ഐശ്വര്യാ റായി മുംതാസാകുന്നു
ഐശ്വര്യാ റായി മുംതാസാകുന്നു
ബാംഗ്ലൂര്‍: സൗന്ദര്യത്തിന്റെ പ്രതീകമായ ചരിത്ര കഥാപാത്രം മുംതാസിനെ അവതരിപ്പിക്കാന്‍ ഐശ്വര്യാ റായിക്ക് അവസരം കൈവരുന്നു. ചരിത്രപ്രസിദ്ധമായ താജ് മഹലിനെ അടിസ്ഥാനമാക്കി ഇമാക്സ് നിര്‍മ്മിക്കുന്ന താജ്മഹല്‍ എന്ന ചിത്രത്തിലേക്ക് മുംതാസിനെ അവതരിപ്പിക്കാന്‍ കരാറു ചെയ്തിരിക്കുന്നത് ഈ മുന്‍ലോകസുന്ദരിയെയാണ്.
റിച്ചാര്‍ഡ് ആറ്റന്‍ബറോ ഗാന്ധി എടുത്തതിനു ശേഷം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇന്ത്യയിലേക്ക് വരുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതത്തില്‍ നിന്നും രണ്ടു ദശകങ്ങള്‍ക്കു മുമ്പ് ചലച്ചിത്രകാവ്യം രചിച്ച ആറ്റന്‍ബറോയുടെ ഗാന്ധി ഏറെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു.
താജ്മഹലിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രവും അന്താരാഷ്ട്രതലത്തില്‍ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ഇന്ത്യയെ മാത്രം ഉദ്ദേശിച്ചല്ല. മറിച്ച് ലോകത്താകമാനം ഈ ചിത്രം ഒരേ സമയത്ത് റിലീസ് ചെയ്യും ഇമാക്സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഗണപതി ഭരത് പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവുകള്‍ വഹിക്കുന്നത് വിവരസാങ്കേതികരംഗത്തെ ചില കുത്തകസ്ഥാപനങ്ങളാണ്. ചുരുങ്ങിയത് ഒരു കോടി ഡോളറെങ്കിലും ചിത്രത്തിന് മുതല്‍മുടക്കുവരുമെന്നാണ് കരുതുന്നത്.
ഐശ്വര്യാ റായിയുടെ ലോകസുന്ദരിപ്പട്ടവും മനോഹരമായ കണ്ണുകളുമാണ് ഇമാക്സ് ഗ്രൂപ്പിനെ ആകര്‍ഷിച്ചത്. ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകമാകാന്‍ കഴിയുന്ന അവരുടെ ലോകസുന്ദരിപ്പട്ടം ചിത്രത്തിന് ലോകത്താകമാനം സ്വീകാര്യതയുണ്ടാക്കാന്‍ കഴിയുമെന്ന് കമ്പനി വിശ്വസിക്കുന്നു. 17ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുഗള്‍ചക്രവര്‍ത്തി ഷാജഹാന്റെ പ്രണയഭാജനമായ സൗന്ദര്യത്തിന്റെ പ്രതീകമായ മുംതാസിനെ അവതരിപ്പിക്കാന്‍ ഐശ്വര്യാ റായി തന്നെ മതിയെന്ന് ഇമാക്സ് കോര്‍പ്പറേഷന്‍ നിശ്ചയിച്ചതും അതുകൊണ്ടു തന്നെ.
2002 ജൂലായില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഷാജഹാന്റെയും മുംതാസിന്റെ പ്രണയബന്ധത്തിന്റെ കഥ പറയുന്ന താജ്മഹലിലെ നായകന്‍ ആരായിരിക്കുമെന്നത് നിര്‍മ്മാതാക്കള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. മിക്കവാറും ബോളിവുഡിലെ ഏതെങ്കിലും അറിയപ്പെടുന്ന താരമാകാനാണ് സാധ്യത.


Click it and Unblock the Notifications