കപില്‍ദേവ് ഇനി സിനിമയിലെ താരം
കപില്‍ദേവ് ഇനി സിനിമയിലെ താരം
മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് ഇനി സിനിമാതാരം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപില്‍ദേവ് ക്രിക്കറ്റ് പശ്ചാത്തലമായി വരുന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ പ്രവേശിക്കുന്നത്.
ഹൈദരാബാദ് ബ്ലൂസ്, ബോളിവുഡ് കോളിംഗ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നാഗേഷ് കൂക്കന്നൂര്‍ സംവിധാനം ചെയ്യുന്ന ഇക്ബാല്‍ എന്ന ചിത്രത്തിലാണ് കപില്‍ അഭിനയിക്കുന്നത്. പ്രശസ്ത സംവിധായകന്‍ സുഭാഷ് ഘായിയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു കളിക്കാരനായി മാറുക എന്ന സ്വപ്നം കൊണ്ടുനടക്കുന്ന പതിനഞ്ചുവയസുകാരനായ ഒരു ബാലന്റെ കഥയാണ് ഇക്ബാല്‍. ക്രിക്കറ്റ് മാത്രം സ്വപ്നം കാണുന്ന ഗ്രാമീണനായ ആ ബാലന്‍ എല്ലാ തടസങ്ങളും മറികടന്ന് തന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യം കപില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സുഭാഷ് ഘായി തന്നെ നേരിട്ട് കപിലിനെ കണ്ട് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ചിത്രത്തില്‍ താത്പര്യം ജനിക്കുകയായിരുന്നു. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെയാണ് കപില്‍ അവതരിപ്പിക്കുന്നത്.
മുജ്സെ ശാദി കരോഗി എന്ന ചിത്രത്തില്‍ നേരത്തെ കപില്‍ അതിഥിതാരമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു പ്രധാന കഥാപാത്രമായി സിനിമയില്‍ അഭിനയിക്കുന്നത് ആദ്യമായാണ്.
നസ്രുദ്ദിന്‍ഷാ, ഗിരീഷ് കര്‍ണാട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രേയസ് തല്‍പാദ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഇക്ബാല്‍ എന്ന ബാലനെ അവതരിപ്പിക്കുന്നത്. ഇക്ബാലിനെ തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന മോഹിത് എന്ന കഥാപാത്രമായാണ് നസ്രുദിന്‍ഷാ വേഷമിടുന്നത്.
ശ്വേത പ്രസാദ്, കിത്തു ഗിദ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജൂണില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications