For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോൾഡ് കേസ്: പേരുപോലെ തന്നെ.. തണുത്തത്.. മരവിച്ചത്.. മരവിപ്പിക്കുന്നത്.. - ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.0/5
  Star Cast: Prithviraj Sukumaran, Aditi Balan, Lakshmi Priyaa Chandramouli
  Director: Tanu Balak

  പൃഥ്വിരാജിന്റെ ആദ്യത്തെ ഓടിടി സിനിമ ആയതു കൊണ്ട് പ്രതീക്ഷ ഉണ്ടായിരുന്നു കോൾഡ് കേസിൽ. ആമസോൺ പ്രൈം പുറത്ത് വിട്ട ട്രെയിലർ ആ പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്തു. ഛായാഗ്രാഹകനും ആഡ് ഫിലിം മേയ്ക്കറുമായ തനു ബാലക് ആദ്യമായി ഫീച്ചർ ഫിലിം ചെയ്യുന്നതിന്റെ കൗതുകം വേറെ. പക്ഷെ വിസ്മയങ്ങൾ ഒന്നും സമ്മാനിക്കാൻ സിനിമയ്ക്ക് കഴിഞ്ഞില്ല.

  രണ്ടു സൈഡിലൂടെ ആയിട്ടാണ് കോൾഡ് കേസിലെ പരിപാടികൾ തുടങ്ങുന്നത്. ഡിവോഴ്സി ആയ ജേർണലിസ്റ്റ് മേധ പുതിയതായി ഒരു വീട് വടകയ്ക്കെടുത്ത് താമസം തുടങ്ങുന്നു. ഒപ്പം നാലഞ്ച് വയസ് പ്രായമുള്ള മോളും ഒരു വീട്ടുജോലിക്കാരിയും ഉണ്ട്. ആ വീട്ടിലെ ദുരൂഹതകൾ, നിഗൂഢതകൾ, അതീന്ദ്രിയ അനുഭവങ്ങൾ എന്നിവയാണ് ഒരു സൈഡിൽ. ഒപ്പം മേധയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളുടെ ഫ്ലാഷ്ബാക്ക് വിശകലനങ്ങൾ, കൊച്ചിന്റെയും വേലക്കാരിയുടെയും സ്വഭാവത്തിലെ വൈചിത്ര്യങ്ങൾ എന്നിവയും ഫോക്കസ് ചെയ്യുന്നുണ്ട്..

  രണ്ടാമത്തെ കളത്തിൽ നടക്കുന്നത് ഒരു കേസ് ഇൻവെസ്റ്റിഗേഷൻ നടപടികൾ ആണ്. കായലിൽ വല എറിയുന്ന ഒരാൾക്ക് വലയിൽ അകപ്പെടുന്ന ഗാർബേജ് കവറിൽ നിന്നും ഒരു തലയോട്ടി കിട്ടുന്നു. ഫോറൻസിക് പരിശോധനയിൽ അതൊരു സ്ത്രീയുടെ സ്‌കൾ ആണെന്നും ഒരു കൊല്ലത്തെ പഴക്കമേ ഉള്ളൂ എന്നും മനസ്സിലാവുന്നു. മരിച്ചത് ആര് എന്നതിൽ തുടങ്ങി ആര്/ എന്തിന്/ എപ്പോൾ/ എന്തിന്/എവിടെ വച്ച് ചെയ്തു എന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള അന്വേഷണവും ആയി എ സി പി സത്യജിത്ത് വരുന്നു. അതിന്റെ എടപാടുകൾ ഒരു സൈഡ് പിടിച്ച് പോവുന്നു..

  മർഡർ ഇൻവെസ്റ്റിഗേഷനും ഹൊറർ നിഗൂഢതകളും ഒപ്പം പൃഥ്വിരാജിനേയും മിക്സ് ചെയ്തുള്ള ഒരു കോക്ക്ടെയിൽ ബ്ലെൻഡ് ആണ് സിനിമ ഉദ്ദേശിക്കുന്നത്. പക്ഷെ ചേർന്ന് വന്നപ്പോൾ ഒന്നുമങ്ങാട്ട് ശരിക്ക് കലങ്ങിയില്ല. കണ്ടുമടുത്ത കാഴ്ചകളും നാടകീയത നിറഞ്ഞ സാഹചര്യങ്ങളും കാലഹരണപ്പെട്ട സംഭാഷണങ്ങളും കൊണ്ട് പത്തിരുപത് മിനുറ്റാവുമ്പോഴേക്ക് തന്നെ സിനിമയുടെ ഒരു ഏകദേശ കിടപ്പുവശം പിടികിട്ടും.. തുടർന്നങ്ങോട്ട് എവിടെയെങ്കിലുമൊക്കെ ഒരു വൌ ഫാക്ടർ പ്രതീക്ഷിച്ച് ഒടുക്കം വരെ കണ്ടാലും അതിനുള്ള ഭാഗ്യമില്ലാതെ തന്നെ രണ്ടേകാൽ മണിക്കൂർ തീർന്നു പോയി

  ഗോസ്റ്റും ഫ്രിഡ്ജും ഒഴുകിപരക്കുന്ന ചോരയും വെള്ളവും ഠപ്പേ.. ന്ന് ചാടിപ്പിച്ച് പേടിപ്പിക്കലും വനിതാജേർണലിസ്റ്റും ഒക്കെ ചേർന്ന ഹൊറർപാർട്ട് , പ്ലോട്ട് കൊണ്ട് തന്നെ പരമബോറാണ്. സ്ക്രിപ്റ്റിംഗിന്റെയും പരിചരണത്തിലെയും പ്രകടനത്തിലെയും ദയനീയത കാരണം അത് ഒന്നുകൂടി ശോകാർദ്രമായി.. രാംഗോപാൽ വർമ്മ 15 കൊല്ലം മുൻപ് തുരുതുരാ എടുത്ത് പയറ്റി, പുള്ളിക്കും പ്രേക്ഷകർക്കും ഒരുപോലെ ചെടിച്ച് കാട്ടിൽകളഞ്ഞ ഓഞ്ഞ നമ്പറുകൾ ആണ് തനുബാലകും എഴുത്തുകാരൻ ശ്രീനാഥ് വി നാഥും അറഞ്ചം പുറഞ്ചം എടുത്ത് വീശുന്നത്..

  മരിച്ചത് ആരെന്നറിയാതെ കിട്ടുന്ന തലയോട്ടിയിൽ തുടങ്ങുന്ന, പൂജ്യത്തിൽ നിന്നുള്ള murder ഇൻവെസ്റ്റിഗേഷൻ എന്നത് പ്രേക്ഷകരിൽ ആവേശവും ഉദ്വേഗവും ഒരുപോലെ വളർത്താൻ പാകത്തിൽ ഉള്ള ഒരു ഐറ്റം ആയിരുന്നു. അതാകട്ടെ ലോജിക്കില്ലായ്മകൾ കൊണ്ടും ഉദാസീനമായി കൈകാര്യം ചെയ്തത് കൊണ്ടും ഒട്ടും എറിക്കാതെ പാഴായി പോവുകയും ചെയ്തു. വിശ്വാസവും യുക്തിയും തമ്മിലുള്ള ആശയസംഘർഷത്തിൽ യുക്തിക്കൊപ്പം നിൽക്കാൻ ആണ് തനിക്ക് താല്പര്യം എന്ന് നായകൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പുള്ളി പോലും തലച്ചോറിനെ പണിയെടുപ്പിക്കാതെ തോന്നലുകളെയും ദൈവത്തിന്റെ ഇടപെടലുകളെയും ഒക്കെ ആശ്രയിക്കുന്നതായി കാണുന്നു.

  വർഗ്ഗവും മുംബൈ പോലീസും മെമ്മറീസും ഒക്കെ ചെയ്ത പൃഥ്വിരാജ് എന്തിന് ഈ കോൾഡ്കേസ് പൊലീസിന് കൈ കൊടുത്തു എന്ന് ചോദിച്ചാൽ ഉത്തരമൊന്നുമില്ല. എസിപി സത്യജിത്തിന് ചെയ്യാൻ പ്രത്യേകിച്ചൊന്നുമില്ല. ഈ ഐപിഎസ് കാർക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്ന് പലപ്പോഴും തോന്നിപ്പോകും.. ആടുജീവിതത്തിന്റെ അൾജീരിയൻ ഷെഡ്യൂൾ കഴിഞ്ഞ് വന്നപ്പോൾ ചുമ്മാ ഈസിമൂഡിൽ ഒരു ലോക്ക് ഡൌൺ മൂവി എന്ന് കരുതി ചെയ്തത് ആവണം. ലുക്കൊക്കെ കൊള്ളാം. പക്ഷെ, പ്രേക്ഷകർ കാണാൻ ഇരിക്കുന്നത് അതും പറഞ്ഞല്ലല്ലോ.. അദിതി ബാലൻ ആണ് മറ്റേ മെയിൻ കക്ഷി ആയ, ജേണലിസ്റ്റ് മേധ. ജസ്റ്റ് ഓകെ എന്നൊക്കെ പറയാവുന്നതേ ഉള്ളൂ.. അനിൽ നെടുമങ്ങാട് സി ഐ സിയാദ് ആയി സത്യജിത്തിന്റെ ടീമിൽ ഉണ്ട്.

  ആവശ്യത്തിനും അനാവശ്യത്തിനുമായി ഒരുപാട് കഥാപാത്രങ്ങളും ഉപാഖ്യാനങ്ങളും വന്നു പോവുന്നുണ്ട്. വെറുതെ പ്രേക്ഷകരിൽ കണ്ഫ്യൂഷൻ ഉണ്ടാക്കാൻ എന്നല്ലാതെ യാതൊരു വിധത്തിലും സിനിമയ്ക്ക് അതൊന്നും ഗുണം ചെയ്യുന്നില്ല. മിഴിവുള്ള പത്രസൃഷ്ടികൾ ഒന്നുപോലും ഇല്ല. സിനിമയുടെ ഒരു ഡിപ്പാർട്ട്മെന്റ് പോലും മികവ് പുലർത്തി എന്നു പറയാനാവില്ല. പേര് തീർത്തും അന്വർത്ഥം തന്നെയാണ്. എല്ലാവരും തണുപ്പൻ മട്ടിലാണ് ഈ കേസ് ഏറ്റെടുത്തിരിക്കുന്നത്. അതു കണ്ടുമടുത്ത ചേരുവകൾ അളവും പാകവുമൊന്നും നോക്കാതെ വെട്ടിക്കൂട്ടിയ ഒരു കൊളാഷ് ആയിട്ട്.. അങ്ങനെ നോക്കുമ്പോൾ ഈ സിനിമയെ ഓൾഡ് കേസ് എന്ന് പേരിട്ടാലും വല്യ കുഴപ്പമൊന്നുമില്ല..

  Cold Case Malayalam Movie Review | FilmiBeat Malayalam

  നിർവികാരമായി ഒറ്റ പ്രാവശ്യം കണ്ട് മുഴുമിപ്പിക്കാം.. ചുമ്മാ ഒരു മരവിപ്പ് മാത്രം ബാക്കി.. അത്രന്നെ..

  Read more about: review റിവ്യൂ ott
  English summary
  Cold Case Malayalam Movie Review: Prithviraj Sukumaran starring is a thriller Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X