ഷാജി എന്‍. കരുണ്‍ ചിത്രത്തില്‍ അജയ് ദേവ്ഗന്‍
ഷാജി എന്‍. കരുണ്‍ ചിത്രത്തില്‍ അജയ് ദേവ്ഗന്‍
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് താരം അജയ്ദേവ്ഗന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിശ്രുത ചിത്രകാരന്‍ രാജാരവിവര്‍മയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രവിവര്‍മയായാണ് അജയ് ദേവ്ഗന്‍ അഭിനയിക്കുന്നത്. തന്റെ ചില ചിത്രങ്ങള്‍ക്കു പ്രചോദനമായ സുഗന്ധി എന്ന മോഡലുമായി രവിവര്‍മയ്ക്കുണ്ടായിരുന്ന അസാധാരണമായ ബന്ധത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ പ്രമേയം. മംഗല്‍ പാണ്ഡെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നിര്‍മിച്ച പ്രശസ്ത നിര്‍മാതാവ് ബോബി ബേദിയാണ് ചിത്രത്തിന് മുടക്കുമുതലിറക്കുന്നത്.
സുഗന്ധിയെ അവതരിപ്പിക്കുന്നതിന് അഭിനേതാവിനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. പൂനയിലും മഹാരാഷ്ട്രയിലെ മറ്റ് ലൊക്കേഷനുകളിലുമായിട്ടാവും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. രവിവര്‍മ തന്റെ ചില പ്രശസ്തമായ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത് മുംബൈയിലെ ജീവിതത്തിനിടയിലായിരുന്നു.
മലയാളത്തില്‍ പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഷാജി എന്‍.കരുണ്‍ ഒടുവിലായി സംവിധാനം ചെയ്തത് നിഷാദ് എന്ന ഹിന്ദി ചിത്രമാണ്. ടി.പത്മനാഭന്റെ കടല്‍ എന്ന കഥയെ ആസ്പദമാക്കി ഒരു ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യുന്നുവെന്ന് അറിയിച്ചിരുന്നെങ്കിലും ആ പ്രൊജക്ട് നടന്നില്ല. ഇപ്പോള്‍ തന്റെ അടുത്ത ചിത്രവും ഹിന്ദിയില്‍ തന്നെ ഒരുക്കുന്നതിന്റെ ശ്രമങ്ങളിലാണ് ഷാജി.


Click it and Unblock the Notifications