For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേ വീണ്ടും പ്ലസ് ടു... (തണ്ണീർമത്തന് പക്ഷെ തണുപ്പുണ്ട്, മധുരവും) — ശൈലന്റെ റിവ്യു

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
3.0/5
Star Cast: Vineeth Sreenivasan, Mathew Thomas, Irshad
Director: Girish A.D

പ്ലസ് ടു സ്‌കൂളുകളും വിദ്യാര്ഥികളുമാണ് കുറച്ച് നാളായി മലയാള സിനിമയുടെ ഒരു പ്രധാന വേട്ടമൃഗം.. തമിഴിലും തെലുങ്കിലും വർഷങ്ങൾക്ക് മുൻപ് തന്നെ വന്നുകഴിഞ്ഞ പ്ലസ് ടു ട്രെൻഡ് ഈ കൊല്ലമാണ് മലയാളത്തിലേക്ക് കത്തിപ്പിടിച്ചിരിക്കുന്നത്. തിയേറ്ററിൽ എത്തുന്ന ഭൂരിപക്ഷപ്രേക്ഷകരുടെ പ്രായവും ടേസ്റ്റും എന്താണെന്ന കൃത്യമായ തിരിച്ചറിവിൽ നിന്നുണ്ടായതായിരിക്കാം ഈ മാറ്റം. കണ്ടുമടുത്ത മുഖങ്ങളിൽ നിന്നൊരു ആശ്വാസം എന്ന നിലയിൽ എന്തെങ്കിലുമൊക്കെ പുതുമ സമ്മാനിക്കാൻ പ്ലസ് ടു ട്രെന്റിനാവും എന്നതിന് ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഒരു നല്ല ഉദാഹരണമാണ്.

ഗോതുരുത്ത് സെന്റ് സെബാസ്റ്റിൻ ഹയർ സെക്കണ്ടറി സ്‌കൂളിലെ ജെയ്സന്റെയും കൂട്ടുകാരുടെയും പ്ലസ് വൺ, പ്ലസ് ടു ദിനങ്ങളാണ് തണ്ണീർമത്തൻ ദിനങ്ങളായി പുതുസംവിധായകൻ ഗിരീഷ് എ ഡി സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്. ഗിരീഷിന്റെ കൂടെ ഡിനോയ്‌ പൗലോസ് കൂടി ചേർന്ന് തയ്യാറാക്കിയിരിക്കുന്ന സ്ക്രിപ്റ്റ് സംഭവബഹുലമോ അപ്രതീക്ഷിതമായ ട്വിസ്റ്റുകളാൽ സമ്പന്നമോ ഒന്നുമല്ല. പക്ഷെ, ലൈവാണ്. അതിനാൽതന്നെ കണ്ടു കൊണ്ടിരിക്കുമ്പോൾ ആസ്വാദ്യകരവുമാണ്.

ഗുണമോ ദോഷമോ ഒന്നും എടുത്ത് പറയാനില്ലാത്ത ഒരു ആവറേജ് സ്റ്റുഡന്റാണ് ജെയ്സൻ. എണ്പത് ശതമാനം കൗമാരക്കാരുടെയും ഒരു പ്രതിനിധി. അവന്റെ തീർത്തും സാധാരണമായ ഹയർസെക്കൻഡറി ജീവിതവും അതിനിടയിലെ വിസ്മയങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ പ്രണയവുമാണ് തണ്ണീർമത്തൻ ദിനങ്ങളുടെ പ്രമേയം. സിനിമയെ കുറിച്ച് മൊത്തത്തിൽ പറഞ്ഞാലും ജെയ്സണെ പോലെതന്നെയാണ്. തീർത്തും സാധാരണം.

ഒരുപക്ഷേ, അസംഭാവ്യതകളോ വഴിത്തിരിവുകളോ ഒരു ക്ളൈമാക്‌സ് പോലുമോ ഇല്ലാതെ ഒരുവിധം റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് സിനിമയുടെ ആസ്വാദ്യത. മാള, അന്നമനട, ഗോതുരുത്ത് നിവാസികൾക്ക് നന്ദി പറഞ്ഞ് തുടങ്ങുന്ന സിനിമ ആ പ്രദേശത്തുള്ള കൊളോക്കിയൽ ഭാഷയെ ഒരുവിധം എല്ലാ കഥാപാത്രങ്ങളും സംഭാഷണങ്ങളിൽ അതി മനോഹരമായി ഫോളോ ചെയ്യുന്നു. ഡയലോഗുകളിലെ താളാത്മകതയും യഥാതഥത്വവും അതിൽ നിന്നുളവാകുന്ന ലാളിതഹാസ്യവുമാണ് പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

കുമ്പളങ്ങി നൈറ്റ്‌സിൽ നെപ്പോളിയന്റെ ഇളയ മകനായി സൗബിനും ഭാസിയ്ക്കും ഷെയിനുമൊപ്പം തകർത്തുവാരിയ മാത്യു തോമസ് ഇവിടെയും ജെയിസ്നായി നൂറുശതമാനം സ്‌കോർ ചെയ്യുന്നു. റിയലിസ്റ്റിക്കാണ് ചുള്ളന്റെ പെര്ഫോമൻസും വർത്തമാനവും. ഭാവിയിലേക്കൊരു മികച്ച നായകനെന്ന് മാത്യുവിനെ ധൈര്യമായി വരച്ചിടാം.

ഉദാഹരണം സുജാതയിലും എവിടെയിലും കണ്ട സുന്ദരിക്കുട്ടി അനശ്വര ആണ് ജെയ്സന്റെ ജോഡിയായ കീർത്തി. അധികം ഗ്ലാമറൈസ് ചെയ്യാനൊന്നും നിൽക്കാതെ ഒരു സാദാ പ്ലസ് ടു വിദ്യാർത്ഥിനിയായിതന്നെ സിനിമ കീർത്തിയെ അവതരിപ്പിക്കുന്നു. മാത്യുവും അനശ്വരയും കഴിഞ്ഞാൽ പിന്നെ വിനീത് ശ്രീനിവാസൻ, ഇർഷാദ്, ശബരീഷ് വർമ്മ, നിഷാ സാരംഗ് എന്നിവർ മാത്രമാണ് തണ്ണീർമത്തനിലെ മുഖപരിചയമുള്ളവർ. വിനീത് അധ്യാപകനാണ്. ഇർഷാദ് പ്രിൻസിപ്പാൾ. ശബരീഷ് മാത്യുവിന്റെ ചേട്ടൻ. നിഷാ സാരംഗ് നായികയുടെ അമ്മ. ഇവർക്കൊപ്പമോ അതിലപ്പുറമോ എടുത്തുപറയേണ്ടത് പടത്തിലെ 99 ശതമാനം വരുന്ന പുതുമുഖങ്ങളെയാണ്. എല്ലാരും കിടു.

ഛായാഗ്രഹണകലയിലെ പുലിക്കുട്ടികൾ ജോമോൻ ടി ജോണും വിനോദ് ഇല്ലംപള്ളിയും തണ്ണീർമത്തൻ ദിനങ്ങളുടെ മേക്കിംഗ് ഗംഭീരമാക്കുന്നതിൽ ഗിരീഷ് എ ഡിയെ വളരെയേറെ സഹായിക്കുന്നുണ്ട്. ജോമോൻ പടത്തിന്റെ നിര്മാതാക്കളിൽ ഒരാൾ കൂടിയാണ്. ജസ്റ്റിൻ വർഗീസാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. പാട്ടുകൾ കൊള്ളാം. പശ്ചാത്തല സംഗീതം ആവശ്യത്തിന് മാത്രേമേയുള്ളൂതാനും.

ഇന്ന് അഞ്ച് മലയാളം സിനിമകൾ റിലീസ് ചെയ്തതിൽ നമ്മുടെ നഗരത്തിൽ 6 സ്‌ക്രീൻ ഉണ്ടായിട്ടും തണ്ണീർ മത്തൻ മാത്രമേ ഷോ ഉള്ളൂ. വിതരണം സെൻട്രൽ പിക്ചേഴ്‌സ് ആയതിനാൽ ഒരു വലിയ പടത്തിന്റെ പരിഗണന സിനിമയ്ക്ക് കിട്ടുമെന്ന് മാനേജർ പറഞ്ഞു. അതിനും വേണം ഭാഗ്യം. നല്ല പടം ചെയ്തിട്ടും കാര്യമില്ല.

കുളിരും മധുരവുമുള്ള 136 മിനിറ്റ് തിയേറ്റർ അനുഭവം എന്ന് തണ്ണീർമത്തൻ ദിനങ്ങളെ മാർക്ക് ചെയ്തിടാം.. അതിൽ കുറവുമില്ല കൂടുതലുമില്ല... ഉള്ളിലേക്കുമില്ല പുറത്തേക്കുമില്ല..

Read more about: review റിവ്യൂ
English summary
Thanneermathan Dinangal movie review. Read in Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more