twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവതരണത്തിലെ കൈയൊതുക്കം, പ്രേക്ഷകരെ ത്രസിപ്പിക്കും ഈ രാക്ഷസന്‍!!!

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    3.5/5
    Star Cast: Suzane George, Munishkanth, Amala Paul
    Director: Ram Kumar

    തമിഴ് സിനിമയിലെ ഇപ്പോള്‍ സീരിയേല്‍ കില്ലിംഗ് സീസണ്‍ ആണോ എന്ന തോന്നലാണ് രാക്ഷസന്‍ എന്ന വിഷ്ണു വിശാല്‍ ചിത്രത്തേക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം തോന്നിയത്. നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇമൈക്ക നൊടികള്‍ തിയറ്ററിലെത്തി രണ്ട് മാസം തികയുന്നതിന് മുമ്പാണ് അതേ ജോണറിലുള്ള മറ്റൊരു ചിത്രവും തിയറ്ററിലേക്ക് എത്തുന്നത്. തമിഴകത്ത് നിന്നും ചിത്രത്തേക്കുറിച്ച് കേട്ട മികച്ച അഭിപ്രായങ്ങളാണ് രാക്ഷസന്‍ കാണാനുള്ള പ്രേരണയായത്. കേട്ട നല്ല അഭിപ്രായങ്ങളെ ശരിവയ്ക്കുന്നതായിരുന്നു ചിത്രം നല്‍കിയ ദൃശ്യാനുഭവം.

    <strong>അയാൾ എന്നെ കെട്ടിപ്പിടിച്ചു, ചുംബിച്ചു!!വൈരമുത്തുവിനെതിരെ വെളിപ്പെടുത്തലുമായി യുവതി</strong>അയാൾ എന്നെ കെട്ടിപ്പിടിച്ചു, ചുംബിച്ചു!!വൈരമുത്തുവിനെതിരെ വെളിപ്പെടുത്തലുമായി യുവതി

    കേരളത്തിലും

    കേരളത്തിലും ശ്രദ്ധിക്കപ്പെട്ട വെണ്ണിലാ കബടിക്കുഴു എന്ന ചിത്രത്തിലൂടെ 2009ലാണ് വിഷ്ണു വിശാല്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ വിഷ്ണു നായകനായി എത്തി. എന്നാല്‍ ഹീറോയിക് ഇമേജില്‍ വിഷ്ണു പ്രത്യക്ഷപ്പെടുന്ന ആദ്യ ചിത്രം എന്ന വിശേഷണം യോജിക്കുക രാക്ഷസന് ആയിരിക്കും. അതിഭാവുകത്വങ്ങളില്ലാതെ കൈയൊതുക്കത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിഷ്ണുവിന് സാധിച്ചിട്ടുണ്ട്. സംവിധായകനാകാന്‍ ആഗ്രഹിച്ച് പൂര്‍ത്തിയായ തിരക്കഥയുമായി നിര്‍മാതാക്കളുടെ ഓഫീസുകളില്‍ കയറിയിറങ്ങുന്ന ഒരു സിനിമ മോഹിയാണ് വിഷ്ണു അവതരിപ്പിക്കുന്ന അരുണ്‍ എന്ന കഥാപാത്രം. കഥ നിര്‍മാതാക്കള്‍ക്ക് ഇഷ്ടമാകുന്നുണ്ടെങ്കിലും സൈക്കോയായ സീരിയല്‍ കില്ലറിന് പിന്നാലെ പോകുന്ന ഡാര്‍ക്ക് മൂഡിലുള്ള കഥയെ വിശ്വസിച്ച് പണം മുടക്കാന്‍ നിര്‍മാതാക്കള്‍ക്ക് ധൈര്യമില്ല.

    കഥ

    ഇത്തരത്തിലൊരു കഥ തയാറാക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തും നടന്ന സീരിയല്‍ കില്ലിംഗിനേക്കുറിച്ചും അതിന് പിന്നിലുള്ള സൈക്കോയേക്കുറിച്ചും അവരുടെ മനഃശാത്രത്തേക്കുറിച്ചും വ്യക്തമായ പഠനം അരുണ്‍ നടത്തിയിരുന്നു. സിനിമ എന്ന മോഹം അനന്തമായി നീണ്ടുപോകവേ ജോലിയുടെ അരക്ഷിതാവസ്ഥ അരുണിന്റെ കുടുംബത്തെ അസ്വസ്ഥമാക്കിയിരുന്നു. അച്ഛന്‍ സര്‍വ്വീസിലിരുന്ന് മരിച്ചതിനാല്‍ സബ് ഇന്‍സ്‌പെടറായി ആശ്രിത നിയമനത്തിന് അരുണിന് യോഗ്യതയുണ്ടായിരുന്നു. എന്നാല്‍ സിനിമ ഒരു സ്വപ്‌നമായി കൊണ്ടുനടന്ന അരുണ്‍ അതില്‍ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു. സിനിമ ഒരു വിദൂര സ്വപ്‌നമാണെന്ന തിരിച്ചറിവില്‍ അരുണ്‍ ഒടുവില്‍ ജോലിയില്‍ ചേരാന്‍ തീരുമാനിക്കുന്നു. അരുണിന്റെ സഹോദരി ഭര്‍ത്താവും പോലീസ് ഓഫീസറാണ്.

    അരുണ്‍

    സര്‍വ്വീസില്‍ പ്രവേശിക്കുന്ന അരുണ്‍ തന്റെ സുപ്പീരിയര്‍ ഓഫീസര്‍ അന്വേഷിക്കുന്ന ഒരു കേസിലേക്ക് എത്തുന്നു. സ്‌കൂളില്‍ നിന്നും വരുന്ന വഴി ഒരു പെണ്‍കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയി. കുറച്ച് നാള്‍ മുമ്പ് ഇതേ നഗരത്തില്‍ നടന്ന ഒരു കൊലപാതകവുമായി ഇതിനെ അരുണ്‍ കണക്ട് ചെയ്യുന്നു. ഇതൊരു സൈക്കോയായ സീരിയല്‍ കില്ലറാണെന്നും ഈ കുട്ടിയും കൊല്ലപ്പെടുമെന്നും താന്‍ നടത്തിയ നിരീക്ഷണങ്ങളുടേയും റിസേര്‍ച്ചിന്റേയും പിന്‍ബലത്തില്‍ അരുണ്‍ സമര്‍ഥിക്കുന്നെങ്കിലും ഈഗോയിസ്റ്റായ സുപ്പീരിയര്‍ ഓഫീസര്‍ ഇതിനെ മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ അരുണ്‍ പറഞ്ഞതുപോലെ തന്നെ സംഭവിക്കുകയാണ്. പക്ഷെ തന്റെ രീതിയില്‍ സ്വതന്ത്രമായി കേസിന് സമീപിക്കുക എന്നത് അരുണിന് അത്ര എളുപ്പമായിരുന്നില്ല. മേലുദ്യോഗസ്ഥയുടെ ഇഗോയും തരിമ്പും തെളിവുകള്‍ അവശേഷിപ്പിക്കാത്ത കില്ലറുടെ രീതിയും അന്വേഷണത്തില്‍ അരുണിന് പ്രതിബന്ധമാകുന്നു.

    കൊലപാതകങ്ങള്‍

    നാല് കൊലപാതകങ്ങള്‍, അതില്‍ തനിക്ക് പ്രിയപ്പെട്ടവളും, അതേസമയം കില്ലറേക്കുറിച്ച് ഒരു സൂചനയുമില്ല. താന്‍ തോറ്റുപോയി എന്ന് സ്വയം കുറ്റപ്പെടുത്തുന്ന അവസ്ഥയിലാണ് നിര്‍ണായകമായ ചില സൂചനകള്‍ അരുണിന് ലഭിക്കുന്നത്. തന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളുമാണ് ശരിയെന്ന് വിശ്വസിക്കുന്ന അരുണ്‍ സ്വന്തം നിലയില്‍ അന്വേഷിച്ച് കില്ലറിലേക്ക് എത്തുകയാണ്. ഡാര്‍ക്ക് മൂഡുള്ള ഒരു കുറ്റാന്വേഷണ കഥയുടെ പതിവ് രീതികള്‍ പിന്തുടരുന്ന കഥാരീതിയാണ് രാക്ഷസന്റേത്. എന്നാല്‍ യുക്തി ഭദ്രമായി ഒരുക്കിയ കഥാവഴിയും ഒതുക്കമുള്ള തിരക്കഥയും സംവിധാനവും ചിത്രത്തേ ആസ്വദ്യകരമാക്കുന്നു. ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്നതില്‍ ജിബ്രാന്റെ സംഗീതവും പിവി ശങ്കറിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. ചിത്രത്തിന്റെ താളവും ടോണും കഥാഗതിയെ ഉദ്വേഗഭരിതമാക്കുന്നുണ്ട്. സാന്‍ ലോകേഷാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

    വ്യത്യസ്തമായി

    മുന്‍കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശക്തവും ധീരോദാത്തനുമായ നായകനെ ഉള്‍ക്കൊള്ളാനുകുന്ന പക്വതയിലേക്ക് വിഷ്ണു വിശാല്‍ എന്ന നടന്‍ വളര്‍ന്നിരിക്കുന്നു എന്ന കണ്ടെത്തലാണ് രാക്ഷസന്‍ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. പ്രിയപ്പെട്ട സിനിമ എന്ന സ്വപ്‌നത്തില്‍ നിന്നും താല്പര്യമില്ലാത്ത പോലീസ് എന്ന വേഷം നിര്‍ബന്ധപൂര്‍വ്വം എടുത്ത് അണിയേണ്ടിവന്ന അരുണ്‍ എന്ന കഥാപാത്രം വിഷ്ണുവില്‍ സുരക്ഷിതമായിരുന്നു. ഒരു വര്‍ഷത്തോളം സമയമെടുത്ത് താന്‍ എഴുതിയ തിരക്കഥയിലെ നാല്പതുകാരന്‍ നായകനെ യുവാവവാക്കി മാറ്റി അതിലേക്ക് വിഷ്ണുവിനെ കാസ്റ്റ് ചെയ്ത രാംകുമാര്‍ എന്ന സംവിധായകന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായിട്ടില്ല. അതേസമയം അമല പോള്‍ അവതരിപ്പിച്ച വിജി എന്ന നായികയ്ക്ക് ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാല്‍ അരുണിന്റെ സഹോദരി, സഹോദരി ഭര്‍ത്താവ് എന്നീ കഥാപാത്രങ്ങളുടെ പ്രകടനം പ്രത്യേക പ്രശംസയര്‍ഹിക്കുന്നു.

    കഥാപുരോഗതിക്ക്

    കഥാപുരോഗതിക്ക് അനുസരിച്ച് വില്ലനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന രീതി ഒട്ടും മുഷിപ്പില്ലാതെ വില്ലന് കഥയില്‍ ഒപ്പമുണ്ടായിരുന്നു എന്ന തോന്നല്‍ നിലനിര്‍ത്തി തന്നെയാണ് രാംകുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ത്രില്ലര്‍ പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്താത്ത ചിത്രമാണ് രാക്ഷസന്‍.

    ചുരുക്കം: യുക്തി ഭദ്രമായി ഒരുക്കിയ കഥാവഴിയും ഒതുക്കമുള്ള തിരക്കഥയ്ക്കും സംവിധാനത്തിനുമൊപ്പം സംഗീതവും ഛായഗ്രഹണവും ചേരുമ്പോള്‍ രാക്ഷസന്‍ ഒരു ത്രില്ലര്‍ അനുഭവമാകുന്നു.

    English summary
    ratsasan tamil movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X