ബോളിവുഡില്‍ പ്രിയന്റെ തമാശട്രെന്റ്
ബോളിവുഡില്‍ പ്രിയന്റെ തമാശട്രെന്റ്
ബോളിവുഡില്‍ വിരാസത്ത് എന്ന ചിത്രത്തിലൂടെ വന്‍ വിജയം കൊയ്ത പ്രിയദര്‍ശന് അടുത്ത ഒരുപിടി ചിത്രങ്ങള്‍ പരാജയമായിരുന്നു. ഇതോടെ നിര്‍മ്മാതാക്കള്‍ പ്രിയദര്‍ശനെ കയ്യൊഴിയുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍.
അപ്പോഴാണ് പ്രിയന്‍ തമാശകള്‍ കൊണ്ട് ഒരു കൈപയറ്റാന്‍ തീരുമാനിച്ചത്. ഹാസ്യസിനിമയിലൂടെ മലയാളത്തിലെത്തിയ പ്രിയന്‍ തന്റെ കൈമുതലായ ഹാസ്യം പരീക്ഷിച്ചപ്പോള്‍ അത് ബോളിവുഡില്‍ വിജയമായി. പൂച്ചയ്ക്കൊരു മുക്കൂത്തി എന്ന പഴയ മലയാള ചിത്രമാണ് ഹംഗാമ എന്ന പേരില്‍ പ്രിയന്‍ ഹിന്ദിയിലാക്കിയത്. 2003ല്‍ വിജയം കൊയ്ത ഹിന്ദി ചിത്രങ്ങളുടെ കൂട്ടത്തില്‍ ഹംഗാമയുമുണ്ട്.
ഇതാണ് പ്രിയദര്‍ശനെ വീണ്ടും ബോളിവുഡില്‍ തമാശ പരീക്ഷിക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. ഇത്തവണ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഗോഡ്ഫാദറാണ് പ്രിയന്‍ ഹിന്ദിയിലെത്തിക്കുന്നത്. സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ മലയാളത്തില്‍ റിക്കാര്‍ഡ് കളക്ഷന്‍ നേടിയ ചിത്രമാണ്. ഗോഡ്ഫാദര്‍ അതിന്റെ രസച്ചരട് മുറിയാതെ പുനഃസൃഷ്ടിക്കാനാണ് പ്രിയന്‍ ശ്രമിയ്ക്കുന്നത്.
ഫിബ്രവരിയില്‍ ഗോഡ്ഫാദറിന്റെ ചിത്രീകരണം ആരംഭിക്കും. പ്രിയന്റെ കഴിഞ്ഞ ചിത്രമായ ഹംഗാമയില്‍ ജഗദീഷ് മികച്ചൊരു വേഷം ചെയ്തിരുന്നു. പക്ഷെ ഗോഡ്ഫാദറില്‍ മലയാളത്തില്‍ നിന്ന് ആരുമുണ്ടാകില്ല.
ദിലീപിനെ നായകനാക്കി ചെയ്യുന്ന കൃഷ്ണലീല എന്ന മലയാളചിത്രത്തിന്റെ പണി കഴിഞ്ഞാല്‍ ഉടന്‍ പ്രിയന്‍ ഗോഡ്ഫാദര്‍ തുടങ്ങും.


Click it and Unblock the Notifications