ഹിന്ദിയില്‍ അഞ്ച് ഭഗത്സിംഗുമാര്‍
ഹിന്ദിയില്‍ അഞ്ച് ഭഗത്സിംഗുമാര്‍
ഭഗത്സിംഗിന്റെ ജീവിതകഥയെ ആസ്പദമാക്കി അഞ്ച് ചിത്രങ്ങള്‍ ഹിന്ദിയില്‍ ഒരുങ്ങുന്നു. ഇവയില്‍ ബിഗ് ബജറ്റിലൊരുക്കുന്ന രണ്ട് ചിത്രങ്ങളില്‍ അജയ്ദേവ്ഗണും ബോബി ഡിയോളുമാണ് ഭഗത്സിംഗാവുന്നത്.
രാജ്കുമാര്‍ സന്തോഷിയുടെ ദ ലെജന്റ് ഒഫ് ഭഗത്സിംഗ് എന്ന ചിത്രത്തിലാണ് അജയ്ദേവ്ഗണ്‍ ഭഗത്സിംഗായി അഭിനയിക്കുന്നത്. എ. ആര്‍. റഹ്മാന്‍ സംഗീതം പകരുന്ന ഗാനങ്ങളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിപ്ലവകാരിയായ ഭഗത്സിംഗ് ജയിലിനകത്ത് ആടുന്നതും പാടുന്നതുമൊക്കെ ഈ ചിത്രത്തില്‍ കാണാം! ഈ ചിത്രത്തില്‍ മാത്രമല്ല, മറ്റ് നാല് ചിത്രങ്ങളിലുമുണ്ട് ആട്ടവും പാട്ടുമൊക്കെ.
സുശാന്ത്സിംഗ് സുഖ്ദേവായും അഖിലേന്ദ്ര മിശ്ര ചന്ദ്രശേഖര്‍ ആസാദായും സന്തോഷ് രാജ്ഗുരുവായും രാജ്കുമാര്‍ സന്തോഷിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നു.
സന്തോഷി തന്റെ ചിത്രത്തെ കുറിച്ചുള്ളപ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഡിയോള്‍ കുടുംബം ഭഗത്സിംഗ് ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. രണ്ട് ഡിയോളുമാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഭഗത്സിംഗായി ബോബി ഡിയോളും ചന്ദ്രശേഖര്‍ ആസാദായി സണ്ണിഡിയോളും.
23 മാര്‍ച്ച് 1931: ശഹീദ് എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഐശ്വര്യാറായിയാണ് ചിത്രത്തില്‍ നായികയാവുന്നത്. അമൃതസിംഗും ചിത്രത്തില്‍ അഭിനയിക്കുന്നു. ആനന്ദ്രാജ് ആനന്ദ് ആണ് സംഗീത സംവിധാനം.
സുകുമാര്‍ നായര്‍ സംവിധാനം ചെയ്യുന്ന ശഹീദ്-എ-ആസം, വാധ്വ ഒരുക്കുന്ന ശഹീദ് ഭഗത്സിംഗ്, ദൂരദര്‍ശനിലെ രാമായണം പരമ്പരയിലൂടെ ശ്രദ്ധേയനായ രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്യുന്ന ഭഗത്സിംഗ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. പുതുമുഖങ്ങളാണ് ഈ ചിത്രങ്ങളില്‍ ഭഗത്സിംഗാവുന്നത്.


Click it and Unblock the Notifications