For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നാബെന്നിനും സണ്ണി വെയ്നിനും ഇടയിലുള്ള 'ഗർഭസ്ഥവില്ലൻ' (ഞെട്ടരുത് പ്ലീസ്)— ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Anna Ben, Sunny Wayne, Siddique
  Director: Jude Anthany Joseph

  അഞ്ചുദിവസത്തിനുള്ളിൽ ആമസോൺ പ്രൈം, ഡയറക്റ്റ് ഓടിടി പ്രീമിയർ നടത്തുന്ന രണ്ടാമത്തെ ഫ്രഷ് മലയാളം സിനിമയാണ് സാറാസ്. അന്നാ ബെൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന സാറാസ് , ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്തിരിക്കുന്നു . ജൂഡ് ആന്തണിയുടെ മുൻ സിനിമകൾ പോലെ തന്നെ ഫീമെയിൽ ഓറിയന്റഡ് സബ്ജക്റ്റ് ആണ് സാറാസിന്റേയും..

  Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam

  വെറുമൊരു നായികാ പ്രാധാന്യമുള്ള സിനിമ എന്നതിലുപരി , അധികമാരും പറയാൻ തയാറായിട്ടില്ലാത്ത സ്ത്രീപക്ഷ വിഷയത്തെ മുന്നോട്ട് എടുത്തുവെക്കാൻ ധൈര്യപ്പെടുന്നു എന്ന നിലയിൽ സാറാസ് പ്രസക്തമാണ്. മാതൃത്വത്തിന്റെ മഹത്വം മാത്രം ഇത്രനാളും പാടിപ്പുകഴ്ത്തിയ മലയാളം സ്‌ക്രീനിൽ മാതൃത്വം മാത്രമാണോ സ്ത്രീയാവുന്നതിന്റെ പരിപൂർണതയും സാഫല്യവും എന്ന് സാറയും സംവിധായകനും തിരികെ ചോദിക്കുകയാണ്. ഒപ്പം സ്ത്രീയുടെ ശരീരത്തിന്റെ അവകാശം , അവളെക്കാൾ ഉപരി മാറ്റർക്കുമില്ല എന്ന് സിനിമ അടിവര ഇടുകയും ചെയ്യുന്നു.

  സ്‌കൂൾ സ്‌പെഷ്യൽ ക്ളാസിലേക്ക് സൈക്കിൾ ചവുട്ടി വരുന്ന അന്നാബെന്നിലൂടെ ആണ് സാറയെ പ്രേക്ഷകനിലേക്ക് പരിചയപ്പെടുത്തുന്നത്. ആദ്യ സീനിന്റെ തുടർച്ചകളിൽ തന്നെ മാറിയ കാലത്തിന്റെ പെണ്കുട്ടിയെ സാറ മുഖംമൂടി മാറ്റി വെളിപ്പെടുത്തിത്തരുന്നു. സാധാരണഗതിയിൽ ഓവർസ്മാർട്ടായി അവതരിക്കപ്പെടുന്ന നായികാസിങ്കങ്ങളെയൊക്കെ ഒരു ഘട്ടം കഴിഞ്ഞാൽ സംവിധായകർ എയറിൽ കയറ്റുകയാണ് പതിവ്. എന്നാൽ സിനിമയിൽ ഉടനീളം കൺസിസ്റ്റൻസിയുള്ള ഒരു വ്യക്തിത്വമുണ്ട് സാറയ്ക്ക് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.

  ഒന്നാം ലോക്ക് ഡൌണ്‍ സമയത്ത് സിനിമയ്ക്കാവശ്യമായ കഥകൾ ക്ഷണിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിൽ കുറിച്ച പോസ്റ്റിന് മറുപടിയായി വന്ന നൂറോളം കഥകളിൽ നിന്നും ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത ഏഴ് കഥകളിൽ ഒന്നാണ് ഇത് എന്ന് ജൂഡ് ആന്തണി ജോസഫ് സാറാസ് തുടങ്ങുന്നതിന് മുൻപ് എഴുതിക്കാണിക്കുന്നുണ്ട്. അക്ഷയ് ഹരീഷ് ആണ് രചയിതാവ് . അമ്പരപ്പിക്കുന്ന വിധത്തിൽ ഉള്ള വൈവിധ്യമൊന്നും പ്ലോട്ടിനോ പരിചരണത്തിനോ ഇല്ല. പക്ഷെ, ഉറക്കെ ചിന്തിക്കേണ്ട കുറെയേറെ വിഷയങ്ങളെ ഡീസന്റായി മലയാളികൾക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കാൻ സ്ക്രിപ്റ്റിന് സാധിക്കുന്നുണ്ട്. തീർത്തും ഫീൽഗുഡ് ആയി ജൂഡ് അത് സ്‌ക്രീനിൽ പകർത്തുകയും ചെയ്തു.

  ബേബിമോൾ, ഹെലൻ പോൾ, ജെസിവർഗീസ് തുടങ്ങിയ ഇതുവരെയുള്ള അന്നാബെൻക്യാരക്റ്ററുകളുടെ ശ്രേണിയിൽ തന്നെയാണ് സാറാ വിൻസെൻറിന്റെയും സ്ഥാനം. പ്രകാശം പരത്തുന്ന പെണ്കുട്ടി. ശക്തമായ സ്ത്രീകഥാപാത്രം എന്നുപറയുമ്പോൾ മലയാളത്തിൽ ഇപ്പോൾ അന്നാ ബെൻ എന്നുകൂടി അർത്ഥമുണ്ട്. ആദ്യം സാറ എന്ന സ്‌കൂൾ സ്റ്റുഡന്റാവാനും പിന്നെ, അസിസ്റ്റന്റ് ഡയറക്റ്ററാവാനും കാമുകി ആവാനും ഭാര്യ ആവാനും ഗർഭിണി ആവാനും അന്നയ്ക്ക് ഫിസിക്കൽ അപ്പിയറൻസിൽ അധികം വച്ചുകെട്ടുകളൊന്നും വേണ്ടി വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

  ഓം ശാന്തി ഓശാനയിലൂടെ രഞ്ജി പണിക്കരെ നായികയുടെ പിതാവാക്കി തിരശീലയ്ക്ക് മുന്നിലേക്ക് കൊണ്ടു വന്ന് അദ്‌ഭുതം സൃഷ്ടിച്ച ആളാണ് ജൂഡ് ആന്തണി. ആ ഒറ്റപ്പടം കൊണ്ട് സ്റ്റാറായി മാറിയ പണിക്കർക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മറ്റൊരു പ്രശസ്ത തിരക്കഥാകൃത്ത് ആയ ബെന്നി പി നായരമ്പലത്തെ ആണ് ഇത്തവണ ജൂഡ് ആന്തണി നായികാപിതാവായി സ്‌ക്രീനിന്റെ മുന്നിലേക്ക് തള്ളിയിരുത്തുന്നത്. അദ്ദേഹം ഒട്ടും മോശമാക്കിയിട്ടില്ല. റിയൽ ലൈഫിലും അന്നയുടെ പിതാവ് തന്നെ ബെന്നി പി നായരമ്പലം എന്നതിനാൽ ആ കാസ്റ്റിങ് പ്രേക്ഷകനിൽ കൗതുകം സൃഷ്ടിക്കാനുമുതകുന്നു.

  നായകൻ ജീവൻ ഒരു ടിപ്പിക്കൽ സണ്ണിവെയ്ൻ ക്യാരക്റ്റർ തന്നെ. പ്രത്യേകിച്ച് പുതുതായി ചെയ്യാനൊന്നും സണ്ണിയ്ക്കില്ലെങ്കിലും, സിനിമയ്ക്ക് ഒരു എക്സ്ട്രാ ഉന്മേഷം ജീവനിലൂടെ കിട്ടുന്നുണ്ട്. മല്ലികാ സുകുമാരന്റെ അമ്മച്ചി ആണ് മറ്റൊരു പ്രധാന വേഷം. അപ്രതീക്ഷിതമായ കുറച്ച് ഗസ്റ്റ് അപ്പിയറൻസുകൾ തരുന്ന ആഹ്ലാദത്തെ അതാരൊക്കെ എവിടൊക്കെ എന്നൊന്നും പറഞ്ഞ് കെടുത്തുന്നില്ല. ഒതളങ്ങാതുരുത്തിലെ നത്തിനെ ഒരു ഭേദപ്പെട്ട അസിസ്റ്റന്റ് ഡയറക്ടർ റോളിൽ കണ്ടതിൽ സന്തോഷമുണ്ട്.

  ഓടിടി റിലീസ് ലക്ഷ്യമാക്കി പരിമിതമായ കോവിഡ് സാഹചര്യങ്ങളിൽ തയാറാക്കിയ സിനിമ എങ്കിലും സാങ്കേതികരംഗത്ത് അതിന്റെ പരാധീനതകൾ ഒന്നും ദൃശ്യമല്ല. ക്ളാസ്മേറ്റ്‌സും ചോക്ളേറ്റും പോലുള്ള ഹ്യൂജ് ഹിറ്റുകളുടെ നിർമ്മാണം നിർവഹിച്ച അനന്ത വിഷൻ ആണ് സാറാസിന്റെയും നിർമ്മാതാക്കൾ. നിമിഷ് രവി, റിയാസ് കെ ബദർ എന്നിവരാണ് ഛായാഗ്രഹണം, എഡിറ്റിങ് ഡിപ്പാർട്ട്‌മെന്റ്സിന്റെ മേധാവികൾ.. ഷാൻ റഹ്മാന്റെ പാട്ടുകൾ പലയിടത്തായി മുറിച്ച് വിന്യസിച്ചിരിക്കുന്നു. ഉണ്ടെങ്കിലും ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല എന്ന മട്ടിൽ നിരൂപദ്രവകരം.

  ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഒത്തിരി മലയാളസിനിമകൾ ഇപ്പോൾ റിലീസ് ചെയ്യപ്പെടുന്നുണ്ടെങ്കിലും വാല്വബിൾ ആയ ഉള്ളടക്കമുള്ള സിനിമ എന്ന നിലയിൽ സാറാസിനും ജൂഡിനും അഭിമാനിക്കാം. പ്രേക്ഷകനിൽ പോസിറ്റീവ് ആയ സ്വാധീനം ചെലുത്താൻ കെൽപ്പുള്ള സിനിമ എന്ന് അടിവര.

  Read more about: review റിവ്യൂ ott
  English summary
  Sara's Movie Malayalam Review: Anna Ben Starrer Movie Point Out Social Relevence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X