For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാഗത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന രണ്ടാം സീസണ്‍; ഞെട്ടിക്കുക സമാന്ത!

  |

  Rating:
  3.5/5
  Star Cast: Manoj Bajpayee, Samantha Akkineni, Priyamani
  Director: Krishna D.K, Raj Nidimoru

  രണ്ട് വര്‍ഷം മുമ്പാണ് ദ ഫാമിലി മാന്‍ ആദ്യ സീസണ്‍ ഇറങ്ങുന്നത്. ഇന്ത്യയും കേരളുവൊക്കെ ഒടിടിയിലേക്ക് ചുവടുമാറി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അന്ന്. പക്ഷെ മനോജ് വാജ്‌പേയിയേയും പ്രിയാമണിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി, ഷാരിബ് ഹാഷ്മി, നീരജ് മാധവ്, ശരദ് കേല്‍ക്കര്‍ തുടങ്ങിയവരെ സപ്പോര്‍ട്ടിംഗ് കഥാപാത്രങ്ങളാക്കി രാജും ഡികെയും ചേര്‍ന്നൊരുക്കിയ സീരീസ് വന്‍ സ്വീകാര്യതായായിരുന്നു നേടിയത്. ഒരു ഴോണറില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ സാധിക്കാത്ത സീരീസ് റിയലിസ്റ്റാക്കായ ആക്ഷനിലൂടേയും സിറ്റുവേഷണല്‍ കോമഡികളിലൂടേയും താരങ്ങളുടെ ഗംഭീര പ്രകടനങ്ങളിലൂടേയും ജനപ്രീയമായി മാറുകയായിരുന്നു.

  അതുകൊണ്ട് തന്നെ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഫാമിലി മാന്‍ സീസണ്‍ 2 എത്തുമ്പോള്‍ ക്രിയേറ്റര്‍മാര്‍ക്ക് മുന്നില്‍ വലിയൊരു വെല്ലുവിളി തന്നെയുണ്ടായിരുന്നു. ആദ്യ സീസണ്‍ കൈവരിച്ച വിജയവും ജനപ്രീതിയും നിലനിര്‍ത്തുക എന്ന പലരും പതറിപ്പോയ ദൗത്യം വിജയകരമായി തന്നെയാണ് രാജും ഡികെയും രണ്ടാം സീസണില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആദ്യ സീസണിനെ ജനപ്രീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവച്ച ആക്ഷനും കോമഡിയും റിയലിസ്റ്റ് അപ്രോച്ചുമെല്ലാം അതെ അളവില്‍ തന്നെയോ അതിലൊരു പടി കൂടുതലോ ആണ് സീസണ്‍ 2വില്‍.

  ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചായിരുന്നു സീസണ്‍ 1 അവസാനിച്ചത്. ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുക എന്നതിനൊപ്പം പുതിയ കുറച്ച് ചോദ്യങ്ങള്‍ കൂടി അവശേഷിപ്പിച്ചാണ് സീസണ്‍ 2 അവസാനിക്കുന്നത്. സീസണ്‍ 2വിലേക്ക് എത്തുമ്പോള്‍ ആദ്യ സീസണിലെ സമര്‍ദ്ധനായ ടാസ്‌ക് ഫോഴ്‌സ് ഏജന്റായ ശ്രീകാന്ത് തിവാരി തന്റെ ജോലിയില്‍ നിന്നെല്ലാം രാജിവച്ച് ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. തന്റെ കുടുംബത്തിന്റെ സമാധാനമാണ് വലുതെന്ന ചിന്തയാണ് അങ്ങനൊരു തീരുമാനത്തിലേക്ക് അയാളെ എത്തിക്കുന്നത്. പക്ഷെ വീട്ടില്‍ അപ്പോഴും സമാധാന അന്തരീക്ഷം യാഥാര്‍ത്ഥ്യമായിട്ടില്ല. അവിടെ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്, സുചിയുമായുള്ള അകല്‍ച്ച മുതല്‍ മക്കളുടെ പെരുമാറ്റം വരെ.

  ശ്രീകാന്ത് ഇല്ലാതെ ജെകെയും മറ്റും ടാസ്‌ക്കിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. എന്നാല്‍ പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളെ തുടര്‍ന്ന് ശ്രീകാന്ത് തിരികെ വരുന്നതും രാജ്യത്തെ വലിയൊരു ആക്രമണത്തില്‍ നിന്നും രക്ഷിക്കാനായി ഇറങ്ങി തിരിക്കുന്നതുമാണ് രണ്ടാം സീസണില്‍ അവതരിപ്പിക്കുന്നത്. ഇതൊരു ക്ലീഷേ പ്രിമൈസ് ആണ്. എന്നാല്‍ ഫാമിലി മാന്‍ വ്യത്യസ്തമാകുന്നത് അതിന്റെ റിയലിസ്റ്റിക് അപ്രോച്ചിലും ആംഗിളുകളിലുമാണ്. സമാന്തര ലോകത്ത് ശ്രീയുടെ തിരിച്ചുവരവിന് രാജ്യസ്‌നേഹത്തിന്റെ ബൂസ്റ്റിംഗ് നല്‍കി വലിയ ഗ്ലോറിഫിക്കേഷനോടെയാകും അവതരിപ്പിക്കപ്പെടുക. പക്ഷെ ഇവിടെ കാണാന്‍ സാധിക്കുക, രാജ്യസ്‌നേഹത്തേക്കാള്‍ അയാളെ തിരികെ കൊണ്ടു വരുന്നത് എക്‌സിസ്റ്റന്‍ഷ്യല്‍ ക്രൈസിസ് ആണെന്നതാണ്. സൂപ്പര്‍മാന്റെ ആള്‍ട്ടര്‍ ഈഗോ ക്ലര്‍ക്ക് കെന്റാണ് എന്നത് പോലെ ശ്രീകാന്ത് തിവാരിയെന്ന ഏജന്റിന്റെ ആള്‍ട്ടര്‍ ഈഗോയാണ് ശ്രീ എന്ന കുടുംബസ്ഥന്‍. സൂപ്പര്‍മാന് സൂപ്പര്‍മാന്‍ ആകാതെ തരമില്ല.

  ആദ്യ സീസണില്‍ ആന്റഗോണിസ്റ്റുകളെ അവതരിപ്പിക്കുന്നതില്‍ ഇസ്ലാമോഫോബിയയ്ക്ക് സഹായകമാകുന്നുണ്ടെന്ന പരാതി സീരീസ് കേട്ടിരുന്നു. എന്നാല്‍ രണ്ടാം സീസണില്‍ ശ്രീകാന്തിന് എതിര്‍പക്ഷത്തുള്ളവരെ വില്ലന്മാര്‍ എന്ന് പൂര്‍ണാര്‍ത്ഥത്തില്‍ പറയാന്‍ സാധിക്കില്ല. ശ്രീലങ്കന്‍ തമിഴ് റിബലുകളാണ് എതിര്‍വശത്തുള്ളത്. നേരത്തെ റിലീസിന് മുമ്പ് തന്നെ സീരീസ് എല്‍ടിടിഇയെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്ന തരത്തിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ മുന്‍ധാരണകളെ തിരുത്താന്‍ ഫാമിലി മാനിന് സാധിച്ചിട്ടുണ്ട്.

  എന്തുകൊണ്ടാണ് തങ്ങളുടെ ജീവന്‍ കൊടുത്തും മിഷനിലേക്ക് ഇറങ്ങാന്‍ റിബലുകള്‍ തയ്യാറാകുന്നതെന്ന് അവരുടെ ഭാഗത്തു നിന്നു കൊണ്ട് തന്നെ സീരീസ് അവതരിപ്പിക്കുന്നുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാരും ആര്‍മിയും റിബലുകള്‍ക്കെതിരെ നടത്തുന്ന ക്രൂരതകളെ കുറിച്ച് സംസാരിച്ചും ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെ കാണിച്ചുമെല്ലാം സ്ഥിരം കഥയുടെ മറുവശം കൂടി കാണിച്ചുതരാന്‍ സീസണ്‍ 2 ശ്രമിക്കുന്നുണ്ട്. ആന്റഗോണിസ്റ്റുകളുടെ പ്രവര്‍ത്തികളെ ഗ്ലോറിഫൈ ചെയ്യാതെ, എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ ഇത്ര സംഘീര്‍ണമായൊരു മിഷനിലേക്ക് എത്തിച്ചേര്‍ന്നത് എന്ന് പറയുന്നുണ്ട് സീരീസ്.

  തമിഴ്‌നാടിനേയും ദക്ഷിണേന്ത്യയേയും കുറിച്ചുള്ള ഉത്തരേന്ത്യന്‍ കാഴ്ചപ്പാടുകളെ തിരുത്താനുള്ള ശ്രമവും സീരീസില്‍ കാണാം. ജെകെയും മുത്തുവും തമ്മിലുള്ള സംഭാഷങ്ങള്‍ ഇത്തരം ക്ലീഷേകള്‍ക്കും സ്റ്റീരിയോടൈപ്പുകള്‍ക്കുമുള്ള മറുപടികളാണ്. അതേസമയം ഇരുവിഭാഗങ്ങളും തമ്മിലുള്ള ഒരുമയേയും ഐക്യത്തേയും സീരീസ് കാണിച്ച് തരുന്നുണ്ട്. മറ്റൊന്ന് ഭാഷയിലെ സ്റ്റീരിയോടൈപ്പ് ശ്രീലങ്കന്‍ തമിഴും ചെന്നൈ തമിഴും വേര്‍തിരിച്ച് കാണിക്കുന്നതിലൂടെ മറി കടക്കുന്നുണ്ട്. തമിഴ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തമിഴ് താരങ്ങളെ തിരഞ്ഞെടുത്തതും തമിഴിന് മുകളില്‍ ഹിന്ദിയുടെ പൊടി വിതറാതെ ഭാഷയുടെ വൈവിധ്യത്തെ അംഗീകരിച്ചതും കൈയ്യടി അര്‍ഹിക്കുന്നതാണ്.

  ഒരു കഥാപാത്രത്തേയും പൂര്‍ണമായും ഒരു കളത്തില്‍ മാത്രമായി നിര്‍ത്താതെയാണ് സീരീസ് മുന്നോട്ട് പോകുന്നത്. സ്‌ക്രീനില്‍ ആരാണോ ഉള്ളത് അവരുടെ കഥയില്‍ അവര്‍ ആയിരിക്കും ഹീറോ. അത് പ്രധാന ആന്റഗോണിസ്റ്റായ രാജിയായാലും ദൃതി ആയാലും സുചി ആയാലും ഭാസ്‌കരന്‍ ആയാലും. അതോടൊപ്പം തന്നെ കഥയുടെ മൊത്തത്തിലുള്ള ട്രാക്കും നഷ്ടപ്പെടാതെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. മറ്റൊന്ന് സിസ്റ്റത്തിന് വേണ്ടി ജീവന്‍ പണയം വെക്കേണ്ടി വരുന്ന ഏജന്റുകള്‍ നേരിടുന്ന ഗില്‍റ്റിനേയും എക്‌സിറ്ന്‍ഷ്യല്‍ ക്രൈസിനേയും ജോലിയിലെ നിര്‍ത്ഥകതയേുമെല്ലാം അഡ്രസ് ചെയ്യാനും ഫാമിലി മാന്‍ ശ്രമിച്ചിട്ടുണ്ട്.

  തന്റെ നോട്ടത്തിലും സംസാരത്തിലും ശരീരഭാഷയിലുമെല്ലാം ശ്രീകാന്ത് തിവാരിയായി പ്രതീക്ഷകള്‍ക്കൊത്തെ പ്രകടനം തന്നെ മനോജ് വാജ്‌പേയ് കാഴ്ചവെക്കുന്നുണ്ട്. ശ്രീകാന്തായി മറ്റൊരു താരത്തെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. അതേസമയം ഞെട്ടിക്കുന്ന പ്രകടനം സമാന്തയുടേതാണ്. സമാന്തയുടെ മുഖത്ത് കറുത്ത നിറം പൂശിയെന്ന നീതികരണമില്ലാത്ത തെറ്റ് നില്‍നില്‍ക്കുമ്പോഴും, സമാന്ത എടുത്ത എഫേര്‍ട്ടും പ്രകടനത്തിലെ സൂക്ഷമതയും എത്ര പ്രശംസിച്ചാലും മതിവരില്ല. രാജി എന്ന റിബല്‍ ആയി, അധികം സംഭാഷണമില്ലാതെ തന്നെ, നോട്ടം കൊണ്ടും ചെറു ചലനങ്ങള്‍ കൊണ്ടും പൊടുന്നനെയുള്ള മാറ്റങ്ങളിലൂടേയുമെല്ലാം സമാന്ത അമ്പരപ്പിക്കുകയാണ്. രാജിയുടെ ഉള്ളിലുള്ള തീയും, ദുരനുഭവങ്ങളുടെ ട്രോമയേയുമെല്ലാം വളരെ കണിശതയോടെ സമാന്ത ആ കണ്ണുകളില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. സമാന്തയുടെ കരിയര്‍ ബെസ്റ്റാണ് രാജി.

  ആദ്യ സീസണിലെ ഹൈലൈറ്റ് ആയിരുന്നു സിംഗിള്‍ ഷോട്ട് ആക്ഷന്‍ രംഗം. ഇത്തവണ അത്തരത്തില്‍ രണ്ട് രംഗങ്ങളുണ്ട്. ആദ്യ അഞ്ച് എപ്പിസോഡുകളിലെ സ്ലോ പേസിലൂടെ ബില്‍ഡ് ചെയ്‌തെടുക്കുന്ന ടെന്‍ഷനെ ആറാം എപ്പിസോഡിലെ സിംഗിള്‍ ഷോട്ട് ആക്ഷനിലൂടെ എലിവേറ്റ് ചെയ്യുകയും പിന്നീടത് ക്ലൈമാക്‌സിലെ സിംഗിള്‍ ഷോട്ട് വരെ നിലനിര്‍ത്താനും രാജിനും ഡികെയ്ക്കും സാധിച്ചിട്ടുണ്ട്. ആദ്യ സീസണിനെ അപേക്ഷിച്ച് കോമഡികള്‍ കുറവാണെങ്കിലും അത് എന്തുകൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. എല്ലാ അര്‍ത്ഥത്തിലും ആദ്യ സീസണിനൊപ്പം നില്‍ക്കുന്ന, കണ്ടിരിക്കേണ്ടതാണ് ഫാമിലി മാന്‍ സീസണ്‍ 2.

  The Family Man Season 2 - Official Trailer Reaction | FilmiBeat Malayalam

  എല്ലാ അര്‍ത്ഥത്തിലും ആദ്യ സീസണിനൊപ്പം നില്‍ക്കുന്ന, ചിലപ്പോഴൊക്കെ അതിലും മുകളില്‍ പോകുന്നതാണ് ഫാമിലി മാന്‍ സീസണ്‍ 2.

  Read more about: review റിവ്യു
  English summary
  The Family Man Season 2 Starrin Manoj Bajpayee Samantha And Priyamani Review And Rating In Malayalam, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X