For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊച്ചിയുടെ പച്ചയായ കായലരികു ജീവിതങ്ങൾ...തൊട്ടപ്പൻ കൊള്ളാം, ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Vinayakan, Manoj K. Jayan, Roshan Mathew
  Director: Shanavas K. Bavakutty

  കിസ്മത്ത് എന്ന ഒറ്റ സിനിമയിലൂടെ മലയാളസിനിമയിൽ സ്വന്തം കസാലയിട്ട് ഇരുന്ന സംവിധായകനാണ് ഷാനവാസ് കെ ബാവാക്കുട്ടി. പൊന്നാനിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ദുരന്തപ്രണയകഥയായ കിസ്മത്ത് മലയാളസിനിമയിൽ ആദ്യമായി ജാതിവ്യവസ്ഥയുടെ ക്രൗര്യമുഖങ്ങൾ പച്ചയ്ക്ക് തുറന്നുകാണിക്കുകയും ചർച്ചയ്ക്ക് വെക്കുകയും ചെയ്ത സിനിമയായിരുന്നു. മൂന്നുകൊല്ലതിനിപ്പുറം ഷാനവാസ് കെ ബാവക്കുട്ടി തൊട്ടപ്പൻ എന്ന ടൈറ്റിലിലൂടെ വീണ്ടും വരുമ്പോൾ മലയാളികൾ ആകാക്ഷയോടെ ഉറ്റുനോക്കുന്നത് സ്വാഭാവികമാണ്.

  thottappan

  മലയാളത്തിലെ യുവ ചെറുകഥാകൃത്തുകളിൽ ശ്രദ്ധേയനായ ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന പേരിൽതന്നെയുള്ള കഥയാണ് ഷാനവാസ് തന്റെ രണ്ടാമത്തെ സിനിമയ്ക്ക് പ്രമേയമാക്കുന്നത് എന്ന ആദ്യ വാർത്തകൾ തന്നെ സാഹിത്യലോകത്തിനുകൂടി ആവേശം പകർന്നു.. ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വന്ന കാലത്ത് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയായിരുന്നു അത് എന്നത് തന്നെ കാര്യം . നായകറോളിലേക്കുള്ള വിനായകന്റെ കാസ്റ്റിങ് , ടീസറുകൾ, ട്രെയിലറുകൾ, പാട്ടുസീനുകൾ എന്നിവയൊക്കെ പിന്നെയും തൊട്ടപ്പനെ കുറിച്ചുള്ള പ്രതീക്ഷകളെ വർധിപ്പിച്ചു. അങ്ങനെ പ്രതീക്ഷകളുടെ കൊടുമുടിയിൽ ആണ് ഇന്ന് തൊട്ടപ്പൻ തിയേറ്ററിൽ എത്തുന്നത്.

  സാറ എന്ന പെണ്കുട്ടിയുടെ വീക്ഷണകോണിലൂടെ ആയിരുന്നു ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന കഥയുടെ വന്യമായ പ്ലോട്ട് . കള്ളനായ ചിട്ടപ്പന്റെ പ്രവൃത്തികൾ അവൾ ചെറുപ്പം മുതലേ നിഗൂഡമായി നിരീക്ഷിച്ച് രാത്രിജീവിതങ്ങളിൽ പിന്തുടരുന്നതും പിന്നീട് മോഷണങ്ങൾക്ക് കൂട്ടാവുന്നതുമൊക്കെയായിട്ടായിരുന്നു കഥയുടെ പുരോഗതി. ആ ഉള്ളടക്കവും പ്രതീക്ഷിച്ച് ഷാനവാസ് കെ ബാവക്കുട്ടിയുടെ സിനിമയ്ക്ക് കയറിയാൽ ഒരുപക്ഷേ നിരാശപ്പെടേണ്ടി വരും..

  സിനിമയ്ക്ക് വേണ്ടി പി എസ് റഫീഖ് തയ്യാറാക്കിയിരിക്കുന്ന സ്‌ക്രിപ്റ്റിൽ കഥയിൽ നിന്ന് കാര്യമായി അഡോപ്റ്റ് ചെയ്തിരിക്കുന്നത് തൊട്ടപ്പൻ എന്ന ശീര്ഷകമാണ്. പിന്നെ തൊട്ടപ്പന്റെയും പെണ്കുട്ടിയുടെയും കഥാപാത്രങ്ങളെയും. നൊറോണയുടെ കഥയിലെ ഇവർ തമ്മിലുള്ള മാന്ത്രികവിഭ്രാമകമാം ബന്ധവും പശ്ചാത്തലവും സിനിമയിൽ മിസ്സിംഗ് ആണ്. പക്ഷെ പുതിയൊരു സിനിമ എന്ന നിലയിൽ സമീപിക്കുന്നവർക്ക് തൊട്ടപ്പൻ തീർച്ചയായും മറ്റൊരു അനുഭവമായിരിക്കും..

  ഇത്താക്ക്, ജോനപ്പൻ എന്നീ സുഹൃത്തുക്കളായ രണ്ട് കള്ളന്മാർ നടത്തുന്ന മോഷണ ദൃശ്യങ്ങളിലൂടെ ആണ് സിനിമ തുടങ്ങുന്നത്. അത് ജോപ്പന്റെ കൊച്ചിന്റെ മാമ്മോദീസയാണ് അടുത്ത ദിവസങ്ങളിൽ ഒന്നിൽ. ഭാര്യയ്ക്ക് ഒട്ടും താത്പര്യമില്ലെങ്കിലും തന്റെ കൊച്ചിന്റെ തലതൊട്ടപ്പൻ ആവുന്നത് ഇത്താക്കാവുമെന്ന് ജോനപ്പൻ തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടെ മാമ്മോദീസയുടെ തലേദിവസം ദുരൂഹമായി ജോനപ്പനെ കാണാതാവുകയാണ്.

  എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോവുന്ന ജോനപ്പന്റെ പകരക്കാരനായി ബന്ധുക്കളാരുമില്ലാത്ത ഇത്താക്ക് സാറയെന്ന മകളെ വളർത്തുന്നതാണ് സിനിമയുടെ പ്ലോട്ട്. പരുക്കനായ ഇത്താക്കും വളർത്തുമകളായ സാറയും തമ്മിലുള്ള വിചിത്രവും അഗാധവുമായ സ്നേഹബന്ധം എന്ന് സിനിമയെ ഒറ്റ വാചകത്തിൽ വിശേഷിപ്പിക്കാം. മൂലകഥയിലേക്ക് ധാരാളം കഥാപാത്രങ്ങളെയും ഉപകഥകളെയും വിളക്കി ചേര്ത്ത് സിനിമയെ പരമാവധി ലൈവാക്കി നിർത്താൻ പി എസ്‌റഫീഖും ഷാനവാസും നന്നായി അധ്വാനിച്ചിട്ടുണ്ട്.

  ഇത്താക്ക് എന്ന തൊട്ടപ്പനായുള്ള വിനായകന്റെ കാസ്റ്റിങ്ങും പെര്ഫോമൻസും തന്നെയാണ്‌ സിനിമയുടെ ഹൈലൈറ്റ്. ഈ മ യൗ വിൽ പശ്ചിമകൊച്ചിയിലെ പഞ്ചായത്ത് മെമ്പർ അയ്യപ്പനായി ജീവിച്ച വിനായകൻ ഇത്തവണ അതിൽ നിന്നും പാടെ വിഭിന്നനായ കൊച്ചിക്കാരനൊരു കള്ളൻ ഇത്താക്കിനെ ശരീരഭാഷ കൊണ്ടും ബിഹേവിംഗും കൊണ്ട് അനശ്വരനാക്കുന്നു. ക്യാരക്ടറൈസേഷൻ പലപ്പോഴും അപൂർണമായി അനുഭവപ്പെടുന്നുണ്ടെങ്കിലും പുള്ളി കേറിയങ്ങോട്ട് മേയുകയാണ്.. ഒരുപക്ഷേ തൊട്ടപ്പൻ മൈനസ് വിനായകൻ സമം സീറോ എന്നുപറഞ്ഞാൽ പോലും അധികമാവില്ല.

  സാറ ആവുന്നത് പുതുമുഖം പ്രിയംവദ ആണ്. മോശമായിട്ടില്ല. ടിപ്പു എന്നൊരു പട്ടിയും ഉമ്മുകുല്സു എന്നൊരു പൂച്ചയും കൂടി പുതുമുഖങ്ങൾ ആയി ടൈറ്റിൽസിൽ introduce ചെയ്യുന്നു. അവരും കൊള്ളാം. പത്ത് മിനിട്ട് മാത്രമേ സ്‌ക്രീനിൽ വരുന്നുള്ളൂ എങ്കിലും ജോനപ്പൻ ആയുള്ള ദിലീഷ് പോത്തന്റെ പകർന്നാട്ടം തൊട്ടപ്പനിലെ വിസ്മയം.. ഉള്ളനേരം പുള്ളി വിനായകനെ പോലും നിഷ്പ്രഭനാക്കി കളയുന്നു.

  കൊച്ചിക്കായലിനരികിലെ അരികു ജീവിതങ്ങളെ പച്ചയായി ചിത്രീകരിക്കുന്നു എന്ന നിലയിലും ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പൻ പ്രസക്തമാണ്. മൂലകഥയുടെ ആത്മാവ് ചോർന്നുപോയി എന്നതാണ് കഥ മുന്നേ വായിച്ചവരെ സംബന്ധിച്ച് സിനിമ മുന്നോട്ട് വെക്കുന്ന പ്രധാന പ്രതിസന്ധി. കഥ വായിച്ചവർ ആയിരിക്കില്ല സിനിമയ്ക്ക് കേറുന്നതിൽ 99ശതമാനവും എന്നതിനാൽ അത് സിനിമയ്ക്കൊരു വെല്ലുവിളി ആവാൻ സാധ്യത ഇല്ലതാനും

  പച്ചയായ മനുഷ്യജീവിതത്തെ സ്‌ക്രീനിൽ പകർത്തി വെക്കാൻ ശ്രമിക്കുന്നു എന്ന പേരിൽ അഭിനന്ദനാർഹമാണ് തൊട്ടപ്പൻ.

  English summary
  Thottappan movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X