For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: review റിവ്യൂ

  പോത്തേട്ടൻ ബ്രില്യൻസ് വീണ്ടും, ജോജി അന്യായ പൊളി!! — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  4.0/5
  Star Cast: Fahadh Faasil, Dileesh Pothan, Unnimaya Prasad
  Director: Dileesh Pothan

  വിശ്വപ്രസിദ്ധ ഷെയ്ക്സ്പീരിയൻ ദുരന്തനാടകം മാക്ബത്തിനെ അവലംബിതമാക്കി ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് തയ്യാർ ചെയ്ത ജോജി അതിഗംഭീരമായൊരു സിനിമാനുഭവം മലയാളികൾക്ക് സമ്മാനിക്കുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകളിലൂടെ പ്രേക്ഷകർ ആഹ്ലാദിച്ചാഘോഷിച്ച പോത്തേട്ടൻ ബ്രില്യൻസിന്റെ അടുത്ത സ്റ്റെപ്പ് എന്ന് തീർച്ചയായും ജോജിയെ വിശേഷിപ്പിക്കാം..

  ശ്യാം പുഷ്കരൻ സ്‌ക്രിപ്റ്റ് ചെയ്ത മുൻ ചിത്രങ്ങളെ വച്ച് നോക്കുമ്പോഴും ജോജി ഒരു നെക്സ്റ്റ് സ്റ്റെപ്പ് തന്നെ. റിയലിസ്റ്റിക് ആവുന്നതിനൊപ്പം തന്നെ അങ്ങേയറ്റം വലിഞ്ഞു മുറുക്കുന്ന ഒരു ദുരന്തനാടകത്തിന്റെ എല്ലാവിധ സംത്രാസങ്ങളും പ്രേക്ഷകനിൽ വാരി വിതറാൻ കഴിയുക എന്നത് സവിശേഷമായ ഒരു സംഗതി ആണ്. എഴുത്തുകാരനും സംവിധായകനും പരിപൂർണമായി വിജയിക്കുന്നു ഇക്കാര്യത്തിൽ.

  ടൈറ്റിൽ റോളിൽ ഉള്ള ജോജി തന്നെയാണ് ഇവിടെ ട്രാജിക് ഹീറോ എങ്കിലും, ജോജിയിൽ ഫോക്കസ് ചെയ്തുള്ള ഒരു തിരനാടകം അല്ല ആദ്യപാതിയിൽ മെനഞ്ഞ് കൊണ്ടുവന്നിരിക്കുന്നത്. കുറെ പ്രധാന കഥാപാത്രങ്ങൾക്കിടയിലും അയാൾ ഇടപഴകുന്ന ഭൂപ്രകൃതിയിലും ഒരു പാർശ്വവത്കൃത കഥാപാത്രം മാത്രമാണ് ആദ്യഘട്ടത്തിൽ അയാൾ. വഴിയേ അയാളുടെ ട്രാജിക്ഗ്രാഫിനെ സ്‌ക്രിപ്റ്റ് , ഡിസൈൻ ചെയ്തിരിക്കുന്നത് രസകരമായിട്ടാണ്.

  പനച്ചേൽ (പി.കെ) കുട്ടപ്പൻ എന്ന അതികായനായ പ്ലാന്റേഷൻ മുതലാളിയുടെ ആണ് സിനിമ തുടങ്ങുന്നത്. അസാധ്യമായ ക്യാരക്റ്റർ ബിൽഡപ്പ് ആണ് നിസ്സാരമായ ഫ്രെയിമുകളിലൂടെ പോത്തനും പുഷ്കരനും ചേർന്ന് നടത്തിയിരിക്കുന്നത്. തുരപ്പൻ ബാസ്റ്റിൻ ആയി സ്ഫടികത്തിലൂടെ വന്ന് ഡബിൾബാരൽ പോലുള്ള സിനിമകളിൽ സാന്നിധ്യം അറിയിച്ച സണ്ണി പി എൻ പോലീസ് ഉദ്യോഗസ്ഥന് കിട്ടിയ ആദ്യത്തെ സമ്പൂർണ കഥാപാത്രം ആണ് പികെ കുട്ടപ്പൻ.

  അസാധ്യനായ കുട്ടപ്പന് പല തരത്തിൽ ദുർബലരായ മൂന്നു മക്കൾ ജോമോൻ, ജെയ്സൻ, ജോജി. മൂത്തവൻ ജോമോൻ ശരീരം കൊണ്ടെങ്കിലും കുട്ടപ്പൻ ചേട്ടനോട് കട്ടയ്ക്ക് കട്ട ആണെങ്കിൽ മറ്റുള്ളവരുടെ വിശേഷണം ഒട്ടുപാലിന് ഉണ്ടായവർ എന്നാണ്. വിവാഹമോചിതനായ ജോമോന്റെ മകൻ പോപ്പിയും ജെയ്സന്റെ ഭാര്യ ബിൻസിയും ആശ്രിതനായ ഒരു ഗിരീഷും കൂടി ചേർന്നതാണ് കുടുംബ പശ്ചാത്തലം.

  നിരൂപദ്രവകാരിയും ഉത്തരവാദിത്തരഹിതനും അലസനും ആണ് ജോജി തുടക്കത്തിൽ. ചേട്ടന്റെ മോൻ പോപ്പിയുമായി തല്ലുപിടിക്കുകയും അപ്പന്റെ കയ്യിൽ നിന്ന് തല്ല് വാങ്ങിക്കുകയുമൊക്കെ ചെയ്യുന്ന പക്കാദുർബലൻ. ഭീകരനായ അപ്പനെ കട്ടപ്പ എന്നാണ് ജോജി എപ്പോഴും ബിൻസിയോട് വിശേഷിപ്പിക്കുന്നത്. ജോജിയുടെ "പാർട്ണർ ഇൻ ക്രൈം" എന്ന മട്ടിൽ ബിൻസിയെ നിശ്ശബ്ദയായി ഒരറ്റത്ത് എപ്പോഴും കാണിക്കുന്നുണ്ട്..

  ഫഹദ് ഓരോ ചലനങ്ങളിലും നോട്ടങ്ങളിലും ജോജിയായി ജീവിക്കുകയാണ്. ആറുദിവസം മുൻപ്, ഇരുളിലെ സീരിയൽ കില്ലറെ തീർത്തും അലസമായി കൈകാര്യം ചെയ്ത ഫഹദിനെ ജോജിയിൽ കാണാൻ കഴിയില്ല. ജോജിയ്ക്ക് ആവശ്യമുള്ളതിനെ മാത്രം ദിലീഷ് പോത്തൻ എന്ന കൃതഹസ്തനായ ശില്പി ചെത്തി ഉഴിഞ്ഞ് എടുക്കുന്നു ഫഹദ് ഫാസിൽ എന്ന നടനിൽ നിന്ന് എന്നും പറയാം..

  ജോജിയിൽ ശരിക്കും ഞെട്ടിക്കുന്ന പെർഫോമൻസ് ബാബുരാജിന്റെയാണ്. വിവാഹമോചിതനും തെല്ലൊന്നു ഫ്രസ്ട്രേറ്റഡും അപ്പനോട് അമിതസ്നേഹമുള്ള മകനുമായ ജോമോൻ ബാബുരാജിന്റെ ഇതുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത വേറൊരു മുഖമാണ്. സിനിമയിൽ ഏറ്റവും ലവബിൾ ആയ ക്യാരക്റ്ററും ബാബുരാജിന്റെ തന്നെ. പോത്തേട്ടന്റെ അടുത്ത മാജിക്.

  ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ് എന്നിവരുടെ മികച്ച പ്രകടനങ്ങൾ ഏറക്കുറെ പ്രതീക്ഷിതമായത് തന്നെ. ജോജി മുണ്ടക്കയം എന്നൊരു പുതിയ നടന്റെ സാന്നിധ്യം കുട്ടപ്പന്റെ രണ്ടാമത്തെ മകൻ ജെയ്സൻ ആയി ജോജിയിൽ ഉടനീളം ഫ്രഷ്നസ് നൽകുന്നുണ്ട്. ക്യാരക്റ്ററുകൾ എല്ലാം തന്നെ കറക്റ്റ് ഫിറ്റായവരെ ആണ് ഏല്പിച്ചിരിക്കുന്നത്. സംഭാഷണങ്ങളുടെ ഒറിജിനാലിറ്റിയും ഗംഭീരം.

  ജസ്റ്റിൻ വർഗീസിന്റെ ബാക്ഗ്രൗണ്ട് സ്കോറിംഗ് ഒരു ഷെയ്ക്ക്സ്പിയർ ട്രാജഡിക്ക് ചേർന്ന വിധമുള്ള ഔന്നത്യത്തോടെ സിനിമയ്ക്ക് മേലെ കുട വിരിച്ച് നിൽക്കുന്നു. വേറെലെവൽ. ഷൈജു ഖാലിദിന്റെ ക്യാമറ വർക്ക് മറ്റൊരു ക്ലാസ് ഐറ്റം. ഇവയുടെയെല്ലാം ഒരു ടോട്ടാലിറ്റി ആണ് ജോജിയുടെ മഹത്വം.

  അതികായനായ അപ്പൻ ഇടറിവീണ് കിടപ്പിലായതോടെ മക്കളിൽ ചിലരിൽ ചിറകുവിരിക്കുന്ന ഭൗതിക കാമനകളും അത്യാർത്തികളുമാണ് സിനിമയുടെ കഥാഗതിയെ വികസിപ്പിച്ച് കൊണ്ടുവരുന്നത്. ഒരു മണിക്കൂർ 46 മിനിറ്റ് നേരം സ്വാഭാവികമായി ഡെവലപ്പ്‌ ചെയ്ത് അസാധ്യമായൊരു ലെവലിൽ എത്തിച്ചേർന്ന സിനിമ അവസാന മൂന്നുമിനിറ്റുകളിൽ അനാവശ്യമായി ഫഹദ് ഫാസിൽ എന്ന നടനെ വെളുപ്പിക്കാനായി അനാവശ്യമായി, ഇത്തിരി വെള്ളപൂശി എടുക്കുന്നത് കാണാം. കുമ്പളങ്ങിയിലെ ഷമ്മിയെ വെളുപ്പിക്കാനായി അവസാനത്തിൽ മാനസികരോഗത്തെ അവതരിപ്പിക്കുന്ന പോലെ ഇവിടെ സമൂഹത്തെ ചാരിയാണ് വെളുപ്പിക്കൽ പ്രോഗ്രാം.. ഇത്തരം സന്ദർഭങ്ങളിൽ കുറച്ച് കൂടിയൊക്കെ പക്വത പോത്തനെയും ശ്യാം പുഷ്കരനെയും പോലുള്ളവരിൽ നിന്നും പ്രേക്ഷകർ, പ്രതീക്ഷിക്കുന്നുണ്ട്. അവർക്കറിയില്ല അവരുടെ യഥാർത്ഥ ലെവൽ എന്ന് തോന്നുന്നു.

  പടത്തിന്റെ മൊത്തത്തിൽ ഉള്ള അസാമാന്യമായ റെയ്ഞ്ച് വെച്ച് നോക്കുമ്പോൾ ഇതുപോലെ ബാക്കി എടുത്ത് പറയാവുന്ന ചെറിയ ചെറിയ പതിരുകടികളെ നൈസായി അവഗണിക്കാവുന്നതേ ഉള്ളൂ..

  Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam

  മസ്റ്റ് വാച്ച് എന്നും ഒഴിവാക്കാനാവാത്തത് എന്നും പേഴ്‌സണൽ അടിവര.

  English summary
  Joji Malayalam Movie review: Dileesh Pothan, Fahadh Faasil Combo Amazes again through Amazon Prime
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X