For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രമ്യ കൃഷ്ണൻ കിടുക്കി.. ബാക്കിയൊക്കെ കണക്കാ.. ശൈലന്റെ റിവ്യൂ!!

  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

  Rating:
  2.0/5
  Star Cast: Ramyakrishnan, Nagchaithanya, Anu Immanuel
  Director: Maruthi dassari

  നാഗ് ചൈതന്യയും അനു ഇമ്മാനുവേലും നായികാ നായകന്മാരാവുന്ന ശൈലജാറെഡ്ഡി അല്ലുഡു ഈയാഴ്ച തിയേറ്ററിലെത്തി. രമ്യ കൃഷ്ണൻ മറ്റൊരു പ്രധാനവേഷത്തിൽ വരുന്ന സിനിമയുടെ സംവിധാനം മാരുതി ദസ്സരി ആണ്. ശൈലൻ എഴുതിയ റിവ്യു തുടർന്ന് വായിക്കാം.

  ശിവകാമിദേവിയെ പോലെ കണ്ണിൽ തീ പറക്കുന്ന രമ്യ കൃഷണന്റെ പടം തെലുങ്ക് പോസ്റ്ററിൽ കണ്ടാണ് ശൈലജാറെഡ്ഡി അല്ലുഡു എന്ന സിനിമ ശ്രദ്ധിക്കുന്നത് ഗൂഗിളിൽ നോക്കിയപ്പോൾ ടൈറ്റിലിൽ പറയുന്ന ശൈലജാറെഡ്ഡി രമ്യ കൃഷ്ണൻ തന്നെയാണ്. പിന്നെ മറ്റൊന്നും നോക്കിയില്ല. ഇടം വലം നോക്കാതെ തിയേറ്ററിലെത്തി ടിക്കറ്റെടുത്ത് കേറി. അതിന് ശേഷമാണ്. നാഗചൈതന്യയും അനു ഇമ്മാനുവേലും ആണ് പടത്തിലെ നായികാ നായകർ എന്ന് നോക്കുന്നത് പോലും.

  ശൈലജാറെഡ്ഡി അല്ലുഡു എന്നു വച്ചാൽ ശൈലജാറെഡ്ഡിയുടെ മരുമകൻ എന്നാണർത്ഥം. അതുകൊണ്ടു തന്നെ ശൈലജാറെഡ്ഡിക്ക് ഒരു മകളും മരുമകനും അത്യാവശ്യമാണല്ലോ. പ്രസ്തുത റോളുകളിലാണ് അനുവും നാഗചൈതന്യയും. ഫസ്റ്റ് ഹാഫ് മുഴുവൻ പ്രണയവും ഡ്യുയറ്റും അനുബന്ധകാര്യക്രമങ്ങളും കാണിച്ച ശേഷം ഇന്റർവെൽ പഞ്ചുമായിട്ടുമാണ് അമ്മായിയമ്മയുടെ ഇൻട്രോ.

  പണക്കാരൻ മൊതലാളിയായ മുരളി ശർമ്മയുടെ മകൻ ആണ് നാഗചൈതന്യ. കഥാപാത്രത്തിന്റെ പേരും ചൈതന്യ എന്നുതന്നെ ചൈത്, ചൈ എന്നും വിളിക്കപ്പെടുന്നു. പംക്ച്വാലിറ്റിയിലൊക്കെ വല്യ നിഷ്കർഷയുള്ള അപ്പനെപ്പോലെയല്ല മഗാൻ. വീടിനടുത്ത് ഒരുദിവസം യാദൃച്ഛികമായി കണ്ടുമുട്ടുന്ന അനു ഇമ്മാനുവേലിൽ അവൻ ആകൃഷ്ടനാവുകയാണ്. നായികാ കഥാപാത്രത്തിന്റെ പേരും അനു എന്നു തന്നെ. അനു റെഡ്ഡി.

  സിനിമ ആയതുകൊണ്ടും രണ്ടുപേരും പണക്കാരായതുകൊണ്ടും ആഡംബരക്കാറുകളൊക്കെ ഉള്ളതുകൊണ്ടും ലൈൻ പെട്ടെന്ന് സെറ്റാവും. അനു ചിത്രകലാ വിദ്യാർത്ഥിയാണ് അതുമായി ബന്ധപ്പെട്ട കുറച്ചു വിറ്റുകളും നായകൻ കൂട്ടുകാരനായ വെണ്ണല കിഷോറിനെ ആദിവാസിയായി നായികയ്ക്കുവേണ്ടി മോഡൽ ചെയ്യിപ്പിന്നതുമൊക്കെയുണ്ട് . തിരുവനന്തപുരം ഏരീസിൽ നിന്നാണ് കണ്ടതെങ്കിലും ഹാളിൽ ബാക്കിയുണ്ടായിരുന്നവരിൽ തെലുങ്കന്മാരും ഉണ്ടായിരുന്നെന്ന് തോന്നുന്നു. ഇത്തരം രംഗങ്ങളിൽ നല്ലവണ്ണം പൊട്ടിച്ചിരികളും അടക്കിച്ചിരികളും ഉണ്ടായിരുന്നു.

  പ്രണയം പ്രാരംഭദശയിൽ നില്‍ക്കുമ്പോൾ തന്നെ നായിക അസാധ്യ ഈഗോയിസ്റ്റ് ആണെന്ന് നായകനും നമ്മൾക്കും മനസിലാവുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് പിന്നെ. മറ്റൊരു കൊടും ഈഗോയിസ്റ്റ് ആയ നായകന്റെ അപ്പൻ ബന്ധമറിഞ്ഞ് പിടിച്ചപിട്യാലെ മോതിരമാറ്റവും വിവാഹതീയതി പ്രഖ്യാപനവും നടത്തുന്നതോടെ കാര്യങ്ങൾ പിന്നെയും വഷളാവുന്നു. ഇതുവരെ കണ്ട ഈഗോയിസ്റ്റുകളൊന്നും ഒന്നുമല്ലായിരുന്നു, പിടിച്ചതും വലുത് മടയിലായിരുന്നു എന്നും പറഞ്ഞുകൊണ്ട് അപ്പോഴാണ് ശൈലജാറെഡ്ഡിയുടെ കടന്നുവരവ്

  വാറങ്കൽ ഡിസ്ട്രിക്റ്റിലെ പൊളിറ്റിക്കൽ ലീഡറായ ശൈലജാ റെഡ്ഡിയ്ക്ക് സൂപ്പർതാര തുല്യമായ ഇൻട്രോ ആണ് സിനിമ കൊടുത്തിരിക്കുന്നത്. നീലാംബരിയെയും ശിവകാമിയെയും ഉടലിലും ചലനങ്ങളിലും അവശേഷിപ്പിക്കുന്ന ശൈലജാ റെഡ്ഡിയായുള്ള രമ്യാ കൃഷ്ണന്റെ തീപാറുന്ന പെർഫോമൻസ് മാത്രമാണ് പടത്തിന്റെ ഏക ഹൈലൈറ്റ്. കൊടുവാളായ അമ്മായിയമ്മയും മരുമകനും തമ്മിലുള്ള രസകരമായ താൻ_പോരിമപ്പോരുകൾ വിഷയമാക്കി മാപ്പിളൈ, ഘരാനമൊഗുഡു, മന്നൻ, മിസ്റ്റർ മരുമകൻ, ലാഡ്ല, അനുരാഗ അരാലിത്തു തുടങ്ങി ഊട്ടനവധി സിനിമകൾ വിവിധ ഭാഷകളിൽ വന്നിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ ഏറ്റവും മോശമായ ഉള്ളടക്കവും പരിചരണവും ആണ് ശൈലജാറെഡ്ഡിയുടെ മരുമകന്റേത്. ശുദ്ധബോറ്.

  പത്തു കൊല്ലത്തോളമായി അഭിനയരംഗത്തുണ്ടെങ്കിലും നാഗചൈതന്യയ്ക്ക് താടിയും മീശയും കട്ടിയായി എന്നതൊഴിച്ച് കാര്യമായ പുരോഗതിയൊന്നും വന്നതായി കാണുന്നില്ല. നിവിൻ പോളിയെ ഒക്കെ വിമർശകർക്ക് പോലും അംഗീകരിക്കേണ്ടി വന്നത് പ്രേമത്തിന്റെ നാഗചൈതന്യാ വേർഷൻ കണ്ടപ്പോഴാണ്.. ഇതേപ്രായത്തിൽ അപ്പൻ നാഗാർജുന ശിവയിലൂടെയും ഗീതാഞ്ജലിയിലൂടെയുമൊക്കെയായി സൗത്തിന്ത്യ മുഴുവൻ ഫാൻബെയ്സ് നേടിക്കഴിഞ്ഞിരുന്നു എന്നതും ഓർക്കേണ്ടതാണ്. ശൈലജാ റെഡ്ഡിയുടെ അല്ലുഡു ആയിട്ടുള്ള റോൾ അത്ര മലമറിക്കുന്നതൊന്നുമല്ല. പുള്ളി അത് തട്ടിയൊപ്പിച്ച് മുന്നോട്ടു കൊണ്ടു പോവുന്നു. നായികയായ അനുവിനെ വച്ച് നോക്കുമ്പോൾ ചൈത് ഫാർ ബെറ്ററാണ് താനും. തീക്കൊള്ളി കൊണ്ട് കുത്തിയാൽ പോലും പ്രത്യേകിച്ചൊരു എക്സ്പ്രഷനും പുറത്തു വരാത്ത സ്റ്റിഫ്നസ് അനു പടത്തിലുടനീളം നിലനിർത്തിയിരിക്കുന്നു.

  ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. "ഖൽബിൽ തേനൊഴ്കണ കോയിക്കോട്" ഒക്കെ നൈസായി തെലുങ്കിലേക്ക് പറിച്ച്നട്ടിട്ടുണ്ട്. ഈഗോ അല്ലെങ്കിൽ അഹംബോധം വിവിധ മനുഷ്യരിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതിനെയാണ് മാരുതി ദസരി സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നത്. മറവിയെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ടായിരുന്നു പുള്ളിയുടെ ഇതിനു മുന്നത്തെ സിനിമയായ ബലേ ബലേ മഗാദിവോയ്. അതൊരു ഭേദപ്പെട്ട ഉദ്യമമായിരുന്നു. ഇത്തവണ വേണ്ടത്ര കലങ്ങിയില്ല എന്നുമാത്രം..

  മമ്മൂക്കയുടെ ക്ലാസിന് മാസ് കുറവാ​ണ്! തീവണ്ടിയ്ക്കും രണത്തിനുമൊപ്പം കുട്ടനാടന്‍ ബ്ലോഗിന്റെ മത്സരം!!!

  Read more about: anu emmanuel
  English summary
  Shylaja Reddy Alludu Movie Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X