അക്ഷയും ട്വിങ്കിളും വിവാഹിതരായി...!
അക്ഷയും ട്വിങ്കിളും വിവാഹിതരായി...!
മുംബൈ: അങ്ങനെ ബോളിവുഡിലെ അടുത്തടുത്തുള്ള രണ്ടാം താരവിവാഹവും കഴിഞ്ഞു. ഹൃതിക് റോഷനും സൂസന്ന ഖാനും തമ്മിലുള്ള വിവാഹത്തിനു ശേഷം ബോളിവുഡിലെ കരുത്തനായ നടന്‍ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയുമാണ് അത്യന്തം രഹസ്യമായി വിവാഹം ചെയ്തത്.
ജനവരി 17 ബുധനാഴ്ച രഹസ്യമായി നടന്ന ചടങ്ങിലായിരുന്നുവത്രെ വിവാഹം. ജുഹൂവിലെ ഹോര്‍മുസ്ഡ് കെട്ടിടത്തിന്റെ ടെറസ്സില്‍ വെച്ച് ബുധനാഴ്ച രാത്രി 9.30ഓടു കൂടിയായിരുന്നു വിവാഹം എന്നു കരുതുന്നു. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ.
ഏതൊരു താരവിവാഹത്തെയും പോലെ രഹസ്യമായായിരുന്നു എല്ലാ നീക്കങ്ങളും നടന്നിരുന്നത്. എന്നാല്‍ വാര്‍ത്താ-സിനിമാ ലേഖകരുടെ കണ്ണ് വെട്ടിച്ച് ഏറെ സമയം നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
രണ്ടു ദിവസം മുമ്പ് മാത്രമാണത്രെ ഇവരുടെ വിവാഹതീയതി നിശ്ചയിച്ചത്. അക്ഷയിനും ട്വിങ്കിളിനും മുംബൈയില്‍ സിനിമാരംഗത്തു നിന്നും മോചനം ലഭിച്ച അപൂര്‍വം അവസരങ്ങളിലൊന്നായിരുന്നു വ്യാഴാഴ്ചത്തേത്. ജനവരി 16 ചൊവാഴ്ച തന്നെ വിവാഹം നടത്തണമെന്നായിരുന്നുവത്രെ ആദ്യതീരുമാനം. എന്നാല്‍ ട്വിങ്കിളിന്റെ അമ്മ ഡിമ്പിള്‍ കപാഡിയ ഒരു ദിവസത്തെ നോട്ടീസെങ്കിലും വേണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
എന്നാല്‍ പ്രണയ ജോഡികളുടെ മധുവിധു ആകെ തകരാറിലാകുമെന്നാണ് കരുതുന്നത്. ജനവരി 18ന് - കൃത്യമായി പറഞ്ഞാല്‍ വിവാഹത്തിന്റെ രണ്ടാം നാള്‍ - ശ്രീമതി അക്ഷയ് കുമാറിന് ബാംഗ്ലൂരിലേക്ക് പറക്കേണ്ടിവരും. മിസ് ഫെമിനാ ഇന്ത്യാ മത്സരത്തിന്റെ ജഡ്ജ്മാരിലൊരാളാണ് ട്വിങ്കിള്‍.


Click it and Unblock the Notifications