മണിച്ചിത്രത്താഴിന്റെ റീമേക്കില്‍ അമിതാഭ്, അജയ്
മണിച്ചിത്രത്താഴിന്റെ റീമേക്കില്‍ അമിതാഭ്, അജയ്
മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴ് കന്നഡ, തമിഴ് സിനിമകള്‍ക്കു പിന്നാലെ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച മനോരോഗ വിദഗ്ധന്റെ വേഷം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അമിതാഭ് ബച്ചനാണ്.
സുരേഷ് ഗോപി അവതരിപ്പിച്ച വേഷത്തില്‍ അജയ് ദേവ്ഗന്‍ പ്രത്യക്ഷപ്പെടുന്നു. കാജലായിരിക്കും നായിക. ശോഭന അവതരിപ്പിച്ച കഥാപാത്രമാണ് ഹിന്ദിയില്‍ കാജലിന്.
നേരത്തെ അമിതാഭ് ബച്ചനു പുറമെ ഷാറൂഖ്ഖാനും റാണിമുക്കര്‍ജിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പകരം അജയ് ദേവ്ഗനും കാജലിനും നറുക്ക് വീഴുകയായിരുന്നു.
കന്നഡയിലും തമിഴിലും മണിച്ചിത്രത്താഴ് റീമേക്ക് ചെയ്ത പി.വാസു തന്നെയാണ് ഹിന്ദിയിലും ചിത്രമൊരുക്കുന്നത്. വാസു ആദ്യമായി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണിത്.
ഒരു ചിത്രം മൂന്ന് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുന്നത് ഒരു അപൂര്‍വതയാണ്. ഒരു മലയാള ചിത്രം ആദ്യമായാണ് മൂന്ന് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുന്നത്. കന്നഡയിലാണ് ഈ ചിത്രം ആദ്യമായി റീമേക്ക് ചെയ്തത്. ആപ്തമിത്ര എന്ന് പേരിട്ട ചിത്രം കന്നഡയിലെ വിജയങ്ങളില്‍ സര്‍വകാല റെക്കോഡിട്ടതോടെയാണ് ചിത്രം തമിഴിലും ഒരുക്കിയത്. കന്നഡയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷം വിഷ്ണുവര്‍ധനും ശോഭന അവതരിപ്പിച്ച വേഷം സൗന്ദര്യയ്ക്കുമായിരുന്നു.
ആപ്തമിത്രയുടെ വന്‍വിജയത്തെ തുടര്‍ന്ന് രജനീകാന്ത് നായകനായി തമിഴില്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രവും സൂപ്പര്‍വിജയമായി. രജനീകാന്തിന്റെ ഗംഭീരമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചന്ദ്രമുഖിയില്‍ സുരേഷ് ഗോപിയുടെ വേഷം പ്രഭുവിനും ശോഭനയുടെ വേഷം ജ്യോതികയ്ക്കുമായിരുന്നു.


Click it and Unblock the Notifications