twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂടെക്കൂടുന്ന പൃഥ്വിയും നസ്രിയയും.. 'കൂടെ' ഗംഭീരം, ശൈലന്റെ റിവ്യു!

    |

    Recommended Video

    കൂടെ സിനിമയുടെ യഥാർത്ഥ റിവ്യൂ | filmibeat Malayalam

    Rating:
    4.0/5
    Star Cast: Prithviraj Sukumaran, Nazriya Nazim, Parvathy
    Director: Anjali Menon

    ബാംഗ്ലൂര്‍ ഡേയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് കൂടെ. പൃഥ്വിരാജ്, പാര്‍വ്വതി കൂട്ടുകെട്ടിലെത്തിയ സിനിമയില്‍ നസ്രിയ നസീമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജിത്ത്, മാല പാര്‍വ്വതി, സിദ്ധാര്‍ത്ഥ് മേനോന്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയ ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

    അഞ്ജലി മേനോൻ

    മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ സിനിമകളിലൂടെയും ഉസ്താദ് ഹോട്ടലിന്റെ സ്ക്രിപ്റ്റിലൂടെയും മലയാളികൾ നെഞ്ചേറ്റിയ ഒരു അഞ്ജലി മേനോൻ ഉണ്ട്. ആ ഒരു ഇമേജും വച്ച് , നാലുവർഷത്തിന്റെ ഇടവേളക്ക് ശേഷം അവർ സംവിധാനം ചെയ്തിരിക്കുന്ന 'കൂടെ' കാണാൻ പോയാൽ പാളും. ഞെട്ടിക്കുകയാണ് അവർ ആദ്യ ഷോട്ട് മുതൽ. തുടർന്നങ്ങോട്ട് രണ്ടരമണിക്കൂർ നേരം മലയാളസിനിമ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ സിനിമാനുഭവങ്ങളിൽ ഒന്നിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്..

    ജോഷ്വ

    വിദേശരാജ്യങ്ങളിൽ ഏതോ ഒന്നിൽ യൂണിഫോമും മാസ്കും ബൂട്ട്സുമൊക്കെയിട്ട് ഡ്രെയിനേജ് വൃത്തിയാക്കുന്ന ജോഷ്വ എന്നൊരു പരുക്കൻ മനുഷ്യന് ജോലിക്കിടയിൽ ഒരു കോൾ വരുന്നതോടെ ആണ്. സിനിമ തുടങ്ങുന്നത്. നിസ്സംഗ മുഖമുള്ള അയാൾ കേറിച്ചെന്ന് ലാൻഡ് ഫോൺ എടുക്കുമ്പോൾ, അതിന്റെ മുന്നിൽ ഇരിക്കുന്ന സൂപർവൈസർ ഹിന്ദിയിൽ മുരളുന്നു, ജോലിക്കിടയിൽ ഫോൺ അത്ര അഭിലഷണീയമല്ല എന്ന്. ഫോണിൽ ജോഷ്വ കേൾക്കുന്ന വാർത്ത അത്ര സുഖകരമല്ല എന്ന് അയാളുടെ മുഖഭാവങ്ങളിൽ നിന്നും നമ്മൾക്ക് മനസിലാവും. എന്നിട്ടും അയാൾ പോയി ഡ്രൈനേജ് ക്ലീനിംഗ് തുടരും. അഞ്ജലി മേനോന്റെ അവസാനമെത്തിയ ബാംഗ്ലൂർ ഡേയിസും ഉസ്താദ് ഹോട്ടലും പോലുള്ള ഒരു ഐറ്റമല്ല നമ്മൾ കാണാൻ പോവുന്നതെന്ന് കൂടെ എന്ന സിനിമ തുടങ്ങി ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ സംവിധായിക സുവ്യക്തമാക്കി തരുകയാണ്.

    ജീവിതം

    നാട്ടിലെ മലഞ്ചെരിവിലുള്ള തമിഴ് ഫ്ലേവറുള്ള ഗ്രാമത്തിൽ ജോഷ്വ എത്തിച്ചേരുമ്പോൾ നമ്മൾ കാണുന്നത് അയാളുടെ വേണ്ടപ്പെട്ടവരുടെ ആരുടെയോ ശവസംസ്കാരത്തിന്റെ അവസാനഘട്ടമാണ്. അതും അയാളെ കാര്യമായി ബാധിക്കുന്നൊന്നുമില്ല. ജീവിതം അയാളെ അങ്ങനെയാണ് ആക്കിത്തീർത്തിരിക്കുന്നത്. കുടുംബത്തിന് വേണ്ടി പത്താം ക്ലാസിൽ തോറ്റപാടെ ഗൾഫിൽ പോയി കൂലിപ്പണി ചെയ്യുന്ന ആളാണയാൾ. ഇരുപത് കൊല്ലത്തിനിടയിൽ അപൂർവമായി മാത്രം നാട്ടിലെത്തിയ അയാൾക്ക് വീട്ടുകാരും നാട്ടുകാരുമായും കാര്യമായ ബന്ധമൊന്നുമില്ല

    ജെന്നി

    മരിച്ചത് അനിയത്തി ജെന്നിയായിരുന്നു എന്ന് പിന്നീടാണ് മനസിലാവുന്നത്. അവൾക്ക് അയാളെക്കാൾ പതിനഞ്ച് വയസ് കുറവാണ്. ജനിച്ചപ്പോൾ തന്നെ മരണം പ്രവചിക്കപ്പെട്ട അവളുമായി ജോഷ്വയ്ക്ക് കാര്യമായ ഒരു അടുപ്പവുമില്ലായിരുന്നു. നാലുദിവസത്തെ അവധിയിൽ മരണമറിഞ്ഞ് വരുന്ന അയാളുടെ ജീവിതത്തിൽ പിന്നീട് നടക്കുന്ന ചില സംഭവങ്ങളാണ് വിസ്മയിപ്പിക്കും വിധം അഞ്ജലി മേനോൻ പകർത്തിവച്ചിരിക്കുന്നത്.

    എന്റർടൈനർ

    മുക്കാൽ മണിക്കൂറോളം അയഞ്ഞ ടോണിൽ പോയ പടം പിന്നീട് ക്ലാസ് വിടാതെ തന്നെ എന്റർടൈനർ മൂഡിലേക്ക് വരുന്നു. സഹോദര ബന്ധം ക്ലീഷേമുക്തമായി ഇത്രത്തോളം ആഴത്തിൽ ഉള്ളിലെത്തിക്കുന്ന സിനിമകൾ മലയാളത്തിൽ അപൂർവമായിട്ടുമാത്രമേ സംഭവിച്ചിട്ടുള്ളൂ എന്ന് ഉറപ്പിച്ചുതന്നെ പറയാം. ജോഷ്വയും ജെന്നിയും കൂടി മനസും കണ്ണും നിറച്ചുകളയുകയാണ് തുടർന്നങ്ങോട്ട്. ബിയോണ്ട് വേഡ്സ്..

    താരപദവി

    വിരലിലെണ്ണാവുന്ന സിനിമകൾ കൊണ്ട് താരപദവിയിലും എഫ്ബി ലൈക്കുകളും കൊണ്ട് സൂപ്പർതാരങ്ങളെ കടത്തിവെട്ടിയ നസ്രിയ നാലുവർഷം മുൻപ്‌ നിർത്തിയിടത്ത് നിന്ന് പ്വൊളിക്കൽ തുടരുകയാണ്. നസ്രിയയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്നതും നസ്രിയ ആയതുകൊണ്ട് മാത്രം കൂടുതൽ ഡീറ്റെയിലിംഗ് ആവശ്യമില്ലാതെ തന്നെ ഉള്ളിലേക്ക് ഇറങ്ങിപോവുന്നതുമായ ഒരു ക്യാരക്റ്റർ ആണ് ജെന്നി. വർഗ്ഗം, വാസ്തവം, മുംബൈ പോലീസ് , മെമ്മറീസ്, അയാളും ഞാനും തമ്മിൽ, ഇവിടെ തുടങ്ങിയ ഒരുപാട് സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും പിന്നീട് പുതുമുഖസംവിധായകരെ കളിപ്പാവകളായി നിർത്തിയുള്ള സംവിധാനപരീക്ഷണങ്ങളിലൂടെ നാടകീയതയിലേക്ക് വീണുപോവുകയും ചെയ്ത പൃഥ്വിരാജിനെ അഞ്ജലിമേനോൻ ജോഷ്വയിലൂടെ നേർവഴി കാണിച്ച് തിരികെക്കൊണ്ടുവരുന്നു.. നല്ല സംവിധായകരോടൊപ്പം പ്രവർത്തിച്ചപ്പോഴൊക്കെ പൃഥ്വിക്ക് പുറത്തെടുക്കാനായിട്ടുള്ള പ്രകടനമികവിന് കൂടെയും സാക്ഷ്യം വഹിക്കുന്നു.. നസ്രിയയയും പൃഥ്വിയുമല്ലാതെ ഒരു ജെന്നിയെയും ജോഷ്വയെയും പുറത്തിറങ്ങുമ്പോൾ നമ്മൾക്ക് ചിന്തിക്കാൻ പോലുമാവില്ല താനും..

    ജെന്നിയുടെയും ജോഷ്വയുടെയും വേണ്ടപ്പെട്ടവരായി

    പാർവതി, രഞ്ജിത്ത്, മാലപാർവതി, റോഷൻ, പോളിച്ചേച്ചി എന്നിവരൊക്കെ സ്ക്രീനിൽ ജെന്നിയുടെയും ജോഷ്വയുടെയും വേണ്ടപ്പെട്ടവരായി എത്തുന്നു. പക്ഷെ, ലോക്കേഷനുകളും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ലിറ്റിൽ സ്വയംഭൂവുമാണ് കൂടെ'യിൽ എടുത്തുപറയേണ്ട രണ്ട് സൂപ്പർസ്റ്റാറുകൾ. ഫ്രെയിമുകളുടെ മനോഹാരിത അസാധ്യമാണ്‌. എന്നാൽ, എഡിറ്റിംഗിന്റെയും സ്ക്രിപ്റ്റിന്റെയും കാര്യത്തിൽ സംഭവിച്ച ചില അപാകങ്ങൾ പറയാതിരിക്കാനുമാവില്ല. ഇന്റർവെല്ലിന് ശേഷം വരുന്ന ചില സബ്പ്ലോട്ടുകൾ പടത്തിന്റെ മൊത്തത്തിൽ ഉള്ള ക്ലാസിനെയും വൈകാരികതീവ്രതയെയും കുറയ്ക്കുന്നുണ്ട്. ഒരു പത്തുമിനിറ്റ് മുൻപ് തടാകക്കരയിലെ പ്രഭാതത്തിൽ വെച്ച് സിനിമ നിർത്തിയിരുന്നു എങ്കിൽ കൂടെ മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നുതന്നെ ആയി എണ്ണപ്പെടുമായിരുന്നു. സാധാരണ പ്രേക്ഷകന് കമ്യൂണിക്കേറ്റ് ചെയ്യാനായിരിക്കണം‌ തുടർന്ന് കാണിക്കുന്ന സംഭവവികാസങ്ങൾ എന്ന് കരുതുന്നു..

    ഹാപ്പി ജേണി

    മറാട്ടി സിനിമയായ ഹാപ്പി ജേണിയുടെ റീമേക്ക് ആണ് കൂടെ. കഥയുടെ ക്രെഡിറ്റ് ഹാപ്പി ജേണി സംവിധായകൻ സച്ചിൻ കുന്ദൽക്കർക്കാണ് കൊടുത്തിരിക്കുന്നത്. ആ സിനിമ ഞാൻ കണ്ടിട്ടില്ലാത്തതുകൊണ്ട് ഒരു താരതമ്യം ഇവിടെ സാധ്യമല്ല. കണ്ടിരുന്നെങ്കിൽ പോലും രണ്ട് സിനിമകളെ രണ്ടായി തന്നെ കണ്ട് ആസ്വദിക്കുന്ന ഒരു സ്വഭാവക്കാരനാണ് താനും ഞാൻ. അഞ്ജലി മേനോൻ തന്റെ ഗ്രാഫ് മുകളിലേക്ക് ഉയർത്തുക തന്നെയാണ് ചെയ്തിരിക്കുന്നത് എന്ന് അതുകൊണ്ടുതന്നെ നിസ്സംശയം പറയാൻ സാധിക്കും. അത്രമേൽ സുഖദവും മഹത്തായതുമായ ഒരു അനുഭൂതിയാണ് കൂടെ.

    ചുരുക്കം: കുടുംബചിത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടെ തീര്‍ച്ചയായും ഇഷ്ടപ്പെടും. നല്ല കഥയും മികച്ച അവതരണവുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്.

    English summary
    Koode Malayalam Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X