വിനീത് കുമാറിന്റെ ആല്‍ബത്തില്‍ അഭിനയിച്ചതോടെ സിനിമയില്‍ നിന്നും വിളിയെത്തിയെന്ന് ശിവദ
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് ശിവദ. സുസുധി വാത്മീകത്തിലെ കഥാപാത്രത്തിലൂടെയായിരുന്നു താരം കൂടുതല്‍ ശ്രദ്ധ നേടിയത്. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് താരം. വിവാഹ ശേഷം ബ്രേക്ക് വേണമെന്നൊന്നും തനിക്ക് തോന്നിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ശിവദ വിശേഷങ്ങള്‍ പങ്കുവെച്ചത്. മലയാളിയല്ലെ എന്ന തരത്തിലുള്ള ചോദ്യം നിരവധി തവണ താന്‍ കേട്ടിട്ടുണ്ടെന്ന് താരം പറയുന്നു. അച്ഛന് ചെന്നൈയില്‍ ജോലിയായതിനാല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം അവിടെയായിരുന്നുവെന്ന് ശിവദ പറയുന്നു.
കേരളത്തില്‍ എവിടെയാണ് എന്ന് ചോദിച്ചാൽ അങ്കമാലിയിലാണ് അമ്മ വീട്. പത്താം ക്ലാസിന്ശേഷം ഞാൻ ട്രിച്ചി വിട്ട് ഇങ്ങ് കേരളത്തിലേക്ക് പോന്നു. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലായിരുന്നു എന്റെ കോളേജ് ജീവിതം. വളരെ അപ്രതീക്ഷിതമായാണ് സിനിമ എന്നെ വിളിക്കുന്നത്.
ബി.ടെക് ചെയ്യുന്ന സമയത്തു ചില ചാനലുകളിൽ ലൈവ് പ്രോഗ്രാമുകൾക്കും മറ്റും ആങ്കറിംഗ് ചെയ്തിരുന്നു. അതൊരു തുടക്കമായിരുന്നെന്ന് പറയാം. അതിനിടയിൽ നടൻ വിനീത് കുമാർ ഒരുക്കിയ മഴ എന്ന ആൽബത്തിൽ അഭിനയിച്ചു. ആ സമയത്തു സിനിമ വിളിച്ചതാണ്. പക്ഷേ അന്ന് പഠിത്തത്തോടായിരുന്നു താത്പര്യം. അതുകൊണ്ട് ആ ഓഫറുകൾ നിരസിച്ചു.

കേരള കഫേയിൽ ലാൽ ജോസ് സാർ ഒരുക്കിയ പുറംകാഴ്ചകൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബിഗ് സ്ക്രീനിലേക്കുള്ള കടന്നുവരവ് അതായിരുന്നു. ചിത്രം ആകെ പത്തു മിനിട്ടു മാത്രമാണുള്ളത്. അതിൽ ഞാൻ രണ്ടു മിനിട്ടിനകത്താണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂക്കയും ശ്രീനിവാസൻ സാറുമായിരുന്നു അതിൽ. അവരോടൊപ്പം ബസിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥിയായിട്ടായിരുന്നു വേഷം.
ഫാസിൽ സാറിന്റെ സിനിമയിൽ നായികയായി. ആങ്കറിംഗ് കണ്ടിട്ടാണ് ഫാസിൽ സാർ ലിവിംഗ് ടു ഗദറിലേക്കു വിളിക്കുന്നത്. ഫാസിൽ സാറിന്റെ സിനിമ വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമാണെന്നു തോന്നി. അഭിനയിച്ചു നോക്കാം, ശരിയായില്ലെങ്കിൽ വിട്ടേക്കാം എന്നായിരുന്നു ചിന്ത.
നായികയാവാൻ നല്ല പേടിയായിരുന്നു. ഡാൻസും ആങ്കറിംഗും പോലെയല്ലല്ലോ സിനിമാഭിനയം. അഭിനയം എനിക്ക് വല്യ പിടിയില്ലായിരുന്നവെന്നതാണ് വാസ്തവം. പക്ഷേ പേടിച്ചതുപോലെ ഒന്നുമുണ്ടായില്ല. ഫാസിൽ സാർ നല്ലതുപോലെ സഹായിച്ചു. അതു കൊണ്ട് നല്ലൊരു തുടക്കം കിട്ടി. ആ സിനിമ വിജയിച്ചില്ലെ ങ്കിലും അത് എനിക്ക് ഒരുപാട് അവസരങ്ങൾ തുറന്നു തന്നുവെന്നുമായിരുന്നു ശിവദ പറഞ്ഞത്.


Click it and Unblock the Notifications











