For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലേഷ്യ റ്റു അംനേഷ്യ: വിവാഹേതര ബന്ധക്കാർക്ക് ഒരു സോദ്ദേശവഴികാട്ടി. (ഓൾഡ് സ്റ്റോക്ക്) — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.0/5
  Star Cast: Vani Bhojan, Vaibhav Reddy, Riya Suman
  Director: Radha Mohan

  പതിനാല് കൊല്ലം മുൻപ് വന്ന മൊഴി എന്ന ഒറ്റ സിനിമ മതി സംവിധായകൻ എന്ന നിലയിൽ രാധാമോഹനെ പ്രിയങ്കരനാക്കാൻ. അതുപോലെ അഭിയും നാനും. ഇപ്പോൾ പോലും റിപ്പീറ്റ് വാച്ചിന് മുഷിച്ചിലില്ലാത്ത ഇത്തരം ക്ളീൻ സിനിമകൾ ക്രെഡിറ്റിൽ ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ 'മലേഷ്യ റ്റു അംനേഷ്യ" എന്ന സീ ഫൈവ് റിലീസ് കാണാൻ ഇരുന്നപ്പോൾ ചെറുതല്ലാത്ത പ്രതീക്ഷ മനസിൽ ഉണ്ടായത്.

  എന്നാൽ പേര് സൂചിപ്പിക്കുന്ന പോലെ ഒരു നിലവാരമില്ലായ്മയും കാലപ്പഴക്കവും ആണ് സിനിമയിൽ ഉടനീളം ഫീൽ ചെയ്തത്. നൂറ്റൊന്ന് ആവർത്തിച്ച പ്രമേയം, ആയിരത്തൊന്ന് ആവർത്തിച്ച കഥാഗതികളിലൂടെ തീർത്തും പ്രവചനീയമായിത്തന്നെ പുരോഗമിക്കുന്നു. പുതുമകൾ ഒന്നുമില്ലാതെ അവസാനിക്കുകയും ചെയ്യുന്നു.

  വിവാഹേതരബന്ധമാണ് ഇത്തവണ രാധാമോഹന്റെ വേട്ടമൃഗം. വിവാഹേതരത്തിന് പോവുന്നവർ തീർച്ചയായും ഏടാകൂടങ്ങളിൽ ചെന്ന് ചാടണം എന്നാണല്ലോ. ഇവിടെയും അതുതന്നെ സംഭവിക്കുന്നു. പിന്നെ അതിൽ നിന്നും തലയൂരാനുള്ള തത്രപ്പാടിൽ വന്നുപെടുന്ന ഊരാക്കുടുക്കുകൾ. ഒടുവിൽ , സലിംകുമാർ പറഞ്ഞപോലെ ശുഭപര്യ(വ്യ)വസായിയായ അന്ത്യം. കാര്യങ്ങൾ മൊത്തം ഇങ്ങനെയൊക്കെ ആണെങ്കിലും സിറ്റുവേഷണല്‍ കോമഡികളും വണ്‍ലൈനറുകളും പടത്തെ ലൈവായി നിർത്തുന്നു. നിർദോഷമായ ഫലിതങ്ങൾ അധികമൊന്നും ബാക്കിവെക്കാനില്ലാത്ത ചിരി ഓഫർ ചെയ്യുന്നു.

  അരുൺകുമാർ കൃഷ്ണമൂർത്തി എന്ന നായകൻ ഒരു വ്യവസായ സംരംഭകൻ ആണ്. സ്നേഹമയിയായ പട്ടിക്കാട്ടുകാരി ഭാര്യ സുജാത ഭർത്താവിനെ ദൈവമായി കാണുന്ന ടൈപ്പ് പതിവ്രത-കം-ഹൗസ് വൈഫ്. നാലുവയസുകാരി മകൾ. കാര്യങ്ങൾ മൊത്തം ആഹ്ളാദകരം. ഒരു എക്സ്ട്രാ ആനന്ദം എന്ന നിലയിൽ അരുണിന് ഒരു പാരലൽ റിലേഷൻ കൂടി ഉണ്ട്. ഭാവന. പരിഷ്കാരിയാണ്.

  മലേഷ്യയിലേക്ക് ബിസിനസ് ട്രിപ്പ് എന്ന വ്യാജേന, ബാംഗ്ലൂരിൽ താമസിക്കുന്ന ഭാവനയെ കാണാൻ അരുൺ ഫ്‌ളൈറ്റ് കയറുന്നു. അവിടെത്തി കുറച്ച് കഴിഞ്ഞപ്പോഴാണ് ചാനലുകളിൽ ബ്രെയ്ക്കിംഗ് ന്യൂസ് വരുന്നത്, അരുൺ യാത്ര ചെയ്യുന്നുവെന്ന് വീട്ടിൽ പറഞ്ഞ മലേഷ്യൻ ഫ്‌ളൈറ്റ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായി എന്ന്.. അടിപൊളി.

  മലേഷ്യൻ ഫ്‌ളൈറ്റ് അപ്രത്യക്ഷമായ റിയൽ ഇൻസിഡന്റിനെ സ്ക്രിപ്റ്റിൽ ഉപയോഗപ്പെടുത്തി എന്നത് പുതുമയാണ്. (അതുമാത്രമാണ് ഫ്രഷ് ആയി ഈ സിനിമയിൽ ഉള്ളൂ താനും). തുടർന്ന് ബംഗളൂരുവിൽ നിന്ന് തിരിച്ചുവന്ന അരുൺ തന്റെ ചങ്ക് കൂട്ടുകാരൻ പ്രഭുവുമായി ചേർന്ന് നടത്തുന്ന അംനേഷ്യാ നാടകവും അത് പൂർണമായും വിശ്വസിച്ച് നന്മയുടെ ഡോസ് ഓവറാക്കുന്ന ഭാര്യയും നാടകം എങ്ങനെയെങ്കിലും പൊളിക്കാനായി നടക്കുന്ന സിഐഡി മാമനും ചേർന്നുള്ള ടോം ആൻഡ് ജെറി ഷോ ആണ് പിന്നീട്. ഫ്രോഡ് ക്യാരക്റ്റർ ആയ ദിലീപ്, കൂട്ടുകാരനായ ഹരിശ്രീ അശോകൻ/സലിംകുമാർ/സുരാജ് ഉടായിപ്പ് പൊളിക്കാൻ നടക്കുന്ന ജഗതി. ഈയൊരു കോമ്പിനേഷനിൽ നമ്മൾ പത്തുകൊല്ലം മുൻപ് സ്ഥിരം കണ്ടുകൊണ്ടിരുന്ന അതേ ഐറ്റം.

  വൈഭവ് റെഡ്ഢി ആണ് അരുൺകുമാർ കൃഷ്ണമൂർത്തി. കൂട്ടുകാരനായി വരുന്നത് കരുണാകരൻ. രണ്ടുപേരുടെയും കെമിസ്ട്രി നന്നായി വർക്ക് ആയിട്ടുള്ളത് സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. വാണി ഭോജൻ ആണ് മില്ലെനിയൽ സാവിത്രി ആയിട്ടുള്ള ഭാര്യ. ബീച്ചിലിരുന്ന് ഭർത്താവിന്റെ ഓർമ്മ തിരിച്ചുകിട്ടാൻ സുജാത അയാളോട് തന്റെ ഭൂതകാലം അധികം നാടകീയത ഇല്ലാതെ എന്നാൽ ടച്ചിങ് ആയി ചുരുക്കി പറയുന്ന സീനിൽ രാധാമോഹൻ ടച്ച് ഉണ്ട്. കാമുകീ റോളിൽ റിയാ സോമൻ. അരുണും ഭാവനയും ഹോട്ടലിൽ വച്ച് ഓവറാക്കി ചളമാക്കാതെ വിടപറയുന്ന പോർഷനും നൈസ്..

  സുജാതയുടെ വകയിലൊരു മാമൻ മണ്ണാർഗുഡി നാരായണൻ എന്ന മാന്നാർ ആയെത്തി കുറ്റാന്വേഷണ ബുദ്ധിയോടെ അരുണിനെ ചെയ്‌സ് ചെയ്യുന്ന എം എസ് ഭാസ്‌കർ ആണ് സിനിമയുടെ താരം. നടന വിസ്മയം എന്നുമാത്രമേ ആ മനുഷ്യനെ വിശേഷിപ്പിക്കാൻ പറ്റൂ. അജ്ജാതി പെർഫോമൻസ്. സിനിമയെ അങ്ങേരാണ് വാച്ചബിൾ ആയി ചുമലിൽ താങ്ങി നിൽക്കുന്നത് എന്നുതന്നെ പറയാം.

  മൊഴിയിലെ 1984ൽ വച്ച് ഓർമ്മ നിലച്ചുപോയ പ്രൊഫസർ ഇപ്പോഴും മനസിൽ ലൈവായി നിൽക്കുന്നത് ആകസ്മികമായി ഓർത്തു. പ്രേംജി അമരൻ ആണ് മ്യൂസിക് ഡയറക്റ്റർ. എടുത്ത് പറയാനുള്ള നീക്കമൊന്നും പുള്ളിയുടെ ഭാഗത്തുനിന്നും ഇല്ല. രാധമോഹന്റെ കാര്യത്തിലും ഒട്ടും അഭിമാനാർഹമല്ല ഈ സിനിമ.

  Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam

  ഒടിടി റിലീസായത് കൊണ്ട്, സമയം കയ്യിലുണ്ടെങ്കിൽ ചുമ്മാ മുന്നും പിന്നും ചിന്തിക്കാൻ നിൽക്കാതെ ഒരുവട്ടം കണ്ടിരിക്കാം ചിരിക്കാം എന്ന് അടിവര.

  Read more about: review റിവ്യൂ ott
  English summary
  Malaysia to Amnesia Tamil Movie review in Malayalam: Vaibhav Reddy Starrer is Below Average Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X