twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സഞ്ജയ് ദത്തിന്റെ കയ്പ്പുള്ള പിറന്നാൾ സമ്മാനം! “സാഹെബ് ബീവി ഓർ ഗ്യാംങ്സ്റ്റർ 3” - റിവ്യൂ

    |

    Rating:
    2.5/5
    Star Cast: Sanjay Dutt, Jimmy Sheirgill, Mahie Gill
    Director: Tigmanshu Dhulia

    സഞ്ജു എന്ന സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം വൻ വിജയം നേടി ജൈത്രയാത്ര തുടരുമ്പോൾ സഞ്ജയ് ദത്ത് മുഖ്യവേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഈ വെളളിയാഴ്ച്ച തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രമേയം, അവതരണം എന്നിവയാൽ ശ്രദ്ധിക്കപ്പെട്ട 'സാഹെബ്, ബീവി ഓർ ഗ്യാംങ്സ്റ്റർ’ എന്ന സീരീസിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം സഞ്ജയ് ദത്തിന്റെ ജന്മദിനത്തിന് രണ്ട് ദിവസം മുൻപാണ് റിലീസ് ചെയ്തിരിക്കുന്നത്.

    സംവിധായകൻ :

    സംവിധായകൻ :

    സാഹെബ് ബീവി ഓർ ഗ്യാങ്സ്റ്റർ' എന്ന സീരീസിൽ നിരൂപകശ്രദ്ധ നേടിയ രണ്ട് ചിത്രങ്ങൾക്ക് ശേഷം അതിന്റെ മൂന്നാം പതിപ്പുമായി എത്തിയിരിക്കുന്ന സംവിധായകൻ തിഗ്മാൻഷു ദൂലിയ തന്റെ ത്രില്ലർ ഡ്രാമ ചിത്രങ്ങളുടെ മേയ്ക്കിംഗ് രീതികൊണ്ട് വ്യത്യസ്തനാണ്. ഇർഫാൻ ഖാൻ നായകനായ ‘പാൻസിംഗ് തോമർ' എന്ന ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ (ബി എഫ് ഐ) പ്രദർശിപ്പിച്ച ചിത്രവും ഈ സംവിധായകന്റെതായിരുന്നു.

    ചിത്രം നിർമ്മിച്ചിരിക്കുന്നത് രാഹുൽ മിത്രയാണ്.

    അഭിനയിച്ചിരിക്കുന്നവർ:

    അഭിനയിച്ചിരിക്കുന്നവർ:

    സഞ്ജയ് ദത്തിനൊപ്പം ജിമ്മി ഷെർഗിൽ, മഹി ഗിൽ, ദീപക് തിജോരി, ചിത്രംഗദ സിംഗ്, സൊഹ അലി ഖാൻ, കബീർ ബേദി, ദീപ് രാജ് റാണ, നഫീസ അലി തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്.

    അടിസ്ഥാന കഥ :

    അടിസ്ഥാന കഥ :

    പേരിലെ പ്രൗഡിയൊഴികെ പ്രതാപങ്ങൾ ഒന്നൊന്നായി നഷ്ട്ടപ്പെട്ട രാജകുടുംബങ്ങളിലെ പുതു തലമുറയുടെ കഥയാണ് സിനിമ പറയുന്നത്.

    കുപ്രസിദ്ധരായ രണ്ട് രാജസന്തതികളുടെ കഥയാണ് ചിത്രത്തിൽ സമന്വയിപ്പിച്ചിരിക്കുന്നത്. മറ്റ് രാജകുടുംബങ്ങളിലെ അംഗങ്ങളെപ്പോലെ സമ്പത്തും മറ്റുള്ളവരുടെ ബഹുമാനവും തങ്ങൾക്കും കിട്ടണം എന്ന് ആഗ്രഹിക്കുന്ന മുഖ്യകഥാപാത്രങ്ങൾക്ക് ചുറ്റുമുള്ളവരും പേരിനും പ്രശസ്തിക്കും വേണ്ടി രക്തബന്ധങ്ങളെ പോലും വകവരുത്താൻ തന്ത്രം മെനയുന്നവരാണ്.

    റൊമാൻസും മേമ്പൊടിയായി ചേർത്താണ് ഈ ത്രില്ലർ ഡ്രാമ സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

    മുഖ്യ കഥാപാത്രങ്ങൾ:

    മുഖ്യ കഥാപാത്രങ്ങൾ:

    ജിമ്മി ഷെർഗിൽ അവതരിപ്പിക്കുന്ന സാഹിബ് എന്ന് വിളിക്കുന്ന ആദിത്യ പ്രതാപ് സിംഗ്, മഹി ഗിൽ അവതരിപ്പിക്കുന്ന മാധവി ദേവി അഥവാ സാഹിബിന്റെ ബീവി എന്നീ കേന്ദ്ര കഥാപാത്രങ്ങളും മറ്റ് ചില അനുബന്ധ കഥാപാത്രങ്ങളും മുൻ സീരീസുകളുടെ ഭാഗമായുള്ളതാണ്.

    മൂന്ന് പതിപ്പുകളിലും ആദിത്യ പ്രതാപ് സിംഗിന്റെയും ഭാര്യയുടേയും കഥയ്ക്കൊപ്പം ഒരു ഗ്യാങ്സ്റ്റർ കടന്നു വരുന്നുണ്ട്, ഇത്തവണ ആ വേഷമാണ് സഞ്ജയ് ദത്തിന് ലഭിച്ചിരിക്കുന്നത്. ഉദയ് പ്രതാപ് സിംഗ് എന്നാണ് സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിന്റെ പേര്.

    കഥാസംഗ്രഹം :

    കഥാസംഗ്രഹം :

    തന്റെ രണ്ടാം ഭാര്യയുടെ കാമുകനെ കൊന്ന കേസിൽ ജയിലിലായിരുന്ന ആദിത്യ പ്രതാപ് സിംഗ് ജാമ്യം നേടി തന്റെ കൊട്ടാരത്തിൽ തിരികെയെത്തി തന്റെ നഷ്ട്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാൻ ശ്രമിക്കുന്നു. ആദിത്യ പ്രതാപ് ജയിലിൽ നിന്നും തിരികെ എത്തുന്നതിന് മുൻപെ രണ്ടാം ഭാര്യ രഞ്ജനയെ (സോഹ അലി ഖാൻ) മാധവി ദേവി എന്ന ആദ്യ ഭാര്യ കൊല്ലാൻ ശ്രമിക്കുകയും അത് ആത്മഹത്യാശ്രമമായിരുന്നു എന്ന് വരുത്തി തീർക്കുകയും ചെയ്തിരുന്നു.

    ആ സംഭവത്തോടെ രഞ്ജന കോമ സ്റ്റേജിലാകുന്നു.തന്റെ മകളുടെ ഈ അവസ്ഥക്ക് കാരണം മരുമകൻ തന്നെയായതിനാൽ രഞ്ജനയുടെ പിതാവിന് ആദിത്യ പ്രതാപ് സിംഗിനെ വകവരുത്തണം എന്ന ചിന്തയുണ്ടാകുന്നു.

    കഥയിലെ ഗ്യാംങ്സ്റ്ററായി എത്തുന്ന ഉദയ് പ്രതാപ് സിംഗ് (സഞ്ജയ് ദത്ത് ) ലണ്ടനിൽ തനിക്ക് ആകെയറിയാവുന്ന ജീവൻ പണയം വച്ചുള്ള ഗെയിം കളിച്ച് നിറയെ പണം സമ്പാദിച്ച് വളരെ വലിയ ഒരു ക്ലബ്ബിന്റെ ഓണറായി മാറുന്നത് സിനിമയുടെ തുടക്കത്തിൽ തന്നെ കാണിക്കുന്നുണ്ട്.തന്റെതായൊരു സാമ്രാജ്യം കെട്ടിയുയർത്തി ഉദയ് മുന്നേറുമ്പോഴും അയാളുടെ വിവാഹ ജീവിതം വിജയമായിരുന്നില്ല. ഉത്തർ പ്രദേശിലെ ഒരു സാധാരണ നർത്തകിയായ സുഹാനിയുമായി (ചിത്രംഗദ സിംഗ്) പ്രണയത്തിലുമാണ് ഉദയ് പ്രതാപ് സിംഗ്.

    മാധവി ദേവിക്ക് അന്യ പുരുഷൻമാരുമാരുമായി ബന്ധമുണ്ടെന്ന കാരണത്താൽ വിവാഹബന്ധം വേർപെടുത്തണം എന്ന് ആദിത്യ പ്രതാപ് സിംഗ് നിശ്ചയിച്ചുറപ്പിച്ച ഘട്ടത്തിലാണ് മാധവി ദേവി ഗർഭിണിയാണെന്നറിയുന്നത്. അത് തന്റെ തന്നെ കുഞ്ഞാണെന്ന് അറിയുന്ന ആദിത്യ സിംഗ് തുടർന്നും മാധവി ദേവിക്കൊപ്പം ജീവിക്കാം എന്ന തീരുമാനമെടുക്കുന്നു.

    എന്നാൽ അപ്പോഴും മാധവി ദേവിയുടെ ലക്ഷ്യം മറ്റ് ചിലതാണ്.

    ആദിത്യ പ്രതാപ് സിംഗ് ജയിലിൽ കഴിഞ്ഞ കാലയളവിൽ അയാളെക്കാളും രാഷ്ട്രീയത്തിൽ ശക്തയായിക്കഴിഞ്ഞിരുന്നു മാധവി ദേവി.

    ലണ്ടൻ സന്ദർശിക്കവെ ക്ലബ്ബിൽ വച്ച് മാധവി ദേവി ഉദയ് സിംഗിനെ പരിചയപ്പെടുന്ന വേളയിൽ തന്നെ തന്റെ മുൻ കോപത്താൽ കുപ്രസിദ്ധനായ ഉദയ് സിംഗ് ഒരു ലണ്ടൻ പൗരനെ മാരകമായി അക്രമിക്കുകയും തുടർന്ന് അയാളെ അവിടുത്തെ ഗവൺമെന്റ് അയാളെ നാടുകടത്തുകയും ചെയ്യുന്നു. ഭാര്യ ആഗ്രഹിച്ചത് പോലെ വിവാഹമോചനത്തിന് അനുമതി നൽകിയ ശേഷം ഉദയ് സിംഗ് അങ്ങനെ ഇന്ത്യയിലേക്ക് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി.

    പാലസിനോട് ചേർന്ന് ഹോട്ടലും സ്വന്തമായുള്ള ഉദയ് സിംഗിന്റെ അച്ഛൻ മഹാരാജ ഹരി സിംഗ് (കബീർ ബേദി) ,ഇളയ സഹോദരൻ വിജയ് സിംഗ് (ദീപക് തിജോരി) എന്നിവർക്ക് പക്ഷെ ഉദയ് സിംഗിന്റെ വരവ് ഒട്ടും ഇഷ്ട്ടപ്പെടുന്നില്ല.

    സ്വത്തിലെ പങ്ക് നഷ്ട്ടമാകാതിരിക്കാൻ ഉദയ് സിംഗിനെ വകവരുത്താൻ ഹരി സിംഗും, വിജയ് സിംഗും തന്ത്രങ്ങൾ മെനയുന്ന അതേ സമയം ആദിത്യ പ്രതാപ് സിംഗിനെ തന്റെ വഴിയിൽ നിന്നും വെട്ടിമാറ്റാൻ ഭാര്യ മാധവി ദേവിയും തന്റെ കരുക്കൾ നീക്കുന്നു. ആദിത്യ പ്രതാപ് സിംഗിനെ ഇല്ലാതാക്കാൻ മാധവി ദേവി ഉദയ് സിംഗിനെയാണ് നിയോഗിക്കുന്നത്, അതിന് സപ്പോർട്ടായി രഞ്ജനയുടെ പിതാവുമുണ്ട്.

    പരസ്പരം നേരിട്ട് ഒരു പ്രശ്നവും, വൈരാഗ്യവും ഇല്ലാതിരുന്ന ആദിത്യ പ്രതാപ് സിംഗും,ഉദയ് പ്രതാപ് സിംഗും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യം മറ്റുള്ളവരാൽ സൃഷ്ട്ടിക്കപ്പെടുമ്പോൾ എന്തായിരിക്കും സംഭവിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

    മോശം തിരക്കഥയും,സംവിധാനവും:

    മോശം തിരക്കഥയും,സംവിധാനവും:

    മുൻ സീരീസുകൾ നൽകിയ വിശ്വാസമായിരുന്നു ‘സാഹെബ് ബീവി ഓർ ഗ്യാങ്സ്റ്റർ 3' എന്ന ചിത്രം കാണാൻ ഓരോ പ്രേക്ഷകരേയും പ്രേരിപ്പിച്ചത്.

    പക്ഷെ ആ വിശ്വാസം നിലനിർത്താൻ ചിത്രത്തിനായില്ല. ബോളിവുഡിൽ നിറയെ പരിചയസമ്പത്തുള്ള സീനിയർ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ കല്ലുകടിയാകുന്ന പ്രധാന ഘടകം കരുത്തില്ലാത്ത തിരക്കഥയാണ്. മെയിൻ പ്ലോട്ട് ഫിലിം സീരീസിന്റെ സ്വഭാവത്തിനനുസരിച്ചുള്ളതാണ് പക്ഷെ അത് അവതരിപ്പിക്കാൻ വേണ്ടി കൂട്ടിച്ചേർത്തിരിക്കുന്ന സബ് പ്ലോട്ട് വളരെ ദുർബ്ബലവും പ്രേക്ഷകരെ കുഴപ്പിക്കുന്നതുമായിരുന്നു.

    ഒന്നു രണ്ടെണ്ണം ഒഴിച്ച് ബാക്കി രംഗങ്ങളിൽ സംഭാഷണവും കാര്യമായി ഏശിയില്ല.

    പല ചിത്രങ്ങളിലും സാധരണ സംഭവിക്കുന്ന ഓരോ കാര്യങ്ങൾ പലപ്പോഴായി കൂട്ടിക്കുഴച്ചാണ് സംവിധായകൻ ചിത്രമെടുത്തിരിക്കുന്നത്. പുതുമയോ, അവതരണമികവോ, താരങ്ങളുടെ അഭിനയ പ്രകടനങ്ങളോ, ഗാനങ്ങളോ ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാൻ കഴിയുന്നില്ല.

    ഓർത്തെടുക്കാൻ പറ്റിയ ഒരു ഗാനം കൂടി ചിത്രത്തിൽ ഇല്ലായിരുന്നു എന്നത് സിനിമയെ വീണ്ടും പിന്നോട്ടടിക്കുകയും ചെയ്തു.

    ഉദയ് പ്രതാപ് സിംഗിന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ചതെന്തെന്നടക്കം കഥാപാത്രത്തിന്റെ വിശദാംശങ്ങൾ വളരെ കുറവാണ് സംവിധായകൻ നൽകിയത്. കൂടാതെ സുഹാനയുമായുള്ള യഥാർത്ഥമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രണയത്തിനും സ്ക്രീനിൽ വളരെ കുറച്ച് ഇടമെ നൽകിയിട്ടുള്ളു. സംവിധായകന്റെ ഇത്തരം തീരുമാനങ്ങൾ പ്രേക്ഷകരെ സിനിമയുടെ ഫ്ലോയ്ക്കൊപ്പം കൊണ്ടു പോകുന്നതിന് തടസ്സങ്ങൾ സൃഷ്ട്ടിക്കുകയാണ് ചെയ്തത്.

    സഞ്ജയ് ദത്തും മിന്നിയില്ല :

    സഞ്ജയ് ദത്തും മിന്നിയില്ല :

    മുഖ്യ വേഷത്തിൽ സഞ്ജയ് ദത്തിനെ അവരോധിച്ച് തന്റെ റിസ്ക്ക് കുറയ്ക്കുവാനുള്ള ശ്രമമായിരുന്നു സംവിധായകന്റെത് എന്ന് തോന്നുന്നു. പക്ഷെ പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നുവെങ്കിലും ചിത്രത്തിന്റെ മുഴുവൻ ഭാരവും ചുമലിലേറ്റാൻ ദത്ത് ശ്രമിച്ചിട്ടില്ല. ഇത്തവണ ദത്തിന്റെ ഗ്യാങ്സ്റ്ററായുള്ള അഭിനയം കണ്ടാൽ മനസ്സില്ലാ മനസ്സോടെ ചെയ്യുന്ന ഫീലിങ്ങാണ് ഉണ്ടാകുന്നത്.

    ഒരു പക്ഷെ സിനിമയുടെ ഗതി എന്താകുമെന്ന് ഏകദേശ ധാരണ കിട്ടിയതിനാലാകാം താരം അധികം ഉത്സാഹിക്കാതിരുന്നത്!

    സഞ്ജു ബാബയിൽ നിന്നും പ്രതീക്ഷിച്ചതിന്റെ ഒരു ചെറിയ അംശമെങ്കിലും ലഭിച്ചത് ക്ലൈമാക്സിലാണ്.

    റേറ്റിംഗ് : 5/10

    റേറ്റിംഗ് : 5/10

    പ്രതീക്ഷിച്ചപോലെ ഒന്നും സിനിമയിൽ നിന്നും ലഭിക്കാത്തതിൽ നിരാശയുണ്ടെങ്കിലും ഒരു പ്രാവശ്യം വേണമെങ്കിൽ കണ്ടിരിക്കാനാകുന്ന ചിത്രം എന്ന നിലയിൽ പത്തിൽ അഞ്ച് എന്ന റേറ്റിംഗ് ചിത്രത്തിന് നൽകുന്നു.

    ചിത്രത്തിലൂടെ സംവിധായകൻ പറഞ്ഞ കാര്യമെന്തെന്നത് സിനിമയിലെ ഒരു ഡയലോഗിലൂടെ തന്നെ ബോധ്യപ്പെടുത്താം (മലയാളത്തിൽ) :

    "പേരല്ലാതെ മറ്റൊന്നും ശേഷിക്കുന്നില്ലെങ്കിൽ, ആ പേര് കാത്ത് സൂക്ഷിച്ചു കൊണ്ട് മുന്നോട്ട് പോകണം."

    എന്തുതന്നെയായാലും പാർട്ട് - 4 ഉറപ്പ് :

    എന്തുതന്നെയായാലും പാർട്ട് - 4 ഉറപ്പ് :

    സിനിമയുടെ ടെയിൽ എൻഡ് സംവിധായകൻ ചേർത്തിരിക്കുന്നത് സീരീസിന്റെ നാലാം പതിപ്പിന്റെ തുടക്കം എന്ന് വിളിച്ചോതും വിധത്തിലാണ്.

    സംവിധായകനിൽ ഇനിയും വിശ്വാസമുള്ളതിനാൽ ഇത്തവണ സംഭവിച്ച തെറ്റ് കുറ്റങ്ങൾ പരിഹരിച്ച് മറ്റൊരു മികച്ച ചിത്രം ഭാവിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

    English summary
    saheb biwi aur gangster 3 bollywood movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X