For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിഞ്ഞ താളം, സ്റ്റൈലിഷ് മേക്കിംഗ്, പഞ്ച് ഡയലോഗ് ആക്ഷന്‍ എന്റര്‍ടെയിനര്‍ മിഖായേല്‍!

  |

  ജിന്‍സ് കെ ബെന്നി

  ജേര്‍ണലിസ്റ്റ്
  മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

  Rating:
  3.5/5
  Star Cast: Nivin Pauly, Unni Mukundan, Manjima Mohan
  Director: Haneef Adeni

  ദ ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് അദേനി നിവിന്‍ പോളിയെ നായകനാക്കി മിഖായേല്‍ എന്ന ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ നിവിന്‍ പോളി ആരാധകരുടെ മനസിലുണ്ടായിരുന്നത് ഒരു സ്റ്റൈലിഷ് ആക്ഷന്‍ ചിത്രമായിരുന്നു. ആരാധക പ്രതീക്ഷകളെ അസ്ഥാനത്താക്കാത്ത വിധമാണ് തന്റെ രണ്ടാമത് സംവിധാന സംരംഭവും എഴുത്തിലെ മൂന്നാം ചിത്രവുമായ മിഖായേലിനെ ഹനീഫ് അദേനി അണിയിച്ചൊരുക്കിയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം എത്തുന്ന നിവിന്‍ പോളി ചിത്രമെന്ന പ്രത്യേകതയും മിഖായേലിനുണ്ട്.

  ദ ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഒരു സ്‌റ്റൈലിഷ് ഫിലിം മേക്കര്‍ എന്ന വിശേഷണം സ്വന്തമാക്കിയ ഹനീഫ് അദേനി ഈ ചിത്രത്തിലൂടെ അതിന് അടിവരയിടുന്നു. അബ്രഹാമിന്റെ സന്തതികളിലെന്ന പോലെ ഒരു ഗ്രേറ്റ് ബ്രദറിനെയാണ് മിഖായേലില്‍ ഹനീഫ് അദേനി അവതരിപ്പിക്കുന്നത്. ക്രിസ്തീയ വിശ്വാസ പ്രകാരം അനര്‍ത്ഥങ്ങളില്‍ കാവലാളായി എത്തുന്ന മിഖായേല്‍ മാലാഖയുടെ റെഫറന്‍സ് ചിത്രത്തിലുടനീളം കാണാം. മൈക്കിളിന്റെ മാലയിലെ മിഖായേല്‍ മാലാഖയുടെ രൂപമുള്ള ലോക്കറ്റ് മുതല്‍ കുടുംബത്തിന്റെ മിഖായേല്‍ മാലാഖയായി മൈക്കിള്‍ മാറുന്നത് വരെ.

  മൈക്കിളിന്റെ ചെറുപ്പത്തിലാണ് ഒരു ആക്‌സിഡന്റില്‍ പിതാവ് ജോണ്‍ മരണപ്പെടുന്നത്. പിതാവിന്റെ മരണത്തിന്റെ കാരണക്കാരന്‍ മൈക്കിളാണെന്ന് അവന്റെ അമ്മ പോലും കുറ്റപ്പെടുത്തുന്നതോടെ അവന്‍ വീടുമായുള്ള സഹവാസം അവസാനിപ്പിക്കുന്നു. എന്നാല്‍ അനുജത്തി ജെന്നി അവന് പ്രിയപ്പെട്ടവളാണ്. നഗരത്തിലെ വ്യവസായ പ്രമുഖനും ക്രമിനലുമായ ജോര്‍ജ് പീറ്റര്‍ ജെന്നിയെ വിടാതെ പിന്തുടരുന്ന ഭയമായി മാറുന്നതോടെ അനുജത്തിക്ക് മുന്നില്‍ പാവത്താനായ മൈക്കിള്‍ അവള്‍ക്ക് വേണ്ടി അവളുടെ മിഖായേലായി മാറുകയാണ്.

  മൈക്കിള്‍ എന്ന ഡോക്ടര്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നായിക മഞ്ജിമ മോഹനാകട്ടെ ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനുമില്ല. മാര്‍ക്ക് ജൂനിയര്‍ എന്ന സ്‌റ്റൈലിഷ് വില്ലനായി ഉണ്ണി മുകുന്ദന്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്. മാസ്റ്റര്‍പീസിന് ശേഷം വീണ്ടും ഉണ്ണി വില്ലന്‍ വേഷത്തില്‍ എത്തുകയാണ്. സിദ്ധിഖും ജെഡി ചക്രവര്‍ത്തിയും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പറവയിലെ ഇച്ചാപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അമല്‍ ഷായും ചിത്രത്തിലുണ്ട്. കഥാപാത്ര നിര്‍ണയത്തിലെ കൃത്യത ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നുണ്ട്.

  ഒരു മാസ് ചിത്രം ആവശ്യപ്പെടുന്ന എല്ലാം ചിത്രത്തില്‍ ഒരുക്കാന്‍ ഹനീഫ് അദേനിയിലെ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നെടുനീളന്‍ സംഭാഷണങ്ങളുടെ ആഘോഷമല്ല കുറിക്ക് കൊള്ളുന്ന ആറ്റിക്കുറുക്കിയ സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്. പതിഞ്ഞ താളത്തില്‍ മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തുന്നത് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതമാണ്. ഗോപി സുന്ദറിന്റെ ഈണത്തില്‍ ഹരിനാരായണന്‍ എഴുതി സിത്താര ആലപിച്ച ചിത്രത്തിലെ ഏകഗാനം മികച്ച ഫീല്‍ നല്‍കുന്നു. ഒരു ആക്ഷന്‍ എന്റര്‍ടെയിനറിന് അനുയോജ്യമാം വിധം ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കര്‍ ആണ്.

  ഒരു സ്‌റ്റൈലിഷ് മാസ് ചിത്രം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ചിത്രമാണ് മിഖായേല്‍. നിവിന്‍ പോളിയുടെ കരിയറില്‍ കൊച്ചുണ്ണി എന്ന ഇതിഹാസ കഥാപാത്രത്തിന് ശേഷം മൈക്കിള്‍ ജോണ്‍ എന്ന മാസ് ആക്ഷന്‍ കഥാപാത്രത്തേയും ചേര്‍ത്ത് വായിക്കാം.

  ചുരുക്കം: നിവിന്‍ പോളി എന്ന താരത്തെ ഉപയോഗപ്പെടുത്തുന്ന ഹനീഫ് അദേനി ചിത്രമാണ് മിഖായേല്‍.

  English summary
  There is a Haneef Adeni signature in Mikhael
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X