twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരുളിന്റെ കാട്ടുസിംഫണികൾ.. ഭാഷാതീതമായ മായികഭീതികൾ.. -ശൈലന്റെ 'മെർക്കുറി' റിവ്യൂ-

    By Desk
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Recommended Video

    പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് പ്രഭുദേവ നായകനായ മെർക്കുറി | filmibeat Malayalam

    കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സൈലന്റ് ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് മെര്‍ക്കുറി. പ്രഭുദേവ, സനന്ദ് റെഡ്ഡി, ഇന്ദുജ, ദീപക് പരമേഷ്, ശശാങ്ക് പുരുഷോത്തം, അനീഷ് പദ്മനാഭന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ദൃശ്യങ്ങള്‍ മാത്രമുള്ള സിനിമയില്‍ ഒറ്റഡയലോഗോ സബ്‌ടൈറ്റിലോ ഇല്ലെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

    മെർക്കുറി

    പിസ, ജിഗർത്തണ്ട, ഇരൈവി എന്നീ മൂന്നുപടങ്ങൾ കൊണ്ട് തന്നെ സംവിധായകനെന്ന നിലയിൽ തന്റെ പേര് ഉറപ്പിച്ച് അടയാളപ്പെടുത്തിയ ആളാണ് കാർത്തിക് സുബ്ബരാജ്. അത്രമേൽ പുതുക്കമുള്ളതും നിരൂപക പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു ഈ മൂന്നു സിനിമകളും.. സൈലന്റ് ത്രില്ലർ എന്ന വിശേഷണവുമായി ഈയാഴ്ച പ്രദർശനത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ മെർക്കുറി" യെ അതുക്കും മേലെ എന്ന് വിശേഷിപ്പിക്കാം.. ഒന്നേ മുക്കാൽ മണിക്കൂറിലധികം ദൈർഘ്യത്തിൽ ഒരു സിനിമ ഒറ്റ ഡയലോഗും ഒറ്റ സബ് ടൈറ്റിലും ഇല്ലാതെ ദൃശ്യഭാഷയെ മാത്രം സംവേദനത്തിനായ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തീർത്തും സാഹസികമായ ഒരു പരീക്ഷണമാണ് മെർക്കുറി.

    ഇരുപത്തഞ്ചാം വാർഷികം

    കോർപ്പറേറ്റ് എർത്ത് എന്ന ഫാക്ടറിയിൽ മെർക്കുറി പോയിസണിംഗ് ഉണ്ടായി 84 പേർ മരിച്ചു പോയ ഒരു സ്ഥലം. അവിടെ ഇരുപത്തഞ്ചാം വാർഷികത്തിൽ ഒത്തുചേരുന്ന ചിലരിൽ അവിടെ തങ്ങുന്ന സംസാര ശേഷിയില്ലാത്ത അഞ്ചുപേരുടെ ഒരു രാത്രി ആണ് സിനിമയുടെ ഉള്ളടക്കം.. ദുരന്തത്തിന്റെ ശേഷിപ്പാണ് അവരുടെ മൂകത എന്ന് നമ്മൾക്ക് ഊഹിക്കാം.. സിനിമ മുന്നോട്ട് പോവുന്നത് അവരുടെ ആംഗിളിൽ ആയതിനാലാവാം പടത്തിൽ വരുന്ന മറ്റു മൂന്നു ക്യാരക്റ്ററുകളും സംസാരിക്കുന്നില്ല. അതോ അവരും വിക്റ്റിംസ് ആണോ എന്തോ..

    മെർക്കുറിയുടെ ഹൈലൈറ്റ്

    സംഭാഷണമില്ലായ്മ പോലെ തന്നെ രാത്രിയാണ് മെർക്കുറിയുടെ ഹൈലൈറ്റ്. ചിതറിപ്പോവുന്ന മൂന്നോ നാലോ ഫ്ലാഷ്ബാക്ക് ബൈറ്റുകളല്ലാതെ പകൽ വെളിച്ചം സിനിമയിൽ കാണുന്നേയില്ല. ദുരന്ത വാർഷികം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്ത അവർ അഞ്ചുപേർ രാത്രിയിൽ അവിടെ കറങ്ങി നടക്കുന്നു.. പേരൊന്നുമില്ലാത്ത ഇവരിൽ ഒരാൾ ഒരു പെൺകുട്ടിയാണ്. അവൾക്ക് അതിൽ ഒരുവനുമായി ഒരു പ്രണയവുമുണ്ട്.. കുന്നിൻ ചെരുവിന്റെയും നിലാവിന്റെയും മേഘങ്ങളുടെയും രാത്രിയുടെയും ക്യാൻവാസിൽ അവർ പ്രണയത്തിന്റെ അതിമനോഹരമായ ഫ്രെയിമുകൾ നമ്മൾക്ക് സമ്മാനിക്കുന്നു..

    പ്രണയലീല

    തുടർന്ന് മലയിറമ്പിലെ ഒറ്റ റോഡിലൂടെ പെൺകുട്ടി വണ്ടിയോടിക്കുമ്പോൾ സൈഡിലിരിക്കുന്ന കാമുകൻ ഹെഡ്ലൈറ്റ് ഓഫാക്കിയും ഓണാക്കിയും ഒരു വിചിത്രമായ പ്രണയലീല തുടങ്ങിയത് പിന്നിലുള്ള ബാക്കിയുള്ളവരും ആസ്വദിക്കുകയാണ്.. ഭയം അപ്പൊഴേ സീറ്റിന് ചുറ്റും ഒരു പ്രവചനാത്മകതയായി പതുങ്ങി ഇഴയും.. അതിനിടയിൽ ഒരു ദുരന്തം സംഭവിക്കുകയും ചെയ്യും.. തുടർന്നങ്ങോട്ട് മെർക്കുറി സമാനതകളില്ലാത്ത വഴികളിലേക്ക് പോവുന്നു..

    താരങ്ങള്‍

    സാനന്ദ് റെഡ്ഡി, ഇന്ദുജ, ദീപക് പരമേഷ്, ശശാങ്ക് പുരുഷോത്തം, അനീഷ് പദ്മനാഭൻ എന്നിവരാണ് മൂകരും ബധിരരും പേരറിയാത്തവരുമായ അഞ്ചുപേർ.. സംഭാഷണങ്ങളേ ഇല്ലാത്ത സിനിമയെ ഉടനീളം മുന്നോട്ട് കൊണ്ടുപോവുകയെന്നത് ഇവരുടെ കനത്ത ബാധ്യത ആണ്. ബോറായി എന്നൊക്കെ പലയിടത്തു തോന്നും. ബട്ട് മെർക്കുറി ആവശ്യപ്പെടുന്നതും അതു തന്നെ ആണ്. ആദ്യം മെർക്കുറി പോയിസണിംഗ് കാരണവും പിന്നീട് മേൽപ്പറഞ്ഞവർ കാരണവും ദുരന്തമേറ്റു വാങ്ങേണ്ടി വന്ന അന്ധനും ആത്മാവുമായി വരുന്നത് പ്രഭുദേവ ആണ്. ഗംഭീരങ്ങളായ ചില ചലനങ്ങൾ അദ്ദേഹത്തിന്റേതായി പടത്തിലുണ്ട്.. ഓർമ്മകളിലെ ഭാര്യയായി രമ്യാ നമ്പീശനെയും കാണാം..

    സൂപ്പർ സ്റ്റാറുകൾ

    മെർക്കുറിയിലെ യഥാർത്ഥ സൂപ്പർ സ്റ്റാറുകൾ പക്ഷെ ഇവരൊന്നുമല്ല. ഛായാഗ്രാഹകൻ ആയ തിരുവും ബാക്ക് ഗ്രൗണ്ട്സ്കോർ ചെയ്ത സന്തോഷ് നാരായണനുമാണ് അത്. എക്സലന്റ് എന്നോ അതിലപ്പുറമെന്നോ വിശേഷിപ്പിക്കാം തിരുവിന്റെ രാത്രികാല ഫ്രെയിമുകളെ.. പ്രണയവും നിലാവും ഭീതിയും നിഗൂഢതയും ദുരന്ത സ്മരണകളും വേട്ടയാടലുകളും അവയുടെ വിവിധ ഷെയിഡുകളിൽ മാറി മാറി വരുമ്പോൾ സംഭാഷണമില്ലായ്മ ഒരു വിഷയമേ അല്ലാതാവും.. സ്ക്രീനിൽ നിന്ന് കണ്ണെടുക്കാനാവാതെ സീറ്റിന്റെ തെമ്പത്തേക്ക് നീങ്ങിപ്പോവുകയും ചെയ്യും.. സന്തോഷ് നാരായണൻ ചിലയിടങ്ങളിൽ സ്വാഭാവികവും മറ്റു ചിലയിടങ്ങളിൽ നിഗൂഢവുമായ ശബ്ദന്യാസങ്ങളാൽ ആ ഇരുപ്പിനെ ഉറപ്പിച്ചിടും..

    ഇന്റർനാഷണൽ ഫിലിം

    സംഭാഷണമില്ലാതെയും രാത്രിയുടെ പശ്ചാത്തലത്തിലുമൊക്കെ ആർക്കും സിനിമയെടുക്കാം.. പക്ഷെ തിയേറ്ററിൽ കേറിയ പ്രേക്ഷകനെ സീറ്റിൽ പിടിച്ചിരുത്തുക എന്നതാണ് റിസ്ക്.. പത്തറുപത് പേരുണ്ടായിരുന്ന കാണികളിൽ അധികം പേരൊന്നും ഇറങ്ങിപ്പോയില്ല എന്നത് എന്നെ സന്തോഷിപ്പിച്ചു. സിനിമ ആത്യന്തികമായി ഒരു വിഷ്വൽ ആർട്ടാണ്..; കാർത്തിക് സുബ്ബരാജ് അത് നന്നായി മനസ്സിലാക്കിയ ഒരു സംവിധായകനും! മെർക്കുറിയെ അതുകൊണ്ടു തന്നെ ഒരു ഇന്റർനാഷണൽ ഫിലിം എന്ന് വിളിക്കാം. ലോകത്തെവിടെയും പ്രദർശിപ്പിക്കാവുന്ന ഭാഷാതീതമായ ഒരു ഉള്ളടക്കവും രാഷ്ട്രീയവും അതിനുണ്ട്.. കോർപ്പറേറ്റ് എർത്ത് ഈറ്റ് എർത്ത് എന്നാണത് പറഞ്ഞു വെക്കുന്നത്.. ലോകമെമ്പാടുമുള്ള രാസദുരന്തങ്ങളിൽ ഇരയായവരുടെ നേർ ചിത്രണത്തോടെയാണത് അവസാനിക്കുന്നത്.. അല്ലെങ്കിൽ തിയേറ്ററിന് പുറത്തേക്ക് പടരുന്നത്..

    ചതിക്കുള്ള പ്രതികാരം തുടങ്ങി? കമ്മാരന്‍ പറഞ്ഞ സംഭവം, കമ്മാരന്‍ പറയാത്ത സംഭവവുമായി ദിലീപേട്ടന്‍!ചതിക്കുള്ള പ്രതികാരം തുടങ്ങി? കമ്മാരന്‍ പറഞ്ഞ സംഭവം, കമ്മാരന്‍ പറയാത്ത സംഭവവുമായി ദിലീപേട്ടന്‍!

    English summary
    Mercury movie review by Schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X