എം. എഫ്. ഹുസൈന്റെ ചിത്രത്തില്‍ താബു
എം. എഫ്. ഹുസൈന്റെ ചിത്രത്തില്‍ താബു
ഗജഗാമിനിയ്ക്കു ശേഷം വിഖ്യാത ചിത്രകാരന്‍ എം. എഫ്. ഹുസൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താബു നായികയാവുന്നു. ഇരട്ടവേഷത്തിലാണ് താബു ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഗജഗാമിനിയില്‍ മാധുരി ദീക്ഷിതായിരുന്നു നായിക. ദോ കദം ചല്‍ കെ ദേഖോ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ സുസ്മിതാ സെന്നിനെയായിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്.
സുസ്മിത ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും അതല്ല ചാന്ദ്നിബാര്‍ കണ്ടതിനു ശേഷം ഹുസൈന്‍ സുസ്മിതയെ ഒഴിവാക്കി താബുവിനെ നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സംസാരമുണ്ട്.
ഹൈദരാബാദ്, ജയ്സാല്‍മര്‍, പ്രേഗ് എന്നീ മൂന്ന് നഗരങ്ങളിലെ മൂന്ന് കുടുംബങ്ങളുടെ കഥയാണ് ദോ കദം ചല്‍ കെ ദേഖോ പറയുന്നത്. ജയ്സാല്‍മറിലെ രാജകുമാരനെ സ്നേഹിക്കുന്ന ഹൈദരാബാദുകാരിയെയും പ്രേഗില്‍ താമസിക്കുന്ന ഇരുമ്പുപണിക്കാരി പെണ്‍കുട്ടിയെയുമാണ് താബു അവതരിപ്പിക്കുന്നത്.
എ. ആര്‍. റഹ്മാന്റേതാണ് സംഗീതം.


Click it and Unblock the Notifications