For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതേ രാജ.. അതേ ഇംഗ്ലീഷ്.. മാറ്റമൊന്നുമില്ല.. അതേ എന്റർടൈനർ.., ശൈലന്റെ റിവ്യൂ

By Desk
|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
3.0/5
Star Cast: Mammootty, Jai, Anusree
Director: Vysakh

പുലിമുരുകൻ എന്ന മലയാളത്തിലെ ആദ്യത്തെ 100കോടി ബ്ലോക്ക് ബസ്റ്ററിന് ശേഷം മൂന്നുകൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വൈശാഖ് എന്ന സംവിധായകനും ഉദയകൃഷ്ണ എന്ന തിരക്കഥാകൃത്തും ഒരുമിക്കുന്ന സിനിമ, 2010 ൽ കേരളാ ബോക്സോഫീസിനെ ഇളക്കിമറിച്ച പോക്കിരിരാജയുടെ സീക്വൽ എന്നിങ്ങനെ ഉള്ള കാരണങ്ങളാൽ വൻ പ്രതീക്ഷ ഉയർത്തിയ മധുരരാജ വിഷു റിലീസായി ഇന്ന് തിയേറ്ററിലെത്തി. ആരാധകരെ ആവേശക്കൊടുമുടിയിലേറ്റിയ ടീസറിനും ട്രെയിലറിനും പ്രതിഫലനമെന്നോണം ചെറിയ പട്ടണമായ മുക്കത്ത് പോലും മൂന്ന്സ്ക്രീൻ house ഫുൾ ആക്കിയ ഫാൻസ്ഷോയിൽ ഇരുന്നാണ് അതിരാവിലെ മധുരരാജ കണ്ടത്. ഫാൻസ് പ്രതീക്ഷിക്കുന്നതിൽ നിന്നും ഒരിഞ്ച് അപ്പുറവും ഒരിഞ്ച് ഇപ്പുറവും നിൽക്കാത്ത ഒരു ഐറ്റം ഇന്ന് സിമ്പിളായി പടത്തെ വിശേഷിപ്പിക്കാം..

1982 ൽ നടന്ന വൈപ്പിൻ വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആണ് 150 മിനിറ്റ് 58 സെക്കന്റ് ദൈർഘ്യമുള്ള മധുരരാജ ആരംഭിക്കുന്നത്. ദുരന്തത്തിന് കാരണക്കാരനായ നടേശനെ അറസ്റ്റ് ചെയ്യാൻ ചെല്ലുന്ന ബാലു എന്ന സബ് ഇൻപെക്ടറെ മൃഗീയമായി കൊല ചെയ്യപ്പെടുന്ന ആദ്യത്തെ പത്ത് മിനിറ്റ്നേരം പുലിമുരുകന്റെ തുടക്കത്തെ വെല്ലും വിധം ഹൃദയദ്രവീകരണശേഷി ഉള്ളതാണ്. അതിനുശേഷമാണ് ഉദയ്കൃഷ്ണന്റെയും വൈശാഖ് ന്റെയും പേരുകൾ സ്‌ക്രീനിൽ തെളിയുന്നത്. മുരുകനിലെ കടുവയെ പോലെ വില്ലന്റെ ക്രൂരത എട്ടുമിനിറ്റ് കൊണ്ട് തന്നെ പ്രേക്ഷകനിൽ സ്ഥാപിച്ചെടുക്കാൻ പടത്തിന് കഴിയുന്നു..

തുടർന്ന് വർത്തമാനകാലമാണ്. വൈപ്പിൻ ദുരന്തം കഴിഞ്ഞിട്ട് 37 കൊല്ലമായെങ്കിലും സിനിമയിലെ പാമ്പിന്തുരുത്ത് ദുരന്തവും വർത്തമാനകാലവും തമ്മിൽ 25കൊല്ലമാണ് ഇടവേളയിട്ടിരിക്കുന്നത്. പ്രസ്തുത 25 കൊല്ലങ്ങൾ കൊണ്ട് നടേശൻ തുരുത്തിൽ അപ്രമാദിത്വം തെളിയിച്ചു കഴിഞ്ഞ കരുത്തൻ ആയി കഴിഞ്ഞിരുന്നു.. പാമ്പിന്തുരുത്തിൽ ഉള്ള നടേശന്റെ ബാറിൽ നിന്നും അടുത്തുള്ള സ്‌കൂളിൽ നേരിടുന്ന സാമൂഹ്യവിരുദ്ധശല്യം അന്വേഷിക്കാൻ മാധവൻ മാഷും കൃഷ്ണൻ മാമയും എത്തുന്നതോട് കൂടി ആണ് നടേശനും രാജയും വർത്തമാനകാലവും തമ്മിൽ കണക്റ്റാവുന്നത്.

മാധവൻ മാഷ്‌ക്കും കൃഷ്ണൻ മാമയ്ക്കും ഇതിൽ എന്തുകാര്യം എന്ന് സംശയം വരും. സ്‌കൂൾ എൻ സി എസിന്റെ ആണെന്നതും ടിയാളുകൾ രണ്ടാളും എൻ സി എസ് ഹെഡ് ക്വർട്ടേഴ്‌സിൽ നിന്നുള്ള പ്രതിനിധികൾ ആണെന്നതുമാണ് ഉത്തരം. എൻ സി എസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എൻ എസ് എസ് തന്നെ.. എന്താല്ലേ.. തിരക്കഥയുടെ കണ്ണികൾ എത്രമാത്രം ദുര്ബലമാണെന്നതിനെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ..

പാമ്പിന്തുരുത്തിൽ എത്തുന്ന മാഷും മാമയും സ്വാഭാവികമായും നടേശനും ടീമുമായി ഉടക്കും. കുരുക്ക് മുറുകുമ്പോൾ മാഷ് മകനായ രാജയെ മധുരയിൽ നിന്ന് വിളിക്കും. രാജയും സംഘവും വന്ന് അടിച്ച് നിരത്തി ശുദ്ധികലശം കഴിക്കും.. ഇതാണ് ആദ്യം തന്നെ പറഞ്ഞത് പ്രതീക്ഷിച്ചതിൽ നിന്നും ഒരിഞ്ച് അങ്ങോട്ടും ഇങ്ങോട്ടും ഇല്ല എന്ന്.

പോക്കിരിരാജയിൽ ആദ്യപാതി നിയന്ത്രിച്ചു നിർത്തിയിരുന്നത് രാജയുടെ അനിയൻ സൂര്യ ആയിരുന്നെങ്കിൽ മധുരരാജയിൽ സൂര്യ മിസിംഗ് ആണ്. സൂര്യ ഇവിടെ എന്ന ചോദ്യത്തിന്ന് അവൻ ഒരു സിനിമ സംവിധാനം ചെയ്യുന്ന തെരക്കിലാണ്‌ എന്ന ഉത്തരത്തിന്ന് തിയേറ്ററിൽ നല്ല കയ്യടി കിട്ടുന്നുണ്ട്. സൂര്യയുടെ അഭാവം മധുരയിലെ മണിയണ്ണന്റെ മകൻ ചിന്നനെ രാജയ്ക്ക് പൈലറ്റായി പാമ്പിന്തുരുത്തിലേക്ക് വിട്ടാണ് സംവിധായകൻ പരിഹരിച്ചിരിക്കുന്നത്. തമിഴ് നടൻ ജെയ് ക്ക് മലയാളത്തിൽ കിട്ടിയിരിക്കുന്ന പ്രണയവും ഫൈറ്റും കോമഡിയുമൊക്കെയുള്ള ഭേദപ്പെട്ട ഒരു എൻട്രി ആണ് ചിന്നൻ.

42മിനിറ്റ് കഴിഞ്ഞാണ് മധുരരാജയുടെ അരങ്ങേറ്റം. നാല്പത് ടാറ്റാസുമോകൾ കരയിലിട്ടു അത്രത്തോളം സ്പീഡ് ബോട്ടുകളിൽ ആയിട്ടാണ് ആ മാസ് എൻട്രി. കാലഹരണപ്പെട്ട ഐറ്റം ആണെന്ന സ്വയം തിരിച്ചറിവിൽ അവിടം മുതൽ സ്വയം ട്രോളിക്കൊണ്ട് ഒരു സ്പൂഫ് നായകനെന്ന മട്ടിൽ ആണ് സിനിമയിൽ ഉടനീളം രാജയെ സംവിധായകനും സ്‌ക്രിപ്റ്റും കൈകാര്യം ചെയ്തിരിക്കുന്നത്. രാജ സ്വയം ട്രീറ്റ് ചെയ്യുന്നതും അങ്ങനെ തന്നെ. പക്കാമാസ് ആയി അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ പാളിപ്പോവുമായിരുന്ന രാജയെ രക്ഷിച്ചെടുക്കുന്നതും ഇത് തന്നെ..

തീമിലും കണ്ടന്റിലും പുതുമയൊന്നുമില്ലെങ്കിലും ട്രീറ്റ്‌മെന്റിൽ വ്യത്യസ്തത പുലർത്തുക എന്നതാണ് ഇക്കാലത്ത് ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് പിടിച്ചു നിൽക്കാൻ ചെയ്യാവുന്ന ഏക മാർഗം. പണ്ടേയുള്ള സ്പൂഫ് ഫ്ലേവറിനപ്പുറം മറ്റ് ശ്രമങ്ങൾ ഒന്നും ഇക്കാര്യത്തിൽ വൈശാഖിന്റെയും ഉദയിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇക്കയുടെ ഇംഗ്ലീഷ് പറച്ചിൽ തന്നെയാണ് ഒൻപത് കൊല്ലത്തിനിപ്പുറവും രാജയുടെ പ്രധാന എന്റർടൈന്മെന്റ് ഫാക്ടർ. 68വയസ് കഴിഞ്ഞിട്ടും ഒരു മനുഷ്യൻ ഇതുപോലെ പയറു പയറുപോലെ എനർജി ലെവലുമായി നിൽക്കുന്നത് തന്നെ സിനിമയുടെ വലിയ അദ്‌ഭുതം.. ഇക്കയാണ് മധുരരാജയുടെ ഹൈലൈറ്റ് എന്നുതന്നെ സാരം.

ബട്ട്, ഇക്കയുടെ രംഗപ്രവേശത്തിന്ന് മുൻപുള്ള മുക്കാൽ മണിക്കൂർ പടത്തെ പെടലിക്ക് വച്ച് കൊണ്ട് നടക്കുന്നത് മലയാളം നോവലിസ്റ്റ് മനോഹരൻ മംഗലോദയം എന്ന സലിംകുമാർ ആണ്. ഒരുപക്ഷേ സലിംകുമാറിന്റെ പ്രതാപകാലത്തെ വെല്ലുന്ന പെർഫോമൻസ് ആണ് പടത്തിൽ ഉടനീളം. വില്ലനായ ജഗപതി ബാബുവിന് കുഴപ്പമൊന്നും പറയാനില്ലെങ്കിലും വന്നു വന്ന് മലയാളത്തിൽ അദ്ദേഹം വെറും ക്ളീഷേ ആയി മാറിയിരിക്കുന്നു. അനുശ്രീ, മഹിമ, നെടുമുടി, വിജയരാഘവൻ എന്നിവരെ കുറച്ചൊന്നും എടുത്തു പറയാനില്ല. സണ്ണി ലിയോനിന്ന് പകരം ഐറ്റം ഡാന്സിന് പ്രതിഫലം കുറവുള്ള ആരെങ്കിലും ആയിരുന്നെങ്കിൽ നിര്മാതാവിന്ന് അത്രയും ആശ്വാസമായേനെ..

മധുരരാജ എന്ന പേരുമിട്ടു പോക്കിരിരാജയ്ക്ക് ഒരു രണ്ടാം ഭാഗം ഇറക്കുമ്പോൾ അതിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്തോ അത് തന്നെ ഇത്. ഇതിൽ കൂടുതൽ ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവരുടെ തെറ്റ്.

English summary
madhuraraja movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more