വീണ്ടും ദേവദാസ്; നായകനായി ഷാറൂഖ്
വീണ്ടും ദേവദാസ്; നായകനായി ഷാറൂഖ്
മദ്യവും മദിരാക്ഷിയുമായി ബന്ധപ്പെട്ട കഥകള്‍ക്ക് പഴക്കം ബാധിക്കാത്ത ഒരു സാര്‍വകാലിക പുതുമയുണ്ട്. ദേവദാസ് ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായതിന്റെ കാരണം ഈ സാര്‍വകാലികതയാവാം. സാര്‍വകാലികമായ കഥകളേതും ഏതു കാലത്തും ജനങ്ങള്‍ സ്വീകരിക്കുമെങ്കില്‍ ദേവദാസിനെ ഒന്നു കൂടി സ്ക്രീനിലെത്തിച്ചുകൂടെ? എത്തിക്കാം. എത്തിക്കാമെന്നല്ല, സഞ്ജയ്രാജ് ബന്‍സാലി ദേവദാസിനെ വീണ്ടും സ്ക്രീനിലെത്തിക്കാന്‍ പോവുന്നു.
സഞ്ജയ് ബന്‍സാലിയുടെ ചിത്രത്തില്‍ ഷാരൂഖ്ഖാന്‍ ആണ് ദേവദാസായി അഭിനയിക്കുന്നത്. ദേവദാസിന്റെ ഭാര്യ പാറോ ആയി ഐശ്വര്യാ റായ്. ദേവദാസിന്റെ ദൗര്‍ഭല്യമായ അഭിസാരിക ചന്ദ്രമുഖിയെ അവതരിപ്പിക്കുന്നത് മാധുരി ദീക്ഷിത്.
അഭിനവ ദേവദാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ പ്രശസ്തമായ നോവല്‍ ഇത് മൂന്നാം തവണയാണ് സിനിമയാവുന്നത്.
ദേവദാസ് ചിത്രീകരണം പൂര്‍ത്തിയാക്കാനായത് സഞ്ജയ് ബന്‍സാലി ഒരു വെല്ലുവിളിയെ വിജയകരമായി നേരിടാനായി എന്ന മട്ടിലാണ് കാണുന്നത്. കാരണം ദേവദാസ് ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല. പി. സി. ബറുവയും ബിമല്‍ റോയ്യും ചേര്‍ന്ന് ദേവദാസ് എന്ന ചിത്രം ആദ്യമായെടുത്തത് പല കടമ്പകളും മറികടന്നാണ്.
ഗാനരചയിതാവും സംവിധാകനുമായ ഗുല്‍സാര്‍ മുപ്പത് വര്‍ഷം മുമ്പ് ദേവദാസ് വീണ്ടും സിനിമയാക്കാന്‍ ശ്രമിച്ചപ്പോള്‍ അവിശ്വസനീയമായ പല വൈഷമ്യങ്ങളുമാണ് നേരിടേണ്ടി വന്നത്. ധര്‍മേന്ദ്ര, ഹേമമാലിനി, ഷര്‍മിളാ ടാഗോര്‍ എന്നിവരെ ഉള്‍പ്പെടുത്തി ചിത്രമെടുക്കാനുള്ള ശ്രമം ഗുല്‍സാറിന്റെ ശ്രമം വിജയിച്ചതുമില്ല.
ബന്‍സാലിക്കും പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. ചിത്രത്തിന് ധനസഹായം ചെയ്തിരുന്ന ഭരത്ഷാ ചിത്രീകരണത്തിനിടയില്‍ ജയിലിലായി. എങ്കിലും ബന്‍സാലി ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.
സ്വതവേ തന്നെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വല്ലാതങ്ങ് ഭരിക്കുന്ന സിനിമാ ലോകത്ത് സഞ്ജയ് ബന്‍സാലി ദേവദാസ് വീണ്ടുമെടുക്കാന്‍ തയ്യാറായതും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും ചില്ലറ കാര്യമല്ലല്ലോ.


Click it and Unblock the Notifications