പ്യാര്‍ തൂനെ ക്യാ കിയാ: ഊര്‍മിളയുടെ തിരിച്ചുവരവ്
പ്യാര്‍ തൂനെ ക്യാ കിയാ: ഊര്‍മിളയുടെ തിരിച്ചുവരവ്
മുംബൈ: ലളിതമായി പറഞ്ഞാല്‍ ഇത് ഊര്‍മ്മിളയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രവും പ്രകടനവുമാണ്. പ്യാര്‍ തൂനെ ക്യാ കിയാ എന്ന ചിത്രത്തില്‍ ഊര്‍മിള മധോന്ദ്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞ വാക്കുകളാണിത്.
അപൂര്‍വ മാനസിക നിലയുള്ള ഒരു ഫാഷന്‍ മോഡലിനെയാണ് ഊര്‍മിള പ്യാര്‍ തൂനെ ക്യാ കിയായില്‍ അവതരിപ്പിക്കുന്നത്. തന്റെ വികാരങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും എതിരാകുമെന്നറിഞ്ഞപ്പോള്‍ സ്വന്തം കാമുകനെ തന്നെ ഇല്ലാതാക്കാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട ഒരു മോഡല്‍. പരമ്പാഗത ഭാരതീയ സ്ത്രീ സങ്കല്പങ്ങളെ അട്ടിമറിയ്ക്കുന്ന കഥാപാത്രമാണ് ഈ മോഡല്‍ . നന്മയുടെയും സഹനത്തിന്റെയും ഉറവിടമായ അമ്മ, ഭാര്യ, മകള്‍ തുടങ്ങി സാധാരണ സിനിമകളില്‍ കാണുന്ന ഭാരതീയ സ്ത്രീയുടെ മുഖത്തില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് പ്യാര്‍ തൂനെ ക്യാ കിയേ യിലെ ഊര്‍മ്മിളയുടെ വേഷം.
ബോളിവുഡില്‍ ഈയിടെ നിറംമങ്ങിപ്പോയ ഊര്‍മ്മിളയുടെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ വേഷം എന്ന് പൊതുവെ കരുതുന്നു. എന്റെ പ്രകടനങ്ങളെ ഞാന്‍ സ്ഥിരമായി വിലയിരുത്താറുണ്ടെങ്കില്‍ അതിനെക്കുറിച്ച് വാചാലയാകാറില്ല. എന്നാല്‍ പ്യാര്‍ തൂനെ ക്യാ കിയായിലെ വേഷം എനിക്ക് ഏറെ തൃപ്തി നല്‍കിയതാണെന്ന് പറയാതെ വയ്യ. കഴിഞ്ഞമാസം ചിത്രത്തിനു വേണ്ടി ഡബ് ചെയ്തപ്പോഴാണ് ആ അപൂര്‍വ കഥാപാത്രത്തെ ഞാന്‍ എത്രമാത്രം ഉള്‍ക്കൊണ്ടുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്--ഊര്‍മിള പറയുന്നു.
പ്യാര്‍ തൂനെ ക്യാ കിയാ 2001ലെ ആദ്യ ഹിറ്റ് ചിത്രമാകുമെന്നാണ് ബോളിവുഡ് കണക്കുകൂട്ടല്‍. കൂടാതെ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടുമെന്നും അവര്‍ കരുതുന്നു. എന്നാല്‍ ഈ അഭിപ്രായത്തോട് ഊര്‍മ്മിള യോജിക്കുന്നില്ല. അയ്യോ... അവാര്‍ഡോ. അതിനൊപ്പം പോകാന്‍ ഞാനില്ല- അവര്‍ പറഞ്ഞു.
പക്ഷെ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് തനിക്ക് ഏറെയൊന്നും അറിയുമായിരുന്നില്ലെന്ന് ഊര്‍മ്മിള പറയുന്നു. എനിക്ക് മനസ്സിലാകാത്തതും പൊരുത്തപ്പെട്ടുപോകാനാകാത്തതുമായ ഒരു കഥപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യമായാണ്. പക്ഷ അഭിനയം എന്നു പറഞ്ഞാല്‍ ഇതു തന്നെയാണ്. ഫര്‍ദീന്‍ ഖാനാണ് നായകന്‍. സോണാലി കുല്‍ക്കര്‍ണി, സുരേഷ് ഒബറോയ്, രവി ബസ്വാനി, രാജ്പാല്‍ യാദവ്, കന്നു ഗില്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
നവാഗതനായ രജത് മുഖര്‍ജിയാണ് പ്യാര്‍ തൂനെ ക്യാ കിയാ സംവിധാനം ചെയ്യുന്നത്. രംഗീലയിലൂടെ ഊര്‍മ്മിളയെ മുന്‍നിരയിലെത്തിച്ച രാംഗോപാല്‍ വര്‍മ്മ നിര്‍മ്മാതാവായി പിന്നണിയിലും. ഏപ്രില്‍ 27 വെള്ളിയാഴ്ച ചിത്രം റിലാസാകും.


Click it and Unblock the Notifications