For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: review റിവ്യൂ

  കർണൻ: അടിച്ചമർത്തപ്പെട്ടവന്റെ പൊട്ടിത്തെറി, രക്തം കൊണ്ടെഴുതിയ തിരിച്ചടി — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.5/5
  Star Cast: Dhanush, Lal, Rajisha Vijayan
  Director: Mari Selvaraj

  മാരി സെൽവരാജിന്റെ "പരിയേറും പെരുമാൾ" കാണുന്നത് ഇൻഡ്യൻ പനോരമ സ്ക്രീനിംഗിൽ വച്ചാണ്. ജാതി രാഷ്ട്രീയത്തെ സൂക്ഷ്മമായും വിശദമായും പ്രശ്നവൽക്കരിക്കുന്നു എന്നതിന്റെ പേരിൽ രാജ്യമൊട്ടുക്കും ശ്രദ്ധ നേടിയ സിനിമ ആയിരുന്നു പരിയേറും പെരുമാൾ. സിനിമ കഴിഞ്ഞിറങ്ങി തിയേറ്ററിന്റെ പുറത്ത് വച്ച് അന്ന് മാരിയുമായി സംസാരിച്ചത് ഓർക്കുന്നു. സ്വഭാവത്തിൽ സൗമ്യനായ, പച്ചപ്പാവത്താനായ ഈ മനുഷ്യൻ ആണോ പ്രേക്ഷകനിലേക്ക് ഈ തീക്കൂന കോരിയെറിഞ്ഞത് എന്ന് ആദ്‌ഭുതപ്പെട്ടു പോവും.

  മൂന്നുവർഷത്തിന് ശേഷം കർണനുമായി തന്റെ രണ്ടാംവരവ് നടത്തുമ്പോൾ ബോക്സ്ഓഫീസിൽ മാരി സെൽവരാജ് എന്ന സംവിധായകന്റെ റെയിഞ്ച് മാറിയിരിക്കുന്നു. ധനുഷിനെ പോലൊരു സൂപ്പർതാരം കൂടെയുണ്ട്. കലൈപുലി എസ് താണുവിനെ പോലെ ഒരു വമ്പൻ പ്രൊഡ്യൂസറുടെ പിന്തുണയുണ്ട്.. വിശാലമായ ക്യാൻവാസും വിലപിടിപ്പുള്ള സാങ്കേതിക വിദഗ്ധരും ഉണ്ട്. പക്ഷെ മാരി വീണ്ടും ക്യാമറ തിരിച്ചുവെക്കുന്നത് സമൂഹത്തിലെ ഒരിക്കലും തീരാത്ത ഉച്ച നീചത്വങ്ങളുടെ ക്രൗര്യമാർന്ന യാഥാർഥ്യങ്ങളിലേക്ക് തന്നെയാണ്.

  1997 ആണ് സിനിമ നടക്കുന്ന കാലഘട്ടം എന്ന് പശ്ചാത്തലത്തിലെ ബസ്റ്റോപ്പുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പതിച്ച പ്രോഗ്രാം നോട്ടീസുകളിൽ നിന്നും അരുണാചലം സിനിമയുടെ പോസ്റ്ററിൽ നിന്നും ഒക്കെ മനസിലാക്കാം.. പൊടിയൻകുളം എന്നാണ് സിനിമ നടക്കുന്ന ഗ്രാമത്തിന്റെ പേര്. തിരുനെൽവേലി , തൂത്തുക്കുടി ജില്ലകളുടെ അതിർത്തിയിൽ ഉള്ള ഒരു കാട്ടുഗ്രാമം ആണ് അത്. തിരുനെൽവേലിയ്ക്കും തിരുച്ചെന്തൂരിലേക്കും സർവീസ് നടത്തുന്ന ബസുകൾ അവർ നടന്നെത്തുന്ന ഹൈവേയിലൂടെ പാസ് ചെയ്യുന്നത് കാണിക്കുന്നുണ്ട്..

  പൊടിയങ്കുളം ഒരു സാങ്കൽപിക ഗ്രാമം ആണ്. എന്നാൽ അതിനോട് സാമ്യമുള്ള കൊടിയങ്കുളം ഗ്രാമം യഥാർത്ഥത്തിൽ ഈ മേഖലയിൽ ഉള്ളതും കുപ്രസിദ്ധമായൊരു ചരിത്രം പേറുന്ന ഇടവുമാണ്. 1995 ൽ ഇവിടെ ഒരു വർഗീയ(ജാതീയ) കലാപത്തിൽ കുറച്ചധികം പേർ മരിച്ചിട്ടുണ്ട്. സിനിമയിലെ ഗ്രാമത്തിന്റെ പേര് യാദൃശ്ചികമല്ല എന്നർത്ഥം. എന്നാൽ കൊടിയങ്കുളം ജാതിക്കലാപം മാത്രമല്ല സിനിമയ്ക്ക് അവലംബമാക്കിയിരിക്കുന്നത്. മധുരൈയിലെ മേലവളവ് ഗ്രാമത്തിൽ 1999ൽ നടന്ന കൂട്ടക്കൊല പോലെ പല യഥാർത്ഥ സംഭവങ്ങളുടെ ഒരു കൊളാഷ് ആണ് കർണനിൽ കാണാനാവുന്നത്.

  സിനിമ തുടങ്ങുമ്പോൾ ഒരു ഹൈവേയുടെ സൈഡിൽ ഒരു യുവതി അപസ്മാരബാധ വന്ന് റോഡിൽ വീണ് പിടഞ്ഞു പിടഞ്ഞു മരിക്കുന്നത് ആണ് കാണിക്കുന്നത്. റോഡിലൂടെ തലങ്ങും വിലങ്ങും പോകുന്ന പലതരം വാഹനങ്ങൾ ഒന്നും തന്നെ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവരെ കടന്നുപോവുന്നു. ക്യാമറ മുകളിലേക്ക് ഉയർന്നുയർന്നു പോയി ഉപഗ്രഹസ്ഥാനത്ത് നിന്ന് പൊടിയങ്കുളം ഗ്രാമത്തിന്റെ ലൊക്കേഷനും ഭൂപ്രകൃതിയിലും കാണിച്ചുതരുന്നു.

  ഈ പറഞ്ഞ, വാഹനപ്രശ്നം തന്നെയാണ് സിനിമയിലെ എല്ലാവിധ പ്രശ്‌നങ്ങൾക്കും തുടക്കവും പ്രധാനവുമായ കാരണം. പൊടിയങ്കുളത്ത് നടന്നാൽ എത്തിച്ചേരുന്ന ബസ്സോടുന്ന റോഡിൽ അവർക്ക് സ്റ്റോപ്പ് ഇല്ല. പിന്നെയും നടന്നാൽ ചെന്നെത്തുന്ന മേലൂരിൽ മാത്രമേ ബസ് നിർത്തുകയുള്ളൂ. അവിടെ താമസിക്കുന്നവർ വേറൊരു ക്ലാസിൽ പെട്ടവരും ഇച്ചിരി കൂടി പരിഷ്കൃതരും ആണ്. പാർശ്വവത്കൃത ദളിത് സമൂഹമായ പൊടിയങ്കുളത്തുകാരോട് പുച്ഛവും ഏറക്കുറെ അയിത്തം പോലൊരു വികാരവുമാണ്.

  പ്രശ്നം കാലം കൊണ്ട് രൂക്ഷമാവുന്നു. പൊടിയങ്കുളത്ത്കാരുടെ ക്ഷമ നശിക്കുന്നു. വയലൻസ് ആവുന്നു. പോലീസ് വരുന്നു. ഗ്രാമീണരുടെ റോ ആയ പെരുമാറ്റം ഒരു പോലീസ് ഇൻസ്‌പെക്ടർക്ക് അഭിമാനക്ഷതം ആവുന്നു. അവരുടെ കർണൻ, ദുര്യോധനൻ, അഭിമന്യു, യമരാജൻ, ദ്രൗപദി എന്നിങ്ങനെയുള്ള പേരുകൾ പോലും പോലീസുകാരന് പ്രകോപനമാവുന്നു. അയാളുടെ അസഹിഷ്ണുതയോടെയുള്ള പ്രവൃത്തികൾ സ്ഥിതി വഷളാക്കുന്നു. കാര്യങ്ങൾ നിയന്ത്രണം വിട്ടുപോവുന്നു. നരവേട്ട നടക്കുന്നു.

  ഒരു സിനിമ എന്ന നിലയിൽ , പ്രതീക്ഷിതമായ വഴികളിലൂടെ മാത്രമേ കർണൻ സഞ്ചരിക്കുന്നുള്ളൂ. പക്ഷെ ചരിത്രത്തിലെ, ചോരചിന്തിയ ചില കറുത്ത ഓർമ്മകളുടെ അടയാളപ്പെടുത്തൽ എന്നുള്ള നിലയിൽ അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രസക്തി ചെറുതല്ല. അതുകൊണ്ട്, കർണ്ണനെ ഒരു മഹത്തരം എന്ന് വിശേഷിപ്പിക്കപ്പെടാതെ പോവുന്നത് നീതിയാവില്ല.

  ധനുഷ്, ലാൽ, യോഗിബാബു എന്നിവരിൽ തുടങ്ങി ഒരു കൂട്ടം അതിഗംഭീരൻ മനുഷ്യരുടെ അതിഗംഭീരമായ പെർഫോമൻസ് കർണ്ണന്റെ ഹൈലൈറ്റ് ആണ്. മനുഷ്യർ മാത്രമല്ല, പട്ടി, കഴുത, കുതിര, പശു, കോഴി, പരുന്ത് തുടങ്ങി എല്ലാവിധ ജീവജാലങ്ങളും ചരാചരങ്ങളും അടങ്ങിയ ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥ തന്നെയാണ് പൊടിയംകുളം ഊര്.. അവരെല്ലാം തന്നെ തീർത്തും ജൈവികമായി സിനിമയിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. എന്നാൽ രജീഷ വിജയന്റെ തമിഴിലേക്കുള്ള എൻട്രി അവിസ്മരണീയമാക്കാൻ അസുരന് സാധിച്ചിട്ടില്ല. പ്രത്യേകിച്ച് വ്യക്തിത്വമൊന്നുമില്ലാത്ത പേരിന് വെറുമൊരു കാമുകി.. അത്രയേ ഉള്ളൂ രജിഷയുടെ സാന്നിദ്ധ്യം.

  തേനി ഈശ്വറിന്റെ ക്യാമറ ഇവയെല്ലാം അടങ്ങുന്ന വിശാലമായ ക്യാൻവാസിനെ അതീവചാരുതയോടെയും മുഴക്കത്തോടെയും സൂക്ഷ്മതയിൽ പകർത്തിവെക്കുന്നു. സന്തോഷ് നാരായണന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഇവയ്ക്കെല്ലാം അധികജീവനും തേജസും നൽകുംവിധം കുട വിരിച്ച് നിൽക്കുന്നു. കർണ്ണന്റെ ടെക്നിക്കൽ, വിഷ്വൽ ബ്രില്യൻസുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  Parvathy Candid Moments | FilmiBeat Malayalam

  മാരി, നിങ്ങളൊരു അസാധ്യ സംവിധായകൻ ആണ്. രാഷ്ട്രീയം കൊണ്ടു മാത്രമല്ല ടെക്നിക്കൽ പെർഫെക്ഷൻ കൊണ്ടു കൂടി. വരാനുള്ള സിനിമകൾക്ക് കൂടി ചേർത്ത് ഒരു ടൈറ്റ് ഹഗ്ഗ്.

  English summary
  Karnan Tamil Movie review: Mari Selvaraj, Dhanush Combo Is Mind Blowing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X