For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: review റിവ്യൂ

  സുൽത്താൻ സംഭവബഹുലം, സ്പൈസി മസാല അൺ ലിമിറ്റഡ് — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Karthi, Rashmika Mandanna, Yogi Babu
  Director: Bakkiyaraj Kannan

  ആറ്റ്ലിയുടെ അസിസ്റ്റന്റ് ആയിരുന്ന ഭാഗ്യരാജ് കണ്ണൻ റെമോ എന്ന ശിവകാർത്തികേയൻ സിനിമയിലൂടെ ആണ് സ്വതന്ത്ര സംവിധായകൻ ആവുന്നത്. പക്ഷെ, കൊമേഴ്‌സ്യൽ സിനിമയിൽ ആ യുവാവിന്റെ ഏരിയ ഏതാണ് എന്ന് കാണിച്ച് തരുന്നു ഇന്ന് റിലീസായ 'സുൽത്താൻ'. കൊമേഴ്‌സ്യൽ മസാല എന്നുപറയുമ്പോൾ സുൽത്താൻ വെറും മാസ് മസാല അല്ല.. ക്രിസ്പി ആൻഡ് സ്പൈസി മസാല അൺ ലിമിറ്റഡ്.

  തമിഴിലും തെലുങ്കിലും ഇന്നുവരെ ഉണ്ടായിട്ടുള്ള കൊമേഴ്‌സ്യൽ മസാല സിനിമകളിലെ മാസ് എലമെന്റുകൾ എല്ലാം തന്നെ അടർത്തിയെടുത്ത്, അതിനെ ബ്ലെൻഡ് ചെയ്ത് പുതിയൊരു പരുവത്തിലാക്കി ടൈറ്റ് എൻഗേജ്ഡ് ആയി കഥ പറയുകയാണ് ഭാഗ്യരാജ് കണ്ണൻ. ചേരുവകൾ എല്ലാം ആവശ്യത്തിലധികമാണ്. എന്നാലോ അധികം മുഷിപ്പിക്കുന്നതോ മുഴച്ചുനിൽക്കുന്നതോ സ്പൂഫ് ക്ളീഷേ പരുവത്തിലുള്ളതോ ആയ ഭാഗങ്ങളെ ഫ്രഷ്നസ് തോന്നിപ്പിക്കും വിധത്തിൽ സ്ക്രീനിലെത്തിക്കാൻ ഇയാൾക്ക് കഴിയുന്നു.

  കാർത്തി ആണ് സുൽത്താൻ. ക്യാരക്റ്ററിന്റെ ഒറിജിനൽ പേര് വിക്രം എന്നാണെങ്കിലും അത് ആകെ ഒരിടത്തോ മറ്റോ മാത്രമേ പരാമർശിക്കുന്നുള്ളൂ. ഗർഭസ്ഥ ശിശുവായിരിക്കുന്ന സുൽത്താനിൽ സിനിമ ആരംഭിക്കുന്നു. കൗരവരെ പോലെ നൂറ് ഗുണ്ടകളുടെ അധിപതി ആയ ഗ്യാംഗ്സ്റ്റർ പിതാവിന്റെ(നെപ്പോളിയൻ) മകൻ ആയിട്ടാണ് സുൽത്താൻ പിറക്കുന്നത്. ഗുണ്ടകൾ എന്നുപറയുമ്പോൾ വെറും ഗ്യാംഗ് പോലെയല്ല, കൗരവരെ പോലെ സഹോദര തുല്യർ ആണും ഓരോരുത്തരും. അവരുടെ കൂട്ടത്തിലെ സേനാപതി ആണ് മൻസൂർ (ലാൽ).

  കാലം ചെല്ലുമ്പോൾ, അച്ഛൻ മരിക്കുന്നു, സുൽത്താൻ മുതിർന്നു കാർത്തി ആയി അവതരിക്കുന്നു. നൂറു ഗുണ്ടാ സഹോദരങ്ങളെ സംരക്ഷിക്കേണ്ടതും ഒപ്പം തന്നെ അവരെ മാന്യന്മാരാക്കി മാറ്റുന്നതിന്റെയും ചുമതല സുൽത്താനിൽ എത്തുന്നു. ഒപ്പം തന്നെ, അച്ഛൻ ലാസ്റ്റ് എടുത്ത ക്വട്ടേഷന്റെ ഭാഗമായി സേലത്തിനടുത്തുള്ള ഒരു ഗ്രാമത്തിനേയും അവിടത്തെ കർഷകരെയും രക്ഷിക്കണം. കർഷകർക്ക് അവരുടെ കൃഷിഭൂമി കോർപ്പറേറ്റ് അധിപനായ ബോളിവുഡ് നടനിൽ നിന്ന് രക്ഷിക്കണം. അങ്ങനെ പിടിപ്പത് പണി ആണ്..

  കേൾക്കുമ്പോൾ ചളിപ്പ് തോന്നി ഓക്കാനിക്കാൻ വരുന്നൊക്കെ ഉണ്ടാവും. എന്നിട്ടും ഞെരിപ്പ് ആയി ഈ അറുപഴഞ്ചൻ ഐറ്റത്തെ ത്രില്ലടിപ്പിക്കുന്ന വിധത്തിൽ ഒരു പാക്കേജ് ആക്കി എന്നതിൽ ആണ് ഭാഗ്യരാജ് കണ്ണന്റെ മിടുക്ക്. രാജമൗലിയുടെ ഛത്രപതിയും പ്രശാന്ത് നീലിന്റെ കെ ജി എഫും ഒക്കെ സംവിധായകനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കെജിഎഫ് ഗരുഡനേയും (രാമചന്ദ്രരാജു) ഖനിയിൽ അടി കൊള്ളുന്ന അന്ധവൃദ്ധനെയുമെല്ലാം അതേ പോലെ വേരോടെ പിഴുതെടുത്തു കൊണ്ടുവന്ന് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. ആവർത്തനവും അനുകരണവും ആണെങ്കിൽ പോലും ഇന്റർവെൽ ബ്ലോക്കിലൊക്കെ അഡ്രിനാലിൻ അടങ്ങിയിരിക്കാതെ തുള്ളിത്തിമിർക്കും. യുവാന്റെ ഹെവി സ്കോറിംഗും ഈ ഘട്ടത്തിൽ സ്തുത്യർഹം..

  കൗരവർ എന്നും കാട്ടാനകൾ എന്നും സിങ്കക്കൂട്ടം എന്നും തരാതരം പോലെ വിശേഷിപ്പിക്കുന്ന ഗുണ്ടാക്കൂട്ടങ്ങൾ ഒരു ഇൻസ്റ്റലേഷൻ നിറഞ്ഞു നിൽക്കുന്ന ഓരോ ഫ്രയിമുകളും ടോക്സിക്ക് മസ്കുലിനിറ്റിയുടെ തൃശ്ശൂർ പൂര മഹോൽസവം ആണ്. ടോക്സിസിറ്റിയെ സൗകര്യപൂർവ്വം മറന്ന് സീറ്റിൽ അമർന്നിരുന്നു പരമ്പരാഗത പ്രേക്ഷകനാവുക എന്നതാണ് ഇത്തരം സിനിമകൾ കാണുമ്പോൾ ആസ്വദിക്കാനുള്ള നല്ല മാർഗം.

  പൊതുവെ, അതിമാനുഷകഥാപാത്രങ്ങളെ ചെയ്യുമ്പോഴും മണ്ണിൽ ചവിട്ടി നിൽക്കാൻ ശ്രമിക്കുന്ന കാർത്തി ശിവകുമാർ സുൽത്താനിലും അങ്ങനെ ആവാൻ മാക്സിമം ശ്രമിക്കുന്നുണ്ട്. അഭിമന്യു, കൃഷ്ണൻ, കറുപ്പൻ, നൂറുതലൈ രാവണൻ എന്നൊക്കെ തക്കം പോലെ ഇതിഹാസ മാനങ്ങളുള്ള വിശേഷണങ്ങളും ഡെക്കറേഷനുകളും നൽകി, ആവശ്യമുള്ളിടത്തൊക്കെ സംവിധായകൻ സുൽത്താനെ അഴിച്ചുവിടുന്നുണ്ട് എന്ന് മാത്രം. അതിന്റെ ഗുണം പടം തീർച്ചയായും കൊയ്യും..

  നെപ്പോളിയൻ, ലാൽ,ഗരുഡൻ എന്നിവരിൽ തുടങ്ങുന്ന അനന്തമായ ഗ്യാംഗ്സ്റ്റർ നിര പടം തീരുമ്പോഴേക്കും പരിചിതരും ലവബിൾസും ആയി മാറുന്നുണ്ട്. പലരുടെയും പേര് വിക്കിയിൽ പോലും ഇല്ലല്ലോ എന്ന് സങ്കടം തോന്നും. വിജയ് ദേവരകൊണ്ട സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട രശ്മിക മന്ദാനയുടെ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വൃത്തിയുള്ള രൂപവും അഭിനയവും സുൽത്താനിൽ ഉണ്ട്. പാട്ടുകൾ അത്ര മതിപ്പുളവാക്കുന്നതായി തോന്നിയില്ല. വിവേക് മെർവിൻ ആണ് കമ്പോസർ.

  ഈയൊരു ടൈപ്പ് ആസ്വദിക്കാൻ കെൽപ്പില്ലാത്തവർ തിയേറ്റർ നിൽക്കുന്ന പരിസരത്ത്‌ കൂടി പോവാതിരിക്കുകയാവും ഭേദം. മുഴുവൻ സമയം ആസ്വദിച്ച് കണ്ടിട്ട് പോലും ഇറങ്ങുമ്പോൾ എനിക്ക് തലവേദന ഉണ്ടായിരുന്നു.. നേരത്തെ ഇന്റർവെൽ പഞ്ചിന് സ്തുതിച്ച യുവൻ ശങ്കരാജ ഒരു പരിധിവരെ അവസാനമാവുമ്പോഴേക്ക് ഈ തലവേദനക്ക് ഉത്തരവാദി ആവുന്നുണ്ട്.

  സാദാ പൊതുജനത്തിന്റെ ചോര ഊറ്റിക്കുടിക്കാൻ വരുന്ന കോർപ്പറേറ്റ് ഗോസായികളെ കഴിയുമെങ്കിൽ തല്ലിക്കൊന്ന് തീയിട്ട് ദഹിപ്പിക്കണമെന്നും കൃഷിയെയും കർഷകരെയും സ്നേഹിക്കാനും സംരക്ഷിക്കാനും ഏതറ്റം വരെയും പോവണമെന്നും ക്വട്ടേഷൻ പണി ചെയ്യുന്നവർ കര്ഷിക മേഖലയിലേക്ക് തിരിഞ്ഞ് സമാധാനപൂർണമായി ജീവിക്കണം എന്നുമൊക്കെയുള്ള മികച്ച സന്ദേശങ്ങൾ ആണ് കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ സുൽത്താനിൽ നിന്നും കിട്ടുന്നത്. ഇത് ജനങ്ങളെ സ്വാധീനിക്കുമെങ്കിൽ വളരെ നല്ലത്.

  ഒരു കാര്യം ഏതായാലും ഉറപ്പാണ്, അടുത്ത സിനിമ ചെയ്യാൻ വിജയ് വിളിച്ച് ഏതായാലും ഭാഗ്യരാജ് കണ്ണന് ഡേറ്റ് കൊടുക്കും. കണ്ണന്റെ കുറച്ചുകൂടി കൂടിയ വിശ്വരൂപം അന്ന് കാണാം.

  English summary
  Sultan Tamil Movie review: Karthi, Rashmika Mandana Starrer is a Mass Entertainer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X