For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേക്കിംഗിലും പ്രകടനത്തിലും ഗംഭീരം; പക്ഷെ മാലിക്കിന്റെ രാഷ്ട്രീയത്തില്‍ ശരികേടുണ്ട്

  |

  Rating:
  3.0/5
  Star Cast: Fahadh Faasil, Joju George, Nimisha Sajayan
  Director: Mahesh Narayan

  മാലിക്, ഇത്രമേല്‍ ആകാംഷയോടെയും പ്രതീക്ഷയോടേയും സമീപകാലത്തൊന്നും മലയാള സിനിമ ഒരു സിനിമയുടെ റീലിസിനായി കാത്തിരുന്നിട്ടുണ്ടാകില്ല. ടേക്ക് ഓഫിനും സീ യു സൂണിനും ഇടയില്‍ മഹേഷ് നാരായണനും ഫഹദ് ഫാസിലും ചേര്‍ത്തൊരുക്കിയ ചിത്രമാണ് മാലിക്. നീണ്ട കാത്തിരിപ്പിനൊടുവില്‍, തീയേറ്റര്‍ റീലിസിന് പകരം ഒടിടി റിലീസായി മാലിക് എത്തിയിരിക്കുകയാണ്.

  പോസിറ്റീവില്‍ നിന്നും തുടങ്ങാം. മേക്കിംഗിനാണ് ആദ്യത്തെ കൈയ്യടി. തുടക്കത്തിലേയും ഒടുക്കത്തിലേയും സിംഗിള്‍ ഷോട്ട് മുതല്‍ മേക്കിംഗിലും ആര്‍ട്ടിലും ഛായാഗ്രഹണത്തിലും മാലിക് മികച്ചു നില്‍ക്കുന്നുണ്ട്. രണ്ട് മണിക്കൂറും നാല്‍പ്പത്തിയൊന്ന് മിനുറ്റുമുള്ളൊരു സിനിമ ദൈര്‍ഘ്യം അനുഭവപ്പെടാതെ, ഗ്രിപ്പിംഗ് ആയി കൊണ്ടു പോകാന്‍ മഹേഷ് നാരായണന്‍ എന്ന സംവിധായകനും എഡിറ്റര്‍ക്കും സാധിച്ചിട്ടുണ്ട്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയാണ് മാലിക്. ഈ മൂന്ന് കാലത്തേയും വ്യക്തമായി തന്നെ അടയാളപ്പെടുത്താന്‍ സിനിമയുടെ കലാസംവിധാന വിഭാഗത്തിന് സാധിച്ചിട്ടുണ്ട്.

  പ്രകടനത്തില്‍ പ്രതീക്ഷകളൊന്നും ഫഹദ് തെറ്റിക്കുന്നില്ല. കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളും ഫഹദ് മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. എങ്കിലും, പ്രായമായിട്ടുള്ള രംഗങ്ങളില്‍ ചിലപ്പോഴൊക്കെ ഫഹദിന് ഗ്രിപ്പ് നഷ്ടമാകുന്നതായി അനുഭവപ്പെടുന്നുണ്ട്. വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നുണ്ട്. നിമിഷയും വിവിധ ഘട്ടങ്ങള്‍ വൃത്തിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. സുലൈമാന്റെ മരുമകന്‍ ഫ്രെഡിയായി എത്തിയ സനല്‍ അമന്‍ എടുത്തു പറയേണ്ട പേരുകളിലൊന്നാണ്. തന്നിലേല്‍പ്പിച്ച കഥാപാത്രത്തെ ജോജുവും നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

  ഇങ്ങനെയൊക്ക ആയിരിക്കുമ്പോവും മാലിക് പറഞ്ഞു വെക്കുന്ന പൊളിറ്റിക്‌സ് വരും ദിവസങ്ങളില്‍ കാര്യമായി തന്നെ വിമര്‍ശിക്കപ്പെടാന്‍ സാധ്യതയുള്ളതാണ്. ബീമാപള്ളി വെടിവെപ്പ് എന്ന കേരള രാഷ്ട്രീയത്തിലെ വലിയ വിവാദങ്ങളിലൊന്നില്‍ നിന്നും പരോക്ഷമായി പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കലാപം എന്ന് വിളിക്കപ്പെട്ട സംഭവത്തെ പോലീസിന്റെ സൃഷ്ടിയായി ചിത്രം പറഞ്ഞുവെക്കുന്നുണ്ടെങ്കിലും ചിത്രം പറയാതെ പോകുന്ന രാഷ്ട്രീയ സാഹചര്യം ചോദ്യം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

  അതേസമയം ചിത്രം പറഞ്ഞു വെക്കുന്ന കാര്യങ്ങളില്‍ വലിയ ശരികേടുകളുണ്ട്. മുസ്ലീം നായകനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടു തന്നെ, മുസ്ലീം സമുദായത്തെ ആയുധക്കടത്തുകാരായും അക്രമികളായും സ്വന്തം സമുദായത്തെ വഞ്ചിക്കുന്നവരായും ചിത്രം ചിത്രീകരിക്കുന്നുണ്ട്.

  മുസ്ലീമിനെതിരെ മുസ്ലീമിനെ തന്നെ നിര്‍ത്തുന്ന ചിത്രം ബാലന്‍സിംഗിനായി ശ്രമിക്കുന്നത് കാണാം. ഇതിനായി മുസ്ലീം-ക്രിസ്ത്യന്‍ പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്നിടത്ത് മുസ്ലീം വിഭാഗത്തെ അക്രമ മാര്‍ഗ്ഗത്തെ സ്വയം തിരഞ്ഞെടുത്തവരും ക്രിസ്ത്യന്‍ വിഭാഗത്തെ സിസ്റ്റത്തിന്റെ കെണിയില്‍ പെടുന്നവരായുമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒടുവില്‍ പഴി പോലീസിന്റെ മേലില്‍ ചാര്‍ത്തുമ്പോഴും സ്ഥിരം മുസ്ലീം വിരുദ്ധ ക്ലീഷേകളെ തന്നെയാണ് മാലിക് അവതരിപ്പിക്കുന്നത്.

  ഫഹദിന്റെ സുലൈമാന്‍ എന്ന കഥാപാത്രത്തിന്റെ ആര്‍കില്‍ മാത്രം ശ്രദ്ധിച്ചപ്പോള്‍ മറ്റ് പല കഥാപാത്രങ്ങള്‍ക്കും ഡീറ്റെയ്‌ലിംഗ് നഷ്ടമാകുന്നുണ്ട്. വിനയ് ഫോര്‍ട്ടിന്റെ ഡേവിഡിന്റെ മാറ്റത്തിന്റെ ഇംപാക്ട് കുറയുന്നത് ഈ ഡിറ്റെയ്‌ലിംഗിന്റെ അഭാവമാണ്. നിമിഷയുടെ റോസ്‌ലിന്‍ പലപ്പോഴും മെയില്‍ ഗേസില്‍ സൃഷ്ടിക്കപ്പെട്ട കഥാപാത്രമായി അനുഭവപ്പെടുന്നുണ്ട്. രണ്ട് സമുദായങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ പെട്ടു കിടക്കുന്ന കഥാപാത്രത്തിന്റെ ഉള്ളറിയാന്‍ സാധിക്കുന്നില്ല. ചങ്കൂറ്റമുള്ള നായകന്റെ തന്റേടിയായ നായികയായി ഒതുങ്ങുകയാണ് റോസ്‌ലിന്‍.

  മേക്കിംഗ് കൊണ്ട് ഗംഭീരമാകുമ്പോഴും പറഞ്ഞുവെക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടേണ്ട സിനിമയാണ് മാലിക്.

  Nimisha Sajayan about Fahadh Faazil | FilmiBeat Malayalam

  പ്രതീക്ഷ തെറ്റാക്കാതെ ഗംഭീര പ്രകടനവുമായി ഫഹദ് ഫാസില്‍ എത്തുമ്പോഴും മാലിക്കിന്റെ രാഷ്ട്രീയം വിമർശിക്കപ്പെടേണ്ടതാകുന്നു.

  Read more about: review റിവ്യൂ ott
  English summary
  Directed By Mahesh Narayanan And Fahadh Faasil Starrer Malik Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X