പ്രശ്നങ്ങള്‍ തുടങ്ങിയത് പിന്നീട്
മോണിക്ക എല്ലാം തുറന്നു പറയുന്നു - 4
യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയതോടെ പ്രശ്നങ്ങള്‍ തുടങ്ങുകയായിരുന്നു. പിന്നീടൊരിക്കലും ബോംബെയിലേയ്ക്ക് പോകാന്‍ മോണിക്കയെ സലിം അനുവദിച്ചില്ല. അതിനിടയില്‍ അബു സലിമിന്റെ കാമുകിയാണ് മോണിക്കയെന്ന വിവരം എല്ലാവരും അറിഞ്ഞിരുന്നു. തിരികെയെത്തിയാല്‍ മോണിക്കയെ പൊലീസ് ചോദ്യം ചെയ്യുമെന്നും താന്‍ പിടിയിലാകുമെന്നും അബു സലിം ഭയന്നു.
മോണിക്കയെക്കുറിച്ചും സ്വന്തം ഭാവിയെക്കുറിച്ചുമുളള ഭയം അബു സലിമില്‍ ഒരേ സമയം വളരുകയായിരുന്നു. തക്കം കിട്ടിയാല്‍ തന്നെ ഉപേക്ഷിച്ച് മോണിക്ക ഇന്ത്യയിലേയ്ക്ക് പോകുമെന്ന പേടി ഒരു വശത്ത്. അങ്ങനെ സംഭവിച്ചാല്‍ എന്നെന്നേക്കുമായി പിടിക്കപ്പെടുമെന്ന പേടി മറ്റൊരു വശത്ത്. മോണിക്കയുമൊത്തുളള ജീവിതം ഓരോ ദിനം കഴിയുന്തോറും സലിമില്‍ ഭയം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു.
വിചിത്രമായ പെരുമാറ്റങ്ങള്‍ അബു സലിമിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ തുടങ്ങി. തീര്‍ത്തും സ്വാര്‍ത്ഥനായിരുന്നു ചിലപ്പോള്‍ അയാള്‍. എന്നാല്‍ തന്നോട് തീവ്രമായ പ്രണയം എപ്പോഴുമുണ്ടായിരുന്നു. ഇതിനിടയില്‍ നിന്ന് യഥാര്‍ത്ഥ വ്യക്തിയെ വേര്‍തിരിച്ചെടുത്ത് സ്നേഹിക്കുക എന്നത് അസാധ്യമായിരുന്നു. എല്ലാത്തിനും അടിസ്ഥാനം അയാളുടെ ഭയമായിരുന്നു. എന്നാല്‍ തിരിച്ചു വരവ് അസാധ്യമാകും വിധം മോണിക്ക കുടുങ്ങിപ്പോയെന്നതായിരുന്നു അതിന്റെ ആത്യന്തികമായ ഫലം.
അവിടെ നിന്നും രക്ഷപെടാന്‍ രണ്ടുതവണ മോണിക്ക ശ്രമിച്ചു. രണ്ടുതവണയും പിടിക്കപ്പെട്ടു. ഒടുവില്‍ പോര്‍ട്ടുഗലില്‍ വെച്ച് പൊലീസ് വലയിലുമായി.
യാത്രയും ജീവിതവും ഒരുമിച്ചായിരുന്നുവെങ്കിലും ബന്ധം തീര്‍ത്തും വഷളായിരുന്നു അപ്പോഴേയ്ക്കും. പിന്തിരിഞ്ഞു നോക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ മോണിക്ക ഇങ്ങനെ വിലയിരുത്തുന്നു.
പ്രണയത്തിന്റെ ആദ്യകാലങ്ങളില്‍ രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന ഹൃസ്വ സന്ദര്‍ശനത്തിന് ദുബായിലെത്തുകയായിരുന്നു പതിവ്. ഹണിമൂണ്‍ കൊണ്ടാടിയ ശേഷം മോണിക്ക തിരികെ ബോംബെയിലേയ്ക്ക് പറക്കുന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം ഇത് ആവര്‍ത്തിക്കുന്നു. രണ്ടോ മൂന്നോ ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന ബന്ധത്തില്‍ എപ്പോഴും പരസ്പരം നല്ലകുട്ടിയായിരിക്കാനാണ് ശ്രമിക്കുക. അന്നൊക്കെ അയാള്‍ തീര്‍ത്തും നല്ല മനുഷ്യനായിരുന്നു.
എന്നാല്‍ ഒരുമിച്ച് ജീവിച്ചു തുടങ്ങിയപ്പോഴാണ് ഒരിക്കലും അടുക്കാന്‍ പാടില്ലാത്തവരാണ് തങ്ങളെന്ന കാര്യം മനസിലായത്. എന്നാല്‍ അക്കാര്യം അംഗീകരിക്കാന്‍ ഒരിക്കലും അബു സലിം തയ്യാറായിട്ടില്ലെന്നും മോണിക്ക പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications