twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തട്ടിക്കൂട്ടിയ തിരക്കഥയിൽ ഷറഫുദ്ദീന്റെയും വിനായകന്റെയും തേരോട്ടം... ശൈലന്റെ റോൾമോഡൽസ് റിവ്യൂ!!

    By Muralidharan
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    2.5/5
    Star Cast: Fahadh Faasil, Namitha Pramod, Vinayakan
    Director: Raffi

    റിങ് മാസ്റ്ററിനു ശേഷം റാഫി സംവിധാനം ചെയ്ത ചിത്രമാണ് റോൾ മോഡൽസ്. ഫഹദ് ഫാസിൽ, വിനായകൻ, ഷറഫുദ്ദീൻ, വിനയ് ഫോർട്ട്, രൺജി പണിക്കർ, നമിത പ്രമോദ് എന്നിങ്ങനെ ശ്രദ്ധേയമായ താരനിരയാണ് റോൾ മോഡൽസിന്റെ പ്രത്യേകത.

    റാഫി - ഫഹദ് ഫാസിൽ കൂട്ടുകെട്ട് എന്നടക്കം ഒട്ടേറെ പുതുമകളുമായി തീയറ്ററിലെത്തിയ റോൾ മോഡൽസിന് ശൈലൻ എഴുതുന്ന റിവ്യൂ വായിക്കാം...

    ഹലുവയും മത്തിക്കറിയും

    ഹലുവയും മത്തിക്കറിയും

    മലയാളത്തിലെ എക്കാലത്തെയും ഉൽസവങ്ങളായ കോമഡിചിത്രങ്ങളിൽ ചിലത് തയ്യാർ ചെയ്ത റാഫിയെ പോലൊരു സംവിധായകൻ ഫഹദ് ഫാസിലിനെ തന്റെ പുതിയ സിനിമയായ റോൾ മോഡൽസിലേക്ക് കാസ്റ്റ് ചെയ്തു എന്ന് കേട്ടപ്പോൾ പ്രേക്ഷകരുടെ നെറ്റിയിൽ വിരുഞ്ഞത് ഒരുപാട് ചുളിവുകളുണ്ട്.. മലയാളത്തിൽ മറ്റേത് നായകനടനായിരുന്നാലും റാഫിയുടെ ചിത്രത്തിൽ സാധ്യതകൾ ഒരുപാട് ഉണ്ടെങ്കിലും ഫഹദിനെ പോലുള്ളൊരു ടിപ്പിക്കൽ ക്യാരക്റ്റർ സ്പെഷലുഅറ്റിന് സ്ലാപ്സ്റ്റിക്കും ക്വിക്ക് വിറ്റും അഴിഞ്ഞാടുന്ന റാഫിയുടെ "ഈ വീട്ടിലെന്താ കാര്യം" എന്ന ന്യായമായ സംശയം തന്നെ ആയിരുന്നു ആ നെറ്റിചുളിയലുകളുടെ അടിസ്ഥാനം.. അതിനിടെ, തേപ്പ് പാട്ട് ഇറങ്ങുകയും റാഫി കഴിഞ്ഞ ആഴ്ച ഒരു ഇന്റർവ്യൂയിൽ ഫഹദിന്റെത് ഒരു കോമഡി ക്യാരക്റ്റർ അല്ല എന്നുകൂടി പറയുകയും കൂടി ചെയ്തതോടെ കൺഫ്യൂഷൻ ഇരട്ടിയാവുകയും ചെയ്തു..

    തൊണ്ടിമുതൽ പ്രതീക്ഷിച്ച ഇടത്തേയ്ക്ക്

    തൊണ്ടിമുതൽ പ്രതീക്ഷിച്ച ഇടത്തേയ്ക്ക്

    റംസാൻ നോമ്പ് കാലമായതിനാൽ ഒരുമാസമായി കാര്യമായ റിലീസൊന്നും ഇല്ലാതിരുന്ന തിയേറ്ററുകളിൽ പെരുന്നാൾ സമ്മാനമായി 2017ലെ ഏറ്റവും പ്രതീക്ഷയർപ്പിക്കപ്പെട്ട സിനിമയായ "തൊണ്ടിമുതലും ദൃക്സാക്ഷിയും" എത്തിച്ചേരുമെന്ന് കരുതിയ ഇടത്തിലേക്കാണ് ഇന്നലെ 'റോൾ മോഡൽസ്' എത്തിച്ചേർന്നത്.. കാര്യമായ എതിരാളികളൊന്നും ഇല്ലാഞ്ഞിട്ടും ഞായറാഴ്ചയായിട്ടും അങ്കമാലിയിലെ കാർണിവൽ സിനിമയുടെ സ്ക്രീൻ 1 പോലൊരു ചെറിയ ഹൗസ് പോലും 6.45ന്റെ പ്രൈം ടൈമിൽ ഫുള്ളായില്ല എന്നത് ശ്രദ്ധേയമായിത്തോന്നി..ഹലുവയും മത്തിക്കറിയും പോലുള്ള കോംബിനേഷനിലുള്ള സംശയദൃഷ്ടിയാവാം കാരണം

    ചിരിയുടെ വെടിക്കെട്ട് പൂരം..

    ചിരിയുടെ വെടിക്കെട്ട് പൂരം..

    പ്രേക്ഷകരുടെ സംശയങ്ങൾക്ക് സ്ഥാനമൊന്നുമില്ലെന്ന് തെളിയിക്കും വിധം ചിരിയുടെ ഒരു മലവെള്ളപ്പാച്ചിലിൽ തന്നെയാണ് സിനിമയുടെ ആദ്യപാതി കുത്തിയൊലിച്ചുപോവുന്നത്.. മലയാളത്തിലെ ക്വിക്ക് വിറ്റിന്റെയും സ്പോട്ട് കൗണ്ടറിന്റെയും ഉസ്താദ് ആയ ഷറഫുദ്ദീനും ഷറഫുവിനെ കടത്തിവെട്ടും വണ്ണം വിനായകനും ചേർന്ന് വിനയ് ഫോർട്ടിനെ കൂട്ടുപിടിച്ച് മിണ്ടാപ്രാണിയായ നായകനെ ഒരു സൈഡിലേക്ക് കോർണറടിച്ച് സിനിമയെ ഒരുൽസവമാക്കി മാറ്റുകയാണ്.. മൂവരും വായതുറന്നാൽ ചിരിയുടെ വെടിക്കെട്ടാണ്.. വായ തുറക്കാതിരിക്കുന്ന നേരങ്ങൾ വിരളവുമാണ്.. ഇന്റർവെലിനു മുന്ന്പായി സംവിധായകൻ റാഫി കൂടി സ്ക്രീനിലെത്തുന്നതോടെ കോമഡി ഫുൾ കോറത്തിലെത്തുകയാണ്...

    ദുർബലമായ തിരക്കഥ

    ദുർബലമായ തിരക്കഥ

    സംഭാഷണങ്ങളിലും സിറ്റ്വേഷനുകളിലും ഉളവാകുന്ന ചിരി ഒഴിച്ചു നിർത്തി ഒരു സിനിമയെന്ന നിലയിൽ ചിന്തിക്കുമ്പോൾ ഞെട്ടിക്കുന്ന വിധം ദയനീയമായ ഒരു സ്ക്രിപ്റ്റിലാണ് റാഫി റോൾ മോഡൽസ് കെട്ടിപ്പടുത്തിരിക്കുന്നത്. തിയേറ്ററിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞ ശേഷമല്ല സീറ്റിൽ നിറഞ്ഞുചിരിച്ചിരിക്കുമ്പോൾ പോലും ഇതെന്ത് സിനിമയെന്ന് പ്രേക്ഷകനെക്കൊണ്ട് ചിന്തിപ്പിക്കുന്നുവെന്നത് കൊണ്ടാണ് സ്ക്രിപ്റ്റ് ഒരു സമ്പൂർണ്ണ പരാജയമായി മാറുന്നത്.. നായകനെയും പ്രധാന തീമിനെയും വിട്ട് മറ്റ് കഥാപാത്രങ്ങളെ മേയാൻ വിട്ട് ആളുകളെ കയ്യിലെടുക്കുന്ന ഒരു ശൈലിയിലൂടെയാണ് റാഫി മുൻപും ഗോളടിച്ചിട്ടുള്ളത് എങ്കിലും അപ്പോഴൊന്നും ലീഡ് ക്യാരക്റ്ററും മെയിൻ ത്രെഡും ഇത്രത്തോളം പരിതാപകരമായിരുന്നില്ല

    സ്ഫടികത്തിൽ നോർത്ത് 24കാതത്തിന്റെ മിക്സിംഗ്..

    സ്ഫടികത്തിൽ നോർത്ത് 24കാതത്തിന്റെ മിക്സിംഗ്..

    അധ്യാപകനായ അച്ഛന്റെ അമിത ഇടപെടലുകൾ മൂലം തെമ്മാടിയായിപ്പോയ ആടുതോമയെ റിവേഴ്സ് എക്സ്ട്രീമിൽ അടിച്ച് നോർത്ത് 24കാതത്തിൽ എത്തിച്ചാണ് റാഫി റോൾ മോഡൽസിന് തറക്കല്ലിടുന്നത്.. ചാക്കോ മാഷ് സ്വന്തം മകന്റെ ജീവിതമാണ് തകർക്കുന്നതെങ്കിൽ ഗൗത(ഫഹദ്)മിന്റെ അപ്പൻ മകന്റെ കൂട്ടുകാരുടെ ലൈഫാണ് തകർക്കുന്നത്.. ഒടുവിൽ താൻ കാരണം അമിതമായി നന്നായിപ്പോയ മകനെ കുറച്ചൊന്നു വെടക്കാക്കിയെടുക്കാൻ തല്ലിപ്പൊളികളായ കൂട്ടുകാരുടെ സഹായം അഭ്യർഥിക്കുന്നതും യെന്തിരനായി ജീവിക്കുന്ന അവനെയും കൊണ്ട് യാത്രപോകുന്നതുമൊക്കെയാണ് പ്രമേയം.

    നിർഗുണനായ നായകൻ

    നിർഗുണനായ നായകൻ

    നോർത്ത് 24കാതത്തിൽ മുൻപ് അഭിനയിച്ചു എന്ന ഒറ്റ കുറ്റത്തിനാണ് റാഫി ഫഹദിനെ റോൾമോഡൽസിലേക്ക് കാസ്റ്റ് ചെയ്തിരിക്കുന്നത്.. ബാംഗ്ലൂർ ഡേയ്സിലെ ശിവയുടെ ആദ്യഭാഗങ്ങളും പ്രചോദനം.. ഇടയിൽ ചില ട്വിസ്റ്റുകളൊക്കെ കൊണ്ടുവന്ന് അതിനെ മൂടിവെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും റെക്സി എന്ന ഷറഫു സിനിമക്കുള്ളിൽ നിന്നുപോലും അതിനെ ട്രോളുന്നുമുണ്ട്.. തനിക്ക് ഒന്നും ചെയ്യാനില്ലാത്ത- മരമനുഷ്യനായി നടക്കുന്ന ഒരു നായകന്റെ- റോൾ ഫഹദ് വീണ്ടും ചെയ്യുവാനായെടുത്തത് ഒരു പക്കാകൊമേഴ്സ്യൽ സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹം കൊണ്ടുതന്നെ ആവണം..

    സാഹസികയായ നായിക

    സാഹസികയായ നായിക

    നായകന്റെ അച്ഛൻ കാരണം ജീവിതം അൽക്കുൽത്തായി ഗോവയിൽ ചെന്ന് അഡ്വഞ്ചർ ഇൻസ്ട്രക്റ്ററും പബ് ഗേളുമൊക്കെയായി ഒരുപറ്റം വിചിത്രജീവികളോടൊപ്പം നടക്കുന്ന ശ്വേതയെന്ന നായികയായി നമിതാ പ്രമോദ് ആണ്. 80കളിൽ ശ്രീദേവിയൊക്കെ (ക്യാരക്റ്ററിന് അത്ര പഴക്കമുണ്ടെന്ന് സാരം) ചെയ്ത ടൈപ്പ് ടോം ബോയ് ക്യാരക്റ്റർ ചെയ്ത് ഫലിപ്പിക്കാനുള്ള ആമ്പിയറൊന്നും പാവം നമിതയ്ക്കില്ല.. കൈത്തണ്ടയിലും കഴുത്തിലും ചെറിയ ടാട്ടൂവൊക്കെ കുത്തി കടലിൽ കുറച്ച് അഭ്യാസമൊക്കെ കാണിച്ചു എന്ന പേരിൽ അവർക്ക് ആശ്വാസമടയാം..

    മരത്തേക്കാൾ വലിയ ചില്ലകൾ

    മരത്തേക്കാൾ വലിയ ചില്ലകൾ

    മുൻപ് പറഞ്ഞ പോലെ കണ്ടന്റിനെയും നായകനെയുമൊക്കെ മൂലയ്ക്കാക്കി കൗണ്ടർ വിറ്റുകളിലൂടെ ഗോളടിച്ച് കേറ്റുന്ന റെക്സി ജോസഫ്, ജ്യോതിഷ് നാരായണൻ, സുബഹാൻ എന്നീ ക്യാരക്റ്ററുകൾ തന്നെയാണ് പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.. വിനായകൻ എന്ന സ്റ്റേറ്റ് അവാർഡ് വിന്നർക്ക് പൂണ്ട് വിളയാടാനായി ഒരു മുഴുനീള ക്യാരക്റ്റർ തന്നെ സമ്മാനിച്ച റാഫിയോട് കടുത്ത സ്നേഹം തോന്നുന്നു.. തൊലിയുടെ കളറുവച്ചുള്ള രണ്ടുമൂന്ന് ഓഞ്ഞ കോമഡിയൊക്കെ ഉണ്ടെങ്കിലും അതൊക്കെ മറക്കാം..

    രൺജി പണിക്കർക്ക് ബോറടിക്കുന്നില്ലേ?

    രൺജി പണിക്കർക്ക് ബോറടിക്കുന്നില്ലേ?

    തന്റെ സിനിമകളിൽ മുഴുനീള കഥാപാത്രമായി വന്ന് ആളുകളെ കയ്യുലെടുക്കുന്ന പരിപാടി റാഫി റോൾ മോഡൽസിലും തുടരുന്നുണ്ട്.. ഇയാൾ ചെയ്യുന്നത് ഇയാൾക്കേ ഇത്രനന്നായി ചെയ്യാൻ പറ്റൂ എന്ന് തോന്നിപ്പിക്കാനും ചിലപ്പോഴൊക്കെ റാഫിയ്ക്ക് കഴിയുന്നുണ്ട്.. സ്ഫടികത്തിലെ ചാക്കോമാഷിന്റെ ഡമ്മിയായി വരുന്നത് രൺജി പണിക്കരായിരുന്നു.. വന്നുവന്ന് എല്ലാ പടത്തിലും അച്ഛൻ രൺജി തന്നെ എന്ന അവസ്ഥ ക്ലീഷെയുടെ അച്ഛൻ ആയിട്ടുണ്ട്.. പുള്ളിയ്ക്ക് ബോറടിയ്ക്കുന്നില്ലേ ആവോ

    രമണൻ റീ-ലോഡഡ്

    രമണൻ റീ-ലോഡഡ്

    വിക്കിപീഡിയ വായിക്കാതെ പോയ എല്ലാർക്കും സർപ്രൈസ് ആയിട്ടുള്ള ഒരു മാസ് എൻട്രിയിലൂടെ പഞ്ചാബി ഹൗസിലെ എവർഗ്രീൻ രമണൻ റോൾമോഡൽസിൽ പുന:പ്രവേശിക്കുന്നുണ്ട്.. ബോട്ടിൽ വച്ച ഫോട്ടോ ആയി മുതലാളി കൊച്ചിൻ ഹനീഫയുമുണ്ട്.. രമണനെ നെഞ്ചിലേറ്റുന്നവർ കയ്യടിച്ച് തിമിർത്തെന്ന് പറയേണ്ടതില്ലല്ലോ.. പക്ഷെ ഡയലോഗുകളിലൂടെ കാടുകേറ്റി മലയാളികൾക്ക് രമണനോടുള്ള സ്നേഹത്തിൽ റാഫി കത്തിവെക്കാൻ നോക്കിയോന്നും സംശയമുണ്ട്.. എൻഡ് ക്രെഡിറ്റ്സിൽ ഇതിനും കൂട്ടി ഓൾ കേരള രമണൻ ഫാൻസിന് നന്ദിയർപ്പിച്ചതോടെ ബെർപ്പിക്കൽ കോമ്പ്രമൈസായിക്കാണും എന്ന് പ്രതീക്ഷിക്കാം..

    കൺക്ലൂഷൻ - പെരുന്നാളൊക്കെയല്ലേ.. തിയേറ്ററിൽ വേറെയെന്തിരിക്കുന്നു കാണാൻ!

    English summary
    Role Models movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X