ബച്ചനും തബുവും വീണ്ടും പ്രണയിക്കുന്നു
'ചീനി കം' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ നായികയായി തബു അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ അന്ന് ബോളിവുഡില്‍ എല്ലാവരും പുരികം ചുളിച്ചിരുന്നു. വെള്ളിത്തിരയിലാണെങ്കിലും വയസ്സുകാലത്ത് മകളുടെ പ്രായമുള്ള തബുവിനെ പ്രണയിക്കാന്‍ തയ്യാറായ ബച്ചനെ പലരും പരിഹസിക്കുകയും ചെയ്‌തു.
എന്നാല്‍ ബച്ചനും തബുവും തന്റേടത്തോടെതെന്നെ ചിത്രത്തില്‍ അഭിനയിച്ചു. ഈ താരങ്ങള്‍ ഇതാ വീണ്ടും ഒന്നിച്ചെത്തുന്നു. പുതിയ ചിത്രത്തിലും പ്രണയ ജോഡികളായിത്തന്നെയാണ് ഇവര്‍ അഭിനയിക്കുന്നത്.
ബുദ്ധന്റെ കാലത്തെ ഒരു കഥയെ ആധാരമാക്കിയുള്ളതാണത്രേ ചിത്രം. ഡോക്ടര്‍ ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അമിതാഭിന്റെ നായികയാക്കാന്‍ ആദ്യം പരിഗണിച്ചത് സുസ്‌മിത സെന്നിനെ ആയിരുന്നുവത്രേ.
എന്നാല്‍ 'റാണി ലക്ഷ്‌മിഭായ്' എന്ന ചിത്രത്തിന്റെ സംവിധാനവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ സുസ്‌മിതയ്‌ക്ക് ഈ ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ് ദ്വിവേദി തബുവിനെ വിളിച്ച് റോളിന്റെ കാര്യം പറഞ്ഞത്. കേട്ടയുടന്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് തബു വാക്കു നല്‍കുകയായിരുന്നുവത്രേ. നായികയായല്ലെങ്കിലും സുസ്‌മിതയും ചിത്രത്തിനായി സഹകരിക്കുമെന്ന് ദ്വിവേദി അറിയിച്ചു.


Click it and Unblock the Notifications