സോണിയയായി പ്രീതിസിന്റ അഭിനയിക്കുന്നു
സോണിയയായി പ്രീതിസിന്റ അഭിനയിക്കുന്നു
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയായ ബോളിവുഡ് നടി പ്രീതി സിന്റ അഭിനയിക്കുന്നു. സോണിയയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി ജഗ്മോഹന്‍ മുന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രീതി വേഷമിടുന്നത്.
ഇറ്റലിയിലെ ഒര്‍ബസ്സാനോ പട്ടണത്തിലെ സോണിയയുടെ ആദ്യകാല ജീവിതവും കേംബ്രിഡ്ജില്‍ വച്ചുള്ള രാജീവ്ഗാന്ധിയുമായുള്ള പ്രണയവും മുതല്‍ പ്രധാനമന്ത്രിപദം നിരസിച്ച സോണിയയുടെ സുപ്രധാന തീരുമാനം വരെ ചിത്രത്തിലുണ്ടാകും. റഷീദ് കിര്‍ദ്വായി എഴുതിയ സോണിയയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയാണ് ചിത്രമൊരിക്കുന്നത്.
സോണിയയുമായി രൂപസാദൃശ്യമുള്ള പല നടിമാരെയും ചിത്രത്തിലേക്കായി പരിഗണിച്ചപ്പോള്‍ പ്രീതി സിന്റയ്ക്കാണ് ഈ വേഷം കൂടുതല്‍ ഇണങ്ങുകയെന്ന് സംവിധായകന്‍ കണ്ടെത്തുകയായിരുന്നു. താരനിര്‍ണയത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. സോണിയയുമായി കൂടുതല്‍ രൂപസാദൃശ്യമുള്ള മറ്റാരെയെങ്കിലും വിദേശത്ത് കണ്ടെത്താനാവുമോ എന്ന അന്വേഷണം നടക്കുന്നുണ്ട്.
ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, സഞ്ജയ്ഗാന്ധി, മേനകാഗാന്ധി തുടങ്ങിയവരെല്ലാം ഈ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇവരെയെല്ലാം അവതരിപ്പിക്കുന്നതിനായി രൂപസാദൃശ്യമുള്ള നടീനടന്‍മാരെ തേടിക്കൊണ്ടിരിക്കുകയാണ്.
ഇടക്കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പരീക്ഷണം നടത്തിയ അമിതാഭ് ബച്ചന്‍ പോലും ഈ ചിത്രത്തില്‍ കഥാപാത്രമാവുന്നുണ്ട്. ബച്ചനെ അവതരിപ്പിക്കുന്നതും യഥാര്‍ഥ ബച്ചനായിരിക്കില്ല. രൂപസാദൃശ്യമുള്ള മറ്റാരെങ്കിലുമായിരിക്കും.


Click it and Unblock the Notifications