For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രാജിക് ജംഗിൾ: വന്യവും നിഗൂഢവും പ്രാകൃതവുമായ വനം. ഉപരിപ്ലവമായ എക്കോപൊളിറ്റിക്സ് — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Indira Rubie Andrewin, Gilberto Barraza, Mariano Tun Xool,
  Director: Yulene Olaizola

  ഒന്നര മണിക്കൂർ നേരം മായൻ കാടിന്റെ വന്യതയിലും നിഗൂഢതയിലും ആഴത്തിലും അകപ്പെട്ട ഒരു അനുഭവം ആണ് മെക്സിക്കൻ സംവിധായികയായ യുളീൻ ഒലൈസോളയുടെ "ട്രാജിക് ജംഗിൾ"(സ്പാനിഷ് ടൈറ്റിൽ selva tragica). കാഴ്ചയുടെ കാട്ടുപച്ചപ്പ് കൊണ്ടും ശബ്ദലേഖനത്തിന്റെ തനിമ കൊണ്ടും മറ്റെല്ലാ അർത്ഥത്തിലും തിയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ഒന്ന്. പക്ഷെ, സിനിമ റിലീസ് ചെയ്തിരിക്കുന്നത് നെറ്റ്ഫ്ളിക്സിൽ ആണ് എന്നത് സിനിമയുടെ ദൃശ്യ/ശ്രാവ്യപൊലിമയെ പതിന്മടങ്ങ് കുറച്ചിരിക്കുന്നു.

  പ്രകൃതിയോടുള്ള മനുഷ്യന്റെ ചൂഷണം, പെണ്ണിലേക്കുള്ള കടന്നുകയറ്റം അതിന് കിട്ടുന്ന തിരിച്ചടികൾ എട്ടിന്റെ പണികൾ ഒക്കെയാണ് ട്രാജിക് ജംഗിളിന്റെ പ്രമേയം. പോസ്റ്ററിലേക്ക് ഒന്നു നോക്കിയാൽ തന്നെ തെളിഞ്ഞ് കിട്ടുന്നതാണ് കഥ മൊത്തം. അതിനെ വെറൈറ്റി ആക്കാൻ സംവിധായിക ആഞ്ഞ് ശ്രമിക്കുന്നു എന്നുമാത്രം..

  ഒരു നൂറ്റാണ്ട് മുൻപാണ് സംഭവം. 1920കൾ.. സെൻട്രൽ അമേരിക്കയിൽ മെക്സിക്കോയ്ക്കും അന്നത്തെ ബ്രിട്ടീഷ് ഹോണ്ടുറാസിനും ഇടയിലുള്ള അതിർത്തി പ്രദേശം. ആഴമുള്ള നദി. ഘോരവനം. മായൻ ഫോറസ്റ്റ് എന്ന് അറിയപ്പെടുന്ന പ്രദേശം. കാട്ടിൽ കടന്നുകയറിയ കുറച്ച് തൊഴിലാളികൾ.. അവർക്കിടയിൽ എത്തിപ്പെടുന്ന ഒരു നാട്ടു യുവതി. ഇത്രയുമാണ് അസംസ്‌കൃതവസ്തുക്കൾ..

  ആഗ്നസ് എന്ന യുവതി, നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിൽ നിന്നും നദിയിലൂടെ ഒളിച്ചോടി പോരികയാണ്. ഫ്ലോറൻസ് എന്നൊരു കൂട്ടുകാരിയും പ്രാകൃതനായ ഒരു വഞ്ചി തുഴച്ചിലുകാരനും ഉണ്ട് . ലാറ്റിനമേരിക്കൻ ശരീരഘടനയുള്ള ഇരുനിറക്കാരി ആണ് ആഗ്നസ് എന്നതും അവളെ തിരികെ പിടിച്ചുകൊണ്ടുപോവാൻ പിന്തുടരുന്ന പ്രതിശ്രുതവരൻ ഇംഗ്ളീഷ്കാരൻ സായിപ്പ് ആണെന്നതും പ്രസ്താവ്യമാണ്. കൊളോണിയൽ അധിനിവേശം തന്നെ. കാലം 1920 ആണല്ലോ..

  യന്ത്രവത്കൃത ബോട്ടിൽ തുരത്തി വന്ന സായിപ്പ് , കൂട്ടുകാരിയെയും തോണിക്കാരനെയും വെടിവെച്ച് കൊന്നുവെങ്കിലും ആഗ്നസ്, മായൻകാടിന്റെ ഉള്ളിലേക്ക് രക്ഷപ്പെടുന്നു. അവളെയാണ് പിന്നീട് വിവിധ പ്രായത്തിലും എത്നിസിറ്റിയിലും ഉള്ള കാട്ടു തൊഴിലാളികൾ കൂടെ കൂട്ടുന്നത്. അവർ സംസാരിക്കുന്നത് സ്പാനിഷ്, മായൻ ഭാഷകളാണ്. ആഗ്നസിന് അത് മനസിലാവുന്നില്ല. അല്ലെങ്കിൽ അവൾ മനസിലാവുന്നില്ലെന്നു നടിക്കുന്നു. കാട്ടിൽ അവർ വന്ന അതേ ചൂഷണത്തിന് വന്ന ഇംഗ്ലീഷ് സംഘത്തിന്റെ ഒപ്പം വന്നവൾ ആവുമെന്ന കാൽക്കുലേഷനിൽ തൊഴിലാളികൾ അവളെ ബന്ദിയാക്കി കൂടെ കൂട്ടുന്നു.

  ചൂയിങ്ഗം നിർമ്മാണത്തിനുള്ള അസംസ്‌കൃതവസ്തു ആയ കാട്ടുസപ്പോട്ട മരത്തിന്റെ പാൽ (റെസിൻ)വൻതോതിൽ ശേഖരിച്ച് കാട്ടുകടത്താൻ ആയിട്ടാണ് തൊഴിലാളികൾ കുതിരകളും തോക്കുകളും വൻ സന്നാഹങ്ങളുമായി എത്തിയിരിക്കുന്നത്. പാല്ശേഖരണം എന്നുപറഞ്ഞാൽ കണ്ണിൽ ചോരയില്ലാത്ത ടൈപ്പ് തലങ്ങും വിലങ്ങും മരത്തിൽ ഉടനീളം ചാലുകൾ വെട്ടിയുള്ള സ്ലോട്ടർ ടാപ്പിംഗ് തന്നെയാണ്. ആ വനത്തിലെ 80ശതമാനം കാട്ടുസപ്പോട്ടമരങ്ങളും നശിച്ചത് ഈ കൊള്ളയിലൂടെ ആണെന്ന് 1930 കളിലെ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നുണ്ട്

  ആഗ്നസ് കൂടെ എത്തിയതോടെ സംഘാംഗങ്ങളിൽ സ്ത്രീ കൂടെയുള്ളതിന്റെ മാറ്റങ്ങൾ ഉണ്ടാവുന്നു. ചിലർ തരാളിതരാവുന്നു.. ചിലർ അവളിലേക്ക് നിന്നനിൽപ്പിൽ കടന്നുകയറുന്നു. അതുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഓരോരുത്തരായി എണ്ണം കുറയുകയും ചെയ്യുന്നു. മായൻ മിത്തുകളിൽ പറയുന്ന xtrabay എന്ന കാട്ടുയക്ഷിയുടെ ഐതിഹ്യവുമായി ബന്ധപ്പെടുത്തി ആണ് സംവിധായിക സിനിമ മുന്നോട്ട് കൊണ്ടുപോവുന്നത്. കാട്ടിൽ ദുരുദ്ദേശത്തോടെ കടന്നു കയറുന്ന മനുഷ്യരെ , അതിമോഹിനിയായ xtrabay യക്ഷി വശീകരിച്ച് കൂടെ കൂട്ടി ലൈംഗികതയിലൂടെ തട്ടിക്കളയും എന്നാണ് ആ മിത്ത്. ടൈറ്റിലിൽ സൂചിപ്പിക്കുന്ന ട്രാജിക് ഫാക്റ്റർ അതുതന്നെ.

  എന്നാൽ ഈയൊരു മിത്ത് ആവശ്യപ്പെടുന്ന ഒരു ഹൊററോ ടെററോ അവതരണത്തിൽ കൊണ്ടുവരാൻ സംവിധായികയ്ക്ക് കഴിഞ്ഞില്ല എന്നത് സിനിമയെ ആവറേജ് ആക്കുന്നു. മരണങ്ങൾ തുടരെ തുടരെ നടക്കുമ്പോഴും പ്രത്യേകിച്ച് ഒരു വികാരവും ജനിപ്പിക്കാതെ കാണാനുള്ള സ്റ്റഫ് മാത്രേ ഉള്ളൂ.. ലൊക്കേഷൻ , ഛായാഗ്രഹണം, സൗണ്ട് ഡിസൈനിങ്, ആർ ആർ മേഖലകൾ എല്ലാം മനോഹരമായത് കൊണ്ട് കാട്ടിൽ അകപ്പെട്ട ഒരു ഫീൽ ഉടനീളം ഉണ്ട് എന്നുമാത്രം. കാടിന് പക്ഷെ ആത്മാവില്ല. അല്ലെങ്കിൽ സപ്പോട്ട മരത്തിലുള്ള ഓരോ വെട്ടും പ്രേക്ഷകന്റെ നെഞ്ചത്ത് പതിച്ചേനെ..

  പടം പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയം എന്തുകൊണ്ടും പോസിറ്റീവ് ആണ്. പ്രകൃതി, സ്ത്രീ, കോളനി അങ്ങനെ എല്ലാ ഡയമെൻഷനിലും.. പക്ഷെ, അവയെല്ലാം തന്നെ ഒരു കിൻറർഗാർട്ടൻ ലെവലിൽ ഉപരിപ്ലവമായിപ്പോയി എന്നൊരു കുഴപ്പം മാത്രേ ഉള്ളൂ.. അഭിനേതാക്കൾ എല്ലാരും നന്നായിട്ടുണ്ട്. ആഗ്നസ്/ xtrabay റോളിലുള്ള Indira Rubie Andrewin ഗംഭീരമായിട്ടുണ്ട്. പേരിൽ ഇന്ദിര ഉണ്ടെങ്കിലും അവർ belize (നേരത്തെ പറഞ്ഞ ബ്രിട്ടീഷ് ഹോണ്ടുറാസ്) എന്ന രാജ്യക്കാരി ആണ്..

  The priest owned highest rating in malayalam film's history | FilmiBeat Malayalam

  വെറുതെ രസായിറ്റ് കണ്ടിരിക്കാം.. ഫിലിം ഫെസ്റ്റിവലുകളിൽ ഒക്കെ കൊണ്ടുവന്ന് കാണിച്ചാൽ തീരുമ്പോൾ മീഡിയോക്കർ കാണികൾ തീർച്ചയായും കയ്യടിക്കും.. ഒന്നര മണിക്കൂർ ദൈർഘ്യമേ ഉള്ളൂ എന്നത് മറ്റൊരു ഹൈലൈറ്റ്.

  Read more about: review റിവ്യൂ
  English summary
  Netfilx's Horror Drama Tragic Jungle Review in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X