For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നവ രസ'ങ്ങളുണ്ടായിരുന്നിട്ടും ഒട്ടും രസിപ്പിക്കാനാകാതെ 'നവരസ'

  |

  Rating:
  2.0/5
  Star Cast: Suriya, Parvathy Thiruvothu, Siddharth
  Director: Priyadarshan

  സമീപകാലത്ത് ട്രെന്റായി മാറിയ ഒന്നാണ് ആന്തോളജി ചിത്രങ്ങള്‍. ഈ ലോക്ക്ഡൗണ്‍ സമയത്തു മാത്രം ഇറങ്ങിയ ആന്തോളജി ചിത്രങ്ങള്‍ ഒരുപാടുണ്ട്. മാസത്തിലൊന്ന് എന്ന വണ്ണം നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമുമൊക്കെ ആന്തോളജി ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നു. പെട്ടെന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാം എന്നതും വലിയ താരങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരാമെന്നതുമൊക്കെയാണ് മാര്‍ക്കറ്റ് ആന്തോളജി ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണം.

  ഇവിടെ എന്തും പോകും! കിടിലന്‍ വേഷപ്പകര്‍ച്ചയില് ലെന, ചിത്രങ്ങള്‍

  അതേസമയം പ്രേക്ഷകരെ സംബന്ധിച്ച് ഒന്നിലധികം കഥകള്‍ ഒരു സിനിമ കാണുന്ന സമയത്തിനുള്ളില്‍ കാണാം, മറ്റൊരു സാഹചര്യത്തില്‍ ഒരുപക്ഷെ കാണാന്‍ സാധ്യമാകാത്ത തരത്തിലുള്ള താരസംഘമത്തിന് സാക്ഷ്യം വഹിക്കാം എന്നതൊക്കെയാണ് ആന്തോളജികള്‍ നല്‍കുന്ന പ്രതീക്ഷകള്‍. എന്നാല്‍ സമീപകാലത്തിറങ്ങിയ ആന്തോളജി ചിത്രങ്ങളില്‍ എത്രയെണ്ണം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയെന്ന് ചോദിച്ചാല്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ.

  പലപ്പോഴും നാലോ അഞ്ചോ അതിലധികമോ കൊച്ചു സിനിമകളായിരിക്കും ഒരു ആന്തോളജിയിലുണ്ടാവുക. മിക്കപ്പോഴും ഇതില്‍ മിക്ക സിനിമകളും കാര്യമായ ഇംപാക്ട് ഉണ്ടാക്കാതെ പോകുമ്പോള്‍ ചിലത് കാഴ്ചക്കാരുമായി കണക്ട് ചെയ്യും. ഇങ്ങനെ രക്ഷപ്പെട്ടു പോന്ന പല ആന്തോളജികളും ഉണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ തന്നെ അജീബ് ദാസ്താനിലെ ഗീലി പുച്ചിയുടെ ഇംപാക്ട് പോലെ.

  ആന്തോളജികളുടെ കുത്തൊഴുക്കിലേക്ക് പുതിയൊന്നു കൂടി എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ നവരസ. മണിരത്‌നവും ജയേന്ദ്ര പഞ്ചപകേസനും ചര്‍ന്ന് അവതരിപ്പിക്കുന്ന നവരസ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒമ്പത് ഹ്രസ്വ ചിത്രങ്ങളുള്ള, ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജിയാണ്. വന്‍ താരനിരയാണ് നവരസയുടെ ക്യാമറയുടെ മുന്നിലും പിന്നിലുമായി അണിനിരക്കുന്നത്.

  പ്രിയദര്‍ശന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്‍, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, അരവിന്ദ് സ്വാമി, രതീന്ദ്രന്‍ ആര്‍ പ്രസാദ്, സര്‍ജുന്‍ കെഎം, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ക്യാമറയ്ക്ക് പിന്നില്‍. വിജയ് സേതുപതി, രേവതി, യോഗി ബാബു, മണിക്കുട്ടന്‍, നെടുമുടി വേണു, രമ്യ നമ്പീശന്‍, അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ്, പാര്‍വതി, അതിഥി ബാലന്‍, സൂര്യ, പ്രയാഗ മാര്‍ട്ടിന്‍, അഞ്ജലി, അഥര്‍വ തുടങ്ങിയ താര നിര ക്യാമറയുടെ മുന്നിലും. ഏതൊരു സിനിമാ മോഹിക്കും നവരസ കാണാന്‍ ഈ പേരുകള്‍ മാത്രം ധാരളമാണ്.

  എന്നാല്‍ നേരത്തെ പറഞ്ഞ, ആന്തോളജികളുടെ പൊതു സ്വാഭാവം തന്നെയാണ് നവരസയ്ക്കും സംഭവിക്കുന്നത്. പേരില്‍ ഒമ്പത് രസങ്ങളുണ്ടെങ്കില്‍ പോലും കാര്യമായ, ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ഇംപാക്ട് സൃഷ്ടിക്കുന്ന രസമൊന്നും നല്‍കാന്‍ നവരസയ്ക്ക് സാധിക്കുന്നില്ല. ചില ചിത്രങ്ങള്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ മിക്കതും കണ്ടിരിക്കാം എന്നതിനപ്പുറത്തേക്ക് വളരുന്നതേയില്ല.

  ബിജോയ് നമ്പ്യാരുടെ എതിരിയാണ് ആദ്യത്തെ ചിത്രം. കരുണയെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും രേവതിയും പ്രധാന വേഷങ്ങളിലെത്തുന്നു. നല്ല പ്രീമൈസോടെ ആരംഭിച്ച ചിത്രം പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ പാതി വെന്ത അനുഭവം മാത്രമാകുന്നു. ഒപ്പം ചിത്രം അവസാനിക്കുന്നത്, പുരുഷന്മാര്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഒരു സ്ത്രീയില്‍ ചാര്‍ത്തി നല്‍കി കൊണ്ടാണ്. സേതുപതിയും രേവതിയും നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിലും ക്യാരക്ടര്‍ ഡെവലപ്പ്‌മെന്റിലും ഡീറ്റെയ്‌ലിംഗിലുമെല്ലാം എതിരി പിന്നോട്ട് പോകുന്നു.

  പ്രിയദര്‍ശന്റെ സമ്മര്‍ ഓഫ് 92 ആണ് രണ്ടാമത്തെ ചിത്രം. രസം: ഹാസ്യ. കോമഡി ചിത്രങ്ങള്‍ക്ക് പേരുകേട്ട പ്രിയദര്‍ശന്റെ ചിത്രം യാതൊരു തമാശയും നല്‍കുന്നില്ലെന്നതാണ് വാസ്തവം. ഇപ്പോഴും തമാശയെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പം ബോഡി ഷെയ്മിംഗിലും വരേണ്യ-ജാതി ബോധ്യത്തിലും തന്നെ നിന്നു കറങ്ങുകയാണെന്ന് പ്രിയദര്‍ശന്‍ തോന്നിപ്പിക്കുന്നു. നെടുമുടിയെ പോലുള്ള അസാധ്യ നടനെ ഒട്ടും ഉപയോഗിക്കാതെ പോയ ചിത്രം.

  ആദ്യത്തെ രണ്ട് സിനിമകളുടെ ക്ഷീണം മാറ്റുന്നതാണ് കാര്‍ത്തിക് നരേന്‍ എന്ന യുവ സംവിധായകന്റെ പ്രൊജക്ട് അഗ്നി. രസം അത്ഭുത ആണ്. അരവിന്ദ് സ്വാമിയും പ്രസന്നയും പ്രഥാന വേഷത്തിലെത്തുന്ന ചിത്രം സയന്‍സ് ഫിക്ഷനാണ്. കൂട്ടത്തില്‍ ഏറ്റവും വ്യത്യസ്തവും അതേസമയം ബിസാര്‍ എന്ന് തോന്നുന്നതുമായൊരു ആശയത്തെ ആദ്യാവസാനം ആകാംഷ നിലനിര്‍ത്തിക്കൊണ്ട് അവതരിപ്പിക്കാന്‍ കാര്‍ത്തിക് നരേന് സാധിച്ചിട്ടുണ്ട്. കഥാപാത്ര സൃഷ്ടിയില്‍ അപാകതകള്‍ നിലനില്‍ക്കുമ്പോഴും അതിലേക്കൊന്നും അധികം ശ്രദ്ധ പോകാതെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്നുണ്ട്.

  വസന്തിന്റെ പായസമാണ് നാലാമത്തെ ചിത്രം. ഭീഭത്സ ആണ് രസം. അതിഥി ബാലനും ഡല്‍ഹി ഗണേശും രോഹിണിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റേതും നല്ലൊരു പ്രീമൈസായിരുന്നു. ബ്രാഹ്‌മണ കുടുംബത്തിലെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന കഥ പറഞ്ഞ ചിത്രത്തിന് ജാതി, അസൂയ, വിധവയുടെ ജീവിതം, പുനര്‍വിവാഹം തുടങ്ങി ഒരുപാട് വിഷയങ്ങള്‍ അവതിരിപ്പിക്കാനുള്ള സാധ്യയതയുണ്ടായിരുന്നു. എന്നാല്‍ അ്തിനൊന്നും ശ്രമിക്കാതെ അസൂയയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പായസം തട്ടിമറിക്കുകയാണ് ഈ ചിത്രം.

  പീസ് എന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം ശാന്തം എന്ന രസത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഒരിക്കല്‍ കൂടി കാര്‍ത്തിക് സുബ്ബരാജ് ശ്രീലങ്കന്‍ തമിഴ് ജനതയുടെ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് പീസിലുടെ. പ്രെഡിക്റ്റബിളായൊരു കഥ, വളരെ ലിമിറ്റഡായൊരു പശ്ചാത്തലത്തില്‍ അവതരിപ്പിക്കുമ്പോഴും സമാധാനം എന്ന ആശയത്തെക്കുറിച്ചൊരു ചിന്ത ഉണര്‍ത്താന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടുണ്ട്. ബോബി സിന്‍ഹയുടെ പ്രകടനവും സട്ടിലായൊരു അനുഭവമാണ്.

  ഒമ്പത് ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധയാമായ ചിത്രം ആറാമത്തെ ഹ്രസ്വ ചിത്രമായ രൗദ്രം ആണ്. അരവിന്ദ് സ്വാമിയുടെ സംവിധാന അരങ്ങേറ്റം. രൗദ്രം എന്ന രസത്തെ അടിസ്ഥാനപ്പെടുത്തിയ ചിത്രം. വലിയ താരങ്ങളില്ലാതെ അവതരിപ്പിക്കപ്പെടുന്ന സിനിമ മേക്കിംഗിലും അവതരണത്തിലും പ്രകടനത്തിലുമെല്ലാം മറ്റുള്ളവയേക്കാള്‍ മികച്ചു നില്‍ക്കുന്നു. അതേസമയം ചിത്രത്തിന്റെ ക്ലൈമാക്‌സ് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. എങ്കിലും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ അരവിന്ദ് സ്വാമിയ്ക്ക് സാധിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രകടനവും കൈയ്യടി അര്‍ഹിക്കുന്നതാണ്.

  ഇന്‍മയാണ് ഏഴാമത്തെ ചിത്രം. രതീന്ദ്രന്‍ ആര്‍ പ്രസാദ് സംവിധാനം ചെയ്ത ചിത്രം ഭയാനകം എന്ന രസത്തെയാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. പാര്‍വതി തിരുവോത്തും സിദ്ധാര്‍ത്ഥും പ്രധാന കഥാപാത്രങ്ങളാകുന്നു. ജിന്ന് എന്ന ആശയത്തെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമം കൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടും രസകരമാകുന്നുണ്ട് ഇന്‍മ. എന്നാല്‍ പാര്‍വതിയുടെ ഫ്‌ളാഷ് ബാക്ക് രംഗങ്ങള്‍ക്കായി യാതൊരു തരത്തിലുള്ള രൂപസാദൃശ്യവുമില്ലാത്തൊരു നടി കൊണ്ടു വന്നതിന് പിന്നിലെ യുക്തി മനസിലാകുന്നില്ല.

  തുനിന്ത പിന്‍ ആണ് എട്ടാമത്തെ ചിത്രം. ഇത്തവണ രസം വീരം ആണ്. നക്‌സലൈറ്റ് ഏരിയയിലേക്ക് ജോലിക്കെത്തുന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. അഥര്‍വയും അഞ്ജലിയും കിഷോറും പ്രധാന വേഷങ്ങളിലെത്തുന്നു. കിഷോറിന്റെ പ്രകടനം സട്ടിലായിരുന്നുവെങ്കില്‍ അഥര്‍വയുടെ പ്രകടനം ചിത്രത്തിലുടനീളം സ്ഥിരത പുലര്‍ത്താത്തതാണ്. അതോടൊപ്പം ചിത്രം പറഞ്ഞുവെക്കുന്ന രാഷ്ട്രീയം പൈങ്കിളി നിലവാരത്തില്‍ നിന്നും ഉയരാതെ പോകുന്നു.

  Navarasa Official Trailer Reaction | Mani Ratnam | | FilmiBeat Malayalam

  ഒമ്പതാമത്തേയും അവസാനത്തേയും സിനിമയാണ് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഗിത്താര്‍ കമ്പി മേലെ നിന്‍ട്രു. ശ്രിങ്കാരമാണ് രസം. അവസാനത്തെ ചിത്രമാണ് ആന്തോളജിയിലെ ഏറ്റവും മോശമായി ചിത്രീകരിക്കുകയും അഭിനയിക്കുകയും അവതരിപ്പിക്കുകയും ചെയ്ത സിനിമ. തന്റെ പഴകിതേഞ്ഞ പ്രണയ സങ്കല്‍പ്പത്തെ വീണ്ടും പുതിയ കളര്‍ടോളില്‍ അവതരിപ്പിക്കാനുള്ള ജിവിഎമ്മിന്റെ വിഫല ശ്രമം. സൂര്യ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിലും കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അവസരാന്വേഷിയായൊരു സംഗീത സംവിധായകനായി സൂര്യയെ കാണാന്‍ സാധിക്കുന്നില്ല. പ്രയാഗയുടെ നാടകീയമായ പ്രകടനം കഥാപാത്രം കാഴ്ചക്കാരില്‍ സൃഷ്ടിക്കേണ്ട ഇംപ്ക്ടീന്റെ നേരെ വിപരീതമായ ഇംപാക്ടാണ് സൃഷ്ടിക്കുന്നത്.

  Also Read: ജനന സർട്ടിഫിക്കറ്റിൽ നമിതയ്ക്ക് പകരം മമിതയായി, പേരിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി നടി

  മൊത്തത്തില്‍ നോക്കുമ്പോള്‍ ഒമ്പത് രസങ്ങളുണ്ടായിരുന്നിട്ടും കാര്യമായി രസിപ്പിക്കാനാകാതെ പോവുകയാണ് നവരസ എന്ന ആന്തോളജി. നവരസങ്ങളില്‍ കൂടുതലും രസംകൊല്ലികളാണെന്നതാണ് വസ്തുത. നല്ലൊരു ആന്തോളജിക്കായുള്ള കാത്തിരിപ്പ് തുടരുന്നു.

  English summary
  Suriya Siddharth And Parvathy Starrer Netflix Anthology Navarasa Review In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X