For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണിന്റെ ഒറ്റമുറിയുടെ ഇരുട്ടുകളും വെളിച്ചങ്ങളും.. (ഇതുതന്നെ മികച്ച ചിത്രം) ശൈലന്റെ റിവ്യൂ!

  By Desk
  |

  ശൈലൻ

  കവി
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  ഒറ്റമുറി വെളിച്ചം അങ്ങനെ ഒരു സിനിമയെ കുറിച്ച് അധികം ആരും കേട്ടിട്ടില്ലായിരുന്നു. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സിനിമയ്ക്കുള്ള അംഗീകാരം നേടിയത് ഒറ്റമുറി വെളിച്ചമായിരുന്നു. മികച്ച സിനിമ എന്നതിനൊപ്പം മികച്ച എഡിറ്റര്‍, മികച്ച രണ്ടാമത്തെ നടി, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം എന്നിങ്ങനെ മറ്റ് മൂന്ന് പുരസ്‌കാരങ്ങളും സിനിമയെ തേടി എത്തിയിരുന്നു. നവാഗതനായ രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത സിനിമ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദീപക് പരമ്പോല്‍, വിനീതാ കോശി, രജേഷ് ശര്‍മ്മ, പോളി വല്‍സന്‍, രഞ്ജിത് ശേഖര്‍ എന്നിവരാണ് സിനിമയിലെ താരങ്ങള്‍. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  ഒറ്റമുറിവെളിച്ചം..

  ഒറ്റമുറിവെളിച്ചം..

  2017ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈയിടെ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പുരസ്കാരം രാഹുൽ റിജി നായരുടെ "ഒറ്റമുറിവെളിച്ച"ത്തിനായിരുന്നു. മികച്ചവയെന്ന് പ്രേക്ഷകർ മാർക്ക് ചെയ്ത് മുന്നോട്ട് വച്ച നിരവധി സിനിമകൾ ഉൾപ്പെടെ തങ്ങൾക്ക് മുന്നിലെത്തിയ 115സിനിമകളിൽ നിന്നായിരുന്നു ജൂറി അതുവരെ അത്രത്തോളം പരിചയമില്ലാത്ത പേരുകളായ രാഹുൽ റിജി നായരുടെയും ഒറ്റമുറി വെളിച്ചത്തിന്റെയും പേര് സെലക്റ്റ് ചെയ്ത് മുന്നോട്ട് വച്ചത്. മികച്ച ചിത്രമെന്ന ബഹുമതിയ്ക്ക് പുറമെ മറ്റുപ്രധാനപ്പെട്ട മൂന്നുപുരസ്കാരങ്ങൾ കൂടി നേടിയതോടെ 'ഒറ്റമുറിവെളിച്ച'ത്തിന്റേത് അവാർഡ് പ്രഖ്യാപനത്തിലെ മിന്നിത്തിളങ്ങുന്ന നേട്ടങ്ങളായി മാറി.. മികച്ച സഹനടി-പോളി വൽസൻ, മികച്ച എഡിറ്റിംഗ്- അപ്പുഭട്ടതിരി , മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ്-വിനീതാ കോശി എന്നിവയായിരുന്നു ഒറ്റമുറിവെളിച്ചത്തിലേക്ക് പ്രേക്ഷകകൗതുകമേറ്റിയ ആ പുരസ്കാരങ്ങൾ.. രാഹുൽ റിജി നായരുടെ ആദ്യ സംവിധാന സംരംഭമായ ഈ സിനിമ നിർമിച്ചിരിക്കുന്നത് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ ആണ്..

  ന്യൂയോർക്കിൽ വേൾഡ് പ്രിമിയർ

  ന്യൂയോർക്കിൽ വേൾഡ് പ്രിമിയർ

  വരുന്ന മെയ് മാസത്തിൽ ന്യൂയോർക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് വേൾഡ് പ്രിമിയർ നടത്താൻ ക്ഷണം ലഭിച്ചിരിക്കുന്ന ഒറ്റമുറിവെളിച്ചം അത് കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ട് കേരളത്തിലോ ഇൻഡ്യയിലോ മാത്രമല്ല ലോകത്തിൽ സ്ത്രീകളും പാട്രിയർക്കിയിൽ അധിഷ്ഠിതമായ വൈവാഹികസമ്പ്രദായങ്ങളുമുള്ള ഏത് നാട്ടിലും പ്രസക്തമായ ഒരു സിനിമയാണ്. മുൻപുള്ള വർഷങ്ങളിൽ ചിലതിൽ സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്ന സിനിമകളിൽ പലതും ജൂറിയുടെ ബാലിശമായ കൗതുകങ്ങളാൽ ഉയർത്തപെട്ട കളിത്തോക്കുകളായിരുന്നു എന്നതും മറ്റുചിലത് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിനപ്പുറം അമച്വറിഷ്നെസ്സിന്റെ പ്രാകൃതശരീരം പേറുന്നവയായിരുന്നു എന്നതും മലയാളികൾക്ക് നേരനുഭവമായിരുന്നു.. അതിനാൽ സ്വാഭാവികമായും പ്രതീക്ഷക്കൊപ്പം നല്ല ആകാംക്ഷയും ഉണ്ടായിരുന്നു ഒറ്റമുറിവെളിച്ചം കാണാനിരിക്കുമ്പോൾ. എന്നാൽ എല്ലാ അർത്ഥത്തിലും ക്ലാസ് എന്നുപറയാവുന്ന ഒരു കാഴ്ചാനുഭവത്തെ മുന്നോട്ട് വച്ചുകൊണ്ട് സംവിധായകനും സിനിമയും ശരിക്കും ഞെട്ടിച്ചുകളഞ്ഞു..

  വൈവാഹികബലാൽസംഗങ്ങൾ.

  വൈവാഹികബലാൽസംഗങ്ങൾ.

  സ്വന്തം(ഭർത്താവിന്റെ) കിടപ്പുമുറിയിൽ (ഭർത്താവിനാൽ)നടക്കപ്പെടുന്ന റെയ്പ്പുകൾ പീനൽകോഡ് പ്രകാരം കുറ്റകൃത്യത്തിന്റെ പരിധിയിൽ പെടാത്ത ഇൻഡ്യ പോലൊരു രാജ്യത്ത് 15വയസിനും 50വയസിനും ഇടയിൽ പ്രായമുള്ള 75%സ്ത്രീകളും നിരന്തരമായോ അല്ലാതെയോ ഈ അതിക്രമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന് യു എൻ പോപ്പുലേഷൻ ഫണ്ട് നടത്തിയ ഒരു സർവെപ്രകാരം കണ്ടെത്തിയിട്ടുണ്ടത്രേ.. സർവ്വെയിൽ പങ്കെടുത്ത 60% ഭർത്താക്കന്മാരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സമ്മതിച്ചുകൊടുത്ത ഒരു കാര്യം , തങ്ങളുടെ ഭാര്യയ്ക്ക് മേൽ നിയന്ത്രണാധികാരം സ്ഥാപിച്ചെടുക്കാൻ വയലൻസിനെ ഒരു ഉപാധിയാക്കി മാറ്റുന്നു എന്നതാണ്.. അമ്പരപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ ഈ പച്ചയാഥാർത്ഥ്യത്തിൽ ഊന്നിയാണ് രാഹുൽ റിജി നായർ തന്റെ സിനിമയുടെ സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.. തന്റെ വിഷയത്തെ ഫോക്കസ് ചെയ്യാൻ കഥാസന്ദർഭങ്ങളെയോ സംഭാഷണങ്ങളെയോ പരിചരണസമ്പ്രദായത്തെയോ മുദ്രാവാക്യസമാനമാക്കാതെ തീർത്തും subtle ആയി കൈകാര്യം ചെയ്തിരിക്കുന്നു എന്നതാണ് ഈ സിനിമയെ ഒരു മികച്ച അനുഭവമാക്കി മാറ്റുന്നത്..

  വന്യമൃഗവും ഇരയും..

  വന്യമൃഗവും ഇരയും..

  കാട്ടുപന്നികളും മറ്റു മൃഗങ്ങളുമെല്ലാം മദിച്ച് നടക്കുന്ന ഒരു മലമ്പ്രദേശത്തെ ഒറ്റപ്പെട്ട പഴകിദ്രവിച്ച വീട്ടിലേക്ക് ചന്ദ്രൻ എന്ന പുരുഷൻ സുധ എന്ന പെൺകുട്ടിയെ വിവാഹം ചെയ്തുകൊണ്ടുവരുന്നതും അവളുടെ അവിടത്തെ പിന്നീടുള്ള 'ദാമ്പത്യ'ജീവിതവും ആണ് ഈ സിനിമയുടെ ക്യാമറ പിന്തുടരുന്നത്. ഒരു വന്യമൃഗത്തിന്റെ സ്വഭാവങ്ങളെല്ലാമുള്ള അയാൾ ഭാര്യയെ ഒരിക്കലും ഒരു മനുഷ്യനായോ ജീവിയായോ പോലും പരിഗണിക്കുന്നില്ല.. അമ്മയും അയാളോളം പോന്ന, മദ്യപാനിയായ, അനിയനുമുള്ള വീട്ടിൽ സാരികൊണ്ട് കർട്ടൺ തൂക്കിയ തങ്ങളുടെ മുറിയ്ക്ക് വാതിലും ജനൽപ്പാളികളും വെക്കണമെന്ന അവളുടെ ചെറിയ ആഗ്രഹങ്ങളെ അയാൾ പുച്ഛിച്ച് തള്ളുകയാണ്.. സെക്സ് എന്നാൽ പൂർവലീലകളൊന്നുമില്ലാതെ ബലപ്രയോഗത്തിലൂടെയുള്ള പെനിട്രേഷൻ മാത്രമായികാണുന്ന അയാൾക്ക് നേരെ ആദ്യമൊക്കെ അവൾ മുഖം തിരിക്കുന്നുവെങ്കിലും ഇരുമ്പുകൊണ്ട് കാലിന് ക്രൂരമായി അടിച്ചിട്ട് ആ കൊടും വേദനയിലേക്ക് അയാൾ ആദ്യഭോഗം നടത്തുന്നു.. മുറിഞ്ഞുപൊട്ടുവോളമടിച്ച കാലുകളെ അകത്താൻ ഒരിക്കൽ അയാൾ ഉപയോഗിക്കുന്നത് തന്റെ പണിയായുധമായ ഇരുമ്പുകൊടിലു(ഫോർസെപ്സ്)കളെയാണ്.. വേദന സ്ക്രീനിൽ നിന്നും പുറത്തേക്ക് പ്രസരിക്കുന്ന സന്ദർഭങ്ങൾ അങ്ങനെ നിരവധി ആണ്. ഇത്തരം അനുഭവങ്ങളിൽ നിന്നും അവൾ പതിയെ ആർജ്ജിച്ചെടുക്കുന്ന പ്രതിരോധത്തിന്റെ മനോനിലകളാണ് സിനിമയെ വെറും ക്ലീഷെ ആക്കിമാറ്റാതെ വേറെ ലെവലിൽ എത്തിക്കുന്നത്..

  വെളിച്ചത്തിന്റെ പുനർനിർവചനം..

  വെളിച്ചത്തിന്റെ പുനർനിർവചനം..

  ഇലക്ട്രിക്കൽ പണികൾ ചെയ്യുന്ന ചന്ദ്രൻ സ്വയം നിർമ്മിച്ച് തന്റെ മുറിയുടെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന എപ്പോഴും പ്രകാശിച്ച് നിൽക്കുന്ന ഓഫാക്കാൻ സ്വിച്ചുകളില്ലാത്ത മൂന്നു ലൈറ്റുകളാണ് സിനിമയുടെ പേരിനാസ്പദമായിരിക്കുന്നത്.. (ഇംഗ്ലീഷിൽ സിനിമയുടെ ടൈറ്റിൽ ''ലൈറ്റ് ഇൻ ദ റൂം" എന്നാണെന്നതും ശ്രദ്ധിക്കാം) കിടക്കുമ്പോഴും വസ്ത്രം മാറുമ്പോഴും മറ്റു സ്വകാര്യതകളിലും അതൊന്ന് അണച്ചുകിട്ടാനായി ഒരു സ്വിച്ചിനായി ഭാര്യ യാചിക്കുന്നുണ്ട്.. അയാളപ്പോൾ തന്റെ അസ്തിത്വത്തെതന്നെ ചോദ്യം ചെയ്യും മട്ടിലാണ് അവളെ തൊഴിച്ചിടുന്നത്.. തന്റെ ക്രൂരതകൾക്കെല്ലാം വെളിച്ചത്തെ കൂട്ടുപിടിക്കുന്ന അയാൾക്ക് ഇരുട്ടിനെ പേടിയാണ്.. ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ചുള്ള ക്ലാസിക്കൽ കൺസെപ്റ്റുകളെ കീഴ്മേൽ മറിച്ചിട്ട് തന്റെ വ്യക്തിത്വത്തെ ഒന്ന് മറച്ചുപിടിക്കാൻ ഒരല്പം ഇരുട്ടാണ് അവൾ തേടുന്നത് എന്നത് അവളുടെ ആംഗിളിൽ കറക്റ്റാണ്.. ("ഇരുട്ടല്ലോ സുഖപ്രദം") കഥാഗതിയുടെ പരിണാമഘട്ടങ്ങളിലൊന്നിൽ താൻ തേടുന്ന ഇരുട്ടിന്റെ സ്വിച്ചായി മാറാൻ അവൾക്കുകഴിയുന്നുണ്ട് എന്നത് സംവിധായകനും സിനിമയും മുന്നോട്ടുവെക്കുന്ന പോസിറ്റീവ് പൊളിറ്റിക്സ് ആണ്

  ഗംഭീരൻ പ്രകടനങ്ങൾ..

  ഗംഭീരൻ പ്രകടനങ്ങൾ..

  മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡിന്റെ പടിവാതിൽക്കൽ വരെ എത്തി സ്പെഷ്യൽ അവാർഡ് നേടിയ വിനീതാ കോശി ആണ് കേന്ദ്രകഥാപാത്രമായ ഭാര്യയായി വരുന്നത്.. മുൻപ് ആനന്ദത്തിലും അങ്കരാജ്യത്തിലും കണ്ടിട്ടുള്ള വിനീതാ കോശിയെ അല്ല ഇവിടെ കാണാനാവുക.. അവാർഡിനായുള്ള ഫാൻസിഡ്രസ്സുകൾ ഒന്നുമില്ലാതെ അവരിങ്ങനെ ഒരു മാൻകുട്ടിയുടെ അമ്പരപ്പോടെ പടത്തിലുടനീളം കഥാപാത്രമായി സ്ക്രീനിൽ പെരുമാറുന്നു.. ദീപക് പറമ്പോൽ ആണ് ചന്ദ്രൻ. മെരുങ്ങാത്ത കാട്ടുമൃഗത്തിന്റെ ചലനങ്ങളെ ദീപക് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കുറച്ചുകൂടി ഹാർഡ്ഫെയ്സുള്ള ആരെങ്കിലും ആയിരുന്നെങ്കിൽ സ്ക്രീൻ തുളച്ച് വളരാൻ പാങ്ങുള്ള അച്ചൻ കുഞ്ഞ്, ഓം പുരി റെയ്ഞ്ച് കഥാപാത്രമാണ് അത് എന്നത് വേറൊരു സത്യം. അവാർഡ് കിട്ടിയ പോളി വിൽസനും, രാജേഷ് ശർമ്മയുമാണ് മറ്റുരണ്ട് മുഴുനീള വേഷങ്ങളിൽ.. സിനിമയിൽ കാസ്റ്റിംഗ് ഡയറക്ടറുടെ പോസ്റ്റിൽ മുഹമ്മദ് സുഹൽ എന്നൊരാളുടെ പേര് കണ്ടത് വെറുതെ ആയിട്ടില്ലേതായാലും...

  ടോട്ടൽ സിനിമ

  ടോട്ടൽ സിനിമ

  മുൻപ് പറഞ്ഞപോലെ തന്നെ കൈകാര്യം ചെയ്യുന്ന വിഷയത്തിലെന്ന പോലെതന്നെ കയ്യടക്കവും കെട്ടുറപ്പുമുള്ള നിർമ്മിതിയുടെ കാര്യത്തിലും ഒറ്റമുറിവെളിച്ചം ലോകത്തിന്റെ മുന്നിലേക്ക് ധൈര്യപൂർവം എടുത്തുവെക്കാവുന്ന ഒരു ഫസ്റ്റ്ക്ലാസ് സിനിമയാണ്.. ലൊക്കേഷനും ലൂക്ക് ജോസിന്റെ ഫ്രെയിമുകളും കളർ കോമ്പസിഷനുകളും ഗംഭീരങ്ങളാണ്.. തട്ടും തടവുമൊന്നുമില്ലാതെ ലീനിയറായി ഒഴുകുന്ന ആഖ്യാനത്തിൽ ക്യാമറയും കട്ടുകളുമൊന്നും അനുഭവിപ്പിക്കാത്തവിധം എഡിറ്റ് ചെയ്തെടുത്ത അപ്പു ഭട്ടതിരിയ്ക്ക് ചിത്രസംയോജകനുള്ള അവാർഡ് കിട്ടിയത് സ്വാഭാവികമാണ്.. പാട്ടുകൾ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും ബീജിയെമ്മും റെക്കോഡിംഗും നാച്ചുറൽ തന്നെയായിരുന്നു.. ഇനിയും കൂടുതൽ പുരസ്കാരങ്ങൾ ഒറ്റമുറിവെളിച്ചത്തിന് ലഭ്യമായാൽ അത്ഭുതങ്ങൾ ഒന്നുമില്ല.

  English summary
  Ottamuri Velicham movie review by Schzylan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X