സുസ്മിത സെന്‍ സംവിധായികയാകുന്നു
മുന്‍ വിശ്വസുന്ദരി സുസ്‌മിതാസെന്നിന് ഊണിലും ഉറക്കത്തിലും എല്ലാം ഝാന്‍സി റാണി എന്നൊരു നാമം മാത്രമേയുള്ളു. തന്റെ സ്വന്തം സ്ഥാപനമായ തന്ത്ര പ്രൊഡക്ഷന്‍സ് ഒരുക്കുന്ന 'റാണി ലക്ഷ്‌മീഭായി' എന്ന ചിത്രത്തെ വന്‍വിജയമാക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് സുസ്മിതയുടെ മനസ്സില്‍ ഇപ്പോഴുള്ളത്
സ്വപ്‌നപദ്ധതിയായ ഈ ചിത്രം സുസ്തമിതതന്നെയാണ് സംവിധാനംചെയ്യുന്നത്. കേതന്‍ ദേശായിയുടെ എം.കെ.ഡി. പ്രൊഡക്ഷന്‍സുമായി സഹകരിച്ചാണ് ചിത്രം ഒരുക്കുന്നത്. കേതനാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഝാന്‍സിയിലെ റാണിയായിരുന്ന ലക്ഷ്‌മീഭായിയുടെ ജീവിതം സിനിമയാക്കുന്നതിന് സുസ്‌മിത വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. ഇന്ത്യയിലെ ഒന്നാംകിട താരങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ടില്‍നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വില്യം മോറിസ് എന്ന സ്ഥാപനത്തെ ഇംഗ്ലീഷ് താരങ്ങളെ തിരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തിക്കഴിഞ്ഞു.
''ഞാന്‍ ഇപ്പോള്‍ ദിവസവും ആറുമണിക്കൂര്‍വരെയേ ഉറങ്ങുന്നുള്ളൂ. ഭാഗ്യത്തിന് ക്യാമറയ്‌ക്കുമുന്നിലെത്തേണ്ടിവരുന്നില്ല. അതിനാല്‍ എന്റെ മുഖത്ത് ക്ഷീണമുണ്ടായാലും പ്രശ്‌നമില്ല''-സുസ്‌മിത തന്റെ ഒരുക്കങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു.
2009 നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് സുസ്‌മിത ഉദ്ദേശിക്കുന്നത്. സുസ്മിത സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രം എങ്ങനെയിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് സുന്ദരിയുടെ ആരാധകര്‍. ഈയിടെ അന്തരിച്ച സ്വന്തം സുഹൃത്ത് രാജീവ് നാരായണനാണ് സുസ്മിത ഈ ചിത്രം സമര്പ്പിക്കുന്നത്. റാണി ലക്ഷ്മിഭായ് എന്നും തനിയ്ക്കൊരു മാതൃകാ ബിംബമാണെന്നും സുസ്മിത പറയുന്നു.


Click it and Unblock the Notifications