പിന്നീട് ഞാൻ ആളാകെ മാറി; പഴയത് പോലെ തിരിച്ച് വരാൻ സഹോദരങ്ങൾ പറയാറുണ്ട്; ഖദീജ റഹ്മാൻ
സംഗീത ലോകത്ത് എന്നും വലിയ സ്ഥാനും എആർ റഹ്മാനുണ്ട്. അനശ്വരമായ ഒട്ടനവധി ഗാനങ്ങൾ എആർ റഹ്മാൻ സൃഷ്ടിച്ചു. എആർ റഹ്മാന്റെ പാത പിന്തുടർന്നാണ് മകൾ ഖദീജയും സംഗീത ലോകത്തേക്ക് വന്നത്. ഖദീജയുടെ ഗാനങ്ങൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടി. ഇന്ന് തമിഴകത്ത് ഖദീജയ്ക്ക് നിരവധി ആരാധകരുണ്ട്. തന്റെ മതവിശ്വാസത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ഖദീജ. മുഖം മറയ്ക്കുന്ന നിഖാബ് ധരിച്ച് മത്രമേയ ഖദീജയെ പൊതുവിടങ്ങളിൽ കണ്ടിട്ടുള്ളൂ.
ഇതിന്റെ പേരിൽ എആർ റഹ്മാനും കുറ്റപ്പെടുത്തലുകൾ കേൾക്കാറുണ്ട്. കലാകാരനായിട്ടും ഇത്തരം കടുത്ത വിശ്വാസ രീതികൾ പിന്തുടരണോ എന്നാണ് കുറ്റപ്പെടുത്തുന്നവരുടെ ചോദ്യം. എന്നാൽ നിഖാബ് ധരിക്കുന്നത് മകളുടെ വ്യക്തി സ്വാതന്ത്ര്യം ആണെന്നും താനതിൽ ഇടപെടാറില്ലെന്നും റഹ്മാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഇഷ്ടപ്രകാരമാണ് നിഖാബ് ധരിക്കുന്നതെന്ന് ഖദീജ പല അഭിമുഖങ്ങളിലും ആവർച്ചിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഖദീജ. ഒരു അനുജത്തിയും അനിയനുമാണ് ഖദീജയ്ക്കുള്ളക്കുള്ളത്. റഹീമ റഹ്മാൻ, എആർ അമീൻ എന്നിങ്ങനെയാണ് പേരുകൾ. കുട്ടിക്കാലത്ത് തന്റെ സ്വഭാവം ഇപ്പോഴത്തേത് പോലെ ആയിരുന്നില്ലെന്ന് ഖദീജ പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
കുട്ടിക്കാലത്ത് താൻ അവരെ ബുള്ളി ചെയ്യുമായിരുന്നു. എന്നാൽ എന്താണെന്നറിയില്ല, പിന്നീട് ഞാൻ ആളാകെ മാറി. അതോടെ പഴയ ആളായി തിരിച്ച് വരാൻ അവർ പറയും. വേണ്ടെന്ന് ഞാൻ പറഞ്ഞു. അന്ന് ഞാൻ റൗഡിയായിരുന്നു. എനിക്കും അനിയനും ഏഴ് വർഷത്തെ പ്രായ വ്യത്യാസമുണ്ട്. അതുകൊണ്ട് അവന് ചില കാര്യങ്ങൾ റഹീമയോട് പങ്കുവെക്കാനാണ് കൂടുതൽ കംഫർട്ടബിൾ എന്ന് തോന്നുന്നെന്നും ഖദീജ ചിരിയോടെ പറഞ്ഞു.

സംഗീതം തനിക്ക് സമാധാനവും ആവേശവുമാണ്. എന്നാൽ കരിയറിലെ തുടക്ക കാലത്ത് തനിക്ക് നേരെ ട്രോളുകൾ വന്നിട്ടുണ്ടെന്നും ഖദീജ ചൂണ്ടിക്കാട്ടി. ആ സമയം ബുദ്ധിമുട്ടായിരുന്നു. മാനസികാരോഗ്യത്തിന് തനിക്ക് സഹായം തേടേണ്ടി വന്നെന്നും ഖദീജ പറയുന്നു. കഴിഞ്ഞ വർഷമാണ് ഖദീജ വിവാഹിതയായത്.
ഓഡിയോ എഞ്ചിനീയർ റിയാസ്ദീൻ ശൈഖ് മുഹമ്മദാണ് ഭർത്താവ്. വിവാഹ ജീവിതത്തെക്കുറിച്ചും ഖദീജ സംസാരിക്കുന്നുണ്ട്. വിവാഹ ശേഷം താൻ ഒറ്റയ്ക്ക് യാത്രകൾ പോകാറുണ്ടെന്നും ഇത്തരം സന്തോഷങ്ങൾക്ക് എപ്പോഴും ഭർത്താവിനെ കാത്തിരിക്കുന്ന ആളല്ല താനെന്നും ഖദീജ വ്യക്തമാക്കി. ഭർത്താവിന് അദ്ദേഹത്തിന്റേതായ തിരക്കുകളുണ്ടെന്നും ഖദീജ ചൂണ്ടിക്കാട്ടി.
പ്രണയ വിവാഹമായിരുന്നു ഖദീജയുടേത്. തനിക്ക് ഉറപ്പ് ലഭിച്ച ശേഷമാണ് വീട്ടുകാരോട് പറയുന്നത്. സോഷ്യൽ മീഡിയയിൽ റീലുകളിൽ കാണുന്നത് പോലെയല്ല വിവാഹ ജീവിതമെന്ന് താൻ പ്രണയ വിവാഹം ചെയ്തവരോട് സംസാരിച്ച് മനസിലാക്കിയിരുന്നെന്നും ഖദീജ പറയുന്നു. പിതാവിനെ പോലെ സംഗീത ലോകത്ത് ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഖദീജയും. ഖദീജ ഒരിക്കുന്ന ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.


Click it and Unblock the Notifications











