For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൊവിനോയുടെ മാസ് അവതാർ! കട്ടക്കലിപ്പാണ് കൽക്കി, പക്ഷെ... ശൈലന്റെ റിവ്യു

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
3.0/5
Star Cast: Tovino Thomas, Samyuktha Menon, Shivajith Padmanabhan
Director: Praveen Prabharam

ഷൂട്ടിംഗ് തുടങ്ങിയ അന്ന് മുതൽ തുടങ്ങിയ പബ്ലിസിറ്റിയിലൂടേയും ടീസറുകളിലൂടെയും ട്രെയിലറുകളിലൂടെയും റിലീസിന് മുൻപേ തന്നെ ഉണ്ടാക്കിയ വൻ ഹൈപ്പുമായിട്ടാണ് കൽക്കി ഇന്ന് തിയേറ്ററുകളിൽ എത്തിയത്.

കൊമേഴ്‌സ്യൽ പോലീസ് സിനിമകളിൽ ലോജിക്കും യാഥാർഥ്യവും തിരയുന്നത് വിഢിത്തമാണെന്ന കാര്യം സിനിമയുണ്ടായ കാലം മുതൽ നമ്മൾക്കറിയാം. കൽക്കിയുടെ ടീസർ-ട്രെയിലറുകൾ സമ്മാനിച്ച മുൻ വിധികളും മറിച്ചൊന്നല്ല. ഇക്കാരണത്താൽ പ്രതീക്ഷയുടേതായ യാതൊരുവിധ മുൻവിധികളുമായിട്ടായിരുന്നില്ല കൽക്കിയ്ക്ക് ടിക്കറ്റ് എടുത്തത്. നിരാശപ്പെടാതിരിക്കാൻ ഉള്ള പ്രാഥമിക മുന്നൊരുക്കമെന്നും അതിനെ പറയാം.

ദിലീപ് സുബ്ബരായൻ, സുപ്രീം സുന്ദർ, മാഫിയാ ശശി, അൻബറിവ് എന്നിങ്ങനെ നാല് ആക്ഷൻ കൊറിയോഗ്രാഫർമാർ ചേർന്നാണ് ടോവിനോ തോമസിന്റെ പുതിയ സിനിമയായ കൽക്കിയിലെ സംഘട്ടനരംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പോലീസ് ആക്ഷൻ ത്രില്ലർ എന്ന ഴോണർ പരിപൂര്ണതയിൽ കൊണ്ടുവരാൻ പ്രവീൺ പ്രഭാറാം എന്ന സംവിധായകൻ രണ്ടും കൽപിച്ച് തന്നെ ഇറങ്ങിയെന്ന് സാരം. ഒപ്പം തന്റെ ആദ്യത്തെ സമ്പൂർണ ആക്ഷൻ സിനിമ ഗംഭീരമാക്കാൻ നായകനെന്ന നിലയിൽ ടൊവിനോയുടെ ഭാഗത്ത് നിന്നുള്ള മാക്സിമം ഡെഡിക്കേഷൻ കൂടിയാവുമ്പോൾ കൽക്കി കട്ടക്കലിപ്പും മാസുമായി മാറുന്നു.

തമിഴ്നാട് അതിർത്തിയിൽപ്പെട്ട കേരളഗ്രാമമെന്ന വിശേഷണത്തിൽ അവതരിപ്പിക്കപ്പെടുന്ന നഞ്ചൻകോട്ടയാണ് കൽക്കിയുടെ പശ്ചാത്തലം. പക്ഷെ കേരളത്തിനോടും തമിഴ്നാടിനോടുമല്ല, തെലുങ്ക് ഹിന്ദി കൊമേഴ്‌സ്യൽ മൂവികളിൽ കാണപ്പെടുന്ന ഗുണ്ടാവാഴ്ചയും അരാജകത്വവും നിലനിൽക്കുന്ന ആന്ധ്ര/ബീഹാർ ഗ്രാമങ്ങളോടുമാണ് നഞ്ചൻകോട്ടയ്ക്ക് സാമ്യം.

ഡി വൈ പി , എ ഐ സി പി എന്നിങ്ങനെ പേരുള്ള രണ്ട് പ്രസ്ഥാനങ്ങളാണ് രാഷ്ട്രീയത്തിന്റെ കുത്തക. ദ്രാവിഡ യോജന പാർട്ടി, ഓൾ ഇൻഡ്യാ സിവിലിയൻ പാർട്ടി എന്നിങ്ങനെയാണു അവയുടെ മുഴുനാമവും. ഇപ്പോൾ കേരളത്തിൽ നിലവിൽ വന്നിട്ടില്ലാത്ത കെ എൽ 99 എന്ന രജിസ്‌ട്രേഷനാണ് നഞ്ചൻകോട്ടയിലെ വാഹനങ്ങൾക്ക്.

എ ഐ സി പിയുടെ നേതാവായ അഡ്വക്കേറ്റ് ലക്ഷ്മണ ഒരു പൊതുയോഗത്തിനിടെ കുത്തേറ്റ് മരിക്കുന്നതോടു കൂടിയാണ് സിനിമ തുടങ്ങുന്നത്. കൊലപാതകം സ്വാഭാവികമായും ഡി വൈ പി നേതാക്കളായ അമർനാഥും അപ്പുവും അവരുടെ എംപിയായ അമ്മാവനുമൊക്കെ ചേർന്ന് പ്ലാൻ ചെയ്തതാണ്. നഞ്ചൻകോട്ടയിലെ വയലന്സിന്റെ ഹോൾസെയിൽ ഡീലര്മാരും അവരുതന്നെ.

നാട്ടിലെ ക്രമസമാധാനത്തിന്റെ ദയനീയസ്ഥിതി കണ്ട് സ്വന്തം മകൾ കൂടി പുച്ഛിക്കുന്നതോടെ നഞ്ചൻകോട്ടയിലെ സബ് ഇൻസ്‌പെക്ടർ വൈശാഖൻ, പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിക്കുന്നതോടെ കൽക്കി അവതാരത്തിന്റെ മാസ് ഇൻട്രോ സംഭവിക്കുന്നു.

പുതിയതായി ചാർജെടുക്കുന്ന ഇൻസ്പെക്ടറുടെ യൂണിഫോമിലെ നെയിം ബോർഡിൽവരെ 'കെ' എന്ന് മാത്രമേ പേര് എഴുതിയിട്ടുള്ളൂ. ആ 'കെ'യുടെ മുഴുരൂപം എന്താണെന്ന് സിനിമയിൽ എവിടെയും സൂചനയില്ല.

സിനിമയ്ക്ക് കൽക്കി എന്ന് സംവിധായകൻ പേരിട്ടതുകൊണ്ടും പോലീസുകാരനെ കാണിക്കുമ്പോഴൊക്കെ ജേക് ബിജോയിസിന്റെ വക കൽക്കിനാമം ഉരുവിട്ടുകൊണ്ടുള്ള യമണ്ഡകൻ ബിജിഎമുള്ളതുകൊണ്ടും 'കെ' എന്നാൽ കലികാലത്തിലെ വൈഷ്ണവാവതാരമായ കൽക്കി തന്നെയെന്ന് പ്രേക്ഷകന് സങ്കല്പിച്ച് നിർവൃതിപ്പെടാം. ഏതായാലും പുള്ളിക്കാരൻ വില്ലന്മാരെക്കാളും ടെററാണ്.

തുടർന്നങ്ങോട്ട് നഞ്ചൻ കോട്ടയിൽ നടക്കുന്നത് തുടക്കത്തിൽ പറഞ്ഞ തെലുങ്ക്/ഹിന്ദി പടങ്ങളിൽ ധാരാളമായി കണ്ടിട്ടുള്ള പോലീസ് വിളയാട്ടമാണ്. അങ്ങനെ ഗുണ്ടാരാജ് പതിയെ പോലീസ് രാജായി മാറുന്നു. പൊളിറ്റിക്കൽ കറക്റ്റ്നെസ് ഒക്കെ പോക്കറ്റിലിട്ടു വന്നവർ തിയേറ്ററിൽ ഇരുന്ന് ശ്വാസം മുട്ടി പരവശപ്പെട്ടു ജാവേദ് പർവേഷ് എന്നോ മറ്റോ പേര് മാറ്റിപ്പോകും. അത്രയ്ക്കുണ്ട് പാവപ്പെട്ട ഗുണ്ടാ സഹോദരങ്ങളോട് പോലീസിന്റെ അതിക്രമം.

തോറ്റിടത്തു നിന്ന് ജയിച്ചു കയറിവരുന്നവനാണ് യഥാര്‍ത്ഥ ഹീറോ! ഫഹദ് ഫാസിലിന് ഇന്ന് 37ാം പിറന്നാള്‍!

നടൻ നിലയുറപ്പിച്ച് താരമായി മാറിക്കഴിഞ്ഞാൽ പിന്നെ ആ താരപദവി അരക്കിട്ടുറപ്പിക്കാൻ ആവശ്യമായതിൽ നിർണായകമായ രണ്ട് സംഗതികളാണ് 'ബിഗ്ഗർ ദാൻ ലൈഫ്' നായകവേഷങ്ങളും പോലീസ് സ്റ്റോറികളിലൂടെയുള്ള ആക്ഷൻ പരിവേഷവും. ഒരു വെടിക്ക് രണ്ട് പക്ഷികളെയാണ് കൽക്കി ലക്ഷ്യം വെക്കുന്നത്. കുറ്റമൊട്ടും പറയാനില്ലാത്ത വിധമുള്ള ഹീറോയിക് ബോഡി ലാംഗ്വേജിലൂടെയും ചടുലാത്മക സംഘർഷക ചലനങ്ങളിലൂടെയും രണ്ടു പക്ഷികളെയും ടിയാൻ നിഷ്പ്രയാസം വീഴ്ത്തുകയും ചെയ്യുന്നു.

നേരത്തെ പറഞ്ഞത‌ുപോലെ നന്നായി അധ്വാനിച്ചിട്ടുണ്ട് ടൊവിനോ. നാല് ആക്ഷൻ കൊറിയോഗ്രാഫർമാരും ഒപ്പം ഛായാഗ്രഹകൻ ഗൗതം ശങ്കറും നന്നായി മിനക്കെട്ടിട്ടുണ്ട് സിനിമയിൽ! പലപ്പോഴും ക്യാമറയും നന്നായി ഫൈറ്റ് ചെയ്യുന്നത് കാണുന്നുണ്ട്.

ഷൂട്ടിങ്ങിന് ശേഷം മുരളി തന്നെ കാണാനെത്തി! കരയുകയായിരുന്നു, അനുഭവം പങ്കുവെച്ച് മോഹൻലാൽ

നായകകഥാപാത്രമെന്നത് പോലെ വില്ലന്മാരെയോ മറ്റ് സഹജീവികളെയോ ഒന്നും കാര്യമായി ഡെവലപ്പ്‌ ചെയ്യാനുള്ള ശ്രമം സിനിമയിലില്ല. അമർനാഥും അപ്പുവും സംഗീതയുമെല്ലാം ഇക്കാര്യത്തിൽ വെയിറ്റ്ലെസാണ്. പരമ്പരാഗത നായികമാരുടെ കളത്തിൽ കൊള്ളിക്കാനാവാത്ത ഡോക്ടർ സംഗീതയെ ഒക്കെ നന്നായി വികസിപ്പിച്ചെടുത്തിരുന്നെങ്കിൽ രസികൻ ക്യാരക്റ്റർ ആയേനെ. പാവം സംയുക്ത മേനോൻ. ഇർഷാദിന്റെയും (വൈശാഖൻ) സുധീഷിന്റെയും (അബ്ദുല്ല) ജെയിംസിന്റെയും (കുട്ടൻ പിള്ള) പേരറിയാത്ത പട്ടരുപയ്യൻ ഗോവിന്ദന്റെയും ഒക്കെ റോളുകൾ തമ്മിൽ ഭേദമാണ്.

ഇപ്പോഴാണ് കോളം തികഞ്ഞത്: കുമ്പളങ്ങി ഗ്രൂപ്പ് ഫോട്ടോയില്‍ പുതിയൊരാള്‍ കൂടി! വൈറലായി ചിത്രം

സെക്കൻഡ് ഷോ, കൂതറ, തീവണ്ടി തുടങ്ങിയ സിനിമകളുടെ ചീഫ് അസോസിയേറ്റ് ആയിരുന്നു സംവിധായകൻ പ്രവീണ് എന്നാണറിവ്. മൂന്നുസിനിമകളുടെയും സ്‌കൂളിൽപ്പെട്ടതല്ല കൽക്കി. പ്രവീണും സുജിൻ സുജാതനും ചേർന്നെഴുതിയ സ്ക്രിപ്റ്റിന് പുതുമ തെല്ലുമില്ല. നാല് സ്റ്റണ്ട് ഡയറക്ടർമാരെ കണ്ടെത്തി തയാറാക്കിയ ആക്ഷൻ സീനുകളുടെ മികവ് തിരക്കഥയിൽ കൂടി കൊണ്ടുവരാൻ സംവിധായകന്റെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടായില്ല. ഇത്തരം സിനിമകൾക്ക് ക്ളീഷേ എന്നത് ചരിത്രാതീതകാലം മുതലുള്ള ഒരു അലങ്കാരമായി കണ്ട് സഹിച്ചാൽ പ്രശ്നമില്ല.

ദുർബലമായ തിരക്കഥയുള്ള ഒരു പരമ്പരാഗത പോലീസ്/ആക്ഷൻ ത്രില്ലർ എന്ന് അടിവര.

Read more about: kalki review റിവ്യൂ
English summary
Kalki Movie Review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more