twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശിവകാര്‍ത്തികേയനും സൂരിയും മാത്രം, മാസ് മസാല കോമഡിയിലേക്ക് വരിഞ്ഞ് കെട്ടിയ സീമരാജ!

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    2.5/5
    Star Cast: Sivakarthikeyan, Samantha Akkineni,Soori
    Director: Ponram

    വേലൈക്കാരന്‍ എന്ന ഹിറ്റിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി ഒരു ചിത്രം തിയറ്ററിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷകളും വര്‍ദ്ധിക്കും. വരുത്തപ്പെടാത വാലിബ സംഘം, രജനിമുരുകന്‍ എന്നീ ഹിറ്റുകളൊരുക്കിയ പൊന്റം സംവിധാനം ചെയ്യുന്ന ചിത്രമാകുമ്പോള്‍ പ്രത്യേകിച്ച്. സാമന്തയും ശിവകാര്‍ത്തികേയനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പതിവ് ചേരുവകളും താരങ്ങളും കൃത്യമായി ഇണക്കി ചേര്‍ത്തിട്ടുണ്ട്.

    താര സമ്പുഷ്ടമായ സീമരാജ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത് കോമഡി, ആക്ഷന്‍, ഡ്രാമ എന്ന ജോണറിലാണ്. മുന്‍ ശിവകാര്‍ത്തികേയന്‍-പൊന്റം ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന് കൂടൂതല്‍ പ്രാധാന്യം ചിത്രത്തിന് നല്‍കിയിട്ടുണ്ട്. 30 മിനിറ്റോളം ഗ്രാഫിക്‌സും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുന്‍കാല ചിത്രങ്ങളുടെ പ്രതാപത്തില്‍ മയങ്ങി സീമരാജയ്ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല.

    കഥാസാരം

    കഥാസാരം

    പഴയ രാജകുടുംബാംഗമാണ് സീമരാജ എന്ന ശിവകാര്‍ത്തികേയന്റെ ടൈറ്റില്‍ കഥാപാത്രം. ജനാധിപത്യത്തിന്റെ പുതിയ കാലത്ത് രാജകുടുംബത്തിന് പ്രതാപമില്ല പേര് മാത്രമേയുള്ളു. എങ്കിലും രാജ എന്ന പട്ടം സീമരാജയ്ക്ക് ഒരു അലങ്കാരം തന്നെയാണ്. സീമരാജയും അച്ഛന്‍ ആര്യരാജയും ആ ഗ്രാമത്തിന് ഇന്നും വിശിഷ്ഠ വ്യക്തികള്‍ തന്നെയാണ്. സമ്പത്ത് കൊണ്ട് അരമനയില്‍ ആര്യരാജയ്ക്കും സീമരാജയ്ക്കും മേലെയാണെങ്കിലും രാജ എന്ന സ്ഥാനപ്പേര് തനിക്ക് ലഭിക്കാത്തതില്‍ അസൂയാലുവായ ലാല്‍ കഥാപാത്രം കാത്താടി കറുപ്പനാണ് ചിത്രത്തിലെ വില്ലന്‍. പ്രണയവും പാട്ടും പുട്ടിന് പീര പോലെ സംഘട്ടന രംഗങ്ങളും. പ്രണയിനിയെ സ്വന്തമാക്കാനുള്ള നായകന്റെ പരിശ്രമങ്ങള്‍ തന്നെയാണ് സീമരാജയും ആദ്യ പകുതിയില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചുതരുന്നത്.

    രണ്ടാം പകുതിയില്‍ സീമരാജയുടെ പരമ്പരയിലെ വില്ലാളി വീരനായ അവസാനത്തെ രാജാവായ കടമ്പവേല്‍ രാജയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ്. കടമ്പവേല്‍ രാജയുടെ രക്തം സിരകളിലോടുന്ന സീമരാജയിലേക്കും ആ പോരാട്ടവീര്യം പ്രവഹിക്കുകയാണ്. ഒടുവില്‍ ശത്രുവിനെ തോല്‍പിച്ച് നായികയെ സ്വന്തമാക്കുകയും നാടിനെ രക്ഷിക്കുകയും ചെയ്തുകൊണ്ട് തന്റെ രാജാവതാര ലക്ഷ്യം സീമരാജ നിറവേറ്റുന്നു. ചോര വീഴ്ത്തുന്ന അവതാര ധര്‍മ്മം നടപ്പാക്കാതെ ശത്രുവിന് മാപ്പ് നല്‍കുകയാണ് ഈ ക്ഷത്രീയ കുലജാതന്‍.

    ചുവടു മാറ്റി പൊന്റം

    ചുവടു മാറ്റി പൊന്റം

    പൊന്റം എന്ന പേര് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരിലേക്ക് ഓടിയെത്തുക വരുത്തപ്പെടാത വാലിബര്‍ സംഘവും രജനിമുരുകനുമാണ്. ഈ രണ്ട് ചിത്രങ്ങളിലും പൊന്റം മനോഹരമായി അവതരിപ്പിച്ച പ്രണയത്തിന്റെ ട്രാക്ക് സീമരാജയില്‍ കാമ്പില്ലാത്ത കെട്ടുകാഴ്ച മാത്രമാകുന്നുണ്ട്. എന്നാല്‍ മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന് അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും കാണാം. സൂരിയെ ഹാസ്യതാരത്തെ പരമാവധി ഉപയോഗപ്പെടുത്തി തിയറ്ററില്‍ ചിരിപടര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അത് വിജയം കാണുന്നുമുണ്ട്.

    കടമ്പവേല്‍ രാജ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഫ്‌ളാഷ് ബാക്ക് രംഗങ്ങള്‍ പൊന്റം എന്ന സംവിധായകന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നുണ്ട്. അത്രത്തോളം സാങ്കേതിക തികവോടെയും കൈയൊതുക്കത്തോടെയുമാണ് യുദ്ധ രംഗങ്ങള്‍ ഉള്‍പ്പെടുന്ന ആ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

    സൂരിയുടെ സിക്‌സ് പാക്കും സാമന്തയുടെ ചിലമ്പാട്ടവും

    സൂരിയുടെ സിക്‌സ് പാക്കും സാമന്തയുടെ ചിലമ്പാട്ടവും

    ചിത്രത്തില്‍ ആദിയോടന്തം നിറഞ്ഞാടിയ ശിവകാര്‍ത്തികേയനൊപ്പം എടുത്ത് പറയേണ്ട പ്രകടനങ്ങളും ചിത്രത്തിലുണ്ട്. അതില്‍ പ്രധാനം നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലും സിമ്രാനുമാണ്. മുമ്പും തമിഴ് ചിത്രങ്ങളില്‍ ലാല്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകള്‍ പ്രതിഫലിച്ച കഥാപാത്രം തന്നെയായിരുന്നു കാത്താടി കറുപ്പന്‍. കാത്താടി കറുപ്പന്റെ രണ്ടാം ഭാര്യയായ കാളീശ്വരി എന്ന കഥപാത്രമായി സിമ്രാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. നായകന് ചുറ്റും ആടിപ്പാടുന്ന നായികയാകാന്‍ മാത്രമല്ല വെല്ലുവിളിക്കുന്ന വില്ലത്തിയാകാനും തനിക്കു സാധിക്കുമെന്ന് സിമ്രാന്‍ തെളിയിച്ചു തരുന്നു.

    പ്രേക്ഷകരെ ആവോളം ചിരിപ്പിക്കുന്ന സൂരി ഇക്കുറി ഞെട്ടിച്ചത് സിക്‌സ് പാക്കുമായാണ്. നായകന്‍മാരിലും വില്ലന്മാരിലും മാത്രം സിക്‌സ് പാക്ക് കണ്ട് ശീലിച്ച പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സിക്‌സ് പാക്കില്‍ ഒരു ഹാസ്യതാരത്തെ ഇറക്കി ചിരിക്ക് ആക്കം കൂട്ടാന്‍ പൊന്റത്തിന് സാധിച്ചു. എട്ട് മാസത്തോളം കഷ്ടപ്പെട്ടാണ് സൂരി സിക്‌സ് പാക്ക് ശരീരം ഒരുക്കിയത്. സാമന്തയുടെ മികച്ച അഭിനയ മുഹൂര്‍ത്തിനൊപ്പം ചിലമ്പാട്ട പ്രകടനവും എടുത്ത് പറയേണ്ടതാണ്. സെല്‍വി എന്ന കഥാപാത്രത്തിനായി സാമന്ത ചിലമ്പാട്ടം പരിശീലിച്ചിരുന്നു. അതിഥി വേഷത്തിലെത്തിയ കീര്‍ത്തി സുരേഷും തന്റെ കഥാപാത്രത്തെ മനോഹരമാക്കി. ഇടവേളയ്ക്ക് ശേഷം നെപ്പോളിയന്‍ ആര്യരാജ എന്ന കഥപാത്രത്തിലൂടെ തമിഴകത്തേക്ക് തിരിച്ചുവരികയാണ്.

    സാങ്കേതിക നിലവാരം ശരാശരിക്കും മുകളില്‍

    സാങ്കേതിക നിലവാരം ശരാശരിക്കും മുകളില്‍

    തന്റെ മുന്‍ചിത്രങ്ങളായ വരിത്തപ്പെടാത വാലിബ സംഘം, രജനിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അതേ ടീം തന്നെയാണ് പൊന്റത്തിനൊപ്പമുള്ളത്. ക്യാമറാമാന്‍ ബാലസുബ്രഹ്മണ്യം, സംഗീത സംവിധായകന്‍ ഡി ഇമ്മന്‍, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍ എന്നിവര്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ മുന്‍ ചിത്രങ്ങളിലെ ആര്‍ട്ട് ഡയറക്ടര്‍ ജി ദുരൈരാജിന് പകരം റ്റി മുത്തുരാജിനെയാണ് സീമരാജയില്‍ പൊന്റം ഒപ്പം കൂട്ടിയിരിക്കുന്നത്. എഡിറ്റിംഗും ഛായാഗ്രഹണവും ചിത്രത്തോട് നീതി പുലര്‍ത്തിയപ്പോള്‍ പാട്ടുകള്‍ക്ക് മുന്‍കാല ചിത്രങ്ങളിലെ ഓളവും സ്വീകാര്യതയും നിലനിര്‍ത്താനായില്ല. അതേസമയം യുദ്ധ രംഗവും പുള്ളിപ്പുലിയുടെ രംഗങ്ങളും സാങ്കേതികമായി ഏറെ മികവ് പുലര്‍ത്തുന്നുണ്ട്.

    ആശിച്ച് നിരാശപ്പെടണ്ട

    ആശിച്ച് നിരാശപ്പെടണ്ട

    ഒന്ന് കണ്ടാസ്വദിക്കാന്‍ മാത്രം തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ സീമരാജ തൃപ്തിപ്പെടുത്തും. അതേസമയം മുന്‍ചിത്രങ്ങളുടെ ഹാങ്ഓവറില്‍ നിന്ന് മോചിതരാകാതെ തിയറ്ററിലേക്ക് എത്തുന്നവര്‍ നിരാശരാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പഴയകാല രാജ പാരമ്പര്യവും യുദ്ധവും ചേര്‍ത്തുകെട്ടിയ കഥയുടെ ഒഴുക്കിന് നിയതമായ ഒരു താളമില്ലാതെ പോകുന്നുണ്ട്. കോമഡിയും ആക്ഷനും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട് ഒരു പരിധിവരെ അത് പരിഹരിക്കുവാന്‍ പൊന്റം ശ്രമിക്കുന്നുണ്ട്.

    English summary
    seemaraja movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X