twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുൽഖറിന്റെ ബോളിവുഡ് പ്രവേശം ഒട്ടും മോശമായിട്ടില്ല..; കാരവാൻ കൂൾ! ശൈലന്റെ റിവ്യൂ

    By Desk
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

    Recommended Video

    കാരവാൻ കൂൾ! ശൈലന്റെ റിവ്യൂ | filmibeat Malayalam

    Rating:
    3.5/5
    Star Cast: Irrfan Khan, Dulquer Salmaan, Mithila Palkar
    Director: Akarsh Khurana

    മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്‍ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്കും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കാര്‍വാന്‍ റിലീസിനെത്തിയിരിക്കുകയാണ്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോമഡി ഡ്രാമയായി ഒരുക്കിയ കാര്‍വാനെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

    ദുൽഖർ സൽമാൻ

    മലയാളത്തിന്റെ സെൻസേഷണൽ കിംഗ് ദുൽഖർ സൽമാൻ എന്ന ഡിക്യു തമിഴും തെലുങ്കും പിന്നിട്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന 'കാർവാൻ' തിയേറ്ററിലെത്തി. പ്രതീക്ഷിച്ച പോൽ തന്നെ സംഗതി കൂൾ ആണ്. ഓകെ കണ്മണിയിലൂടെ തമിഴും മഹാനടിയിലൂടെ തെലുങ്കും പറഞ്ഞ് സൗത്തിന്ത്യയെ കയ്യിലെടുത്ത അതേ ലാഘവത്തോടെ പക്കാ ഹിന്ദി ആക്സന്റിൽ ഡിക്യു നോർത്തിനെയും കയ്യിലെടുക്കുന്ന കാഴ്ചയാണ് കാർവാൻ സമ്മാനിക്കുന്നത്.

    കാർവാൻ

    കാർവാൻ എന്നാൽ കാരവാൻ തന്നെയാണ്. പേര് സൂചിക്കുമ്പോലെ ഒരു റോഡ്മൂവി ആണ് സിനിമ. വ്യത്യസ്ത പ്രായത്തിലും തീർത്തും വ്യത്യസ്ത സ്വഭാവഘടനയിലുമുള്ള മൂന്നുപേർ ചേർന്ന് തീർത്തും യാദൃച്ഛികമായി നടത്തേണ്ടിവരുന്ന ഒരു ദീർഘയാത്ര. അതിനിടയിൽ സംഭവിക്കുന്ന ചെറിയ ചെറിയ സംഭവങ്ങൾ. അത് അവരുടെ ക്യാരക്റ്ററിൽ ചെലുത്തുന്ന ചെറിയ സ്വാധീനങ്ങൾ. ഇത്ര മാത്രമാണ് കാർവാൻ എന്ന സിനിമ. അതിഭീകര സംഭവ പരമ്പരകളോ ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത ഒരു കൂൾ ഫീൽഗുഡ് മൂവി.

    സെക്കന്റ് ഷോ

    സെക്കന്റ് ഷോ" യിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ചപ്പോൾ കാണിച്ച അതേ ലാഘവത്വം തന്നെയാണ് പിന്നീട് തമിഴിലും തെലുങ്കിലും ഇപ്പോൾ ഹിന്ദിയിലും പ്രവേശിക്കുമ്പോഴും ഡിക്യു ഫോളോ ചെയ്യുന്നത്. മാസ് എൻട്രിയ്ക്കോ മെഗാ ഹൈപ്പിനോ മെനക്കെടാതെ തികച്ചും സാധാരണമായ താരപരിവേഷമില്ലാത്ത റോളുകൾ. സിനിമകൾ!! ബാംഗ്ലൂരിൽ ഐടി പ്രൊഫഷണൽ ആയ അവിനാഷ് രാജ് രോഹിത് ആയിട്ടാണ് കാർവാനിൽ ഡിക്യു വരുന്നത്. അത്ര താല്പര്യമില്ലാത്ത ജോലി ചെയ്യുന്നതിന്റെ അസ്വസ്ഥതകളും ഫ്രസ്ട്രേഷൻസും ഒക്കെ അയാളിൽ ധാരാളമുണ്ട്. ഫോട്ടോഗ്രഫി ആണ് അയാളുടെ ഇഷ്ടമേഖല. മാനസികമായ പൊരുത്തമോ വൈകാരികമായ അറ്റാച്ച്മെന്റോ ഒന്നുമില്ലാത്ത അച്ഛൻ അവിനാഷിനായി തെരഞ്ഞെടുത്ത ഓപ്ഷനാണ് ഐ ടി.

    അവിനാഷ്

    അങ്ങനെ ഇരിക്കെ ഒരു ദിവസം ഗംഗോത്രിയിൽ തീർത്ഥാടനത്തിന് പോയ പിതാവ് അപകടത്തിൽ മരണപ്പെട്ടതായി അയാൾക്ക് ഫോൺ വരുന്നു. ട്രാവൽ ഏജൻസിക്കാർ പാക്ക് ചെയ്ത് വിട്ട ബോഡി തീർത്തും മെക്കാനിക്കലായി ക്രിമറ്റോറിയത്തിൽ വെക്കാൻ ചെന്ന സമയത്ത് കൂട്ടുകാരൻ ഷൗക്കത്ത് ആണ് ഒരു സ്ത്രീയുടെ ബോഡിയാണ് പെട്ടിയിലുള്ളതെന്ന് കണ്ടെത്തുന്നത്. തുടർന്ന് ഏജൻസിയുമായി നടത്തിയ അന്വേഷണത്തിൽ കൊച്ചിയുലുള്ള താഹിറ എന്ന സ്ത്രീയുടെ അമ്മയുടെ ശവശരീരമാണ് ഇവിടെ മാറി എത്തിയിരിക്കുന്നതെന്നും തന്റെ അച്ഛന്റെ ബോഡി എത്തിയിട്ടുണ്ടെന്നും മനസിലാക്കി ഡെഡ്ബോഡികളെ വച്ചു മാറ്റാനായി അവിനാഷ് നടത്തുന്ന യാത്രയാണ് സിനിമയുടെ ബോഡി..

    ഇർഫാൻ ഖാൻ

    സുഹൃത്ത് ഡെഡ്ബോഡിയും വഹിച്ചു കൊണ്ടു പോകുന്ന വാനിന്റെ ഉടമയും ഷൗക്കത്താണ്. ഇർഫാൻ ഖാൻ ആണ് ഷൗക്കത്ത് എന്നതിൽ നിന്നു തന്നെ കാര്യങ്ങൾ കൂടുതൽ പറയാതെ വ്യക്തമാവുമല്ലോ.. പുള്ളി വായ തുറന്നാൽ തിയേറ്ററിൽ ചിരിയാണ്. സംഭാഷണങ്ങളൊന്നുമില്ലാത്ത ചെറിയ മുഖഭാവങ്ങളും ചലനങ്ങളും വരെ കാണികളെ ഇളക്കിമറിക്കുന്നു. (ഹിന്ദി ഓഡിയൻസ് ധാരാളമുള്ള ഒരു തിയേറ്ററിൽ നിന്നായിരുന്നു കണ്ടത്) യാത്രയുടെയും സിനിമയുടെയും മൊത്തത്തിലുള്ള എനർജി ലെവൽ തന്നെ ഷൗക്കത്തും ഇർഫാനുമാണ്. ഡിക്യുവും ഇർഫാനും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമായി വർക്കൗട്ടായിരിക്കുകയും ചെയ്തിരിക്കുന്നു.

    താഹിറ

    താഹിറ വിളിച്ചുപറഞ്ഞത് പ്രകാരം ഊട്ടിയിലെ പബ്ലിക് സ്കൂളിൽ നിന്നും മകൾ തന്യയെ അവർ വാനിലേക്ക് പിക്ക് ചെയ്യുന്നു. അടിച്ചു കിണ്ടിയായിപ്പോയി ഫോൺ ചാർജ് ചെയ്യാൻ മറന്നത് കാരണം അവൾ ഗ്രാനിയുടെ മരണവാർത്ത അറിഞ്ഞിട്ടു പോലുമില്ല. ടീനേജുകാരിയായ അവളുടെ ആംഗിളു തന്നെ വേറെയാണ്. പ്രെഗ്നൻസി ചെക്ക് ചെയ്യാനുള്ള സ്ട്രിപ്പൊക്കെ അവൾ വഴിയിൽ വച്ച് കൂളായിട്ടാണ് വാങ്ങുന്നത്. അന്തം വിട്ടുനിൽക്കുന്ന അവിനാഷിനോട് അവൾ പറയുന്ന മറുപടികളും രസകരമാണ്. മിഥില പാൽക്കർ ആണ് തന്യ. ഇർഫാനോടും ഡിക്യുവിനോടും കട്ടയ്ക്ക് കട്ട പിടിച്ചു നിൽക്കാനാവുന്നുണ്ട് അവർക്ക്. കൗമാരക്കാരിയായ തന്യ, ഇരുപതുകളിൽ നിൽക്കുന്ന അവിനാഷ്, മുപ്പതുകളിൽ നിൽക്കുന്ന ഷൗക്കത്ത് ഇവരുടെ സ്വഭാവഘടനകൾ എങ്ങനെ സിങ്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് കാർവാനെ സ്മൂത്തായി മുന്നോട്ട് നയിക്കുന്നത്.

    ട്രെയിലർ

    ട്രെയിലർ പുറത്തു വന്നപ്പോൾ സിനിമ എസ് ഹരീഷിന്റെ മാന്ത്രികവാൽ എന്ന കഥയിൽ നിന്നോ അതിനെ ആസ്പദമാക്കി എടുത്ത സഞ്ജു സുരേന്ദ്രന്റെ ഏദൻ എന്ന സിനിമറ്റിൽ നിന്നോ ചുരണ്ടിയതായിരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ, സിനിമ കണ്ടപ്പോൾ ഇത് ആ കഥയുടെ മറ്റൊരു വേർഷൻ ആണ്. കാർവാന്റെ കഥയെഴുതിയ ബിജോയ് നമ്പ്യാർ ഒരു മലയാളിയാണെന്നതിനാൽ സ്വാധീനം മനപ്പൂർവം തന്നെയാവണം. തിരക്കഥ എഴുതിയ സംവിധായകൻ ആകർഷ് ഖുറാന അതിനെ വൃത്തിയായി തന്നെ ഡെവലപ്പ് ചെയ്തിട്ടുണ്ട്. കമേഴ്സ്യൽ എലമെന്റ്സ് അധികം തിരുകിക്കയറ്റിയിട്ടില്ല എന്നതും ഡിക്യുവിനെയും മിഥിലയെയും കൊണ്ട് പ്രണയിപ്പിച്ച് ഡ്യുയറ്റ് പാടിപ്പിച്ചിട്ടില്ല എന്നതുമൊക്കെ പടത്തിന്റെ പോസിറ്റീവുകൾ ആണ് (അതിനെ നെഗറ്റീവ് ആയി കാണുന്നവരുമുണ്ടാകാം) റോഡ്മൂവി എന്ന ഴോണറിനോട് മാക്സിമം നീതിപുലർത്തി മറ്റൊന്നും മുഴപ്പിച്ച് നിർത്താതെ എടുത്തിരിക്കുന്ന പരിചരണ സമ്പ്രദായത്തെ ആ രീതിയിൽ തന്നെ ആസ്വദിക്കാനാവുന്നവർക്ക് പടം മുതൽക്കൂട്ടാണ്..

     ഡിക്യു

    ഡിക്യുവിനെക്കുറിച്ച് കുറച്ചുകൂടി പറയാതെ നിർത്തുന്നത് ശരിയല്ല. മറ്റു മലയാളനടന്മാരൊക്കെ ഏത് ഭാഷയിൽ ചെന്നാലും അവരായും മലയാളിയായും തന്നെ നിൽക്കുമ്പോൾ തമിഴനും തെലുങ്കനും ഇപ്പോൾ ഹിന്ദിക്കാരനുമൊക്കെ പെട്ടെന്ന് താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ക്യാരക്റ്ററുകളായി പരകായപ്രവേശം നടത്താൻ ഈ നടന് കഴിയുന്നുവെന്നത് അയാളുടെ ഏറ്റവും വലിയ ഹൈലൈറ്റാണ്. കാർവാൻ കണ്ട് ഇന്നലെ മലയാളി എഴുതിയതിന്റെ നൂറുമടങ്ങാണ് അന്യഭാഷക്കാർ വാചാലപ്പെട്ടിരിക്കുന്നത്. ഒരുകാലത്തും ഹിന്ദിബെൽറ്റിൽ താമസിച്ചിട്ടില്ലാത്ത ഒരാൾ ഇത്ര പക്കാ ആക്സന്റിൽ എങ്ങനെ ഹിന്ദി സംസാരിക്കുന്നു എന്ന് പലർ അത്ഭുതം കൂറുന്നു.. ഹാറ്റ്സ് ഓഫ് യൂ , മാൻ.. You're impossible..!!!

    English summary
    Dulquer Salmaan's Karwaan movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X