twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അസമയ'ത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ തളച്ച ദുര്‍ഗമാരുടെ പ്രയാണം; മലയാളികളുടേയും! എസ് ദുര്‍ഗ റിവ്യൂ!

    |

    സതീഷ് പി ബാബു

    സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Rajasree deshpande,Kannan Nayar,Vedh
    Director: Sanal kumar sasidharan

    ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം എസ് ദുര്‍ഗ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പരമ്പരാഗത വിതരണ ശൈലി സാദ്ധ്യമാകാത്തതിനാല്‍ കേരളത്തിലങ്ങോളമുള്ള ചലച്ചിത്ര ആസ്വാദകരുടെ കൂട്ടായ്മകളാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. റോട്ടര്‍ഡാം മേളയില്‍ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ പുരസ്‌കാരമടക്കം, സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും ഛായാഗ്രഹണത്തിനുമൊക്കെ മറ്റ് മേളകളില്‍ നിന്നായ് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ ചിത്രം അമ്പതോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.ഇതൊക്കെയായിട്ടും ഇത്തരമൊരു ചിത്രത്തിന് തിയ്യേറ്റര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കാന്‍ സംസ്ഥാന ഭരണകൂടത്തിന് കഴിയാതെ വരുന്നതിലെ നീതികേട് ഒരു വശത്ത് നില്‍ക്കുന്നു.

    എസ് ദുര്‍ഗ

    അവാര്‍ഡു പടങ്ങള്‍ എന്നു പറയുമ്പോള്‍, കഥാപാത്രങ്ങള്‍ വളരെ കുറച്ചു മാത്രം സംസാരിക്കുക, ഇഴച്ചിലോടെയുള്ള കഥപറച്ചില്‍, ബിംബങ്ങളുടെ പ്രളയം, മനസ്സിലാവാത്ത ഭാഷ തുടങ്ങി ഒരു സാധാരണ ചലച്ചിത്ര സ്‌നേഹികള്‍ക്കുണ്ടായിരുന്ന കുറേ മുന്‍വിധികളുണ്ടായിരുന്നു. കേരളത്തില്‍ ഫിലിം സൊസൈറ്റികള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച സിനിമകള്‍ പരിചയപ്പെടുത്താന്‍ തുടങ്ങിയതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിക്കുകയും അതിലെ പ്രേക്ഷക പങ്കാളിത്തം വര്‍ദ്ധിക്കുകയും ചെയ്തതോടെ അത്തരം ചിത്രങ്ങള്‍ക്ക് ആ 'മുന്‍വിധികള്‍ ' ബാധകമല്ലെന്ന് അവര്‍ കണ്ടു. അവര്‍ മാത്രമല്ല, സിനിമ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും ഈ തിരിച്ചറിവ് ഒരു വഴിത്തിരിവുണ്ടാക്കി. അതിന്റെ മാറ്റം ഉള്‍കൊണ്ട ഡോ: ബിജു, സനല്‍കുമാര്‍ ശശിധരന്‍ തുടങ്ങി ധാരാളം പുതുതലമുറ സംവിധായകര്‍ സ്വന്തം നാടിനെ പ്രതിനിധീകരിക്കുന്ന; അതല്ലെങ്കില്‍ നാടിന്റെ (നല്ലതും ചീത്തയുമായ) സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന നല്ല സിനിമകള്‍ എടുക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങി. അതാകട്ടെ പൂര്‍വികരില്‍ മന്ദീഭവിച്ചു പോയ സ്പന്ദനങ്ങളെ ഉത്തേജിപ്പിക്കാന്‍ കൂടി സഹായകമാവുകയായിരുന്നു.

    'സെക്‌സി ദുര്‍ഗ'

    'സെക്‌സി ദുര്‍ഗ' എന്നായിരുന്നു ഈ ചിത്രത്തിന്റെ ആദ്യ ശീര്‍ഷകം. ദുര്‍ഗ്ഗ എന്ന തങ്ങളുടെ ദൈവത്തെ അവഹേളിക്കുന്ന പേരായതിനാല്‍ അത് മാറ്റണമെന്ന ഹിന്ദു സംഘടനകളുടെ ഭീഷണിക്കപ്പുറം സെന്‍സര്‍ ബോര്‍ഡും ഒരു കത്രികയുമായ് നേരിട്ടപ്പോള്‍ ഗതികെട്ട്, എസ് ദുര്‍ഗ എന്ന് മാറ്റുകയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ദുര്‍ഗയെന്നും കബീറെന്നും പേരുള്ള രണ്ട് പേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രാത്രിയില്‍ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങിയ അവരെ സഹായിക്കാനെന്നോണം എത്തിപ്പെടുന്ന ഒരു കൊട്ടേഷന്‍ സംഘത്തിന് അവള്‍ ദുര്‍ഗയെന്ന പേരിന്നപ്പുറം ഒരു സെക്‌സി കൂടിയാണെന്ന വിലയിരുത്തലിലാണ് ചിത്രത്തിന് സെക്‌സി ദുര്‍ഗ'യെന്ന പേരു നല്‍കിയത്. ചിത്രം കണ്ടു കഴിയുന്ന ഒരു പ്രേക്ഷകനു പക്ഷേ ആ പേരിനോട് സംവിധായകന്‍ കാണിച്ച വാശി ചലച്ചിത്രകാരനില്‍ അതിനുള്ള അവകാശം നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നു എന്നത് അംഗീകരിക്കുക തന്നെ ചെയ്യുന്നു. എന്തിനായിരുന്നു എന്ന ചോദ്യം ഉയര്‍ന്നു പോവുക സ്വാഭാവികമാണ്.

    പ്രമേയം

    വളരുന്നു/വളര്‍ന്നു എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന കേരളത്തിന്റെ പുറം തോടിനുള്ളിലെ ജീര്‍ണ്ണതകളാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. അത് മതപരമാണ്, സാംസ്‌കാരിക പരമാണ്, രാഷ്ട്രീയപരവുമാണ്. വെളിച്ചത്തില്‍ ഒരു സ്വഭാവവും ഇരുട്ടില്‍ മറ്റൊരു സ്വഭാവവുമെന്ന കാപട്യമാണ് കേരളത്തിന്റെ പ്രത്യേകത. അതാകട്ടെ സ്ത്രീകളെ സംബന്ധിച്ച പുരുഷന്റെ കാഴ്ചപ്പാടുമായ് ബന്ധപ്പെട്ടിരിക്കുന്നതുമാണ്. ഇരുട്ടത്ത് പുറത്തിറങ്ങുന്ന സ്ത്രീകളെ 'അസമയ'ത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ തളച്ചിട്ട് സംരക്ഷണസേനയായ് സ്വയം അവരോധിക്കുന്ന മലയാളിയുടെ കാപട്യം കുപ്രസിദ്ധവുമാണല്ലോ. ആ ഇരുട്ടിലേക്കൊതുങ്ങിയ കാപട്യത്തെ ഇരുളില്‍ വെച്ചു തന്നെ കഴുത്തിന് പിടിക്കുന്നു എന്നതാണ് ഈ ചിത്രം നിര്‍വഹിക്കുന്ന ഒന്നാമത്തെ ചുമതല.

    ഗരുഡന്‍

    ഗരുഡന്‍ തൂക്കത്തിന് സജ്ജമാവുന്ന ഭക്തരിലാണ് ചിത്രത്തിന്റെ തുടക്കം. തീവ്രമതഭക്തിയില്‍ ഉന്മാദാവസ്ഥയിലായ വിശ്വാസികള്‍ ശരീരത്തില്‍ ഇരുമ്പു കൊളുത്തുകള്‍ കോര്‍ക്കപ്പെട്ട് ഗരുഡനെന്നവണ്ണം കയറില്‍ തൂങ്ങിയാടുന്ന ദൃശ്യം കുറച്ച് നേരത്തേങ്കിലും അസ്വസ്ഥതയുണ്ടാക്കും. ആസുരതാളത്തിന്റെ അകമ്പടിയില്‍ ക്രമബദ്ധമായോ വിരുദ്ധമായോ ചലിപ്പിക്കപ്പെടുന്ന കൈകാലുകളില്‍ നിന്ന് ക്യാമറ ഷിഫ്റ്റു ചെയ്യുന്നത് ഇരുട്ടില്‍ കബീറിനെ കാത്ത് ഒറ്റക്ക് നില്‍ക്കുന്ന ദുര്‍ഗ്ഗയിലേക്കാണ്. പിന്നീട് കബീര്‍ വന്നു ചേരുന്നു. കടന്നു പോകുന്ന വാഹനങ്ങള്‍ക്കൊക്കെ കൈ കാണിക്കുന്നുണ്ടെങ്കിലും അല്പസ്വല്പം ഗുണ്ടായിസമൊക്കെയുള്ള രണ്ട് പേരാണ് അവരുടെ ഒമ്‌നി വാന്‍ നിര്‍ത്തി ദമ്പതികളെ സഹായിക്കുന്നത്. എന്നാല്‍ ആ സഹായം ഒരു പരപീഢയായ് മാറുന്നത് നാം കാണുന്നു. അവര്‍ക്ക് സാക്ഷിയായ് ഒരു ദുര്‍ഗ്ഗാ പ്രതിഷ്ഠയും കാറിലുണ്ട്. ഏത് പാപങ്ങളേയും പശ്ചാത്താപനാട്യം കൊണ്ട് കഴുകിയെടുക്കാമെന്ന ന്യായവാദമുള്ളിടത്ത് ഈ പീഡനവും ന്യായീകരിക്കപ്പെടാവുന്നതാണ് എന്ന് വ്യീഗ്യേന സൂചിപ്പിക്കുകയാണ് ഇവിടെ..

    ഹിംസയുടെ ആഘോഷം

    ഹിംസയുടെ ആഘോഷമാണ് ഈ ചിത്രം പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ആയുധങ്ങളുമായുള്ള യാത്ര , പ്രത്യക്ഷത്തില്‍ തന്നെ അരോചകരമായ സംഭാഷണങ്ങള്‍ ,ഏത് മുക്കിലും മൂലയിലുമുള്ള കറുപ്പ് എന്നിവ തുടങ്ങി വാനിന്റെ അലങ്കാരങ്ങള്‍ ,ബോണറ്റിന് മുന്നിലെ സ്റ്റെപ്പിനി ,ഉപയോഗിക്കുന്ന അവലക്ഷണ മുഖംമൂടികള്‍ , സദാ ഭയം ജനിപ്പിക്കുന്ന അന്തരീക്ഷം, സര്‍വ്വോപരി ക്യാമറാ ചലനങ്ങള്‍ എന്നിവ പോലും ഹിംസാത്മകതയെ പരിലാളിക്കുന്ന ഒരു സാമൂഹ്യ പശ്ചാത്തലത്തെ രേഖപ്പെടുത്തുന്നു. ആ അര്‍ത്ഥത്തില്‍ യാത്ര തുടരുന്ന ഓമ്‌നി വാനിന്റെ വെളുപ്പുനിറം പോലും വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങി കൊടുക്കും വിധം കൃത്യതയാര്‍ന്നതുമാണ്.

    ക്ലീഷേയിലല്ല

    ഒരാണിനും പെണ്ണിനും മാത്രമായ് രാത്രിയാത്ര സാദ്ധ്യമല്ലെന്ന ക്ലീഷേയിലല്ല ഈ ചിത്രത്തിന്റെ നിലനില്‍പ്പ്. ദുര്‍ഗ്ഗയുടെ മേല്‍ വാന്‍ യാത്രികരായ ആദ്യ രണ്ടു പേര്‍ക്കും പിന്നീട് കയറുന്ന മറ്റ് കഥാപാത്രങ്ങള്‍ക്കും അങ്ങനെയൊരു ലക്ഷ്യമുള്ളതായ് വ്യക്തമാക്കപ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്. അവരാരും തന്നെ ഒരു ബലപ്രയോഗത്തിനോ കാഴ്ചാബലാല്‍ക്കാരത്തിനോ പരിശ്രമിക്കുന്നില്ല. പകരം, ആ രണ്ട് വ്യക്തികളുടെ കൂടിച്ചേരലിനുള്ള അസഹിഷ്ണുതയും അസൂയയും അവരിലുണ്ട് താനും. ഇതാണ് ശല്യപ്പെടുത്തലിന്റെ പാരമ്യകര്‍മമായ ഹിംസാംത്മകതയിലേക്ക് അവരെ നയിക്കുന്നത്. അതോടൊപ്പം ആ വ്യക്തികളുടെ ഇടപെടലുകള്‍ക്കൊന്നും ഒരച്ചടക്ക ലോകത്തിന്റെ ചിട്ടവട്ടങ്ങളോ ഏകതാനതയോ കാണുന്നുമില്ല. ഇരുട്ടില്‍ എവിടെയൊക്കെയോ അലിഞ്ഞില്ലാതാവുന്ന ആ ഹിംസാവാദികളെ അവരുടെ പിന്മുറക്കാര്‍ കാഴ്ചക്കാര്‍ ഇതേ ഇരുട്ടിലിരുന്ന് നോക്കിക്കാണുമ്പോള്‍ സംവിധായകന്റെ മനോഗതം സുവ്യക്തമാവുന്നുണ്ട്. അത്തരം വ്യാഖ്യാനങ്ങളിലാണ് രണ്ടാം കാഴ്ചകളില്‍ ചിത്രത്തിന് ഭംഗിയേറുന്നതും.

    ചിത്രത്തിന്റെ സൗന്ദര്യം

    ഒരേ സമയം യഥാര്‍ത്ഥവും പ്രതീകാത്മകവുമാണ് എസ് ദുര്‍ഗ്ഗ. സിനിമയുടെ അടിസ്ഥാന സ്വഭാവത്തെ വെളിച്ചത്തില്‍ ചിത്രണം ചെയ്ത് ഇരുട്ടില്‍ പ്രദര്‍ശിപ്പിക്കുക തല മറിച്ചിട്ടു കൊണ്ട് കേരളത്തിന്റെ പിന്‍നടത്തത്തെ കാണിച്ചുതരുന്ന സത്യസന്ധമായ ഒരു സിനിമ. കൃത്യമായ സാമൂഹ്യബോധത്തിന്റെ ഈ ഉത്പന്നത്തില്‍ ഒറ്റനോട്ടത്തില്‍ ചില പാകപ്പിഴകളുമുണ്ട്. കബീര്‍ എന്ന വ്യക്തിയുടെ പാത്ര നിര്‍മിതിയാണ് അതില്‍ പ്രധാനം. വളരെ പാവം പിടിച്ച ഒരു മനുഷ്യന്‍. പക്ഷേ ശല്യം പരിധി വിടുമ്പോള്‍ അയാള്‍ നടത്തുന്ന പ്രതികരണ രീതിയില്‍ പ്രേക്ഷകര്‍ക്ക് സന്ദേഹമുണ്ടാകാം. തന്നെ കാത്ത് നില്‍ക്കുന്ന ദുര്‍ഗ്ഗക്കടുത്ത് ഒരു ചങ്ങാതിയാണ് ഒരു ബൈക്കില്‍ കബീറിനെ എത്തിക്കുന്നത്.' എത്തിയാലുടനെ വിളിക്കണേ'യെന്നു പറഞ്ഞ് ബൈക്ക് തിരിച്ച് പോകുന്ന സുഹൃത്ത് കബീറിനെ ഒന്ന് തിരിഞ്ഞ് പോലും നോക്കുന്നില്ലായെന്നിടത്താണ് ഈ സന്ദേഹത്തിന്റെ ആരംഭം. പിന്നീട് ശല്യം തുടരുമ്പോള്‍ ദമ്പതികള്‍ ഇറങ്ങി നടക്കുകയും പിന്നീട് ഇതേ വാഹനത്തില്‍ തന്നെ തിരിച്ച് കയറുന്നുമുണ്ട്, ഗതികേടുകൊണ്ട്. എന്നാല്‍ ചിത്രം പൂര്‍ത്തിയാകുന്നതോടെ ഒളിപ്പിച്ചു വെച്ച പ്രതീകങ്ങളുമായ് ചേര്‍ത്തു വക്കുമ്പോള്‍ ലഭിക്കാവുന്ന ഉത്തരങ്ങളാണ് ചിത്രത്തിന്റെ സൗന്ദര്യവും.

    നിഘണ്ടു


    കഥാപാത്രങ്ങള്‍ക്കപ്പുറത്ത് ക്യാമറ, രാഷ്ട്രീയം പറയുന്ന അപൂര്‍വം സിനിമകളിലൊന്നാണ് എസ് ദുര്‍ഗ. പരമ്പരാഗത ചിത്രസന്നിവേഷത്തിന് വഴങ്ങി കൊടുക്കാത്ത അലസ മൂന്നാമന്റെ കാഴ്ചപ്പാട് ഭാവത്തിന്റെ സ്റ്റാമ്പിംഗ്, ക്യാമറ കൈകാര്യം ചെയ്ത പ്രതാപ് ജോസഫ് അസ്സലായി നിര്‍വഹിച്ചിരിക്കുന്നു. പൂര്‍ണ്ണമായും സ്വാഭാവിക വെളിച്ചത്തിലാണ് രാത്രി രീഗങ്ങളടക്കം ചിത്രീകരിച്ചിരിക്കുന്നത്. ബേസിലിന്റെ പശ്ചാത്തല സംഗീതം, കഥാപാത്രങ്ങളുടെ ഭ്രാന്തന്‍ മനോവ്യാപാരങ്ങളെ പ്രേക്ഷകരിലേക്ക് കുത്തിയിറക്കുമ്പോള്‍ രാത്രിയുടെ 'വന്യത'യെ പ്പോലും സൂക്ഷ്മമായ് ഒപ്പിയെടുക്കുന്ന ഹരികുമാറിന്റെ ശബ്ദസംവിധാനവും ഈ സിനിമയെ ഒരനുഭവമാക്കി മാറ്റുന്നു. തിരക്കഥക്കപ്പുറത്തേക്ക് കഥാപാത്രങ്ങളെ വളര്‍ത്തുന്നതോടൊപ്പം സ്വയം വളരുന്ന ചലച്ചിത്രകാരനാണ് സനല്‍കുമാര്‍ ശശിധരന്‍. ഏതൊരുവിധ കാഴ്ചക്കാരനും വഴങ്ങി കൊടുക്കുന്ന ആഖ്യാനരീതിയായതിനാല്‍ തന്നെ 'നിഘണ്ടു'വിന്റെ ആവശ്യവുമില്ല..

    ചുരുക്കം: കഥാപാത്രങ്ങള്‍ക്കപ്പുറത്ത് ക്യാമറ, രാഷ്ട്രീയം പറയുന്ന അപൂര്‍വം സിനിമകളിലൊന്നാണ് എസ് ദുര്‍ഗ.

    മലപ്പുറത്തിന് മാത്രം സാധ്യമായൊരു ഇന്റർനാഷണൽ സിനിമ.. സുഡാനി വെറൈറ്റിയാണ്! ശൈലന്റെ റിവ്യൂ!!മലപ്പുറത്തിന് മാത്രം സാധ്യമായൊരു ഇന്റർനാഷണൽ സിനിമ.. സുഡാനി വെറൈറ്റിയാണ്! ശൈലന്റെ റിവ്യൂ!!

    English summary
    S Durga movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X