twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിവാന്‍ജി മൂല ഗ്രാന്‍ഡ്പിക്സിനെക്കുറിച്ച് മുഹമ്മദ് സദീം എഴുതിയ റിവ്യൂ വായിക്കാം...

    By Desk
    |

    മുഹമ്മദ് സദീം

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    ഇന്ന് വഴിയോരത്ത് വിറ്റുപോകുന്ന പ്രാദേശികത്വം എന്നത് മറയാക്കിയുള്ള ഏറ്റവും വലിയ ഉപഭോക്തൃ ഉല്പന്നങ്ങളിലൊന്നാണ് കുലുക്കി സര്‍ബത്ത്. കോഴിക്കോട് വില്ക്കുമ്പോള്‍ അതിന് കാസര്‍ക്കോട് കുലുക്കി സര്‍ബത്ത് എന്നും കണ്ണൂരില്‍ വില്ക്കുമ്പോള്‍ അതിന് വയനാടന്‍ കുലുക്കി സര്‍ബത്ത് എന്നും ഇങ്ങനെ സമീപസ്ഥ ജില്ലയിലെ നമ്മള്‍ ഇതുവരെ കാണാത്ത രുചിയറിയാത്ത ഒരു പാനീയം എന്ന ലേബലിലൂടെ വില്പന നടത്തുകയാണ് ചെയ്യുന്നത്. എന്തു സാധനവും വില്ക്കുമ്പോള്‍ ഇത് നാടനാണ് എന്ന പേര് പറഞ്ഞാല് അതുവളരെ പെട്ടെന്ന ജനം വാങ്ങികൊണ്ടുപോകുമെന്നതുപോലെ.
    മലയാള സിനിമയിലും ഇപ്പോള്‍ ഈയൊരു ട്രെന്‍ഡ് വ്യാപകമാകുന്നുവെന്നുള്ളതിന്റെ ഏറ്റവും സമീപസ്ഥമായ ഉദാഹരണമാണ് ദിവാന്‍ജി മൂല ഗ്രാന്‍ഡ് പിക്‌സ് എന്ന ചലച്ചിത്രവും. അങ്കമാലി ഡയറീസ് എന്ന ചെറിയ സിനിമയുണ്ടാക്കിയ സാമ്പത്തികവിജയത്തിന്റെ കഥകള്‍ നമ്മുടെ സിനിമാലോകത്തെ ഇപ്പോഴും പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്. പ്രാദേശികമായ കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും വലിയ ചിലവില്ലാതെ വന്‍ ലാഭം നേടാമെന്ന സ്വര്‍ഗത്തിലാണ് സിനിമാവ്യവസായ ലോകമൊന്നാകെയുള്ളത്. ഇത്തരമൊരു താല്പര്യമാണോ ദിവാന്‍ജി മൂലയുടെയും അണിയറപ്രവര്‍ത്തകരെ ആവേശംകൊള്ളിച്ചതെന്നു തോന്നുന്നു.

    diwanjimoolagrandprixrevie


    ഇതുവരെ പറയാത്ത രീതിയില്‍ പ്രാദേശികത്വം, പ്രത്യേകിച്ച് അങ്കമാലി എന്ന നാടിന്റെ കാണപ്പെടാത്ത ഒരു മുഖം തികച്ചും നാട്ടുകാരായ പുതുമുഖങ്ങളൂടെ പുതിയ കാഴ്ചയിലൂടെ സിനിമയെ ഗൗരവമായി സമീപിക്കുന്നവരെയും തീയേറ്ററിലെ സാധാ ഓഡിയന്‍സിനേയും ഇഷ്ടമുണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിച്ചുവെന്ന പുതുമയായിരുന്നു ആ സിനിമ. എന്നാല്‍ ഇതിനുശേഷം ഇത്തരം പരിസരവും പ്രമേയങ്ങളെയും എങ്ങനെയും താന്‍ താങ്കളുടെ സിനിമകളിലേക്ക് ആവശ്യമില്ലാഞ്ഞിട്ടും കൊത്തിവലിച്ചുകൊണ്ടുവരുവാനാണ് സിനിമാലോകം ശ്രമിച്ചത്, ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
    അനില്‍ രാധാകൃഷ്ണന്‍ എന്ന കഴിവുള്ള സംവിധായകന്റെ മുന്‍ സിനിമകളായ നോര്‍ത്ത് 24 കാതത്തിന്റെയോ, സപ്തമശ്രീ തസ്‌കരയുടെയോ, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി തുടങ്ങിയ സിനിമകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ദിവാന്‍ജി മൂല അനിലിന്റെ തന്നെ സിനിമയാണോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ടായാല്‍ അതിനവരെ കുറ്റം പറയുവാന്‍ സാധിക്കുകയില്ല. സ്വന്തമായി പുതുവഴി വെട്ടിയിരുന്ന ഈ സംവിധായകന്‍ ഇതില്‍ നിന്ന് മാറി നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പാത സ്വീകരിക്കുകയാണ് ദിവാന്‍ജി മൂലയിലൂടെ.

    തൃശൂരിലാണ് കഥ നടക്കുന്നതെങ്കില്‍ പ്രദേശം എന്ന നിലക്കും സംഭാഷണത്തിലെ വ്യത്യസ്തകൊണ്ടുമെല്ലാം അത് ഓടിക്കയറി ഹിറ്റാകുമെന്ന പൊതുധാരണ ഇന്ന് വ്യാപകമാണ്. ഇതു തന്നെയാണ് മുന്‍പ് തൃശൂര്‍ നഗരത്തിനോടടുത്തുള്ള ദിവാന്‍ജി മൂലയിലേക്ക് ക്യാമറ തിരിക്കുവാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. തൃശൂര്‍ സ്‌ളാംഗിലുള്ള സംഭാഷണങ്ങളും തൃശൂര്‍ അങ്ങാടിയിലെ അടി പിടിയിലും ഗുണ്ടായിസത്തിന്റെയും ദൃശ്യങ്ങള്‍ മാത്രമായി മാറുകയാണത്.
    തൃശൂരിലെ ജില്ലാ കലക്ടറായി എത്തുന്ന സാജന്‍ ജോസഫ്(കുഞ്ചാക്കോ ബോബന്‍) നഗരത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ഗുണ്ടായിസവും കുറയ്ക്കുവാനുള്ള ഒരുവഴിയായി കാണുന്നത്, യുവതലമുറയെ ആവേശംകൊള്ളിക്കുന്ന ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നുള്ളതാണ്. അങ്ങനെയാണ് ഒരു കാലത്ത്തൃശൂര്‍ക്കാരുടെ പ്രത്യേകിച്ച് കുറ്റവാളികളുടെ താവളമായ നഗരത്തിലെ ദിവാന്‍ജി കോളനിക്കാരുടെ ഇഷ്ടവിനോദമായ ബൈക്ക് റൈസ് വീണ്ടും നടത്തുവാനായി ഇദ്ദേഹം മുന്നിട്ടിറങ്ങുന്നത്.

    diwanjimoolagrand

    കോളനിക്കാരുടെ ഇഷ്ടപ്പെട്ട ബൈക്കോട്ടക്കാരനായിരുന്ന ജിതേന്ദ്രന്‍(സിദ്ദീഖ്) മത്സരത്തിനിടയില്‍ എതിരാളി ബൈക്ക് തള്ളിയിട്ട്ശയ്യാവലംബിയാണ് ഇപ്പോള്‍. വീണ്ടും ജിതേന്ദ്രനും പഴയ എതിരാളിയും തമ്മില്‍ കണ്ടുമുട്ടുന്നു. വീണ്ടുമൊരു ബൈക്ക് റൈസ് നടക്കുകയാണെങ്കില്‍ വീണ്ടും തോല്പിക്കുമെന്ന് ജിതേന്ദ്രനെ വെല്ലുവിളിക്കുന്നതോടെ, തനിക്ക് വിജയിക്കാന്‍ കഴിയാത്തിടത്ത് പുതിയൊരു ചെറുപ്പക്കാരനെ രംഗത്തിറക്കി എത്തിപ്പിടിക്കുമെന്ന വാശിയില്‍ ജിതേന്ദ്രനും എത്തുകയാണ്. അങ്ങനെ തന്റെ വീട്ടിലെത്തുന്ന മൂകനും ബധിരനുമായ ശത്തന്‍ എന്ന ചെറുപ്പക്കാരനെ ഇതിനായി പരിശീലിപ്പിക്കുകയും റൈസില്‍ പങ്കെടുപ്പിച്ച് വിജയശ്രീലാളിതനാക്കി മാറ്റുകയും ചെയ്യുകയാണ്. ഇതാണ് സിനിമയുടെ ആകെ കഥ.

    diwanjimoolagrandprixreview3

    കഥ പറച്ചില്‍ എന്നതിനപ്പുറം അവതരണത്തിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ അമ്പരപ്പിച്ചയാളാണ് അനില്‍ രാധാകൃഷ്ണമേനോന്‍. പ്രത്യേകിച്ച് നോര്‍ത്ത് 24 കാതം. എന്നാല്‍ നാലാമത്തെ ചലച്ചിത്രത്തിലെത്തുമ്പോള്‍ മറ്റുള്ളവരെപ്പോലെ തന്നെ വെറുമൊരു കഥ പറഞ്ഞുപോകുകയെന്നതിനപ്പുറത്തേക്ക് ദിവാന്‍ജി മൂലയെകൊണ്ടു ചെന്നത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിയാതെ പോകുകയാണ്. സ്വന്തമായി ഹോംവര്‍ക്കുചെയ്യുന്നതിനപ്പുറം മറ്റുള്ളവരുടെ സിനിമകളിലേക്ക് നോക്കുന്ന, അതിനനുസരിച്ച് തന്റെ സിനിമയെയും പാകപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നുള്ളതാണ് ദിവാന്‍ജിയെ നല്ലൊരു സിനിമയാക്കി മാറ്റുന്നതില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
    തിരക്കഥാകൃത്തായ മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായരുടെ ആത്മകഥാംശമുള്ള കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റെ പ്രശാന്ത് ജോസഫ് എന്ന ജില്ലാ കലക്ടര്‍. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമടക്കമുള്ളവയുടെ നവീകരണത്തിനായി അദ്ദേഹം കോഴിക്കോട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു. ഇത്തരം സംഭവങ്ങളെല്ലാം സിനിമയില്‍ ഇടയ്ക്കിടക്ക് കടന്നുവരുന്നുണ്ട്. എന്നാല്‍ സിനിമയില്‍ കാര്യമായൊന്നും ചെയ്യുവാന്‍ റോളില്ലാത്ത കഥാപാത്രം തന്നെയാണ് കുഞ്ചാക്കോ ബോബന്റേത്. ഒരു നായകന്‍ എന്നതിനപ്പുറം അനേകം നായകന്മാരുടെ നടന്മാരുടെയും സിനിമയാണിത്. ചിലപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഏറെ തങ്ങിനില്ക്കുക ഇതിലെ പ്രധാനനായികയെന്നു വിളിക്കാവുന്ന നെയ്‌ല ഉഷ അവതരിപ്പിക്കുന്ന എഫേല്‍ എന്ന കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ വേഷമായിരിക്കും. തികച്ചും തന്മയിത്വത്തോടെ ഈ കഥാപാത്രത്തെ ഭംഗിയാക്കുവാന്‍ നെയ്‌ല സാധിച്ചിട്ടുണ്ടെന്നുള്ളതാണ് ഈ സിനിമ നല്കുന്ന പുതുമകളിലൊന്ന്.
    ദേശീയ അവാര്‍ഡ് ജൂറിയെപ്പോലും വിസ്മയംകൊളിപ്പിച്ച ഒരു സംവിധായകന്റെ പ്രതീക്ഷയില്‍ ഈ ചലച്ചിത്രം കാണാന്‍ എത്തുന്നവരെ ഈ സിനിമ തൃപ്തിപ്പെടുത്തുന്നേയില്ല. നിങ്ങളുടെ വാച്ചില്‍വെറുതെ കിടക്കുന്ന ഒരു മറിച്ച് രണ്ടു രണ്ടേകാല്‍ മണിക്കൂര്‍ സമയമുണ്ടെങ്കില്‍ കണ്ടിരിക്കാന്‍ മാത്രം ഒരു ചലച്ചിത്രം മാത്രമായി മാറുകയാണ് ദിവാന്‍ജി മൂല ഗ്രാന്റ് പിക്‌സ്.

    English summary
    Review of muhammed sadim on diwanjimoola
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X