twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൈഫ്‌ ഓഫ്‌ പൈ ഒരു ദൃശ്യ വിരുന്ന്‌

    By വിവേക് കെ ആര്‍
    |

    യാന്‍ മാര്‍ട്ടെലിന്റെ ലൈഫ്‌ ഓഫ്‌ പൈ എന്ന വിഖ്യാത നോവലിന്‌ ആങ്‌ ലീ എന്ന പ്രതിഭാധനനായ സംവിധായകന്‍ ദൃശ്യഭാഷ്യമൊരുക്കിയപ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഒരിയ്‌ക്കല്‍ കൂടി സിനിമ എന്ന അനുഭവത്തെ പ്രണയിയ്‌ക്കുകയായിരുന്നു. സാങ്കേതികവിദ്യയും ക്രിയാത്മകതയും എങ്ങനെ സിനിമയില്‍ സമ്മേളിയ്‌ക്കണമെന്ന്‌ ഈ ചിത്രം പഠിപ്പിയ്‌ക്കുന്നു. ഇത്‌ നിലനില്‍പിന്റെ, ജീവിച്ചിരിയ്‌ക്കുക എന്ന ആവശ്യത്തിനായുള്ള സമരത്തിന്റെ കഥയാണ്‌.

    കുട്ടിക്കാലം മുതല്‍ പല ഭാവങ്ങളില്‍ ഉള്‍ക്കൊള്ളപ്പെടുന്ന ദൈവസങ്കല്‍പം തിരഞ്ഞ പൈ, മുന്നറിയിപ്പുകളൊന്നും കൂടാതെ പ്രകൃതി എന്ന അപാരതയിലേയ്‌ക്ക്‌ വലിച്ചെറിയപ്പെടുകയാണ്‌. അവിടെ ജീവനോടെയിരിയ്‌ക്കുക എന്നത്‌ അവന്റെ ഒരേയൊരു ചോദ്യവും ഉത്തരവുമാകുന്നു. ചുറ്റുമുള്ളതിലൊക്കെ സ്വയം കണ്ടടുത്തു തുടങ്ങുന്നിടത്ത്‌ പൈ പ്രകൃതിയാകുകയാണ്‌. പിന്നെ വന്യതയുടെ പ്രതീകമായ കടുവ പോലും അവനോട്‌ ചേര്‍ന്ന തുല്യനാകുന്നു. ഒരു പക്ഷേ സഹയാത്രികനാകുന്ന കടുവ, പൈ മെരുക്കിയെടുത്ത്‌ തിരിച്ചറിയുന്ന സ്വന്തം പ്രതിബിംബം തന്നെയാകാം. അതിനെ മനസ്സെന്ന്‌ വിളിയ്‌ക്കാം. കടലിന്റെ അത്ഭുതങ്ങളോട്‌ ചേര്‍ന്ന്‌ ഒഴുകി പൈ തിരിച്ചറിയുന്ന തന്റ തന്നെ അപാരത, ദൈവമെന്ന പേരണിഞ്ഞ്‌ മിന്നല്‍ പിണരുകളായി ആകാശത്ത്‌ നിന്നിറങ്ങി വന്ന്‌ ചിരിയ്‌ക്കുന്ന അനുഭവം സിനിമ അസാധ്യമാക്കുന്നു.

    കഥാപാത്രങ്ങള്‍ എല്ലാം അവരവരായും, ഒരേ കഥാവള്ളിയിലെ കെട്ടുകളായും അനുനിമിഷം മുറുകി ബലിഷ്‌ഠമാകുന്ന കാഴ്‌ചയാണ്‌ ലൈഫ്‌ ഓഫ്‌ പൈ പകര്‍ത്തുന്നന്നത്‌. സാങ്കേതികതയുടെ അനന്ത സാധ്യതകള്‍, അസാധ്യമായി ഉപയോഗപ്പെടുത്തിയിരിയ്‌ക്കുന്ന ഈ ചിത്രം യാഥാര്‍ത്ഥ്യം തോല്‍ക്കുന്ന കമ്പ്യൂട്ടര്‍ ജെനറേറ്റഡ്‌ ഇമേജറികളാല്‍ (സിജിഐ) അപൂര്‍വ്വമായ ദൃശ്യാനുഭവം സമ്മാനിയ്‌ക്കുന്നു. ത്രിമാനതയുടെ മിഴിവ്‌ ഈ ചിത്രത്തിന്‌ വെള്ളിത്തിരയില്‍ ഒരുക്കുന്ന പൂര്‍ണതയും മനോഹരമാണ്‌. ഓരോ ഫ്രെയിമും കൊതിയോടെ നോക്കിയിരുന്നു പോകും പ്രേക്ഷകന്‍. കടുവയും പൈയ്യും കടലില്‍ ചിലവഴിയ്‌ക്കുന്ന നിമിഷങ്ങളാണ്‌ സിനിമയുടെ പ്രധാന ആകര്‍ഷണം . തെന്നിന്ത്യയോട്‌ ചേര്‍ന്ന കഥയായതുകൊണ്ടും,ഇര്‍ഫാനെയും, തബുവിനെയും പോലെയുള്ള സുപരിചിതരായ അഭിനേതാക്കള്‍ ഉള്ളതുകൊണ്ടുമല്ല ഈ ചിത്രം ആസ്വാദകനോട്‌ ഇത്രയും അടുക്കുന്നത്‌.മറിച്ച്‌ ലൈഫ്‌ ഓഫ്‌ പൈ സംവദിയ്‌ക്കുന്നത്‌ സിനിമയുടെ ശക്തവും സ്‌പഷ്ടവുമായ ആഗോളഭാഷയിലാണ്‌ എന്നതുകൊണ്ടാണ്‌.

    ഒരു നാടോടിക്കഥയുടെ ചുരുളുകളും, അവിശ്വസനീയവും, അപ്രതീക്ഷിതവുമായ നിലനില്‍പിന്റെ അനുഭവവും ചേര്‍ന്ന ദൃശ്യാനുഭവമാണ്‌ ലൈഫ്‌ ഓഫ്‌ പൈ . ഒരു പക്ഷേ പൈ പറയുന്നത്‌ ഒരു ജീവീതമോ, കഥയോ ആകാം. രണ്ടായാലും പൊതുവായി ഒരു വരി അവശേഷിയ്‌ക്കും. നിലനില്‍പിനായി തന്നോടു തന്നെ ഏര്‍പ്പെട്ട സമരത്തിന്റെയും, അതിലൂടാര്‍ജിച്ച ഒരുപിടി അറിവുകളുടെയും ഒരു വരി. ആ ഒരു വരിയാണ്‌ ലൈഫ്‌ ഓഫ്‌ പൈ എന്ന ചിത്രം.അവിടെ പരിണാമം നഷ്ടപ്പെടുത്തിയ സമഭാവത്തിന്റ അപൂര്‍വ്വമായ വീണ്ടെടുപ്പിന്‌ നമ്മള്‍ സാക്ഷികളാകുകയാണ്‌.

    English summary
    Life of Pi is a new Hollywood movie directed by Ang Lee. It is based on the famous novel by Yann Martel by the same name
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X