For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: review റിവ്യൂ

  കൃഷ്ണൻകുട്ടി പണി തുടങ്ങി: ഇരുൾഭീതി നിറഞ്ഞ മുത്തശ്ശിക്കഥ — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5
  Star Cast: Vishnu Unnikrishnan, Saniya Iyappan, Vijilesh Karayad
  Director: Sooraj Tom

  ഒരു മുത്തശ്ശിക്കഥയുടെ പിരിമുറുക്കവും സംത്രാസവും നിറഞ്ഞതായിരുന്നു "കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന സിനിമയുടെ ട്രെയിലർ. ആദ്യമായി കണ്ടപ്പോൾ അതിന് നല്ല ആകർഷണീയത തോന്നി. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളിലായി "സീ കേരളം" എന്ന ചാനൽ തുറന്നു കഴിഞ്ഞാൽ മുട്ടിന് മുട്ടിന് ഈ ട്രെയിലർ കണ്ടു കണ്ടു കൃഷ്ണൻ കുട്ടിയുടെ ആകർഷണീയത വളരെ പെട്ടെന്ന് കട്ടവെറുപ്പിക്കൽ ആയി പരിണമിച്ചു.. ഏതായാലും ട്രെയിലറിന്റെ അഴിഞ്ഞാട്ടത്തിന് അറുതി വരുത്തിക്കൊണ്ടു കൃഷ്ണൻകുട്ടി സീഫെെവ് പ്ലാറ്റ്‌ഫോമിലും സീ കേരളത്തിലുമായി ഇന്നലെ പണി തുടങ്ങി.

  എന്റെ മെഴുതിരി അത്താഴങ്ങൾ, പാ വ (പപ്പച്ചനെക്കുറിച്ചും വർക്കിയെക്കുറിച്ചും) എന്നീ അനൂപ്മേനോൻ-കൾട്ടുകളുടെ അമരക്കാരൻ ആയ സൂരജ് ടോം ആണ് "കൃഷ്ണൻകുട്ടി പണി തുടങ്ങി"യുടെ സംവിധാനം. പാ..വ യുടെ മ്യൂസിക് ഡയറക്ടർ ആനന്ദ് മധുസൂദനൻ ആണ് കൃഷ്ണൻകുട്ടിയുടെ സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. അതിനേക്കാൾ കൗതുകകരമായ മറ്റൊരു കാര്യം മെഴുതിരി അത്താഴങ്ങളുടെ നിർമാതാവ് ആയ നോബിൾജോസ് തന്നെയാണ് ഈ സിനിമയും നിർമിച്ചിരിക്കുന്നത് എന്നതാണ്..

  പരസ്യചിത്രത്തിൽ കണ്ടപോലെ ഒരു മുത്തശ്ശിക്കഥയുടെ രസക്കൂട്ടുകളോടെ ആണ് സിനിമ മുക്കാൽഭാഗവും മുന്നോട്ടുപോവുന്നത്. ഒറ്റപ്പെട്ട് കിടക്കുന്ന ദുരൂഹമായ ഒരു വലിയ ബംഗ്ളാവ്. ചുറ്റും ഇരുട്ടും നിഗൂഢതയും വിജനതയും കട്ടപിടിച്ച് കിടക്കുന്ന ഏക്കറുകണക്കിന് കാട് മാത്രം. അവിടേക്കാണ് ഒരു സായാഹ്നത്തിൽ ഉണ്ണിക്കണ്ണൻ എത്തിച്ചേരുന്നത്.

  ബംഗ്ളാവിൽ ശയ്യാവലംബിയായി കിടക്കുന്ന ലാസർ അപ്പാപ്പനെ പരിചരിക്കാൻ എത്തിച്ചേരുന്ന ഹോംനഴ്‌സ് ആണ് ഉണ്ണിക്കണ്ണൻ. ഏതോ സാറ ചേച്ചി വിളിച്ചു പറഞ്ഞതനുസരിച്ച്, എക്സ്പ്രസ് ഹോംനഴ്‌സ് സർവീസ് വെള്ളിമലയിൽ നിന്നുമാണ് ടിയാന്റെ വരവ്. തൃശൂർ സ്ലാങ്ങിലാണ് സംസാരം.ആള് വല്യ കേമൻ ആണെന്നാണ് സ്വയം വെപ്പ്.

  ചെല്ലുമ്പോൾ ബിയാട്രീസ് എന്നൊരു പെണ്കുട്ടി ആണ് ഉണ്ണിയ്ക്ക് വാതിൽ തുറന്ന് കൊടുക്കുന്നത്. താൻ ഒറ്റയ്ക്കാണ്, വേറാരും ഇല്ലാത്തതിനാൽ, തിരിച്ച് പോവണമെന്നു ബിയാട്രീസ് ആവശ്യപ്പെട്ടു. അത് കേട്ടതോടെ ഉള്ളിലെ ഒരായിരം പൂവാലൻ കോഴികൾ ഒന്നിച്ച് കൂവിയുണർത്തിയ ഉണ്ണി ആവേശത്തോടെ ഇടിച്ചു കയറി സ്വയം ചാർജെടുക്കുകയാണ്. തൊട്ടതും പിടിച്ചതും കാണുന്നതും കാണാത്തതും ഇരുളും വെളിച്ചവും നിഴലും എല്ലാം നിഗൂഢവും വന്യവും ഭീതിദവുമായ ആ ചെകുത്താൻകോട്ടയിലെ ഉണ്ണിയുടെ അന്നത്തെ രാത്രി ആണ് സിനിമ.

  നേരത്തെ പറഞ്ഞ പോലെ ഒരു മുത്തശ്ശിക്കഥയുടെ നൊസ്റ്റാൾജിയ മനസിൽ സൂക്ഷിക്കുന്നവർക്ക് മാത്രം ഉൾക്കൊള്ളാനാവുന്ന മേക്കിംഗ് സ്റ്റൈൽ ആണ് സിനിമയുടേത്. കുട്ടിക്കാലത്ത് വായിച്ച ഒരുപാട് പൈങ്കിളി ഹൊറർ നോവലുകളുടെ കഥാഗതിയുമായിട്ടാണ് സിനിമയുടെ തിരക്കഥയ്ക്ക് സാമ്യം. മ്യൂസിക് ഡയറക്ടർ തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ആയതുകൊണ്ടാണ് എന്നു തോന്നുന്നു ആകാംക്ഷയുടെ ഉച്ചസ്ഥായിയിൽ നിന്ന് ഒടുവിലെത്തുമ്പോൾ സിനിമയുടെ പിരിമുറുക്കം ഒറ്റയടിക്ക് പതിഞ്ഞ താളത്തിലേക്ക് കൂപ്പുകുത്തുന്നുണ്ട്..

  ബിയാട്രീസ് എന്ന ക്യാരക്റ്ററും സാനിയ അയ്യപ്പന്റെ പ്രകടനമികവും സിനിമയിൽ ഏറ്റവുമാദ്യം എടുത്തുപറയേണ്ട മികച്ച ഘടകങ്ങൾ ആണ്. പക്ഷെ ബിയാട്രീസ് എന്ന ക്യാരക്റ്ററിനോട് നീതി പുലർത്തുന്ന ഒരു കഥാന്ത്യം നൽകാൻ സംവിധായകനോ സ്ക്രിപ്റ്റിനോ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ നിരാശയും സിനിമയുടെ ഏറ്റവും വലിയ പരാജയവും. ഫ്‌ളാഷ്ബാക്ക് മുതൽ പൂർണമായും ബിയാട്രീസിന്റെ ആംഗിളിലേക്ക് വന്ന സിനിമയെ പിന്നീട് വീണ്ടും ഒടുവിൽ ഉണ്ണിക്കണ്ണന്റെ ആംഗിളിലേക്ക് ചാലുകീറി വിടുന്നത്, കൂടുതൽ കമ്പോളമൂല്യവും ചാനൽ റൈറ്റും വിഷ്ണു ഉണ്ണിക്കൃഷ്ണന് ആണ് എന്ന ഒറ്റക്കാരണം കൊണ്ട് ആവണം. കഷ്ടം.

  വിഷ്ണു ഉണ്ണിക്കൃഷ്ണൻ തീർച്ചയായും സിനിമയുടെ ഒരു എന്റർടൈന്മെന്റ് ഫാക്ടർ തന്നെയാണ്. സിനിമയെ ലൈവ് ആക്കി നിർത്തുന്നതിൽ വിഷ്ണുവിന്റെ പങ്ക് നിർണായകമാണ്. കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ഹൈറേഞ്ച് സ്ലാങ് സംഭാഷണത്തിൽ കൊണ്ടുവന്ന വിഷ്ണു ഇവിടെ തൃശൂർ സ്ലാങ് ഫോളോ ചെയ്യാൻ ശ്രദ്ധിക്കുന്നു. വിജിലേഷിന്റേത് പുള്ളി സ്ഥിരം ചെയ്യുന്ന ടിപ്പിക്കൽ ക്യാരക്റ്റർ ആണെങ്കിലും സിനിമയെ സംബന്ധിച്ച് അനുപേക്ഷണീയമായത്. പ്രശസ്ത നിർമ്മാതാവ് ആയ സന്തോഷ് ദാമോദരന്റെ സ്‌ക്രീനിന്റെ മുൻപിലേക്കുള്ള വരവ് കനപ്പെട്ട ഒരു കഥാപാത്രവുമായിട്ടാണ്. ഒട്ടും പതർച്ച കൂടാതെ തന്നെ ചെയ്തിട്ടുണ്ട് പുള്ളി.

  ജീത്തുദാമോദറിന്റെ ക്യാമറ ആനന്ദ് മധുസൂദനന്റെ ബാക്ക് ഗ്രൗണ്ട്സ്കോറിംഗ് ഇത് രണ്ടും സിനിമയുടെ മൂഡ് നിർണയിച്ച രണ്ട് ഘടകങ്ങൾ ആണ്. എഡിറ്റിംഗിനെ കുറിച്ചാകട്ടെ അഭിപ്രായവ്യത്യാസമുണ്ട് താനും. ആദ്യഘട്ടത്തിൽ, തിയേറ്ററിൽ വരേണ്ട പടമായിരുന്നു എന്നൊരു തോന്നൽ ഉളവാക്കിയെങ്കിലും ഒടുവിൽ എത്തുമ്പോൾ ഓടിടിയ്ക്ക് കൊടുത്തത് നന്നായി എന്ന് പലവട്ടം തോന്നിപ്പിക്കാൻ സിനിമയ്ക്കായി. "കൃഷ്ണൻകുട്ടി പണി തുടങ്ങി" എന്ന് ഈ സിനിമയ്ക്ക് പേരിട്ട ആള് ആരായാലും അങ്ങേരെ ഒന്ന് സാഷ്ടാംഗം നമസ്കരിക്കേണ്ടിയിരിക്കുന്നു. ടൈറ്റിലിന് സിനിമയുമായുള്ള ബന്ധം സാനിയ അയ്യപ്പനും യാസുനാരി കവ്വാബാത്തയും തമ്മിലുള്ള ബന്ധം പോലെ വിദൂരസ്ഥമാണ്. ചുമ്മാ ബിയാട്രീസ് എന്ന് പേരിട്ടാൽ പോലും സിനിമയ്ക്ക് ഇതിനേക്കാൾ എത്രയോ ഗുണകരമായേനെ..

  Parvathy Candid Moments | FilmiBeat Malayalam

  പാടെ മോശം സിനിമയല്ല, not bad, എന്ന് അടിവര.

  English summary
  Vishnu Unnikrishnan starrer Krishnankutty Pani Thudangi Malayalam Movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X