For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെടിക്കെട്ടാണ് റേസ്-3.. സല്ലുഭായിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതൊക്കെ തന്നെ.. ശൈലന്റെ റിവ്യൂ

|

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ബോളിവുഡിലെ കിടിലന്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരുന്നു റേസ്. സിനിമയുടെ വിജയത്തിന് ശേഷം രണ്ടും മൂന്നും ഭാഗങ്ങള്‍ പുറത്തെത്തിരുന്നു. മൂന്നാം ഭാഗമായ റേസ് 3 കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. റേസ് കാറ്റഗറിയാണെന്ന് പറഞ്ഞാലും ആദ്യ രണ്ട് ഭാഗങ്ങളുമായി റേസ് 3 യുടെ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. സെയിഫ് അലി ഖാന്‍ അവതരിപ്പിച്ച നായക കഥാപാത്രം സല്‍മാന്‍ ഖാന്‍ ആണ് ചെയ്തിരിക്കുന്നത്.

അബ്ബാസ്-മസ്താന്‍ കൂട്ടുകെട്ടിലാണ് ആദ്യ രണ്ട് ഭാഗം പിറന്നതെങ്കില്‍ ഇത്തവണ റെമോ ഡിസൂസയായിരുന്നു സംവിധായകന്‍. അനില്‍ കപൂര്‍, ജാക്വലീന്‍ ഫെര്‍ണാണ്ടസ്, ബോബി ഡിയോല്‍, അമിത് സാദ്, ഡെയ്‌സി ഷാ, സാദിബ് സലീം, തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

പെരുന്നാൾ ബോക്സോഫീസെന്നാൽ ഇന്ത്യയിൽ സല്ലുഭായിയുടേതാണ്.. അതിൽ അപ്പീലിലില്ല. കൊല്ലങ്ങളായി തുടർന്നു വരുന്ന ഒരു ആചാരമാണത്.. അതിനോടടുപ്പിച്ചുള്ള ആഴ്ചകളിൽ പോലും ആരും ബോളിവുഡിൽ മേജർ റിലീസുകളൊന്നും വെക്കാൻ ആരും ധൈര്യപ്പെടാറില്ല.. ഇന്ത്യ മൊത്തത്തിൽ തന്നെയങ്ങാട്ട് ഭായി തൂത്തുവാരി പോകുന്നതാണ് പതിവ്. അതിനൊരു കോട്ടം പറ്റിയത് കഴിഞ്ഞ പെരുന്നാളിനിറങ്ങിയ ട്യൂബ് ലൈറ്റിനാണ്. നനഞ്ഞ പടക്കം പോലിരുന്ന ട്യൂബ് ലൈറ്റിന്റെ ചീറ്റലിൽ നിന്ന് പാഠം ഉൾക്കൊണ്ടാവും ഈ പെരുന്നാളിന് റേസ്-3 എന്നൊരു ബമ്പർ വെടിക്കെട്ടുമായിട്ടാണ് വമ്പൻ താരനിരയ്ക്കൊപ്പം സല്ലുഭായി ലോഞ്ച് ചെയ്തിരിക്കുന്നത്..

തിരക്കുകൾ കാരണം, ആദ്യത്തെ രണ്ടു ദിവസം റേസ്-3 കാണാൻ പോവാൻ സാധിച്ചിരുന്നില്ല. അതിനിടയിൽ നെഗറ്റീവ് റിവ്യൂകളും റിപ്പോർട്ടുകളും ആവോളം പടത്തിന് വന്നു കഴിഞ്ഞിരുന്നു. ദേശീയ മാധ്യമങ്ങൾ എല്ലാം തന്നെ റേസ്-3 ചവറാണെന്ന് പറഞ്ഞെഴുതി ഒന്നും ഒന്നരയും രണ്ടുമൊക്കെ റേറ്റിംഗ് നൽകി നിർവൃതിക്കൊണ്ടു. എഫ്ബിയിലെ ഇന്റലെക്ഷ്വൽ കീടങ്ങൾ, സോറി, കിടാങ്ങൾ ആണെങ്കിൽ പടം പ്രദർശിപ്പിക്കുന്ന തിയേറ്ററിനരികെ പോയാൽ പോലും ജീവിതം പാഴാകുമെന്ന മട്ടിലാണ് വിമർശനപടുത്വം പുറത്തെടുത്തത്.. ആകെ മൊത്തം ഡാർക്ക് മൂഡിലാണ് ടിക്കറ്റെടുത്തതെന്ന് സാരം..

അബ്ബാസ്-മസ്താൻ തയ്യാർ ചെയ്തിരുന്ന റെയ്സ് ഫ്രാഞ്ചൈസികളുടെ മൂന്നാം എപ്പിസോഡ് എന്ന രീതിയിൽ വരുന്ന ഈ റേസ് ത്രീയ്ക്ക് ആദ്യഭാഗങ്ങളുമായി കഥാപരമായ തുടർച്ചയൊന്നുമില്ല എന്ന് മാത്രവുമല്ല സംവിധാനം നിർവഹിച്ചിരിക്കുന്നത് റെമോ ഡിസൂസ ആണ് താനും.. തിരക്കഥാകൃത്ത് ആയ ഷിറാസ് അഹമ്മദും നിർമ്മാതാക്കളായ ടിപ്സും പിന്നെ അനിൽ കപൂറും ആണ് ആദ്യഭാഗങ്ങളിൽ നിന്നും ഈ മൂന്നാം ഭാഗത്തിനുള്ള കോമൺ ഫാക്റ്റേഴ്സ്.. അനിൽ കപൂറിന്റെ കഥാപാത്രം മാറിയിട്ടുണ്ട് എങ്കിലും പ്രഥമസ്ഥാനത്ത് തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.‌ നിർമ്മാതാക്കളുടെ പട്ടികയിൽ സല്ലുഭായിയുടെ സൽമാൻ ഖാൻ ഫിലിംസ് കൂടി പങ്കാളിയായി ഉണ്ടുതാനും..

അനിൽ കപൂർ ആണ് ഷംസീർ സിംഗ്. തലതെറിച്ച രണ്ട് (ഇരട്ട) മക്കൾ സൂരജും സഞ്ജനയും തൊട്ടതും പിടിച്ചുമൊക്കെ അടിച്ചു പൊളിച്ച് നെരപ്പാക്കിക്കൊണ്ട് പുള്ളിക്കൊപ്പമുണ്ട്. യാഷ് സിംഗ് എന്ന പേരിൽ ബോബി ഡിയോൾ ബോഡി ഗാർഡായി ഉണ്ട്. കോട്ടും സ്യൂട്ടുമൊക്കെയിട്ട ശരത് സക്സേന വെറ്റില ചെല്ലക്കാരനായുണ്ട്. അതിന് പുറമെയാണ് സിക്കന്തർ സിംഗ് എന്ന വളർത്തുപുത്രൻ അഥവാ ചേട്ടന്റെ മോൻ.. അതായത് നമ്മടെ സല്ലുഭായി.

ഇവരൊക്കെ ഇങ്ങനെ തലങ്ങും വെലങ്ങും ആഡംബര പൂർണമായി നടക്കുന്നതും ലംബോർഗിനി, ഫെറാറി തുടങ്ങി പേരറിയുന്നതും അല്ലാത്തതുമായ ലക്ഷ്വറിക്കാറുകളിൽ റേസ് ചെയ്യുന്നതും വിവിധയിനം ഗണ്ണുകളും മറ്റ് എക്സ്പ്ലോസീവ്സും ഉപയോഗിച്ച് പൊട്ടിച്ചു തള്ളുന്നതും ഹെലികോപ്റ്ററിൽ പറക്കുന്നതും വിദേശ രാജ്യങ്ങളിൽ മാറിമാറി ലാൻഡ് ചെയ്യുന്നതും അവിടെയും ഇപ്പരിപാടിയൊക്കെ ചെയ്തു കൂട്ടുന്നതുമാണ് സിനിമയിൽ മുഴുനീളത്തിൽ കാണുന്നത്.. സിക്കന്തർ ഭായിക്കാകട്ടെ ഹെലികോപ്റ്റർ കൂടാതെ തന്നെ പറന്ന് കൃത്യസ്ഥലത്ത് ലാൻഡ് ചെയ്യാൻ പറ്റിയ കുപ്പായങ്ങളൊക്കെ കയ്യിൽ സ്റ്റോക്കുണ്ട്.. ട്രീപ്പിൾ എക്സും ഫാസ്റ്റ് ആന്റ് ഫ്യൂറിയസും ഒക്കെ നേരത്തെ കണ്ടത് കയിച്ചിലായി.. അല്ലെങ്കിൽ ഈ പറക്കൽ കണ്ട് ആകെ എടങ്ങേറായി നെഗറ്റീവ് റിവ്യൂ എഴുതിപ്പോയേനെ

ഭായി ഇങ്ങനെ ഇൻട്രോ സീനിൽ തന്നെ പറന്നു വന്ന് ഇരട്ടസഹോദരങ്ങളെ ആപദ്ഘട്ടത്തിൽ രക്ഷപ്പെടുത്തുന്നതും കംബോഡിയയിലെ ക്യാംപിൽ ബന്ധനസ്ഥനാക്കിയിടത്തുനിന്ന് ആയിരക്കണക്കിന് വെടിക്കാരെ മറികടന്ന് ഒരു വെടിപോലും കൊള്ളാതെ ബൈക്കിൽ രക്ഷപ്പെടുന്നതും ജാക്വിലിൻ ഫെർണാണ്ടസ് ട്രക്കുമായി സർപ്രൈസിംഗ്ലി നിർണായക ഘട്ടത്തിൽ എത്തുന്നതും പിന്നെ രണ്ടാളും പറന്ന് കംബോഡിയയിൽ നിന്ന് (യേത്) ഒറ്റയടിക്ക് അൽഷിഫയിൽ എത്തുന്നതും ഒക്കെത്തന്നെയാണ് പടത്തിന്റെ രോമാഞ്ചങ്ങൾ. അതുകാണാൻ തന്നെയാണ് റേസ്-3 യ്ക്ക് ടിക്കറ്റ് എടുത്തത്. സല്ലുഭായിയുടെ പടത്തിന് കേറുമ്പോൾ പോത്തേട്ടൻ ബ്രില്ല്യൻസോ അടൂരേട്ടൻ എക്സലൻസോ സനൽകുമാർ ശശിധരേട്ടൻ സെക്സിനെസോ ഒന്നുമല്ലല്ലോ നമ്മൾ പ്രതീക്ഷിക്കുന്നത്. ബിഗ്ഗർ ദാൻ ലൈഫ് സൂപ്പർഹീറോ പരാക്രമങ്ങൾക്ക് ഇന്ന് ഇന്ത്യയിൽ ഭായിയെ വെല്ലാൻ ആരുമില്ല.. അത് വെടുപ്പായി വെടിച്ചില്ലായി എടുത്തുവച്ചിരിക്കയാണ് ഡിസിൽവ. മുത്താണ് ബ്രോ നിങ്ങ..

ഇടയിലെപ്പോഴോ പണ്ട് ജയൻ-ജോസ് പ്രകാശ്- ബാലൻ കെ നായർ പടങ്ങളിൽ കണ്ടിരുന്ന പോലെ അധോലോക കുടുംബത്തിലെ അന്തച്ഛിദ്രങ്ങളിലേക്ക് കഥ വഴി തിരിഞ്ഞു പോകുമോന്ന് പേടിച്ചു പോയെങ്കിലും ഒന്നുമുണ്ടായില്ല.. അതിനെയൊക്കെ വെട്ടുന്ന ട്വിസ്റ്റും ട്വിസ്റ്റിന്മേൽ ട്വിസ്റ്റുമാണ് പിന്നീട് വന്നത്.. പടം കഴിഞ്ഞുവന്ന് ബോക്സോഫീസ് ചാർട്ട് നോക്കുമ്പോൾ ആദ്യദിവസം 29.17കോടി കളക്റ്റ് ചെയ്തിരുന്ന പടം തുടർന്നുള്ള ദിവസങ്ങളിൽ അത് 38.14 , 39.16 എന്നിങ്ങനെയുള്ള കോടികളായി വർദ്ധിപ്പിച്ച് മൂന്നാം ദിനം 100സി ക്ലബ്ബിൽ എത്തിയിരിക്കുന്നു.. ഇതിങ്ങനെ ഇരുന്നൂറ്, മൂന്നൂറ് എന്നിങ്ങനെ കൂടിക്കൊണ്ടിരിക്കും. കാരണം ഇത് ടിപ്പിക്കൽ സല്ലുഭായ് ഷോ ആണ്.. ഒരൊന്നൊന്നര ഉൽസവം.. ഹോട്ടലാണെന്നു കരുതി ഫർണിച്ചർ ഷോപ്പിൽ കേറി വെയ്റ്റർ വന്നില്ലല്ലോ എന്ന് കരഞ്ഞു വിളിക്കുന്ന നിഷ്ക്കുകൾ ആ വഴിക്ക് പോവാതിരിക്കുക...

ചുരുക്കം: വഴിത്തിരിവുകളുടെ അതിപ്രസരത്തിനുവേണ്ടി മാത്രം ഒരുക്കിയ കഥയും കഥാപാത്രങ്ങളും ഉള്ള ഒരു പഴകിയ ചിത്രമാണ് റേസ്.

English summary
Salman Khan's Race 3 movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more