെ പോലെ ജീവിച്ചു. പലപ്പോഴും ഭാര്യയോട് ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. വൈകരികതയ്ക്ക് അത്രമേൽ പ്രാധാന്യമുള്ള ക്യാപ്റ്റന്റെ ജീവിതം ഒട്ടും കൈവിട്ട് പോകാതെ തീർത്തും സട്ട്ൽ (subtle) ആയ ആഖ്യാനത്തിലൂടെ ഒരു വിങ്ങലായി അനുഭവിപ്പിക്കാൻ സിനിമയ്ക്ക് കഴിയുന്നു. ഉള്ളുപിടയാതെയും കണ്ണുനനയാതെയും ക്യാപ്റ്റൻ കണ്ടുതീർക്കുക അസാധ്യം തന്നെയായായിരിക്കും.

    ജയസൂര്യയുടെ തിളക്കം..

    ജയസൂര്യയുടെ തിളക്കം..

    കണ്മുന്നിൽ ജീവിച്ചസ്തമിച്ച ഒരു ഫുട്ബോളറെ സ്ക്രീനിൽ അവതരിപ്പിക്കാൻ ജയസൂര്യയെ പോലൊരു നടനെ തെരഞ്ഞെടുക്കുമ്പോൾ അതിൽ നെറ്റി ചുളിച്ചവരാകും അധികം പേരും. പക്ഷെ വിസ്മയാവഹമായിട്ടാണ് ജയസൂര്യ വിപി സത്യനായി മാറിയിരിക്കുന്നത്. സിനിമ തീർന്നശേഷം സത്യന്റെ റിയൽ ലൈഫിൽ നിന്നുള്ള കുറെ സ്റ്റിൽസ് വന്നുപോവുന്നുണ്ട്. അയാൾ തന്നെ ഇയാൾ എന്ന് അതുവരെയുള്ള പെർഫോമൻസ് കൊണ്ട് സ്ഥാപിച്ചെടുക്കാനും ഇതിൽ കവിഞ്ഞാരും സത്യനെ അവതരിപ്പിക്കാനിപ്പോൾ മലയാളത്തിലില്ല എന്ന് ചിന്തിപ്പിക്കാനും കഴിഞ്ഞിടത്ത് നടൻ എന്ന നിലയിൽ ജയസൂര്യയുടെ ഏറ്റവും മികച്ച റോളുകളിൽ ഒന്നായി ക്യാപ്റ്റൻ മാറുന്നു. മരണപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിനങ്ങളിലൊന്നിൽ മകൾക്ക് വായ്കൊണ്ടൂതി സത്യൻ ഫുട്ബോളിൽ കാറ്റുനിറച്ചുകൊടുക്കുന്ന ഒരു സീനുണ്ട. ഉള്ളിലുള്ള വൈകാരിക സമ്മർദ്ദങ്ങളെല്ലാം പുറത്തേക്ക് വ്യാപിപ്പിച്ചുകൊണ്ടുള്ള ആ ഭീദിതമായ മുഖഭാവം കുറെയേറെക്കാലത്തേക്ക് മനസിൽ നിന്ന് വിട്ട് പോവില്ല.

    അനിതയും അനു സിത്താരയും..

    അനിതയും അനു സിത്താരയും..

    ഫുട്ബോളിനെയും പോലീസുകാരനെയും ഇഷ്ടമില്ലാഞ്ഞിട്ടും സത്യനുമായി കല്യാണം നിശ്ചയിക്കേണ്ടി വന്ന ഗതികേടിനെക്കുറിച്ച് ഭാര്യയായ അനിത ഒരു ഇന്റർവ്യൂയിൽ പറഞ്ഞത് വായിച്ചിട്ടുണ്ട്. പക്ഷെ, സത്യേട്ടനുമായി ഒരിക്കൽ സംസാരിച്ചതോടെ കല്യാണത്തിനു മുൻപെ തന്നെ കൂടെപ്പോവാൻ തോന്നി എന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്. സത്യനുമായുള്ള അനിതയുടെ കെമിസ്ട്രി ഗംഭീരമാക്കുന്നതിൽ അനു സിതാര നിർണായകമായിട്ടുണ്ട്. മികച്ചത് എന്നു തന്നെ പറയാവുന്ന ഒരു വേഷപ്പകർച്ച. സത്യൻ പതിവായി എഴുതാറുള്ള ടൈപ്പ് ആത്മഹത്യാ കുറിപ്പുമായി മരണപ്പെട്ട ശേഷം വരുന്ന ആളുകളോടുള്ള അനിതയുടെ പ്രതികരണമൊക്കെ ചങ്ക് പൊട്ടിക്കുന്ന ഐറ്റം.

    കളിപ്രാന്ത്, കരുണാകരൻ, ഷറഫലി

    കളിപ്രാന്ത്, കരുണാകരൻ, ഷറഫലി

    ഇന്ത്യയിൽ എവിടെ കളി നടന്നാലും വണ്ടിപിടിച്ചെത്തി കളിക്കളത്തിലെ ആരവമാകുന്ന മലബാറിലെ (പ്രത്യേകിച്ച് മലപ്പുറത്തെ) ഫുട്ബോൾ പ്രാന്തന്മാരെ സിദ്ദിഖ് അവതരിപ്പിക്കുന്ന ഒറ്റ കഥാപാത്രത്തിലൂടെ ആണ് സംവിധായകൻ പ്രതിനിധാനം ചെയ്തിരിക്കുന്നത്. കൊള്ളാം. സന്തോഷ് ട്രോഫി ഫൈനലിന് ഗ്രൗണ്ടിൽ ഇറങ്ങും മുൻപ് തന്നെ പിറ്റേന്ന് വിജയ സൂചകമായി പബ്ലിക് ഹോളിഡേ ആയുള്ള ഗവൺമെന്റ് ഓർഡറിൽ താൻ ഒപ്പിട്ടുകഴിഞ്ഞുവെന്നും കപ്പുമായി വന്നാൽ മതിയെന്നും പറഞ്ഞ് ക്യാപ്റ്റനെ എരികേറ്റുന്ന മുഖ്യമന്ത്രിയായി ജനാർദ്ദനൻ ആണ്. രാഷ്ട്രീയപരമായി കെ കരുണാകരനോട് ശത്രുതയുള്ളവർക്ക് പോലും ഇഷ്ടം തോന്നിപ്പിക്കുന്ന ഒരു പാത്രനിർമ്മിതി. വി പി സത്യന് വ്യക്തിജീവിതത്തിൽ ഏറെ അടുപ്പമുണ്ടായിരുന്ന ഷറഫലി ആയി ദീപക് പറമ്പോൽ ആണ്. രൺജി പണിക്കർ, അരുൺ പുനലൂർ എന്നിവരാണ് മറ്റ് താരങ്ങൾ.

     മമ്മുട്ടി, ഗോപിസുന്ദർ..

    മമ്മുട്ടി, ഗോപിസുന്ദർ..

    നാലാമതും നാഷണൽ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ പത്രങ്ങളിലെല്ലാം വാർത്ത വന്നിട്ടും കൽക്കട്ട എയർപോർട്ടിൽ ആത്മാഭിമാനം വ്രണപ്പെട്ട് നിൽക്കുന്ന വേളയിൽ മമ്മൂട്ടിയുടെ ഒരു ഗസ്റ്റ് റോളുണ്ട്. ആവേശം എന്നതിലുപരി ആശ്വാസവും ആഹ്ലാദവും ഉണ്ടാക്കുന്ന ഒരു മുഹൂർത്തമാണത്. പടത്തെ ബാക്ക് ഗ്രൗണ്ട് സ്കോർ കൊണ്ടും ഗാനങ്ങൾ കൊണ്ടും ഫുൾടൈം കളറായി നിലനിർത്തുന്ന ഗോപി സുന്ദറിനെയും എടുത്ത് പറയണം.

     ബയോപിക്കുകൾ ഇങ്ങനെയും എടുക്കാം..

    ബയോപിക്കുകൾ ഇങ്ങനെയും എടുക്കാം..

    ആമിയിലൂടെ കമൽ നാട്ടുകാരെ മുഴുവൻ വെറുപ്പിച്ച അതേ മാസം തന്നെയാണ് ക്യാപ്റ്റനും തിയേറ്ററിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്. മാധവിക്കുട്ടിയുടെ അത്രയ്ക്ക് മലയാളികളുടെ വികാരമായി കൂടുതൽ കാലം നിലനിന്ന വ്യക്തിയല്ല വിപി സത്യൻ എന്നുപറയാം. സ്പോർട്സ് ബയോ പിക്ക് എന്നത് എടുത്ത് ഫലിപ്പിക്കാൻ പ്രയാസമുള്ള ഒരു ജോണർ ആണു താനും. എന്നിട്ടും ആ ജീവിതത്തെ ഒരു പിടപ്പായി കാണികൾക്കുള്ളിലേക്ക് വളർത്താൻ പ്രജേഷ് സെന്നിന് കഴിഞ്ഞിരിക്കുന്നത്. ഒരു പുതുമുഖമാണെന്ന് ഒരു ഘട്ടത്തിലും തോന്നിപ്പിക്കാത്ത വിധത്തിലുള്ള സംവിധായകന്റെ കൃതഹസ്തതയ്ക്ക് ക്യാപ്റ്റൻ സാക്ഷ്യപത്രമാണ്. കമലും ആമി ഫാൻസും ഒന്ന് ശ്രദ്ധിക്കുക. ബയോപിക്കുകൾ ഇങ്ങനെയും സാധ്യമാണ്.

    English summary
    Captain movie review by Schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X