രവിവര്‍മയുടെ മോഡലായി വിദ്യ
രവിവര്‍മയുടെ മോഡലായി വിദ്യ
വിഖ്യാത ചിത്രാകരന്‍ രാജാരവിവര്‍മയുടെ ജീവിതകഥ ആസ്പദമാക്കി ഷാജി എന്‍. കരുണ്‍ ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ മലയാളിയായ വിദ്യാ ബാലന്‍ നായികാവേഷമണിയുന്നു.
രവിവര്‍മയുടെ ജീവിതത്തിലേക്കു കടന്നുവന്ന മറാത്തി മോഡലായിട്ടാണ് വിദ്യാബാലന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. രവിവര്‍മയുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച സ്ത്രീയായിരുന്നു ഇവര്‍.
ഈ സ്ത്രീകഥാപാത്രത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് രാജാ രവിവര്‍മ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത്. രവിവര്‍മയുടെ അനശ്വസരസൃഷ്ടികള്‍ക്ക് പ്രചോദനവും ഹേതുവും ഈ സ്ത്രീയായിരുന്നുവെന്ന് ഷാജി എന്‍. കരുണ്‍ പറഞ്ഞു. ചരിത്രം രേഖപ്പെടുത്താന്‍ വിട്ടുപോകുന്ന മോഡലുകളുടെ കഥ കൂടിയായിരിക്കും ഈ സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി.
രവിവര്‍മയായി അഭിനയിക്കുന്നത് അജയ് ദേവ്ഗണാണ്. അമീര്‍ഖാന്റെ മംഗള്‍പാണ്ഡെയുടെ നിര്‍മാതാവ് ബോബി ബേദിയാണ് ചിത്രം നിര്‍മിക്കുന്നത്.
രവിവര്‍മയുടെ ജീവിതത്തിലെ 1892 മുതല്‍ 1898 വരെയുള്ള കാലയളവിലെ ജീവിതമാണ് സിനിമക്ക് വിഷയമാവുന്നതെന്ന് ഷാജി എന്‍. കരുണ്‍ പറഞ്ഞു. ചിത്രത്തിനായി പഠനങ്ങള്‍ തുടരുകയാണ്.


Click it and Unblock the Notifications