For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടാരം കൊണ്ടാൻ : സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ അഥവാ ദി കംപ്ലീറ്റ് വിക്രം ഷോ, ശൈലന്റെ റിവ്യൂ

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
3.5/5
Star Cast: Vikram, Akshara Haasan, Abi Hassan
Director: Rajesh M. Selva

മലേഷ്യയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ പെട്ട ഒരു സ്റ്റേറ്റ് ആണ് കെദാഹ് ദാറുൽ അമീൻ. കടാരം എന്നത് അതിന്റെ തമിഴ് പേരാണ്. എഡി രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട തമിഴ് സഹിത്യങ്ങളിൽ വരെ കടാരത്തെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. അതിനുമുന്പേ തന്നെ തമിഴ് രാജവംശങ്ങൾ കടാരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു എന്ന് ആർക്കിയോളജിസ്റ്റുകൾ കണ്ടെത്തിയിട്ടുമുണ്ട്. ചിയാൻ വിക്രം നായകനായി ഈയാഴ്ച ഇറങ്ങിയ സിനിമ 'കടാരം കൊണ്ടാൻ' അർത്ഥമാക്കുന്നത് കടാരം കീഴടക്കിയവൻ എന്നുതന്നെ..

മേൽപറഞ്ഞപോലുള്ള ചരിത്രമൊന്നുമല്ല സിനിമയുടെ പ്രതിപാദ്യം. പക്ഷെ സിനിമ പൂർണമായും മലേഷ്യയിൽ വച്ചാണ് നടക്കുന്നത്. ലൊക്കേഷൻ കടാരം പ്രൊവിൻസിൽ ആണോ എന്തോ എന്നറിയില്ല. പക്ഷെ, മലേഷ്യയുടെ സാധ്യതകൾ തമിഴ് സിനിമ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കടാരം കൊണ്ടാൻ. കമൽഹാസൻ സിനിമയായ തൂങ്കാവനത്തിന്റെ ഡയറക്ടർ എന്ന നിലയിൽ ശ്രദ്ധേയനായ രാജേഷ് സെൽവ വിഷ്വൽ റിച്ച്നെസിനാലും ചടുലാത്മകതയാലും തകർപ്പൻ അനുഭവമാക്കി മാറ്റുന്നു കടാരത്തെ..

2010 ൽ ഇറങ്ങിയ ഫ്രഞ്ച് ആക്ഷൻ ത്രില്ലർ പോയിന്റ് ബ്ലാങ്കിന്റെ പുനരാഖ്യാനമായ കടാരം കൊണ്ടാൻ നിർമിച്ചിരിക്കുന്നത് കമലഹാസൻ ആണ് എന്നതാണ് പടത്തിന്റെ മറ്റൊരു സവിശേഷത. അത്യന്തം നിഗൂഢനായ ഒരു കേന്ദ്രകഥാപാത്രത്തെ ആണ് വിക്രം പടത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അധികം ഡയലോഗുകളോ ഡീറ്റെയിലിംഗുകളോ ഫ്ലാഷ്ബാക്കുകളോ ഒന്നുമില്ലാതെ ലുക്കുകൊണ്ടും പ്രസൻസ് കൊണ്ടും ചെറുചലനങ്ങൾ കൊണ്ടും വിക്രമിന്റെ താരപരിവേഷം വച്ച് ഒരു ഫെസ്റ്റിവൽ തന്നെ തീർക്കുകയാണ് സംവിധായകൻ. അനായാസമായ ഒരു കാര്യമല്ല അത്.

പടം തുടങ്ങുമ്പോൾ ഉള്ള വിക്രം ക്യാരക്റ്ററിനെ കുറിച്ചുള്ള ദുരൂഹത തീരുമ്പോഴും അവസാനിക്കുന്നില്ല. സിനിമയുടെ ടൈറ്റിലിൽ ഷോർട്ട് ഫോം ആയ കെ കെ എന്ന പേരിൽ ആണ് അയാളെ പിന്തുടരുന്ന പോലീസ് അയാളെ സൂചിപ്പിക്കുന്നത് . ഒരു വനിതാ ഉദ്യോഗസ്‌ഥ പറയുന്ന മൂന്നോ നാലോ വാചകങ്ങൾ മാത്രമേ അയാളെ കുറിച്ചു നമ്മൾക്കും അറിയൂ. കെ കെ എന്നത് കാർത്തികേയൻ എന്നോ കുമരൻ എന്നോ കെന്നഡി എന്നോ സൂചിപ്പിക്കുന്ന അക്ഷരങ്ങൾ ആവാം എന്നും അവർ പറയുന്നു. ഹീറോയിസം പൊലിപ്പിക്കാനായി ബാക്ക് സ്റ്റോറികൾ ഫിറ്റ് ചെയ്തിട്ടില്ല സഹ കഥാപാത്രങ്ങളെ കൊണ്ട് തള്ളി മറിപ്പിക്കുന്നുമില്ല.

ഇന്ത്യൻ കോമർഴ്സ്യൽ സിനിമകളുടെ ഹീറോയിസത്തിന്റെ ഒരു നടപ്പുശൈലി ഇപ്പറഞ്ഞ തള്ളിമറിക്കലുകളിൽ അധിഷ്ഠിതമായത് കൊണ്ടാവാം പല ഭാഷകളിൽ വായിച്ച റിവ്യുകളിൽ കെ കെ എന്ന ക്യാരക്ടറിന് ഡീറ്റൈലിങ് പോര സിനിമ കണ്ടുതീർന്നിട്ടും ക്യാരക്റ്റർ എന്താന്ന് മനസിലായില്ല എന്നൊക്കെയുള്ള വിലാപങ്ങൾ കണ്ടു. സത്യം പറഞ്ഞാൽ അതൊക്കെ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്‌സ്. അപ്പാവികൾക്കായുള്ള സ്പൂണ് ഫീഡിംഗിന് മെനക്കേടാതെ തന്റെ സിനിമയെ സ്ക്രീനിലേ ചടുലത കൊണ്ട് ഒരൊന്നൊന്നര എക്സ്പീരിയൻസ് ആക്കി മാറ്റിയിരിക്കുന്നു രാജേഷ് സെൽവ .

രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒരു ഓട്ടം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഷൂട്ടൗട്ടിൽ പരിക്കേറ്റ് ഹോസ്പിറ്റലിൽ ആവുന്ന കെ കെ യിലൂടെ ആണ് തുടങ്ങുന്നത്. മലേഷ്യൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പിറകെ ഉണ്ട്. ഹോസ്പിറ്റലിലെ നൈറ്റ് ഷിഫ്റ്റ് ജൂനിയർ ഡോക്ടർ വാസുവിനെയും ഭാര്യയായ പൂർണഗർഭിണി ആതിരയെയും പിന്നെ കാണിക്കുന്നു. ആതിരയെ കിഡ്നാപ്പ് ചെയ്ത് വാസുവിനെ കൊണ്ട് കെ കെ യെ പുറത്തെത്തിക്കുന്നതാണ് പിന്നീട് കാണുന്നത്. പുറത്തെത്തി ഓട്ടം തുടരും. കെകെയ്ക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്, വാസുവിന് ആതിരയെ വേണം, പൊലീസിന് ഇരുവരെയും വേണം, പൊലീസിലാണെങ്കിൽ പരസ്പരം തൊഴുത്തിൽ കുത്തുന്ന രണ്ട് ഗ്യാംഗുകൾ ഉണ്ട് താനും. ഇങ്ങനെയാണ് സംഭവങ്ങളുടെ കിടപ്പ് വശം..

ചില സിനിമകൾ വിശദീകരിച്ചു വശം കെടാനുള്ളതല്ല, ഉള്ളിലേക്ക് ചുഴിഞ്ഞിറങ്ങാനുള്ളതുമല്ല കണ്ടിരുന്നു ആസ്വദിക്കാനുള്ളതാണ്. കടാരം കൊണ്ടാൻ അത്തരത്തിൽ പെട്ട ഒന്നാണ്. സിംപ്ലി ട്രീറ്റ്മെന്റ് ബേസ്ഡ് വൺ.. കാടും പടലും തല്ലാതെ സിനിമയ്ക്കൊപ്പം നീങ്ങുന്ന സംവിധായകൻ തന്റെ ഉദ്യമത്തിൽ പൂർണമായും വിജയിക്കുന്നു. കിണ്ണം കാച്ചിയ പെർഫോമന്സിലൂടെ ചിയാൻ വിക്രം സിനിമയുടെ നെടും തൂണായി നിലകൊള്ളുന്നു.

ജിബ്രാന്റെ ബി ജി എം ആണ് സിനിമയ്ക്ക് വേറെ ഡയമൻഷൻ നൽകുന്നതിൽ കടയ്ക്ക് കട്ടയാവുന്ന മറ്റൊരു സ്റ്റൈലിഷ് ഉരുപ്പടി. നോ വേർഡ്‌സ്.. നാസറിന്റെ ഇളയമകൻ അഭി ഹാസന്റെ അരങ്ങേറ്റം ഡോക്ടർ വാസു എന്ന മുഴുനീള വേഷത്തിലൂടെ സംഭവിക്കുന്നു. വിക്രമിന്റെ നിഴലിൽ ആണെങ്കിലും ചെക്കൻ മോശമാക്കിയിട്ടില്ല. ഉടനീളം ഗർഭിണി ആണെങ്കിലും അക്ഷരഹാസനെ തന്നെ നായികയായി കിട്ടിയത് ഓന്റെ ഭാഗ്യം. മലേഷ്യൻ പോലീസ് ഓഫീസറായി നമ്മടെ ലെനയും കിട്ടിയ റോളിൽ മെരട്ടുന്നുണ്ട്. കാസ്റ്റിങ്ങ് എല്ലാം പൊതുവെ മികച്ചതായി തോന്നി

നന്നായി ക്രോപ്പ് ചെയ്ത ഒരു സ്റ്റൈലൻ മിസ്റ്റീരിയസ് ത്രില്ലർ കണ്ടതിന്റെ ആഹ്ലാദം തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ.

English summary
Kadaram Kondan movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more