For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെരുന്നാൾ ചിരിയൊരുക്കി റാഫിയും ഷാഫിയും.. ചിൽഡ്രൻസ് പാർക്ക് രസിപ്പിക്കുന്നു, ശൈലന്റെ റിവ്യു

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
3.0/5
Star Cast: Dhruvan, Vishnu Unnikrishnan, Sharafudheen
Director: Shafi

അധികം പ്രീ പബ്ലിസിറ്റി ഒന്നുമില്ലാതെ പ്രദർശനത്തിനെത്തിയ പെരുന്നാൾ സിനിമയാണ് ചിൽഡ്രൻസ് പാർക്ക്. പക്ഷെ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ അദ്‌ഭുതമായി. ഷോ ടൈമായ ഒരുമണിക്ക് പത്തുമിനിറ്റ് മുൻപ് തന്നെ house ഫുൾ ആയിരിക്കുന്നു. യൂത്തും കുട്ടികളും കുടുംബങ്ങളും ഒക്കെയായി ആകെ മൊത്തം ഫെസ്റ്റിവൽ മൂഡ്. കാരണമെന്തെന്ന് ചിന്തിച്ച് നോക്കുമ്പോൾ ഒരേയൊരു പേര് മാത്രം.. സംവിധാനം-ഷാഫി

കുറച്ചുകാലമായി പഴയബോംബുകഥയും ഷെർലക്ക് ഹോംസും വെനീസിലെ വ്യാപാരിയുമൊക്കെ ആണ് ഇറക്കുന്നതെങ്കിലും ഷാഫി എന്ന പേരിനോട് മലയാളികൾക്കുള്ള ക്രെയ്‌സ് തീർന്നിട്ടില്ല എന്നുതന്നെ അർത്ഥം. ചിൽഡ്രൻസ് പാർക്കിന്റെ കാര്യത്തിൽ ആണെങ്കിൽ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് മലയാളസിനിമയുടെ മറ്റൊരു ചിരിയുസ്താദ് ആയ റാഫി ആണെന്നതും ആളുകളെ നിരുപാധികം തിയേറ്ററിലേക്ക് ആകർഷിക്കുവാനുള്ള കാരണം.

ഷറഫുദ്ദീൻ, ധ്രുവൻ, വിഷ്‌ണു ഉണ്ണികൃഷ്ണൻ എന്നിവരെയാണ് ഷാഫി -റാഫി സഹോദരൻമാർ ചിൽഡ്രൻസ് പാർക്കിലൂടെ ഇത്തവണ നായകനിരയിൽ അവതരിപ്പിക്കുന്നത്. അവർക്ക് ഗായത്രി സുരേഷ്, സൗമ്യ മേനോൻ, മാനസ രാധാകൃഷ്ണൻ എന്നിങ്ങനെ നായികമാർ. ഒപ്പം ചിരി ഡിപ്പാർട്ട്‌മെന്റിന്റെ ഹെഡ് ആയി ഹരീഷ്‌ കണാരനുമുണ്ട്.

ഷാഫി-റാഫി ചിത്രങ്ങളിലെ ഒരു പൊതുരീതി പ്രകാരം നായകന്മാർ മൂന്നാളും ഫസ്റ്റ് ക്ലാസ് ഫ്രോഡുകൾ ആണ്. ജെറി(വിഷ്ണു)യുടെ ഉപദേശപ്രകാരം അയൽക്കാരനും സുഹൃത്തുമായ ഋഷി (ധ്രുവൻ) സ്വന്തം അച്ഛന്റെ സ്വത്തിൽ വിഹിതം ചോദിച്ച് കേസ് കൊടുക്കുന്നതും കോടതി കേസ് തള്ളുന്നതും വീണ്ടും ജെറിയുടെ ഉപദേശപ്രകാരം ഋഷി നാടുവിടുന്നതും മൂന്നുകൊല്ലമായിട്ടും ആരും തിരിഞ്ഞു നോക്കാതെ അച്ഛൻ മരിച്ച തക്കം നോക്കി ടിയാൻ വീട്ടിൽ തിരിച്ചു കയറുന്നതുമൊക്കെയായാണ് ചിൽഡ്രൻസ് പാർക്ക് തുടങ്ങുന്നത്. അത്ര എടുത്ത് പറയാനുള്ള ഫ്രഷ് കോമഡികൾ ഒന്നും തന്നെയില്ലെങ്കിലും കാണികൾ ആദ്യം മുതൽ തന്നെ ഉദാരമായി ചിരിച്ചുല്ലസിക്കുന്നുണ്ട്.

മകന്റെയും കൂട്ടുകാരന്റെയും കുബുദ്ധികൾക്ക് പ്രതികാരമെന്നോണം അച്ഛൻ വിൽപത്രത്തിൽ അവന് ഒരു ചില്ലി പൈസ പോലും കൊടുക്കാതെ ആറുകോടി രൂപ അനാഥാലയത്തിലേക്ക് സംഭാവന ചെയ്യുന്നതാണ് അടുത്ത വഴിത്തിരിവ്. പണം തിരികെ പിടിക്കാനുള്ള ജെറിയുടെയും ഋഷിയുടെയും കുതന്ത്രങ്ങളാണ് പിന്നീടങ്ങോട്ട്. കോര എന്ന രാഷ്ട്രീയനേതാവിന്റെ സഹായം തേടിപ്പോയ അവരുടെ പെടലിയിൽ ലെനിൻ അടിമാലി (ഷറഫുദ്ദീൻ) എന്നൊരു യുവ നേതാവ് കൂടി വന്നു ഭവിക്കുന്നു.

ചിൽഡ്രൻസ് പാർക്ക് എന്ന പേരുള്ള അനാഥാലയത്തിലേക്കാണ് ഋഷിയുടെ അപ്പൻ ആറുകോടി വിൽപത്രത്തിൽ എഴുതിയിരിക്കുന്നത്. അവിടുത്തെ രീതികളും പ്രവർത്തനങ്ങളും കണ്ടാൽ വാ പൊളിഞ്ഞ് പോവും. മുഖ്യ നടത്തിപ്പുകാരനായ ജോയ് മാത്യു അഥവാ ഗംഗാധരൻ മാഷ് എല്ലാ അവയവങ്ങളും അടിച്ചുപോയ അവസ്ഥയിൽ ശയ്യാവലംബി ആണ്. അനാഥാലയത്തിൽ ആണെങ്കിൽ ഒറ്റ കുട്ടികൾ പോലും ഇപ്പോൾ നിലവിൽ താമസമില്ല താനും. പിന്നെ എന്ത് കണ്ടിട്ടാണ് ഇത്ര ഭീമനൊരു സംഖ്യ അപ്പൻ അങ്ങോട്ട് വിൽപത്രമെഴുതിയത് എന്ന് അറിയണമെങ്കിൽ ഷാഫിയോടൊ റാഫിയോടോ നേരിട്ട് ചോദിക്കുകയെ നിർവാഹമുള്ളൂ..

ഏതായാലും ഭിക്ഷാടനം നടത്തുന്ന കുറെ കുട്ടികളെയും തട്ടിക്കൊണ്ട് വന്ന് നായകന്മാർ ചിൽഡ്രൻസ് പാർക്ക് പുഷ്ടിപ്പെടുത്തുകയാണ്. എങ്ങനെയെങ്കിലും അവിടെ പെട്ടുപോയ ആറുകോടി ചോർത്തണമല്ലോ.. പക്ഷെ ഇന്നേവരെ ഇത്തരം സിനിമകളിൽ കാശ് അടിച്ച് മാറ്റാൻ കേറിയ ഫ്രോഡുകൾക്ക് സംഭവിച്ചതൊക്കെ ഇവിടെയും സംഭവിക്കുന്നു. പ്രണയം, നന്മ, കരുണ, ദീനാനുകമ്പ, മാനസാന്തരം, അവസാനം നിമിഷത്തിൽ മാത്രം വന്നു പതിക്കുന്ന തെറ്റിദ്ധാരണ എല്ലാം വരി വരിയായി പക്കാ ആണ്. അവയവവ്യാപാരവും ഒഴിവാക്കിയിട്ടില്ല.

ക്ളൈമാക്സിൽ കുറച്ച് കുട്ടികളുടെ involvement കൂടി ഉൾപ്പെടുത്തി എന്നതാണ് നേരിയ ഒരു വ്യത്യസ്തത. പക്ഷേ ഉള്ളത് പറയാല്ലോ, മുൻപ് പറഞ്ഞപോലെ തിയേറ്ററിൽ ആർപ്പുവിളിയും ആർമാദവും ആയിരുന്നു ഭൂരിഭാഗം നേരവും. ജനങ്ങൾ തൃപ്തരാണ് എന്നർത്ഥം. അവരുടെ സന്തോഷമണല്ലോ ഇന്ഡസ്ട്രിയുടെ സന്തോഷം..

ചുരുക്കം: പ്രതീക്ഷകളില്ലാതെ കയറിയാൽ ഉല്ലസിച്ച് കണ്ടിരുന്നു മനസിൽ ഒന്നും ബാക്കി വെക്കാതെ തിരിച്ചിറങ്ങാവുന്ന കോമഡിച്ചിത്രമെന്ന് ചിൽഡ്രൻസ് പാർക്കിനെ സംഗ്രഹിക്കാം.

English summary
childrens park movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more